മർത്താ കുറേശ്ശെ നമ്മളിലെല്ലാമുണ്ട്. നമ്മുടെ കഠിനാദ്ധ്വാനം പലപ്പോഴും ഭാരമായി തോന്നുന്നത് മറ്റുള്ളവർക്ക് ഇത്ര കഷ്ടപ്പാടില്ലല്ലോ എന്നോർക്കുമ്പോഴാണ്. നേരം വൈകി പണിക്കു കേറിയവർക്കും നമ്മുടെ അതേ കൂലി അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടുമ്പോഴത്തെ വിഷമം . പ്രാർത്ഥനയിലൂടെ, ധ്യാനത്തിലൂടെ, അവനെ ശ്രവിക്കുന്നതിലൂടെ, ദൈവഹിതം അറിയാൻ മെനക്കെടാതെ പ്രവൃത്തിക്ക് മാത്രം പ്രാധാന്യം നൽകി, എന്തൊക്കെയോ നമ്മുടെ ഇഷ്ടം പോലെ ചെയ്തുവെച്ചിട്ട് അതെല്ലാം ദൈവഹിതമാണെന്നും നമ്മൾ ദൈവരാജ്യത്തിനായി ഏറെ പണിപ്പെടുന്നുണ്ടെന്നും വിശ്വസിച്ചിരിക്കുന്നവരിലും കുറേശ്ശെ ഈ മർത്താ ഇഫെക്ട് ഉണ്ട്.
യേശു മാർത്തായെയും അവളുടെ കൂടപ്പിറപ്പുകളെയും ഏറെ സ്നേഹിച്ചിരുന്നു ( യോഹ 11:5) അവരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ വീട്ടിൽ കഴിയാറുമുണ്ട്.യേശുവിലുള്ള ആഴമേറിയ വിശ്വാസം മർത്തായുടെ വാക്കുകളിൽ നിന്ന് നിന്ന് വായിച്ചെടുക്കാം. ” കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എന്നാൽ നീ ചോദിക്കുന്നതെന്തും ദൈവം നിനക്ക് തരും എന്ന് എനിക്കറിയാം”. സഹോദരൻ മരിച്ച് ദിവസങ്ങളായിട്ടും ഈശോ കൈവിടില്ലെന്ന, അവനെക്കൊണ്ട് അത്ഭുതം പ്രവർത്തിക്കാൻ കഴിയും എന്ന ഉറപ്പ്.
ഈശോ അപ്പോൾ മർത്താക്ക് കൊടുത്ത പ്രത്യാശാനിർഭരമായ വാഗ്ദാനം ഓരോ ശവസംസ്കാരചടങ്ങിലും മാത്രമല്ല അനുസ്മരിക്കേണ്ടത്, പാപം ചെയ്ത് നമ്മുടെ ആത്മാവ് അഴുകിയ അവസ്ഥയിലാണെങ്കിൽ നിരാശയിലേക്ക് വീഴാതെ, ആത്മാർത്ഥമായി അനുതപിച്ച് പാപസങ്കീർത്തനം കഴിച്ച് അവനിലേക്ക് തിരിച്ചുചെല്ലാനുള്ള ആഹ്വാനം കൂടിയാണ്. “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും “.
പത്രോസ് ശ്ലീഹായെപ്പോലെ ഉജ്ജ്വലമായ വിശ്വാസപ്രഖ്യാപനമാണ് പിന്നെ മർത്താ നടത്തുന്നത് : “നീ ലോകത്തിലേക്ക് വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാൻ വിശ്വസിക്കുന്നു “.
തിരുത്തലുകൾ ആവശ്യമാണെങ്കിൽ അത് നല്ല മനസ്സോടെ സ്വീകരിച്ച് നമുക്കും വിശുദ്ധ മാർത്തായെപ്പോലെ അനുഗ്രഹത്തിന് അർഹരാകാം. എപ്പോഴും ‘നല്ല ഭാഗം’ ഏതെന്നറിഞ്ഞ് , അത് തിരഞ്ഞെടുക്കാം. അവളെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടാം.
വിശുദ്ധ മർത്തായുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്
