The Book of Deuteronomy, Chapter 9 | നിയമവാർത്തനം, അദ്ധ്യായം 9 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 9

വിജയം കര്‍ത്താവിന്റെ ദാനം

1 ഇസ്രായേലേ, കേട്ടാലും: നിങ്ങള്‍ ഇന്നു ജോര്‍ദാന്‍ കടന്ന് നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയം ചെയ്യപ്പെട്ട വിശാലമായ പട്ടണങ്ങളെയും കൈവശപ്പെടുത്താന്‍ പോവുകയാണ്.2 ഉയരമേറിയവരും വലിയവരുമായ ആ ജനതകള്‍ നിങ്ങള്‍ അറിയുന്ന അനാക്കിമുകളാണ്. അനാക്കിമിന്റെ മക്കളുടെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞു കേട്ടിരുന്നുവോ അവരാണിത്.3 നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്‌നിയായി നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്‌സിലാക്കണം. അവരെ പുറത്താക്കുകയും നശിപ്പിക്കുകയും ചെയ്യാന്‍ നിങ്ങള്‍ മുന്നേറുമ്പോള്‍ കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ അവരെ തോല്‍പിക്കുകയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്യും.4 നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്റെ നീതി നിമിത്തമാണു കര്‍ത്താവ് ഈ സ്ഥലം അവകാശമാക്കാന്‍ എന്നെ കൊണ്ടുവന്നതെന്നു നിങ്ങള്‍ ഹൃദയത്തില്‍ പറയരുത്. ഈ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയുന്നത്.5 നിങ്ങളുടെ നീതിയോ ഹൃദയപരമാര്‍ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ രാജ്യം കൈവശമാക്കാന്‍ പോകുന്നത്; ആ ജനതകളുടെ ദുഷ്ടതനിമിത്തവും, നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കര്‍ത്താവു ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയുന്നത്.6 നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ നീതി നിമിത്തമല്ല, ഈ നല്ല ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരുന്നതെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്.

ഹോറെബിലെ വിശ്വാസത്യാഗം

7 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ മരുഭൂമിയില്‍വച്ചു നിങ്ങള്‍ കോപിപ്പിച്ചതെങ്ങനെയെന്ന് ഓര്‍മിക്കുവിന്‍. അതു മറക്കരുത്. ഈജിപ്തുദേശത്തു നിന്നു പുറത്തുവന്ന ദിവസംമുതല്‍ ഇവിടെ എത്തുന്നതുവരെ നിങ്ങള്‍ കര്‍ത്താവിനെതിരായി മത്‌സരിക്കുകയായിരുന്നു.8 ഹോറെബില്‍വച്ചുപോലും നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു; നിങ്ങളെ നശിപ്പിക്കാന്‍ തക്കവണ്ണം അവിടുന്നു കോപാകുലനായിരുന്നു.9 കര്‍ത്താവു നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്‍പലകകള്‍ വാങ്ങാനായി മലമുകളില്‍ കയറി, തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്‍പതു പകലും നാല്‍പതു രാവും അവിടെ ചെലവഴിച്ചു.10 കര്‍ത്താവു തന്റെ കൈവിരല്‍കൊണ്ട് എഴുതിയരണ്ടു കല്‍പലകകള്‍ എനിക്കു തന്നു; ജനത്തെയെല്ലാം ഒരുമിച്ചു കൂട്ടിയ ദിവസം മലയില്‍വച്ച് അഗ്‌നിയുടെ മധ്യേനിന്ന് അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്ത സകല വാക്കുകളും അതില്‍ എഴുതപ്പെട്ടിരുന്നു.11 നാല്‍പതു പകലും നാല്‍പതു രാവും കഴിഞ്ഞപ്പോള്‍ ഉടമ്പടിയുടെ ആ രണ്ടു കല്‍പലകകള്‍ കര്‍ത്താവ് എനിക്കു തന്നു.12 അവിടുന്ന് എന്നോടു പറഞ്ഞു: എഴുന്നേറ്റ് അതിവേഗം താഴേക്കു പോകുക; എന്തെന്നാല്‍, നീ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു; ഞാന്‍ കല്‍പിച്ചവഴിയില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചു. അവര്‍ തങ്ങള്‍ക്കുവേണ്ടി ഒരു വിഗ്രഹം വാര്‍ത്തിരിക്കുന്നു.13 കര്‍ത്താവു വീണ്ടും എന്നോടു പറഞ്ഞു: ഞാന്‍ ഈ ജനത്തെ കാണുന്നു, ദുശ്ശാഠ്യക്കാരായ ഒരു ജനം.14 അവരെ നശിപ്പിച്ച് ആകാശത്തിന്‍ കീഴില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പോകുന്നു. എന്നെതടയരുത്. അവരെക്കാള്‍ ശക്തവും വലുതുമായ ഒരു ജനത്തെനിന്നില്‍ നിന്നു ഞാന്‍ പുറപ്പെടുവിക്കും.15 ഞാന്‍ മലമുകളില്‍നിന്ന് ഇറങ്ങിപ്പോന്നു. അപ്പോഴും മല കത്തി എരിയുകയായിരുന്നു. ഉടമ്പടിയുടെ രണ്ടു പലകകള്‍ എന്റെ കൈകളിലുണ്ടായിരുന്നു.16 കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്തിരിക്കുന്നുവെന്നു ഞാന്‍ കണ്ടു; കര്‍ത്താവു നിങ്ങളോടു കല്‍പിച്ചവഴിയില്‍ നിന്നു നിങ്ങള്‍ ക്ഷണത്തില്‍ അകന്നുകഴിഞ്ഞിരുന്നു.17 അതുകൊണ്ട്, ഞാന്‍ ഇരുപലകകളും വലിച്ചെറിഞ്ഞു; നിങ്ങളുടെ കണ്‍മുന്‍പില്‍വച്ച് അവ ഉടച്ചുകളഞ്ഞു.18 അനന്തരം, മുന്‍പിലത്തേതുപോലെ നാല്‍പതു പകലും നാല്‍പതു രാവും ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രണമിച്ചുകിടന്നു. നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു പാപംചെയ്ത് അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.19 എന്തെന്നാല്‍, നിങ്ങളെ നിശ്‌ശേഷം നശിപ്പിക്കത്തക്കവിധത്തില്‍ നിങ്ങള്‍ക്കെതിരേ തീവ്രമായകോപത്താല്‍ കര്‍ത്താവു ജ്വലിക്കുകയായിരുന്നു. അതിനാല്‍, എനിക്കു ഭയമായിരുന്നു. എന്നിട്ടും കര്‍ത്താവ് എന്റെ പ്രാര്‍ഥന കേട്ടു.20 അഹറോനോടും കര്‍ത്താവുകോപിച്ചു: അവനെ നശിപ്പിക്കാന്‍ അവിടുന്ന് ഒരുങ്ങി. അവനുവേണ്ടിയും ഞാന്‍ പ്രാര്‍ഥിച്ചു.21 ആ നികൃഷ്ടവസ്തുവിനെ, നിങ്ങള്‍ നിര്‍മിച്ച കാളക്കുട്ടിയെ, ഞാന്‍ അഗ്‌നിയില്‍ ദഹിപ്പിച്ചു. ഞാനതു തച്ചുടച്ചു ചെറിയ കഷണങ്ങളാക്കി; വീണ്ടും പൊടിച്ചു ധൂളിയാക്കി മലയില്‍ നിന്ന് ഒഴുകിവരുന്ന അരുവിയില്‍ ഒഴുക്കിക്കളഞ്ഞു.22 തബേറായിലും മാസായിലും കിബ്രോത്ത് ഹത്താവയിലും വച്ചു നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.23 ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം പോയി കൈവശമാക്കിക്കൊള്ളുവിന്‍ എന്നു പറഞ്ഞ് കര്‍ത്താവു നിങ്ങളെ കാദെഷ്ബര്‍ണയായില്‍നിന്ന് അയച്ചപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന നിങ്ങള്‍ ധിക്കരിച്ചു. അവിടുത്തെനിങ്ങള്‍ വിശ്വസിച്ചില്ല; അനുസരിച്ചുമില്ല.24 ഞാന്‍ നിങ്ങളെ അറിയാന്‍ തുടങ്ങിയതു മുതല്‍ നിങ്ങള്‍ കര്‍ത്താവിനെ അനുസരിക്കാത്ത ധിക്കാരികളാണ്.25 അതുകൊണ്ട്, ആ നാല്‍പതു രാവും പകലും ഞാന്‍ കര്‍ത്താവിന്റെ മുന്‍പില്‍പ്രണമിച്ചു കിടന്നു; എന്തെന്നാല്‍, നിങ്ങളെ നശിപ്പിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു.26 ഞാന്‍ കര്‍ത്താവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വത്താല്‍ അങ്ങു രക്ഷിച്ച് അവിടുത്തെ ശക്തമായ കരത്താല്‍ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന അങ്ങയുടെ ജനത്തെയും അവകാശത്തെയും നശിപ്പിക്കരുതേ!27 അങ്ങയുടെ ദാസന്‍മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും ഓര്‍ക്കണമേ! ഈ ജനത്തിന്റെ ദുശ്ശാഠ്യവും തിന്‍മയും പാപവും കണക്കിലെടുക്കരുതേ!28 അല്ലാത്തപക്ഷം, ഞങ്ങളെ എവിടെ നിന്നു കൊണ്ടുപോന്നുവോ ആ ദേശത്തുള്ളവര്‍ പറയും, കര്‍ത്താവു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കാന്‍ അവനു കഴിവില്ലാത്തതുകൊണ്ടും അവരെ വെറുത്ത തുകൊണ്ടും മരുഭൂമിയില്‍വച്ചു കൊല്ലാന്‍വേണ്ടിയാണ് അവരെ ഇവിടെനിന്നു വിളിച്ചുകൊണ്ടു പോയത് എന്ന്.29 എന്നാലും അങ്ങു കരം നീട്ടി ശക്തി പ്രകടിപ്പിച്ചു കൊണ്ടുവന്ന അങ്ങയുടെ ജനവും അവകാശവുമാണല്ലോ അവര്‍.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment