വി. ഫൗസ്റ്റീന: ദൈവകരുണയുടെ അപ്പസ്തോല

“മകളെ , നീ കരയരുത് . നിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റില്ല . നീ ചോദിക്കുന്നതെന്തും ഞാൻ തരാം . പക്ഷെ കരച്ചിൽ നിർത്തൂ ” ….

ഇങ്ങനെ ഈശോ ഒരു ആത്മാവിനോട് പറയണമെങ്കിൽ എത്രതധികം അവൾ ഈശോയുടെ പ്രീതി പിടിച്ചുപറ്റിയിരിക്കണം? സത്യം പറഞ്ഞാൽ ആർക്കും അത് വായിക്കുമ്പോൾ വി. ഫൗസ്റ്റീനയോട് വിശുദ്ധമായ ഒരു അസൂയ തോന്നും. അവൾ കരഞ്ഞത് അവൾക്കു വേണ്ടിയായിരുന്നില്ല എന്നതാണ് ആ കരച്ചിലിന്റെ മഹത്വം.

“Jesus, i offer everything today for sinners. Let the blows of your justice fall on me and the sea of your mercy engulf the poor sinners”

ഈ യാചനയുടെ ഫലമായി അന്ന് വളരെയധികം ആത്മാക്കൾ രക്ഷിക്കപെട്ടു . പാവം ഫൗസ്റ്റീനയോ പാപികൾക്ക് പകരം ദൈവകോപം ഏറ്റു തളർന്ന് ഒരു ആശ്വാസവും കിട്ടാതെ കരയുമ്പോൾ ആയിരുന്നു ഈശോയുടെ ആ ആശ്വസിപ്പിക്കൽ .

കാൽവരിയിലെ ഈശോയുടെ ബലി ഒരേ സമയം സഹനപൂർണ്ണതയും സ്നേഹപൂർണതയും ആയിരുന്നു. ഈ സത്യത്തിന്റെ ആവിഷ്കാരമാണ് ഓരോ ബലിയാത്മാവും തൻറെ ജീവിതബലി വഴി നിർവഹിക്കുന്നത്. ഈശോ ഒരിക്കൽ ഫൗസ്റ്റീനയോട് പറഞ്ഞു “നീ ജീവിക്കുന്നത് നിനക്ക് വേണ്ടിയല്ല. നിന്റെ സഹനം വഴി മറ്റാത്മാക്കൾക്കു പ്രയോജനം കിട്ടും”. “എന്റെ കുഞ്ഞേ ,നീ എന്നെ ഏറ്റം സന്തോഷിപ്പിക്കുന്നത് സഹനം സ്വീകരിച്ചുകൊണ്ടാണ് . നീ എത്രത്തോളം സഹനം സ്വീകരിക്കുന്നോ അത്രത്തോളം നിനക്ക് എന്നോടുള്ള സ്നേഹവും വലുതായിരിക്കും”.

ആരും സ്നേഹിക്കാത്ത സ്നേഹത്താൽ ഈശോയെ സ്നേഹിക്കാൻ അവൾ വെമ്പൽ കൊണ്ടു. “ഓ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിൽ എന്നെ വെല്ലാൻ ഞാൻ ആരെയും അനുവദിക്കില്ല” . “സഹനത്തിൽ സ്നേഹം മൂർത്തരൂപം പ്രാപിക്കുന്നു. സഹനം എത്ര വലുതാകുന്നോ സ്നേഹം അത്രയും നിർമ്മലവുമായിരിക്കും”.

വി. ഫൗസ്റ്റീനയുടെ ബാല്യകാലവും ഏറെ പ്രാര്ത്ഥനാനിർഭരം ആയിരുന്നു . കൊച്ചുനാളിൽ തന്നെ ഹെലൻ രാത്രികാലങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥിച്ചിരുന്നു . അമ്മ ചോദിക്കുമ്പോൾ അവൾ പറഞ്ഞിരുന്ന മറുപടി “എന്റെ കാവല്മാലാഖ എന്നെ വിളിച്ചെണീപ്പിച്ച് എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു എന്നായിരുന്നു”. പള്ളിയിൽ പോകാൻ കുട്ടികൾ പലർക്കും കൂടി ഒറ്റ ഉടുപ്പേ ഉണ്ടായിരുന്നുള്ളു . അത് കൊണ്ട് അവൾക്കു പലപ്പോഴും പള്ളിയിൽ പോവാൻ പറ്റിയില്ല .

അവളുടെ ദൈവവിളിയുടെ ഏറ്റവും വലിയ വഴിത്തിരിവായത് സഹോദരിയുമൊത്തു ഒരു പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മേലാസകലം മുറിവുകളുമായി ഈശോ കൊടുത്ത ദർശനം ആയിരുന്നു .”എത്ര നാൾ നീ എന്നെ അകറ്റിനിർത്തും ?” ഈശോ ചോദിച്ചു .

