The Book of Deuteronomy, Chapter 28 | നിയമവാർത്തനം, അദ്ധ്യായം 28 | Malayalam Bible | POC Translation

നിയമവാർത്തന പുസ്തകം, അദ്ധ്യായം 28

അനുഗ്രഹങ്ങള്‍

1 നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.2 അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെ മേല്‍ ചൊരിയും.3 നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.4 നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.5 നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.6 സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.7 നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.8 നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.9 അവിടുത്തെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെതന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും.10 കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.11 നിനക്കു നല്‍കുമെന്നു നിന്റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.12 കര്‍ത്താവു തന്റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.13 കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.14 ഞാനിന്നു കല്‍പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്‍മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്.

അനുസരണക്കേടിനു ശിക്ഷ

15 എന്നാല്‍, നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്‍പന കളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെ മേല്‍ പതിക്കും:16 നഗരത്തിലും വയലിലും നീ ശപിക്കപ്പെട്ടവനായിരിക്കും.17 നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും ശാപഗ്രസ്തമായിരിക്കും.18 നിന്റെ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും ശപിക്കപ്പെടും.19 സകല പ്രവൃത്തികളിലും നീ ശപ്തനായിരിക്കും.20 നിന്റെ ദുഷ്‌കൃത്യങ്ങള്‍വഴി കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ നീ നശിക്കുന്നതുവരെ നിന്റെ എല്ലാ പ്രയത്‌നങ്ങളിന്‍മേലും അവിടുന്നു ശാപവും ക്ലേശവും ശകാരവും അയയ്ക്കും; നീ ക്ഷണത്തില്‍ നിശ്‌ശേഷം നശിച്ചുപോകും.21 നീ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിന്നെ സംഹരിക്കുന്നതുവരെ കര്‍ത്താവു നിന്റെ മേല്‍ തീരാവ്യാധികള്‍ അയയ്ക്കും.22 ക്ഷയം, പനി, വീക്കം, അത്യുഷ്ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു കര്‍ത്താവു നിന്നെ പ്രഹരിക്കും; നിശ്‌ശേഷം നശിക്കുന്നതുവരെ ഇവനിന്നെ വേട്ടയാടും.23 നിനക്കു മുകളിലുള്ള ആകാശം പിത്തളയും കീഴുള്ള ഭൂമി ഇരുമ്പും ആയി മാറും.24 കര്‍ത്താവ് നിന്റെ ദേശത്ത് മഴയ്ക്കുപകരം പൊടിയും പൂഴിയും വര്‍ഷിക്കും. നീ നശിക്കുംവരെ ആകാശത്തുനിന്ന് അവനിന്റെ മേല്‍ പതിക്കും.25 കര്‍ത്താവു നിന്നെ ശത്രുക്കളുടെ മുന്‍പില്‍ തോല്‍പിക്കും. നീ ഒരു വഴിയിലൂടെ അവര്‍ക്കെതിരായി ചെല്ലും; ഏഴു വഴിയിലൂടെ തോറ്റോടും. