The Book of Deuteronomy, Chapter 26 | നിയമവാർത്തനം, അദ്ധ്യായം 26 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 26

വിളവുകളുടെ ആദ്യഫലം

1 നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തുചെന്ന് അതു കൈവശമാക്കി അതില്‍ വാസമുറപ്പിക്കുമ്പോള്‍,2 അവിടെ നിന്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ആദ്യഫലത്തില്‍ നിന്നു കുറെഎടുത്ത്, ഒരു കുട്ടയിലാക്കി, നിന്റെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകണം.3 അന്നു ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെ അടുത്തുചെന്ന് നീ ഇപ്രകാരം പറയണം: ഞങ്ങള്‍ക്കു തരുമെന്ന് കര്‍ത്താവു ഞങ്ങളുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തു ഞാന്‍ വന്നിരിക്കുന്നുവെന്ന് നിന്റെ ദൈവമായ കര്‍ത്താവിനോടു ഞാനിന്ന് ഏറ്റുപറയുന്നു.4 പുരോഹിതന്‍ ആ കുട്ട നിന്റെ കൈയില്‍നിന്നു വാങ്ങി നിന്റെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ വയ്ക്കട്ടെ.5 പിന്നീട് നിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായനായിരുന്നു എന്റെ പിതാവ്. ചുരുക്കം പേരോടുകൂടെ അവന്‍ ഈജിപ്തില്‍ചെന്ന് അവിടെ പരദേശിയായി പാര്‍ത്തു. അവിടെ അവന്‍ മഹത്തും ശക്തവും അസംഖ്യവുമായ ഒരു ജനമായി വളര്‍ന്നു.6 എന്നാല്‍, ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറുകയും ഞങ്ങളെ മര്‍ദിക്കുകയും ഞങ്ങളെക്കൊണ്ട് അടിമവേല എടുപ്പിക്കുകയും ചെയ്തു.7 അപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു. ഞങ്ങളനുഭവിക്കുന്ന നിന്ദയും ക്ലേശവും മര്‍ദനവും അവിടുന്നു കണ്ടു.8 ശക്തമായ കരംനീട്ടി, ഭീതിജനകമായ അടയാളങ്ങളും അദ്ഭുതങ്ങളുംപ്രവര്‍ത്തിച്ച്, കര്‍ത്താവു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു.9 ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന്, തേനും പാലും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തരുകയും ചെയ്തു.10 ആകയാല്‍, കര്‍ത്താവേ, ഇതാ അവിടുന്ന് എനിക്കു തന്നിട്ടുള്ള നിലത്തിന്റെ ആദ്യഫലം ഞാനിപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. അനന്തരം, കുട്ട നിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവിടുത്തെ ആരാധിക്കണം.11 അവിടുന്നു നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടുള്ള എല്ലാ നന്‍മയെയും പ്രതി നിങ്ങളും ലേവ്യരും നിങ്ങളുടെ മധ്യേയുള്ള പരദേശിയും സന്തോഷിക്കണം.12 ദശാംശത്തിന്റെ വര്‍ഷമായ മൂന്നാം വര്‍ഷം എല്ലാ വിളവുകളുടെയും ദശാംശം എടുത്ത് നിന്റെ പട്ടണത്തിലുള്ള ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും നല്‍കണം.13 അവര്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍, നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ ഇപ്രകാരം പറയണം: അങ്ങ് എനിക്കു നല്‍കിയിട്ടുള്ള കല്‍പനകളെല്ലാമനുസരിച്ച് അവിടുത്തേക്കു സമര്‍പ്പിക്കപ്പെട്ടവയെല്ലാം എന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും ഞാന്‍ കൊടുത്തിരിക്കുന്നു. ഞാന്‍ അങ്ങയുടെ കല്‍പനയൊന്നും ലംഘിക്കുകയോ മറന്നുകളയുകയോ ചെയ്തിട്ടില്ല;14 എന്റെ വിലാപവേളയില്‍ അതില്‍ നിന്നു ഭക്ഷിച്ചിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ അതില്‍ ഞാന്‍ സ്പര്‍ശിച്ചിട്ടില്ല; മരിച്ചവനുവേണ്ടി അതില്‍നിന്ന് ഒന്നുംകൊടുത്തിട്ടുമില്ല. ഞാന്‍ എന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട്, അവിടുന്ന് എന്നോടു കല്‍പിച്ചതുപോലെ ചെയ്തിരിക്കുന്നു.15 അങ്ങ് വസിക്കുന്ന വിശുദ്ധ സ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് കടാക്ഷിക്കണമേ! അങ്ങയുടെ ജനമായ ഇസ്രായേലിനെയും ഞങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത ശപഥം അനുസരിച്ച് അങ്ങു ഞങ്ങള്‍ക്കു നല്‍കിയ നാടായ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.

വിശുദ്ധജനം

16 ഈ ചട്ടങ്ങളും വിധികളും ആചരിക്കാന്‍ ഇന്നേദിവസം നിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്‍പിക്കുന്നു. നീ അവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം.17 കര്‍ത്താവാണ് നിന്റെ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു.18 തന്റെ വാഗ്ദാന മനുസരിച്ച് നീ തന്റെ പ്രത്യേക ജനമാണെന്നും തന്റെ കല്‍പനകളെല്ലാം അനുസ രിക്കണം എന്നും ഇന്നു കര്‍ത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു.19 മാത്രമല്ല, താന്‍ സൃഷ്ടിച്ച സകല ജനതകള്‍ക്കും ഉള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ നിന്റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment