ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ

ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര്

പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു. മെയ്‌ 25 പന്തക്കുസ്ത ഞായറിൽ , ഇസബെല്ല ഡി ഫ്ലോറെസ് എന്ന് പേരിട്ടുകൊണ്ട് അവരവൾക്ക് മാമോദീസ നൽകി. സ്പെയിനിൽ നിന്നുള്ള അവളുടെ മാതാപിതാക്കൾ ആദ്യം പ്യൂട്ടോ റിക്കോയിലും പിന്നീട് ലിമയിലും താമസമാക്കിയവർ ആയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള അവളുടെ ആയ, കുഞ്ഞിന്റെ റോസാപ്പൂ നിറത്തിലുള്ള മൃദൂലമായ കവിളുകൾ കണ്ട് സ്പാനിഷ് ഭാഷയിൽ പറഞ്ഞു, como una rosa, ‘റോസപ്പൂ പോലെ തന്നെ’ എന്നാണ് അതിന്റെ അർത്ഥം. അങ്ങനെ കുഞ്ഞിനെ എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. പതിനാലാം വയസ്സിൽ അവൾക്ക് ലിമയിലെ ആർച്ച്ബിഷപ്പ് സ്ഥൈര്യലേപനം നൽകിയപ്പോൾ കൊടുത്ത പേരും ഇന്ന് ലോകം മുഴുവനിലും അവൾ അറിയപ്പെടുന്ന പേരും അതുതന്നെ.

ഈശോയുടെ തീവ്രമായ സ്നേഹം കീഴടക്കുന്നു.

കർഷകരായ മാതാപിതാക്കൾ കുഞ്ഞുങ്ങളെ അച്ചടക്കത്തിലും ദൈവവിശ്വാസത്തിലുമാണ് വളർത്തിയത്. കുരിശുമണി അടിക്കുമ്പോൾ പ്രാർത്ഥിക്കാൻ കുട്ടികളും ഉത്സാഹത്തോടെ ഓടിവന്നു. സ്കൂൾ കുറെ അകലെയായതുകൊണ്ട് കുറേക്കൂടി വലുതായിട്ട് റോസയെ പഠിക്കാൻ വിടാമെന്നായിരുന്നു വീട്ടിലെ തീരുമാനം. റോസക്ക് ആണേൽ പുസ്തകം വായിക്കാൻ വലിയ ആഗ്രഹവും. അമ്മയുടെയും ആയയുടെയും ചേട്ടന്റെയും പിന്നാലെ അവൾ നടക്കും, അക്ഷരം വായിക്കാൻ പഠിപ്പിച്ചു താ എന്നും പറഞ്ഞ്. ആയ അവളെ ഉണ്ണീശോയോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചു.

ഒരിക്കൽ എല്ലാവരും അവരവരുടെ തിരക്കുകളിൽ മുഴുകിയിരിക്കവേ നിസ്സഹായയായ റോസാ സിയന്നായിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രവും കൊണ്ട് ഉണ്ണീശോയുടെ അടുത്തെത്തി. ആയ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി, ‘ എന്റെ ഉണ്ണിയേശുവേ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ പഠിപ്പിക്കണേ’.കൂടെ ഒരു സ്വയംപ്രേരിതപ്രാർത്ഥന കൂടി ചേർത്തു, ‘പിന്നേയ്, വായിക്കാനും എഴുതാനും കൂടി പഠിപ്പിക്കണേ’. എന്നിട്ട് സഹോദരൻ ഫെർഡിനാന്റിനെ നോക്കി നടന്നു കളിക്കാൻ കൂട്ടിനായി.

കളിക്കാനും പഠിപ്പിക്കാനും ആരുമില്ലാതെ നിൽക്കുമ്പോൾ ആണ് അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കോമളബാലൻ അടുത്തേക്ക് വന്നത്. അവളെ കളിക്കാൻ വിളിച്ചപ്പോൾ നേരിയ സങ്കോചത്തോടെ കൂടെപ്പോയി.റോസക്കിഷ്ടമുള്ള കല്ലുകളിയിൽ പലവട്ടം അവനെ തോൽപ്പിച്ചു. എങ്കിലും അവന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു. നിന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, “ഉണ്ണീശോയുടെ റോസ” ബാലന്റെ മുഖത്ത് കൂടുതൽ സന്തോഷം നിറഞ്ഞു. “നിന്റെ പേരെന്താ?” അവൾ ചോദിച്ചു. “ഞാൻ റോസയുടെ ഉണ്ണീശോ! ” താൻ എന്നും പ്രാർത്ഥിക്കാറുള്ള രൂപക്കൂട്ടിലെ ഉണ്ണീശോ ആണ് തന്റെ മുൻപിലെന്നറിഞ്ഞeeപ്പോൾ അവൾക്ക് സന്തോഷം അടക്കാനായില്ല.

“എങ്കിൽ നീയെന്നെ വായിക്കാൻ പഠിപ്പിക്കുമോ?” അവൾ ഓടിപ്പോയി സിയന്നായിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രം എടുത്തുകൊണ്ടുവന്നു. ഉണ്ണീശോ പറഞ്ഞുകൊടുത്തു വായിക്കവേ അവളിൽ ജ്ഞാനം വന്നു നിറഞ്ഞു. അവൾ തനിയെ വായിക്കാൻ തുടങ്ങി. സന്തോഷം നിറഞ്ഞു തുള്ളിചാടി അവൾ ചോദിച്ചു.’ നിനക്ക് എന്താ പകരം വേണ്ടത്?’ ‘എന്നെ നോക്കി ഇടക്കിടക്ക് പുഞ്ചിരിച്ചാൽ മതി’ . അവൻ യാത്ര പറഞ്ഞു പോയി. ഉണ്ടായ അത്ഭുതം റോസ വീട്ടിലുള്ളവരെ അറിയിച്ചു. ഏത് പുസ്തകം കൊടുത്താലും അവൾ വായിക്കുന്നത് കണ്ട് അവർ അമ്പരന്നു നിന്നു.

സിയന്നായിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രം വായിച്ചുകഴിഞ്ഞപ്പോൾ തന്നെ ആ വിശുദ്ധയെ അവൾ മാതൃകയായി സ്വീകരിച്ചു. ഈശോയോടുള്ള കാതറിന്റെ ആഴമേറിയ സ്നേഹവും അത് പാവങ്ങളെയും രോഗികളെയും പരിചരിക്കാൻ പ്രചോദനമായതുമെല്ലാം അവളെ വളരെ സ്വാധീനിച്ചു. ആ വിശുദ്ധയെ പോലെ ഈശോയെ ജീവിതത്തിന്റെ കേന്ദ്രമാക്കുമെന്നും ഒന്നും തങ്ങൾക്കിടയിൽ പ്രതിബന്ധമാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അവളുറച്ചു.

ഒരിക്കൽ ചേട്ടൻ ഫെർഡിനാന്റ് പള്ളിയിലെ ബലിയർപ്പണം അഭിനയിച്ചു കാണിക്കുകയായിരുന്നു. തീപ്പൊരിപ്രസംഗത്തിനിടയിൽ (കേൾവിക്കാരി റോസ മാത്രം ) നിഗളമാണ് എല്ലാ പാപങ്ങൾക്കും അടിസ്ഥാനം, ആദിമാതാപിതാക്കളുടെ വീഴ്ചക്ക് കാരണവും, ഫ്രഡി പറഞ്ഞു. പോകെപ്പോകെ പ്രസംഗം സ്ത്രീകളുടെ വേഷവിധാനങ്ങളെപറ്റിയായി .തലമുടിയിൽ ചിലർ ചെയ്യുന്ന അലങ്കാരങ്ങൾക്ക് കയ്യും കണക്കുമില്ലെന്നും എത്ര നേരം കണ്ണാടിക്ക് മുന്നിൽ കളയുന്നെന്നും മരിച്ചു കഴിഞ്ഞാൽ പുഴുവരിക്കുന്ന ശരീരത്തിന് എത്ര പ്രാധാന്യം കൊടുക്കുന്നു എന്നെല്ലാം അവൻ പറയുന്ന കേട്ട് അവൾ അസ്വസ്ഥയായി. കാരണം അവളുടെ സുന്ദരമായ തലമുടി അവൾ അലങ്കരിച്ചു കൊണ്ടുനടന്നിരുന്നു. അവളുടെ തലയിൽ കുറച്ചു ചെളി എടുത്തിട്ടിട്ട് ഫ്രഡി പറഞ്ഞു , ” മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിലേക്ക് തന്നെ പിന്തിരിയും”

അവൾ ദേഷ്യം വന്ന് അവിടെനിന്നും എണീറ്റുപോയി. അതുകൊണ്ടപ്പോൾ ചേട്ടനും വിഷമമായി പക്ഷേ മുറിയിൽ ഉണ്ണീശോയെ കണ്ടപ്പോൾ അവൾ ചിന്തിക്കാൻ തുടങ്ങി, അവൾക്ക് തോന്നി ഈശോയേക്കാൾ കൂടുതൽ അവളുടെ മുടിയെ അവൾ സ്നേഹിച്ചിരുന്നെന്നു. പിന്നേ താമസിച്ചില്ല. കത്രികയെടുത്തു മുടി മുറിച്ചെടുത്തു. ചേട്ടൻ സ്തംഭിച്ചുപോയി കണ്ടപ്പോൾ.എങ്കിലും അവൾ സന്തോഷവതിയായിരുന്നു.

അവൾക്ക് ഈശോയോടുള്ള സ്നേഹം അത്രക്കുണ്ടായിരുന്നതിനാൽ ഈശോ എന്ന് പറയുമ്പോഴേക്കും അവളുടെ സ്വരം മാറുകയും മുഖം പ്രകാശിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അറിയാം അവളുടെ ആത്മാവ് എത്രമാത്രം ജ്വലിക്കുന്നുണ്ടെന്ന്. അവൾ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആയിരിക്കുമ്പോഴും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും അവളുടെ സ്നേഹിതനുമായി സ്നേഹാലിംഗനത്തിൽ മുഴുകി. തന്റെ ഭൂമിയിലെ യാത്രക്കിടയിൽ അവൾ കണ്ടെത്തിയ ഏറ്റവും വലിയ ആശ്വാസവും പിന്തുണയും ആ സ്വർഗ്ഗീയ വിരുന്നിലായിരുന്നു. വളരെയധികം കൃപകൾ അവളിൽ ചൊരിഞ്ഞുകൊണ്ടാണ് അവളുടെ തീവ്രസ്നേഹത്തിന് ഈശോ പകരം നൽൽകിയത്.അവൾക്ക് കൊടുത്ത ദർശനത്തിൽ അവളെ മണവാട്ടി എന്ന് സംബോധന ചെയ്തു.

പ്രായശ്ചിത്ത മാർഗ്ഗങ്ങൾ.

ഈശോയോടുള്ള സ്നേഹം മൂലം, ചെറിയൊരു പാപം കൊണ്ട് പോലും അവനെ വേദനിപ്പിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല.അഹന്തയും സ്വയംസ്നേഹവും കുറക്കാനായി കഠിനമായ പ്രായശ്ചിത്തപരിപാടികളിലാണ് അവൾ ഏർപ്പെട്ടത്. കുട്ടിയായിരിക്കെ തന്നെ പഴങ്ങൾ ഭക്ഷിക്കാതെ, കുറച്ചു അപ്പവും വെള്ളവും മാത്രം കൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം ഉപവസിച്ചു. വലുതായപ്പോൾ പൂന്തോട്ടത്തിൽ കയ്പ്പുള്ള സസ്യങ്ങൾ നട്ട് അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഒരു പുഷ്പമുടി അവൾ ധരിച്ചു പക്ഷേ അതിനടിയിലെ ഇരുമ്പുമുടിയിൽ തലയിൽ ആഴ്ന്നിറങ്ങുന്ന പോലുള്ള മുള്ളുകൾ ഉണ്ടായിരുന്നു. മുള്ളരഞ്ഞാണം വസ്ത്രത്തിനടിയിൽ ധരിച്ചു. ശരീരസൗന്ദര്യത്തെ എല്ലാവരും പ്രശംസിച്ചിരുന്നതുകൊണ്ട് പുറത്തുപോകുമ്പോൾ മുഖം കുരുമുളകുപൊടി തേച്ചു വിരൂപമാക്കി. കൈകളെ ഒരാൾ പ്രശംസിച്ചത് കേട്ട് ചുണ്ണാമ്പുവെള്ളത്തിൽ കൈ മുക്കിവെച്ചു. പകലന്തിയോളം പൂന്തോട്ടത്തിൽ വെയിലത്തു പണിതു. എന്നിട്ടൊന്നും സൗന്ദര്യത്തിന് കുറവുണ്ടായില്ലെന്നതാണ്.

സഹനം കൂടാതെ, കുരിശുകളെ സ്നേഹിക്കാതെ കൃപയിൽ വളരാൻ കഴിയില്ലെന്ന് അവൾ എഴുതിയിട്ടുണ്ട്. “തെറ്റ് പറ്റാതിരിക്കാൻ, വഞ്ചനയിൽ വീഴാതിരിക്കാൻ അവർ തന്നെ ശ്രദ്ധിച്ചുകൊള്ളട്ടെ. സ്വർഗ്ഗത്തിലേക്ക് എത്താനുള്ള ഒരേയൊരു ഗോവണി ഇതാണ്. കുരിശില്ലാതെ സ്വർഗ്ഗത്തിലേക്ക് വേറെയൊരു വഴിയില്ല “. കുരിശുകളെ നേരിടുമ്പോൾ കാണിക്കേണ്ട മനക്കരുത്തും സഹനശക്തിയും തന്റെ ജീവിതം കൊണ്ട് അവൾ കാണിച്ചു തന്നു.

സ്വയംസ്നേഹത്തിന്റെ തരിയെങ്കിലും ഹൃദയത്തിൽ ഇല്ലാതിരിക്കാൻ അഗാധമായ എളിമയും, പൂർണ്ണമായ അനുസരണവും, ആത്മപരിത്യാഗവും അവൾ പരിശീലിച്ചു.വീട്ടിലുള്ളവർ ഉറങ്ങുമ്പോൾ ദീർഘനേരം മണലിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു.

ഡോമിനിക്കൻ മൂന്നാം സഭയിൽ ചേരുന്നു.

സുന്ദരിയായ റോസയെ വിവാഹം കഴിക്കാൻ ഏറെപ്പേർ ആഗ്രഹിച്ചു. ചെറുപ്പത്തിൽ തന്നെ അവൾ തന്റെ പ്രിയനെപ്രതി കന്യാവ്രതം നേർന്നത് കാര്യമാക്കാതെ വീട്ടുകാരും കല്യാണലോചനകൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ താൻ സന്യാസിനിയാകാൻ തീരുമാനിച്ച കാര്യം അവൾ തറപ്പിച്ചു പറഞ്ഞു. അഗസ്തീനിയൻ മഠത്തിൽ ചേരാൻ പുറപ്പെട്ടെങ്കിലും വിശുദ്ധ കാതറിനെപ്പോലെ ഡോമിനിക്കൻ മൂന്നാം സഭയിൽ ചേരാനാണ് തിരുവിഷ്ടമെന്ന് അവൾ മനസ്സിലാക്കി. തന്റെ വീടിനോട് ചേർന്ന് ഒരു കൊച്ചു അറ അവൾ പറഞ്ഞു ശരിയാക്കി. ലോകാതിർത്തി വരെ സുവിശേഷവുമായി പോകാനും രക്തസാക്ഷി ആകാനുമൊക്കെ അവൾ ആഗ്രഹിച്ചെങ്കിലും ആ മുറിയിൽ ഇരുന്നുകൊണ്ട് മൗനമായി ലോകത്തിന് വേണ്ടി മാധ്യസ്ഥം വഹിക്കാനാണ് തന്റെ വിളിയെന്നവൾ മനസ്സിലാക്കി.ഡൊമിനിക്കൻ സഭാവസ്ത്രം റോസ സ്വീകരിച്ചു. റോസ ഡി സാന്ത മരിയ എന്ന് പേര് മാറ്റി ( പരിശുദ്ധ മറിയത്തിന്റെ റോസ എന്നാണതിന്റെ അർത്ഥം ). ‘എന്റെ ഹൃദയത്തിന്റെ റോസ, നീ എന്റെ മണവാട്ടിയായിരിക്കുക’ എന്ന് ഉണ്ണീശോ പറയുന്നതായി അവൾക്കനുഭവപ്പെട്ടു.

തന്റെ കുഞ്ഞുമുറിയിൽ ഒരു മര അലമാരിയുടെ ഭാഗം ആണ് അവൾ കട്ടിലായി ഉപയോഗിച്ചത് അതിൽ മരത്തിന്റെ വേരുകളും പൊട്ടിയ ടൈലും ഇഷ്ടകയുമൊക്കെ കൊണ്ട് കിടക്കയുണ്ടാക്കി. ഇടയ്ക്കിടെ ഒരാഴ്ചയൊക്കെ ഭക്ഷണവും വെള്ളവുമില്ലാതെ ഉപവസിച്ചു.

ആത്മീയതയിൽ മാത്രം മുഴുകി, സഹജീവികളോടുള്ള ഉത്തരവാദിത്വങ്ങൾ മറക്കുന്ന ആളായിരുന്നില്ല റോസ. പ്രായോഗികമായി ചിന്തിക്കുന്ന ആളും തന്റെ കഴിവുകൾ പരമാവധി മറ്റുള്ളവർക്കായി ഉപയോഗപ്പെടുത്തുന്നവളും കൂടെ ആയിരുന്നു. മാതാപിതാക്കളെ സഹായിക്കാനായി ലേയ്സും കൊന്തയും സുന്ദരമായി നിർമ്മിക്കുകയും പൂന്തോട്ടത്തിൽ മനോഹരമായ പൂക്കളെ വളർത്തി, ചന്തയിൽ കൊണ്ട് വിൽക്കുകയും ചെയ്തു. അവളുടെ പൂന്തോട്ടത്തിലെ പൂവുകൾക്ക് മണവും ഭംഗിയും കൂടുതലായിരുന്നു. അലസമായി അവൾ ഇരുന്നതേയില്ല.അമേരിക്കയിലെ റെഡ് ഇന്ത്യക്കാരും കറുത്ത വർഗ്ഗക്കാരും അനുഭവിക്കുന്ന ചൂഷണങ്ങൾ അവളെ വിഷമിപ്പിച്ചു. കുട്ടികളെ പഠിപ്പിച്ചും ദാനധർമ്മങ്ങൾ വഴിയും കഴിയാവുന്ന പോലൊക്കെ അവൾ അവരെ സഹായിച്ചു. അടിമകൾക്കും രോഗികൾക്കും ആരുമില്ലാത്തവർക്കും ആശ്വാസമായി. തന്നേക്കാൾ ആറേഴ് വയസ്സിനു മൂത്തതായിരുന്ന സമകാലികൻ മാർട്ടിൻ ഡി പോറസിനും അവൾ പ്രോത്സാഹനമായി.

അവളുടെ വിശ്വസ്തതയിലും സ്ഥിരതയിലും സംപ്രീതനായ ദൈവം പാരവശ്യങ്ങളിലൂടെ തന്റെ സ്നേഹം അവൾക്ക് വെളിപ്പെടുത്തികൊണ്ടിരുന്നു. അതിനിടയിൽ യുദ്ധസേവനത്തിന് പോയ ഫ്രഡി കൊല്ലപ്പെട്ടത് അവളെ സങ്കടത്തിലാക്കി.പിശാചിന്റെ ആക്രമണങ്ങൾ വലിയ തോതിൽ അവൾക്കുണ്ടായി. സുഹൃത്തുക്കളും അയൽക്കാരും വഴിയുള്ള വിമർശനങ്ങൾ എന്നും ഒപ്പമുണ്ടായിരുന്നു. ആഴമേറിയ വേദനകളിൽ പിടയുമ്പോൾ അവൾ വിളിച്ചു പറഞ്ഞു, “കർത്താവേ, എന്റെ സഹനം വർദ്ധിപ്പിക്കണമേ, അതിനൊപ്പം എന്റെ ഹൃദയത്തിൽ അങ്ങയുടെ സ്നേഹവും “.

ലീമാനഗരത്തിന്റെ തുറമുഖത്തു കടൽകൊള്ളക്കാരായ സൈന്യം താവളമടിച്ച് ദേവാലയങ്ങൾ തകർക്കാനും നഗരം ചുട്ടുകരിക്കാനും പദ്ധതിയിട്ടു. ലീമയിൽ പടയാളികളും യുദ്ധോപകരണങ്ങളും കുറവും. ആർച്ചുബിഷപ്പും റോസയുടെ ആത്മീയ ഉപദേഷ്ടാവ് ഫാദർ അലൻസോയുമടക്കം എല്ലാവരും നാടിന്റെ സുരക്ഷക്കായി പ്രാർത്ഥിച്ചും, പ്രവർത്തിച്ചു. റോസയെപ്പറ്റി അതിനകം ജനങ്ങൾക്കെല്ലാമറിയാമായിരുന്നതിനാൽ മേയർ റോസയുടെ സഹായം ആവശ്യപ്പെട്ടു. പത്തു നീതിമാന്മാരുണ്ടെങ്കിൽ സോദോം-ഗൊമോറയെ നശിപ്പിക്കില്ലെന്നു പറഞ്ഞ ദൈവം ത്യാഗത്തിന്റെയും വിശുദ്ധിയുടെയും നിറകുടമായ റോസയെ പ്രതി നഗരത്തെ രക്ഷിക്കുമെന്ന് അവർ പ്രത്യാശിച്ചു.

റോസ സദാസമയം പ്രാർത്ഥനയിൽ കഴിഞ്ഞു. കയ്യിലെ ജപമാല എപ്പോഴും ചലിച്ചുകൊണ്ടിരുന്നു. കണ്ണുകൾ നാഥന്റെ മുഖത്തുറപ്പിച്ചു. ആർച്ചുബിഷപ്പിന്റെ അരമനയിൽ മേയറും ജനങ്ങളും അക്ഷമരായി ഇരിക്കുന്നു. അവിടേക്ക് റോസയുടെ പിതാവ് ചെന്നപ്പോൾ എന്ത് സന്ദേശമാണ് അവൾക്ക് ലഭിച്ചതെന്നറിയാൻ എല്ലാവരും ഓടിക്കൂടി. അത്ഭുതകരമായ ഇടപെടലിലൂടെ ദൈവം അവരെ രക്ഷിക്കും എന്നാണവൾ വാക്ക് കൊടുത്തത്. പെട്ടെന്ന് രണ്ട് പടയാളികൾ ഓടിക്കിതച്ചെത്തി പറഞ്ഞു, ഡച്ചുസൈന്യം അവരുടെ കപ്പലുകളുമായി പലായനം ചെയ്‌തെന്നും ആരെയും കാണാനില്ലെന്നും. വിശുദ്ധയായ റോസയുടെ പ്രാർത്ഥന കൊണ്ട് ലീമ രക്ഷിക്കപ്പെട്ടതിൽ അവർ ഒന്നടങ്കം സന്തോഷിച്ചു. അമേരിക്കയിലെ ആദ്യവിശുദ്ധ റോസ ആയിത്തീരുമെന്നവർ ആത്മാർത്ഥമായി വിശ്വസിച്ചു.

നിത്യമഹത്വത്തിലേക്ക്.

മുപ്പത്തിയൊന്നു വയസ്സുള്ളപ്പോൾ ഓഗസ്റ് 24, 1617 ൽ ആണ് റോസ മരിക്കുന്നത്. ക്ഷയരോഗം ബാധിച്ചായിരുന്നു അത്. ശ്വാസം കിട്ടാതെ പിടയുമ്പോഴും വൈകാതെ ഈശോയുടെ അടുത്തെത്താമല്ലോ എന്നവൾ സന്തോഷിച്ചു. അതീവഭക്തിയോടെ രോഗീലേപനം സ്വീകരിച്ചു. ഈശോയെ ഉൾക്കൊണ്ടു. വിശുദ്ധ ബർത്തലോമിയോയുടെ തിരുന്നാളിനോടാനുബന്ധിച്ചായിരിക്കും തന്റെ മരണമെന്ന് അവൾ പ്രവചിച്ചിരുന്നു. ‘ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ‘ എന്ന് പറഞ്ഞ് അവൾ മരിച്ചു.

അവളെ കാണാനായി വലിയ ജനാവലി തിങ്ങിക്കൂടിയത് കൊണ്ട് ശവസംസ്കാരം നടത്താൻ കഴിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞാണ്. സഭാധികാരികൾ, ലീമയുടെ ഭരണാധികാരികളും വലിയ ഉദ്യോഗസ്ഥരുമൊക്കെ അവളുടെ ശവമഞ്ചം ചുമക്കാൻ തങ്ങളുടെ ഊഴം കാത്തിരുന്നു. വിശുദ്ധ ഡൊമിനിക്കിന്റെ ദേവാലയത്തിനോട് ചേർന്ന് അവളെ സംസ്കരിച്ചു. പിന്നീട് അത് അവിടത്തെ അൾത്താരക്കടുത്തേക്ക് മാറ്റി. അവളുടെ മാധ്യസ്ഥത്തിൽ അത്ഭുതങ്ങളുടെ തീരാത്ത നിര തന്നെയാണ് പിന്നീടുണ്ടായത്. 1668ൽ ക്ലമെന്റ് ഒൻപതാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി, ക്ലെമന്റ് പത്താമൻ പാപ്പ ഏപ്രിൽ 12, 1671 ൽ വിശുദ്ധവണക്കത്തിലേക്കും.

വിശുദ്ധ റോസ പെറുവിലെ ഏറ്റവും മനോഹരസൂനമായി. ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിന്റെ മധ്യസ്ഥ – ഫിലിപ്പീൻസിലെയും.

ഈശോയെ അത്യധികം സ്നേഹിച്ച സുന്ദരപുഷ്പം, ലീമയിലെ വിശുദ്ധ റോസയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
ലീമയിലെ വിശുദ്ധ റോസ
Advertisements
Saint Rose of Lima
Advertisements

Leave a comment