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും നീ ഒരു ബീഭത്‌സ വസ്തുവായിത്തീരും.26 നിന്റെ ശവം ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ ജന്തുക്കള്‍ക്കും ഭക്ഷണമായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരുമുണ്ടാവുകയില്ല.27 ഈജിപ്തിനെ ബാധിച്ച പരുക്കളും അര്‍ബുദവും ചൊറിയും ചിരങ്ങുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും. അവയില്‍നിന്നു നീ ഒരിക്കലും വിമുക്തനാവുകയില്ല.28 ഭ്രാന്തും അന്ധതയും പരിഭ്രാന്തിയുംകൊണ്ടു കര്‍ത്താവു നിന്നെ പീഡിപ്പിക്കും.29 കുരുടന്‍ അന്ധകാരത്തിലെന്നപോലെ നീ മധ്യാഹ്‌നത്തില്‍ തപ്പിത്തടയും. നിന്റെ വഴിയില്‍ ഒരിക്കലും നീ മുന്നേറുകയില്ല. നീ സദാ മര്‍ദിതനും ചൂഷിതനും ആയിരിക്കും. ആരും നിന്നെ സഹായിക്കുകയില്ല.30 നീ ഒരു സ്ത്രീയോട് വിവാഹവാഗ്ദാനം നടത്തും; എന്നാല്‍, മറ്റൊരുവന്‍ അവളോടുകൂടെ ശയിക്കും. നീ വീടുപണിയും; എന്നാല്‍, അതില്‍ വസിക്കുകയില്ല. നീ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കും; എന്നാല്‍, അതിന്റെ ഫലം അനുഭവിക്കുകയില്ല.31 നിന്റെ കാളയെ നിന്റെ മുന്‍പില്‍വച്ചു കൊല്ലും. എന്നാല്‍ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്റെ മുന്‍പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കള്‍ കൈവശമാക്കും; നിന്നെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.32 നിന്റെ കണ്‍ മുന്‍പില്‍ വച്ചുതന്നെ നിന്റെ പുത്രന്‍മാരും പുത്രിമാരും അന്യജനങ്ങള്‍ക്കു വില്‍ക്കപ്പെടും; തടയാന്‍ നിന്റെ കരങ്ങള്‍ അശക്തമായിരിക്കും. ദിവസേന അവരെ കാത്തിരുന്നു നിന്റെ കണ്ണുകള്‍ തളരും.33 നിന്റെ വിളവുകളും പ്രയത്‌നഫലവും നീ അറിയാത്ത ജനത അനുഭവിക്കും; നീ എന്നും മര്‍ദിതനും പീഡിതനുമായിരിക്കും.34 അങ്ങനെ നീ കാണുന്ന കാഴ്ചകള്‍ നിന്നെ ഭ്രാന്തനാക്കും.35 നിന്റെ കാലുകളിലും കാല്‍മുട്ടുകളിലും മാത്രമല്ല അടിമുതല്‍ മുടിവരെ ഉണങ്ങാത്ത വ്രണങ്ങള്‍ അയച്ച് കര്‍ത്താവ് നിന്നെ പീഡിപ്പിക്കും.36 നിന്നെയും നിനക്കധിപനായി നീ വാഴിക്കുന്ന രാജാവിനെയും നീയോ നിന്റെ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ജനതയുടെ ഇടയിലേക്കു കര്‍ത്താവു കൊണ്ടുപോകും. അവിടെ നിങ്ങള്‍ കല്ലും തടിയും കൊണ്ടുള്ള അന്യദേവന്‍മാരെ സേവിക്കും.37 കര്‍ത്താവു നിന്നെ കൊണ്ടെണ്ടത്തിക്കുന്ന സകല ജനങ്ങളുടെയുമിടയില്‍ നീ ഒരു ബീഭത്‌സ വസ്തുവായിരിക്കും; പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയവും.38 നീ വയലില്‍ ധാരാളം വിത്തു വിതയ്ക്കും; പക്‌ഷേ, വെട്ടുകിളികള്‍ തിന്നൊടുക്കുകയാല്‍ കുറച്ചു മാത്രമേ കൊയ്യുകയുള്ളു.39 നീ മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുകയും വെട്ടിയൊരുക്കുകയും ചെയ്യും; എന്നാല്‍, വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴങ്ങള്‍ ശേഖരിക്കുകയോ ചെയ്യുകയില്ല; പഴങ്ങള്‍ പുഴു തിന്നുതീര്‍ക്കും. നിന്റെ ദേശത്തെല്ലായിടത്തും ഒലിവുമരങ്ങളുമുണ്ടായിരിക്കും;40 എന്നാല്‍, നീ അവയുടെ തൈലം ലേപനം ചെയ്യുകയില്ല; അവയുടെ കായ്കളെല്ലാം കൊഴിഞ്ഞുപോകും.41 നിനക്കു പുത്രന്‍മാരും പുത്രിമാരും ജനിക്കും; എങ്കിലും അവരെ നിനക്കു സ്വന്തമായി കിട്ടുകയില്ല; അവര്‍ അന്യനാടുകളില്‍ അടിമകളായിത്തീരും.42 നിന്റെ വൃക്ഷങ്ങളും വയലിലെ വിളവുകളുമെല്ലാം വെട്ടുകിളികള്‍ തിന്നു തീര്‍ക്കും.43 നിന്റെ ഇടയിലുള്ള പരദേശി നിന്നെക്കാള്‍ വളരെ ഉന്നതനായിരിക്കും; നീ തീരെ അധഃപതിക്കുകയും ചെയ്യും.44 അവന്‍ നിനക്കു കടംതരും; കടംകൊടുക്കാന്‍ നിനക്കു കഴിവുണ്ടാകുകയില്ല. അവന്‍ നിന്റെ അധിപനായിരിക്കും; നീ അധീനനും.45 നീ നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിന്റെ മേല്‍ പതിക്കും; ഇവനിന്നെ വേട്ടയാടിപ്പിടിക്കും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ കേട്ടില്ല. അവിടുന്നു നല്‍കിയ കല്‍പനകളും നിയമങ്ങളും പാലിച്ചുമില്ല.46 ഇവയെല്ലാം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേക്കും അടയാളവും അദ്ഭുതവുമായിരിക്കും.47 എല്ലാറ്റിലും സമൃധിയുണ്ടായപ്പോള്‍ തികഞ്ഞആഹ്‌ളാദത്തോടെ നീ നിന്റെ ദൈവമായ കര്‍ത്താവിനു ശുശ്രൂഷ ചെയ്തില്ല.48 അതിനാല്‍, കര്‍ത്താവു നിനക്കെതിരേ അയയ്ക്കുന്ന ശത്രുക്കള്‍ക്കു വേണ്ടി നീ വിശപ്പും ദാഹവും നഗ്‌നതയും പരമ ദാരിദ്ര്യവും സഹിച്ചുകൊണ്ടു വേലചെയ്യും. നീ നശിക്കുന്നതുവരെ അവിടുന്നു നിന്റെ കഴുത്തില്‍ ഇരുമ്പുനുകം വയ്ക്കും.49 വിദൂരത്തുനിന്ന്, ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന്, കര്‍ത്താവു നിനക്കെതിരായി ഒരു ജനതയെ കഴുകന്റെ വേഗത്തില്‍ കൊണ്ടുവരും. ആ ജന തയുടെ ഭാഷ നിനക്കു മനസ്‌സിലാവുകയില്ല.50 വൃദ്ധനെ ആദരിക്കുകയോ ബാലനോട് അനുകമ്പ കാണിക്കുകയോ ചെയ്യാത്ത ക്രൂരമുഖമുള്ള ഒരു ജനതയായിരിക്കും അത്.51 നീ നശിക്കുന്നതുവരെയും നിന്റെ കാലികളെയും വിളവുകളെയും അവര്‍ ഭക്ഷിക്കും. നിന്നെ നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ അവര്‍ ധാന്യമോ വീഞ്ഞോ എണ്ണയോ കാളക്കുട്ടികളെയോ ആട്ടിന്‍കുഞ്ഞുങ്ങളെയോ നിനക്കുവേണ്ടി അവശേഷിപ്പിക്കുകയില്ല.52 നിന്റെ ദേശത്തെങ്ങും നീ ആശ്രയിച്ചിരുന്ന ഉന്നതങ്ങളും ബലിഷ്ഠങ്ങളുമായ കോട്ടകള്‍ തകര്‍ന്നുവീഴുന്നതുവരെ നിന്റെ പട്ടണങ്ങളിലെല്ലാം അവര്‍ നിന്നെ ഉപരോധിക്കും. നിന്റെ കര്‍ത്താവ് നിനക്കുതന്ന സകല പട്ടണങ്ങളിലും അവര്‍ നിന്നെ ആക്രമിക്കും.53 ഉപരോധംവഴി ശത്രുക്കള്‍ നിന്നെ ഞെരുക്കുകയും നീ കഠിനമായ ക്ലേശം അനുഭവിക്കുകയും ചെയ്യുമ്പോള്‍ നിന്റെ സ്വന്തം ശരീരത്തിന്റെ ഫലം – നിന്റെ പുത്രീപുത്രന്‍മാരുടെ മാംസം – നീ ഭക്ഷിക്കും.54 നിങ്ങളുടെയിടയിലെ ഏറ്റവും മൃദുലഹൃദയനും സുഖലാളിതനുമായ മനുഷ്യന്‍പോലും തന്റെ സഹോദരനെയും പ്രാണപ്രേയസിയെയും അവശേഷിച്ചിരിക്കുന്ന സ്വന്തം മക്കളെയും വെറുക്കും.55 അവന്‍ ഭക്ഷിക്കുന്ന സ്വന്തം മക്കളുടെ മാംസത്തില്‍നിന്ന് അല്‍പം പോലും അവര്‍ക്കു കൊടുക്കുകയില്ല. എന്തെന്നാല്‍ നിന്റെ സകല നഗരങ്ങളിലും ശത്രുക്കളുടെ ഉപരോധംമൂലം ഉണ്ടാകുന്ന കഠിനമായ ക്ലേശത്താല്‍ അവനു മറ്റുയാതൊന്നും ഭക്ഷിക്കാനുണ്ടാവില്ല.56 നിങ്ങളുടെ ഇടയിലുള്ള, ഒരിക്കല്‍പോലും പാദം നിലത്തു ചവിട്ടിയിട്ടില്ലാത്ത, അത്രയേറെമൃദുലാംഗിയും പരിലാളിതയുമായ സ്ത്രീ തന്റെ ശ്രേഷ്ഠഭര്‍ത്താവിനെയും പുത്രീപുത്രന്‍മാരെയും കരുണയറ്റ കണ്ണുകളോടെ വീക്ഷിക്കും.57 തന്റെ ഉദരത്തില്‍നിന്നു പുറത്തുവരുന്ന മാശും താന്‍ പ്രസവിക്കുന്ന ശിശുക്കളെയും അവള്‍ തനിച്ച് രഹ സ്യത്തില്‍ ഭക്ഷിക്കും. ശത്രുക്കള്‍ നിന്റെ പട്ടണങ്ങള്‍ ഉപരോധിക്കുമ്പോഴത്തെ ക്ഷാമവും ക്ലേശവും അത്ര രൂക്ഷമായിരിക്കും.58 നിന്റെ ദൈവമായ കര്‍ത്താവ് എന്ന മഹത്വപൂര്‍ണവും ഭയാനകവും ആയ നാമത്തെനീ ഭയപ്പെടുന്നതിനുവേണ്ടി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമങ്ങള്‍ അക്ഷരംപ്രതി ശ്രദ്ധാപൂര്‍വം നീ അനുസരിക്കാതിരുന്നാല്‍,59 ചിന്തിക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാമാരികളാലും തീരാവ്യാധികളാലും അവിടുന്നു നിന്നെയും നിന്റെ സന്തതികളെയും അടിച്ചുവീഴ്ത്തും.60 ഈജിപ്തില്‍ നീ ഭയപ്പെട്ടിരുന്ന വ്യാധികളെല്ലാം അവിടുന്നു നിന്റെ മേല്‍ വരുത്തും; അവ, നിന്നെ വിട്ടുമാറുകയില്ല.61 ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗങ്ങളും മഹാമാരികളും നീ നശിക്കുന്നതുവരെ കര്‍ത്താവ് നിന്റെ മേല്‍ അയയ്ക്കും.62 ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യമായിരുന്ന നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രമേ അവശേഷിക്കുകയുള്ളു. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ അനുസരിച്ചില്ല.63 നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നതിലും നിങ്ങളെ വര്‍ധിപ്പിക്കുന്നതിലും കര്‍ത്താവു സന്തോഷിച്ചിരുന്നതുപോലെ നിങ്ങളെ നശിപ്പിച്ച് ഇല്ലാതാക്കുന്നതിലും അവിടുന്നു സന്തോഷിക്കും. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിന്നെ അവിടുന്നു പിഴുതെറിയും.64 ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സകല ജനതകളുടെയും ഇടയില്‍ കര്‍ത്താവു നിങ്ങളെ ചിതറിക്കും. അവിടെ നിങ്ങളോ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ, കല്ലും മരവുംകൊണ്ട് തീര്‍ത്ത ദേവന്‍മാരെ, നിങ്ങള്‍ സേവിക്കും.65 ആ ജനതകളുടെ ഇടയില്‍ നിനക്ക് ആശ്വാസമോ നിന്റെ പാദങ്ങള്‍ക്കു വിശ്രമമോ ലഭിക്കുകയില്ല. അവിടെ കര്‍ത്താവു നിന്റെ ഹൃദയം ഭയചകിത മാക്കും. കണ്ണുകള്‍ക്ക് മങ്ങല്‍ വരുത്തും; മനസ്‌സ് ദുഃഖംകൊണ്ടു നിറയ്ക്കും.66 നിന്റെ ജീവന്‍ നിരന്തരം അപകടത്തിലായിരിക്കും; രാവും പകലും നീ സംഭീതനായിരിക്കും; ജീവിതത്തില്‍ നിനക്ക് ഒരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയില്ല.67 ഹൃദയത്തില്‍ കുടികൊള്ളുന്ന ഭയവും കണ്ണുകള്‍ കാണുന്ന കാഴ്ചകളും നിമിത്തം പ്രഭാതത്തില്‍ നീ പറയും: ദൈവമേ, സന്ധ്യയായിരുന്നെങ്കില്‍! സന്ധ്യയില്‍ നീ പറയും: ദൈവമേ, പ്രഭാതമായിരുന്നെങ്കില്‍!68 കര്‍ത്താവു നിന്നെ കപ്പല്‍ മാര്‍ഗം ഈജിപ്തിലേക്കു തിരിയെക്കൊണ്ടുപോകും. ഇനി ഒരിക്കലും നീ കാണുകയില്ല എന്നു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന വഴിയാണത്. അവിടെ നിങ്ങള്‍ ദാസന്‍മാരും ദാസികളുമായി നിങ്ങളുടെ ശത്രുക്കള്‍ക്ക് അടിമവേല ചെയ്യാന്‍ നിങ്ങളെത്തന്നെ വില്‍ക്കാനാഗ്രഹിക്കും. എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല.

The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment