The Book of Deuteronomy, Chapter 16 | നിയമവാർത്തനം, അദ്ധ്യായം 16 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 16

പെസഹാത്തിരുനാള്‍

1 അബീബുമാസം ആചരിക്കുകയും നിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആഘോഷിക്കുകയും ചെയ്യുക; അബീബു മാസത്തിലാണ് നിന്റെ ദൈവമായ കര്‍ത്താവു രാത്രിയില്‍ നിന്നെ ഈജിപ്തില്‍നിന്നു പുറത്തേക്കു നയിച്ചത്.2 നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാന്‍വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ആടുമാടുകളില്‍നിന്ന് അവിടുത്തേക്ക് പെസഹാബലി അര്‍പ്പിക്കണം.3 അവയോടുകൂടെ പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്. ഏഴു ദിവസംയാതനയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം നീ ഭക്ഷിക്കണം. നീ ഈജിപ്തില്‍നിന്നു പുറത്തുകടന്ന ദിവസത്തെപ്പറ്റി ജീവിതകാലം മുഴുവന്‍ ഓര്‍മിക്കുന്നതിനു വേണ്ടിയാണിത്. തിടുക്കത്തിലാണല്ലോ ഈജിപ്തില്‍ നിന്നു നീ പുറപ്പെട്ടത്.4 ഏഴു ദിവസത്തേക്കു നിന്റെ അതിര്‍ത്തിക്കുള്ളില്‍ പുളിമാവ് കാണരുത്. പ്രഥമദിവസം സായാഹ്‌നത്തില്‍ അര്‍പ്പിക്കുന്ന ബലിയുടെ മാംസത്തില്‍ അല്‍പംപോലും പ്രഭാതംവരെ അവശേഷിക്കുകയുമരുത്.5 നിന്റെ ദൈവമായ കര്‍ത്താവു നിനക്കു തരുന്ന പട്ടണങ്ങളില്‍ ഏതിലെങ്കിലും വച്ച് പെസഹാബലി അര്‍പ്പിച്ചാല്‍പ്പോരാ;6 നിന്റെ ദൈവമായ കര്‍ത്താവു തന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തുവച്ച്, സൂര്യാസ്തമയസമയത്ത്, അതായത്, നിങ്ങള്‍ ഈജിപ്തില്‍നിന്ന് പുറപ്പെട്ട സമയത്ത്, പെസഹാബലി അര്‍പ്പിക്കണം.7 നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതു വേവിച്ചു ഭക്ഷിച്ചതിനു ശേഷം രാവിലെ എഴുന്നേറ്റു കൂടാരത്തിലേക്കു മടങ്ങണം.8 ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിനുവേണ്ടി നിങ്ങള്‍ ആഘോഷപൂര്‍വം ഒരുമിച്ചുകൂടണം.9 അന്നു ജോലിയൊന്നും ചെയ്യരുത്.

ആഴ്ചകളുടെ തിരുനാള്‍

10 ഏഴാഴ്ചകള്‍ എണ്ണുക. കൊയ്ത്തു തുടങ്ങിയ ദിവസം മുതലാണ് ആഴ്ചകള്‍ എണ്ണേണ്ടത്. അനന്തരം, നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം സ്വാഭീഷ്ടക്കാഴ്ചകള്‍ സമര്‍പ്പിച്ചുകൊണ്ട് അവിടുത്തേക്കു ആഴ്ച കളുടെ തിരുനാള്‍ കൊണ്ടാടുക.11 നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണത്തിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും അവിടുത്തെ മുന്‍പില്‍ സന്തോഷിക്കണം.12 ഈജിപ്തില്‍ നീ അടിമയായിരുന്നെന്ന് ഓര്‍മിക്കുക; ഈ കല്‍പനകളെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കണം.

കൂടാരത്തിരുനാള്‍

13 ധാന്യവും വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴുദിവസത്തേക്ക് കൂടാരത്തിരുനാള്‍ ആചരിക്കണം.14 ഈ തിരുനാളില്‍ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണത്തിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കണം.15 നിന്റെ ദൈവമായ കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തേക്ക് ഏഴുദിവസം തിരുനാള്‍ ആഘോഷിക്കണം. നിന്റെ എല്ലാ വിളവുകളും പ്രയത്‌നങ്ങളും നിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കും; നീ സന്തോഷപൂരിതനാവുകയും ചെയ്യും.16 ആണ്ടില്‍മൂന്നു പ്രാവശ്യം, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിലും ആഴ്ചകളുടെ തിരുനാളിലും കൂടാരത്തിരുനാളിലും നിന്റെ ദൈവമായ കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പുരുഷന്‍മാരെല്ലാവരും സമ്മേളിക്കണം. അവര്‍ കര്‍ത്താവിന്റെ മുന്‍ പില്‍ വെറുംകൈയോടെ വരരുത്.17 നിന്റെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം ഓരോരുത്തരും കഴിവനുസരിച്ചു കാഴ്ചകള്‍ സമര്‍പ്പിക്കണം.

നീതിപാലനം

18 നിന്റെ ദൈവമായകര്‍ത്താവു നല്‍കുന്ന പട്ടണങ്ങളില്‍ ഗോത്രംതോറുംന്യായാധിപന്‍മാരെയും സ്ഥാനികളെയും നിയമിക്കണം. അവര്‍ ജനങ്ങള്‍ക്ക് നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ.19 നിന്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.20 നീ ജീവിച്ചിരിക്കുന്നതിനും നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യം കൈവശമാക്കുന്നതിനും വേണ്ടി നീതിമാത്രം പ്രവര്‍ത്തിക്കുക.21 നിന്റെ ദൈവമായ കര്‍ത്താവിനു നീ ഉണ്ടാക്കുന്ന ബലിപീഠത്തിനരികേ അഷേരാദേവതയുടെ പ്രതീകമായി ഒരു വൃക്ഷ വും നട്ടു പിടിപ്പിക്കരുത്.22 നിന്റെ ദൈവമായ കര്‍ത്താവ് വെറുക്കുന്ന സ്തംഭവും നീ സ്ഥാപിക്കരുത്.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment