The Book of Deuteronomy, Chapter 20 | നിയമവാർത്തനം, അദ്ധ്യായം 20 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 20

ധീരമായിയുദ്ധം ചെയ്യുക

1 നീയുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നിന്റെ ദൈവമായ കര്‍ത്താവ് നിന്നോടുകൂടെയുണ്ട്.2 യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍മുന്നോട്ടു വന്നു ജനത്തോടു സംസാരിക്കണം.3 അവന്‍ ഇപ്രകാരം പറയട്ടെ: ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബല ഹൃദയരാകരുത്; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്.4 നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെ കൂടെ വന്ന് ശത്രുക്കള്‍ക്കെതിരായിയുദ്ധംചെയ്തു വിജയം നേടിത്തരുന്നത്.5 അനന്തരം, നായകന്‍മാര്‍ ജനത്തോട് ഇപ്രകാരം പറയണം: ഭവനം പണിയിച്ചിട്ട് അതിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.6 മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട് അതിന്റെ ഫലം അനുഭവിക്കാത്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.7 സ്ത്രീയോടു വിവാഹവാഗ്ദാനം നടത്തുകയും എന്നാല്‍ അവളെ സ്വീകരിക്കാതിരിക്കുകയും ചെയ്ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അവളെ സ്വീകരിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.8 നായകന്‍മാര്‍ തുടര്‍ന്നു പറയണം: ദുര്‍ബലഹൃദയനും ഭീരുവുമായ ആരാണ് ഇക്കൂട്ടത്തിലുള്ളത്? അവന്റെ സഹോദരന്‍മാരും അവനെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.9 നായകന്‍മാര്‍ ജനത്തോടു സംസാരിച്ചു കഴിയുമ്പോള്‍, ജനത്തെനയിക്കുന്നതിനായി പടത്തലവന്‍മാരെ നിയമിക്കണം.10 യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം.11 അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ.12 എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേയുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം.13 നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം.14 എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രുക്ക ളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക.15 ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്.16 എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശ മായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.17 നിന്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്‌ശേഷം നശിപ്പിക്കണം.18 അവര്‍ തങ്ങളുടെ ദേവന്‍മാരുടെ മുന്‍പില്‍ ചെയ്യുന്ന മ്ലേച്ഛതകള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യാതിരിക്കാനും ആണ് ഇപ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്.19 ഒരു നഗരത്തോടുയുദ്ധംചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ?20 ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടുയുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment