Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ

Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്.

“ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? ” എന്ന ചിന്തയും തനിക്ക് വന്നിരുന്നെന്ന് ആർച്ചുബിഷപ്പിനോട് മദർ തെരേസ നിഷ്കളങ്കമായി പങ്കുവെച്ചിരുന്നു. ഈശോയുടെ നേരെ തിരിഞ്ഞ് മദർ ചോദിച്ചു, “എന്തുകൊണ്ട് എനിക്കൊരു നല്ല ലോറേറ്റോ കന്യാസ്ത്രീ ആയിക്കൂടാ? മറ്റുള്ളവരുടെ പോലെ തന്നെ ഞാനും ആയാൽ പോരെ?അങ്ങ് ചോദിക്കുന്നത് എനിക്ക് കഴിയുന്നതിന്റെ അപ്പുറമാണ്. കുറച്ചുകൂടെ യോഗ്യതയുള്ള, ഔദാര്യമുള്ള ഒരാളെ വേറെ കിട്ടില്ലേ?” തന്റെ നാടിനെയും വീട്ടുകാരെയും പിരിഞ്ഞു പോന്നതിലും വിഷമകരമായ തീരുമാനമെടുക്കൽ ആയിരുന്നു മദറിന് അത്.

ബൈബിളിൽ ദൈവത്തിന്റെ വിളി ലഭിക്കുന്നവർ പലരും ചോദിക്കുന്നതായി നമ്മൾ കണ്ടിട്ടുള്ള രംഗം തന്നെയാണിത്. തനിക്ക് വിക്കുണ്ടെന്ന് മോശയും താൻ ബാലനാണെന്ന് ജെറമിയായും പറഞ്ഞ പോലെ. പക്ഷേ ഉള്ളറിയുന്ന ദൈവത്തിനറിയാം അവർ ദൈവഹിതത്തെ നിരാകരിക്കുന്നതല്ല, തങ്ങളുടെ യോഗ്യതയെ പറ്റിയും ജയപരാജയങ്ങളെ പറ്റിയുള്ള ആകുലതയുമാണതെന്ന്.

കൽക്കട്ടയിൽ നിന്ന് ഡാർജിലിങ്ങിലേക്കുള്ള ട്രെയിൻ യാത്രക്കിടക്കാണ് 36 വയസ്സായ ആ സന്യാസിനിക്ക്, അസാധാരണമായി എന്തെങ്കിലും ഉള്ളതായി അന്ന് വരെ ആർക്കും പ്രത്യേകിച്ചൊന്നും തോന്നാത്ത ആ കന്യാസ്ത്രീക്ക് ‘വിളിക്കുള്ളിലെ വിളി ” (ദൈവവിളി സ്വീകരിച്ച് കന്യാസ്ത്രീയായി തുടരുന്നതിനിടയിൽ ഉണ്ടായ പ്രത്യേക വിളി ) ഉണ്ടായത്. ഇപ്പോഴുള്ള സന്യാസസഭയും ജീവിതവും വിട്ട് താൻ പറയുന്ന വേല ചെയ്യാൻ, ദരിദ്രരായവരുടെ, നിർദ്ധനരോഗികളുടെ മരിക്കുന്നവരുടെ, തെരുവിലലയുന്ന കുട്ടികളുടെ ഇടയിൽ തന്റെ സ്നേഹത്തിന്റെ തീ ആവാൻ. ദരിദ്രർക്ക് തന്നെ കൊടുക്കാൻ…തനിക്ക് വേണ്ടി തയ്യാറാവില്ലേ എന്ന് ഈശോ മദറിനോട് ചോദിച്ചു.

ഇപ്പോൾ താമസിക്കുന്ന ദേശം വിട്ട് താൻ കാണിച്ചു തരുന്ന നാട്ടിലേക്ക് പോകാൻ അബ്രഹാമിനോട് പറഞ്ഞ പോലെ. ഊർ എന്ന കൽദായരുടെ നാടിന്റെ പ്രശ്നമോ ഇപ്പോഴുള്ള നാട്ടിൽ ശരിയാവില്ലെന്നോ ഒന്നും വിവരിച്ചു പറയുന്നില്ല, ‘ പോകൂ ‘ അത്ര മാത്രം.

പരിശുദ്ധ അമ്മയുടെ മനോഹര ഫിയാത്ത് പോലെ മദറും പൂർണമായി Yes പറഞ്ഞു. സന്തോഷത്തോടെയായിരുന്നു അത്. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന രീതിയിലല്ല, അടക്കാനാവാത്ത ഉത്സാഹവും അക്ഷമയും സന്തോഷവുമൊക്കെ അടങ്ങിയ ഒരു yes. “സന്തോഷപൂർവ്വം നൽകുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്”( 2 കോറി 9:7) തന്റെ മക്കളോട് മദർ മടുപ്പില്ലാതെ വീണ്ടും വീണ്ടും പറഞ്ഞിരുന്ന വചനം. മായാത്ത പുഞ്ചിരിയിലൂടെ തന്റെ ജീവിതത്തിൽ പകർത്തികാണിച്ച വചനം. എപ്പോഴും പ്രസന്നത ഉണ്ടായിരിക്കുക എന്നത് ‘മിഷണറീസ് ഓഫ്‌ ചാരിറ്റി’ സഹോദരിമാരുടെ അടിസ്ഥാന യോഗ്യത ആയിരുന്നു.

മദർ തെരേസയുടെ മാത്രമല്ല, ഓരോ ക്രിസ്ത്യാനിയുടെയും വിശുദ്ധിയിലേക്കുള്ള ആദ്യത്തെ ചുവട് ഈ yes ആണ്, അവന്റെ വിളിക്കുള്ള പ്രത്യുത്തരം, പ്രചോദനത്തോടുള്ള അനുസരണം. എല്ലാ പ്രലോഭനങ്ങളുടേയും പിന്തിരിയാനുള്ള പ്രേരണകളുടേയും മുകളിൽ ചവിട്ടിനിന്ന് , കലപ്പയിൽ നിന്ന് കയ്യെടുത്തുകൊണ്ട് ഈശോക്ക് നേരെ ഒരു Thumbs Up. അത്, നമ്മുടെ ജഢികാസക്തികളെ വിട്ടൊഴിഞ്ഞ് നന്മയിൽ ചരിക്കുമെന്ന പ്രതിജ്ഞ ആവാം, ദൈവവിളിക്കുള്ള പ്രത്യുത്തരം ആവാം. സുവിശേഷവേലയിലേക്കുള്ള പ്രയാണം ആവാം, എന്തുമാവാം…എല്ലാം yes ൽ ന്ന് തുടങ്ങുന്നു.

‘ദാനവും രഹസ്യവും’ എന്ന തന്റെ ആത്മകഥയിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എഴുതി, “1942ലെ ശരത്കാലത്ത് സെമിനാരിയിൽ ചേരാനുള്ള അന്തിമ തീരുമാനം ഞാനെടുത്തു “. ആ തീരുമാനവും ഒരു വിളിയെ തുടർന്നുള്ളതായിരുന്നു.ഒരു ക്ഷണത്തിനുള്ള പ്രതികരണം ആയിരുന്നു. ” ഇതാ ഞാൻ, എന്നെ അയച്ചാലും” എന്ന മദറിന്റെയും പോപ്പിന്റെയും തീരുമാനം മാനിച്ച് ഈശോ പിന്നീട് അവരെ എങ്ങനെയൊക്കെ നയിച്ചെന്ന് നമുക്കറിയാം. രണ്ട് വിശുദ്ധരുടെ ‘yes ‘.

Yes പറഞ്ഞ ഉടനെ മദർ ചാടിപ്പുറപ്പെട്ടില്ല. നമ്മൾ പലർക്കും പറ്റുന്ന ഒരു തെറ്റുണ്ട്. ദൈവഹിതപ്രകാരം ആണ് തീരുമാനമെടുത്തത് , ഒരു നല്ല കാര്യം ചെയ്യാനാണ്, എല്ലാം ശരി. പക്ഷേ പിന്നെ മേലും കീഴും നോക്കലില്ല. ചെറിയ തടസ്സങ്ങളിൽ, മറ്റുള്ളവരുടെ ഇടപെടലിൽ ഒക്കെ അക്ഷമരാകും. ക്ഷമയോടെ കാത്തിരുന്ന്, സ്വന്തം സഭാസമൂഹത്തിൽ നിന്നും വത്തിക്കാനിൽ നിന്നുമൊക്കെ അനുവാദം ലഭിച്ചതിനു ശേഷമാണ് മദർ മഠം വിട്ടിറങ്ങിയത്.

” ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും കർത്താവിന് വേണ്ടിയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം നിറവേറ്റും. ഞങ്ങൾ ഏതെങ്കിലുമൊരു ജോലി ജോലി ചെയ്യണമെന്ന് അദ്ദേഹം ഇച്ഛിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെ അതിനുള്ള ഏർപ്പാടുണ്ടാക്കും. അല്ലാത്ത പക്ഷം ആ ജോലി ഞങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നർത്ഥം. അത് ഞങ്ങൾ വേണ്ടെന്ന് വെക്കും.” . ഇതാണ്.. ഇത്രേയുള്ളൂ ദൈവഹിതം പിന്തുടരുക എന്നുപറഞ്ഞാൽ.

രാത്രി വൈകും വരെ പല കാര്യങ്ങൾക്കായി അലഞ്ഞു നടന്ന്, പാതിരക്കു ഒരിത്തിരി സമയം കിട്ടിയാൽ ഓരോരോ ആവശ്യങ്ങൾക്കായി അനേകം എഴുത്തുകളെഴുതുന്ന… കൃശഗാത്രിയായ, കൈവിരലുകൾ ചുക്കിച്ചുളിഞ്ഞും, പാകമല്ലാത്ത ചെരുപ്പുകളിട്ട് ആകൃതി നശിച്ച പാദങ്ങളുമുള്ള മദറിനോട്, ഒരിത്തിരി വിശ്രമിച്ചു കൂടെ എന്ന് ചോദിച്ചാൽ പുഞ്ചിരി മാറാത്ത നിഷ്കളങ്ക മുഖത്തോടെ പറയും, ” പരലോകത്തിൽ അതിന് സമയമുണ്ടല്ലോ “.

മദറിന്റെ ചെറിയൊരു ‘ yes ‘ കൊണ്ട് ദൈവം ചെയ്ത കാര്യങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറത്താണ്. ശക്തനായവൻ അവളിലൂടെ വലിയ കാര്യങ്ങൾ ചെയ്തതിൽ അവളുടെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തിയിട്ടുണ്ടാകും അവസാനകാലത്ത്.

നമ്മുടെയൊക്കെ ജീവിതത്തിലും ഒരു വിളിയുണ്ട്.അല്ലെങ്കിൽ നമ്മളൊന്നും ഇവിടെ ആയിരിക്കേണ്ടവരല്ല. നമ്മുടെ yes ഇരുട്ടിലിരുന്നു കൊണ്ടുള്ള ഒരു yes ആകാം, അത് നമ്മെ എവിടേക്ക് നയിക്കുമെന്നറിയാതെ…പക്ഷേ നമ്മുടെ മനസ്സിന്റെ എതിർപ്പിനും അവിശ്വാസത്തിനിടയിലും നമ്മൾ ചെയ്ത ‘ yes ‘ ലൂടെ കർത്താവ് ചെയ്ത കാര്യങ്ങൾ ഓർത്ത് ഒരിക്കൽ നമ്മുടെ ചിത്തവും കർത്താവിനെ മഹത്വപ്പെടുത്താനിടയാകും.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s