The Book of Deuteronomy, Chapter 31 | നിയമാവർത്തനം, അദ്ധ്യായം 31 | Malayalam Bible | POC Translation

നിയമാവർത്തന പുസ്തകം, അദ്ധ്യായം 31

ജോഷ്വ മോശയുടെ പിന്‍ഗാമി

1 മോശ ഇസ്രായേല്‍ ജനത്തോടു തുടര്‍ന്നു സംസാരിച്ചു.2 അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ശക്തിയില്ലാതായി. നീ ഈ ജോര്‍ദാന്‍ കടക്കുകയില്ല എന്നു കര്‍ത്താവ് എന്നോട് പറഞ്ഞിട്ടുണ്ട്.3 നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു മുന്‍പേ പോകും. അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്ന് ഈ ജനതകളെ നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതു പോലെ ജോഷ്വ നിങ്ങളെ നയിക്കും.4 കര്‍ത്താവ് അമോര്യരാജാക്കന്‍മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ ഇവരെയും നശിപ്പിക്കും.5 കര്‍ത്താവ് അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളനുസരിച്ചു നിങ്ങള്‍ അവരോടു പ്രവര്‍ത്തിക്കണം.6 ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.7 അനന്തരം, മോശ ജോഷ്വയെ വിളിച്ച് എല്ലാവരുടെയും മുന്‍ പില്‍വച്ച് അവനോടു പറഞ്ഞു: ശക്തനും ധീരനുമായിരിക്കുക. കര്‍ത്താവ് ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശം കൈ വശമാക്കാന്‍ നീ ഇവരെ നയിക്കണം.8 കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.

നിയമ പാരായണം

9 മോശ ഈ നിയമം എഴുതി കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്‍മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്‍മാരെയും ഏല്‍പിച്ചു.10 അനന്തരം, അവന്‍ അവരോടു കല്‍പിച്ചു: വിമോചനവര്‍ഷമായ ഏഴാം വര്‍ഷം കൂടാരത്തിരുന്നാള്‍ ആഘോഷിക്കാന്‍11 ഇസ്രായേല്‍ ജനം കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്‍പില്‍ സമ്മേളിക്കുമ്പോള്‍ എല്ലാവരുംകേള്‍ക്കേ നീ ഈ നിയമം വായിക്കണം.12 അതുകേട്ട് നിങ്ങളുടെ ദൈവമായ കര്‍ത്താവി നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും ഈ നിയമം അക്ഷരംപ്രതി അനുസരിക്കുന്നതിനുംവേണ്ടി എല്ലാ ജനങ്ങളെയും – പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും നിന്റെ പട്ടണത്തിലെ പരദേശികളെയും – വിളിച്ചുകൂട്ടണം.13 അത് അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കളും അതുകേള്‍ക്കുകയും ജോര്‍ദാനക്കരെ നിങ്ങള്‍ കൈവശമാക്കാന്‍പോകുന്നദേശത്തു നിങ്ങള്‍ വസിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുകയും ചെയ്യട്ടെ.

മോശയ്ക്ക് അന്തിമ നിര്‍ദേശങ്ങള്‍

14 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതാ നിന്റെ മരണദിവസം ആസന്നമായിരിക്കുന്നു. ഞാന്‍ ജോഷ്വയെ നേതാവായി നിയോഗിക്കാന്‍ നീ അവനെ കൂട്ടിക്കൊണ്ട് സമാഗമകൂടാരത്തിലേക്കു വരുക. അവര്‍ സമാഗമകൂടാരത്തിലെത്തി.15 അപ്പോള്‍ കര്‍ത്താവ് ഒരു മേഘസ്തംഭത്തില്‍ കൂടാരത്തിനകത്തു പ്രത്യക്ഷപ്പെട്ടു. മേഘ സ്തംഭം കൂടാരവാതിലിനു മുകളില്‍നിന്നു.16 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതാ, നീ നിന്റെ പിതാക്കന്‍മാരോടുകൂടെ നിദ്രപ്രാപിക്കാറായിരിക്കുന്നു. ഈ ജനം തങ്ങള്‍ വസിക്കാന്‍ പോകുന്ന ദേശത്തെ അന്യദേവന്‍മാരെ പിഞ്ചെന്ന് അവരുമായി വേശ്യാവൃത്തിയിലേര്‍പ്പെടുകയും എന്നെ പരിത്യജിക്കുകയും ഞാന്‍ അവരോടു ചെയ്തിട്ടുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്യും.17 അന്ന് അവരുടെ നേരേ എന്റെ കോപം ജ്വലിക്കും. ഞാന്‍ അവരെ പരിത്യജിക്കുകയും അവരില്‍ നിന്ന് എന്റെ മുഖം മറയ്ക്കുകയും ചെയ്യും. അവര്‍ നാശത്തിനിരയാകും. അനേകം അനര്‍ഥങ്ങളും കഷ്ടതകളും അവര്‍ക്കുണ്ടാകും. നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടല്ലേ ഈ കഷ്ടപ്പാടുകള്‍ നമുക്കു വന്നു ഭവിച്ചത് എന്ന് ആദിവസം അവര്‍ പറയും.18 അവര്‍ അന്യദേവന്‍മാരെ പിഞ്ചെന്നു ചെയ്ത തിന്‍മകള്‍ നിമിത്തം ഞാന്‍ അന്ന് എന്റെ മുഖം മറച്ചുകളയും.19 ആകയാല്‍, ഈ ഗാനം എഴുതിയെടുത്ത് ഇസ്രായേല്‍ ജനത്തെ പഠിപ്പിക്കുക. അവര്‍ക്കെതിരേ സാക്ഷ്യമായിരിക്കേണ്ട തിന് ഇത് അവരുടെ അധരത്തില്‍ നിക്‌ഷേ പിക്കുക.20 അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു ശപഥംചെയ്ത തേനും പാലും ഒഴുകുന്ന ഭൂമിയില്‍ ഞാന്‍ അവരെ എത്തിക്കും. അവിടെ അവര്‍ ഭക്ഷിച്ച് തൃപ്തരായി തടിച്ചുകൊഴുക്കും. അപ്പോള്‍, അവര്‍ അന്യദേവന്‍മാരുടെ നേരേ തിരിഞ്ഞ് അവരെസേവിക്കും. എന്റെ ഉടമ്പടി ലംഘിച്ച് എന്നെ നിന്ദിക്കും.21 അനേകം അനര്‍ഥങ്ങളും കഷ്ടതകളും അവര്‍ക്കു വന്നു ഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കെതിരേ സാക്ഷ്യമായി നില്‍ക്കും. വിസ്മൃതമാകാതെ അവരുടെ സന്തതികളുടെ നാവില്‍ ഇതു നിലകൊള്ളും. അവര്‍ക്കു നല്‍കുമെന്നു ശപഥം ചെയ്ത ദേശത്ത് ഞാന്‍ അവരെ എത്തിക്കുന്നതിനു മുന്‍പുതന്നെ അവരില്‍ കുടികൊള്ളുന്ന വിചാരങ്ങള്‍ എനിക്കറിയാം.22 അന്നുതന്നെ മോശ ഈ ഗാനമെഴുതി ഇസ്രായേല്‍ ജനത്തെ പഠിപ്പിച്ചു.23 കര്‍ത്താ വ് നൂനിന്റെ മകനായ ജോഷ്വയെ അധികാരമേല്‍പിച്ചു കൊണ്ടു പറഞ്ഞു: ശക്തനും ധീരനും ആയിരിക്കുക. ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്കു നല്‍കുമെന്ന് ശപഥം ചെയ്തിരിക്കുന്ന നാട്ടിലേക്കു നീ അവരെ നയിക്കും; ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും.24 മോശ ഈ നിയമങ്ങളെല്ലാം പുസ്ത കത്തിലെഴുതി.25 അനന്തരം, അവന്‍ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിച്ചിരുന്ന ലേവ്യരോടു കല്‍പിച്ചു:26 ഈ നിയമപുസ്തകമെടുത്ത് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനരികില്‍ വയ്ക്കുവിന്‍. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ.27 നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. ഇതാ, ഞാന്‍ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ ദൈവത്തെ എതിര്‍ത്തിരിക്കുന്നു. എന്റെ മരണത്തിനുശേഷം എത്രയധികമായി നിങ്ങള്‍ അവിടുത്തെ എതിര്‍ക്കും!28 നിങ്ങളുടെ ഗോത്രത്തിലെ എല്ലാ ശ്രേഷ്ഠന്‍മാരെയും അധികാരികളെയും എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുവിന്‍; ആകാശത്തെയും ഭൂമിയെയും അവര്‍ക്കെതിരേ സാക്ഷിനിര്‍ത്തിക്കൊണ്ട് ഈ വാക്കുകള്‍ അവര്‍ കേള്‍ക്കേ ഞാന്‍ പ്രഖ്യാപിക്കട്ടെ.29 എന്തുകൊണ്ടെന്നാല്‍, എന്റെ മരണത്തിനുശേഷം നിങ്ങള്‍ തീര്‍ത്തും ദുഷിച്ചു പോകുമെന്നും ഞാന്‍ കല്‍പിച്ചിരിക്കുന്ന മാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുമെന്നും എനിക്കറിയാം. കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ കരവേല കളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയുംചെയ്യുന്നതുകൊണ്ട് വരാനിരിക്കുന്ന നാളുകളില്‍ നിങ്ങള്‍ക്ക് അനര്‍ഥമുണ്ടാകും.30 അ നന്തരം, മോശ ഇസ്രായേല്‍ സമൂഹത്തെ മുഴുവന്‍ ഈ ഗാനം അവസാനംവരെ ചൊല്ലിക്കേള്‍പ്പിച്ചു.

The Book of Deuteronomy | നിയമാവർത്തനം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses
Advertisements
Deuteronomy Chapter 32, 4
Advertisements
Advertisements

Leave a comment