കർത്താവ് നയിച്ചതനുസരിച് 1925 ഓഗസ്റ് 1 നു അവൾ കാരുണ്യമാതാവിന്റെ സഭയിൽ ചേർന്നു . അവൾ ഡയറിയിൽ ഇങ്ങനെ കുറിച്ചു .”ദൈവത്തിന്റെ ബലിപീഠത്തിനടുത് കടുത്ത ആത്മീയവരൾച്ചയിൽ ഒരു മണിക്കൂർ ചിലവഴിക്കുന്നത് ലോകസുഖങ്ങളിൽ നൂറുവർഷം മതിമറന്നു ജീവിതം ആസ്വദിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ പ്രിയങ്കരമാണ് . മഠത്തിലെ എളിയ ദാസിയായിത്തീരുക എന്നത് ലോകത്തിലെ ഒരു രാജ്ഞിയായിരിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ അഭികാമ്യമാണ്‌ “. പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്ത അവൾക്ക് മഠത്തിൽ കിട്ടിയ ജോലികൾ പാചകക്കാരിയുടേതും തോട്ടക്കാരിയുടേതും ഗേറ്റ് കീപ്പറുടെതും ഒക്കെയായിരുന്നു.

1933 മെയ് 1 നു ആയിരുന്നു ഫൗസ്റ്റീനയുടെ നിത്യവ്രത വാഗ്ദാന ദിവസം. ബാക്കി എല്ലാ അർത്ഥിനികളുടെ വീട്ടിൽ നിന്നും ധാരാളം ആളുകൾ വന്നിട്ടുണ്ട്. സാമ്പത്തികക്ലേശം മൂലം യാത്രാചിലവിനു പൈസ ഇല്ലാതിരുന്നതു കൊണ്ട് അവളുടെ വീട്ടിൽ നിന്ന് മാത്രം ആരും വന്നില്ല. അതിനു അവൾ ഈശോയോടു പറഞ്ഞത് നന്ദി ആണ്. മറ്റുള്ളവർക്കൊക്കെ പ്രിയപെട്ടവരെ സ്വീകരിച്ചും സൽക്കരിച്ചും നിൽക്കേണ്ടി വന്നപ്പോൾ ഫൗസ്റ്റീനക്ക് മുഴുവൻ സമയവും ഈശോയോടൊത്തു ആകാൻ കഴിഞ്ഞല്ലോ എന്നതുകൊണ്ട്.

മഠത്തിലെ തിരക്കേറിയ ജോലികൾക്കിടയിൽ sr. ഫൗസ്റ്റീന ഇങ്ങനെ പ്രതിജ്ഞ ചെയ്തു “ജോലികൾക്കിടെ തിരക്കുകളിൽ മുഴുകി ദൈവത്തെ മറന്നു പോകാൻ ഞാൻ എന്നെ അനുവദിക്കില്ല.” “ഒരിക്കൽ ഈശോ അവളോടരുൾ ചെയ്തു .”എന്റെ ഭൂമിയിലെ രാജ്യം മനുഷ്യാത്മാവിലെ എന്റെ ജീവിതമാണ് “. ഫൗസ്റ്റീന ഈ ആത്മീയ രഹസ്യം ഗ്രഹിച്ചിരുന്നു. “ഓരോ ദിവ്യകാരുണ്യസ്വീകരണവും നിത്യതയിൽ ദൈവവുമായി ഐക്യപ്പെടാനുള്ള സിദ്ധി വർദ്ധിപ്പിക്കുന്നു”എന്നവൾക്കറിയാമായിരുന്നു.

മഠത്തിൽ അടുക്കള ജോലിയാണ് അവൾക്ക് ആദ്യം ലഭിച്ചത്. 200ഓളം അംഗങ്ങളുണ്ടായിരുന്നു മഠത്തിൽ. പല പാത്രങ്ങളും തനിച്ചു എടുക്കാൻ പ്രയാസമായിരുന്നു. ഉരുളക്കിഴങ്ങു പുഴുങ്ങി വെള്ളം ഊറ്റിക്കളയുബോൾ ഉരുളക്കിഴങ്ങും പൊറത്തേക്കു പോകും. കൊറേ ആയപ്പോൾ ഈശോയോടു സങ്കടം പറഞ്ഞു .ഇങ്ങനെ മറുപടിയും കിട്ടി.”ഇന്നുമുതൽ നീ അതെല്ലാം എളുപ്പത്തിൽ ചെയ്യും. ഞാനും നിന്നെ സഹായിക്കും”. പിറ്റേന്ന് കലത്തിന്റെ മൂടി മാറ്റുമ്പോൾ അവൾ കണ്ടു ഉരുളക്കിഴങ്ങിന് മീതെ അതിസുന്ദരമായ പനിനീർപ്പൂക്കൾ ! ഈശോയുടെ സ്വരവും കേട്ടു. “നിന്റെ ഇത്തരം കഠിനജോലികളെ സുന്ദര റോസാപൂക്കളായി ഞാൻ മാറ്റുന്നു. അവയുടെ സൗരഭ്യം എന്റെ സിംഹാസനത്തിലേക്കുയരുന്നു”. ഏറ്റം നിസ്സാരമെന്നു തോന്നുന്ന പ്രവൃത്തികൾ പോലും ആത്മാക്കളെ നേടാൻ വിലയുള്ള ബലിയർപ്പണമാണ് .

അവൾ പറയുന്നു “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂർണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത് “. 1937 ഫെബ്രുവരി 7നു ഈശോയുടെ സ്വരം ഫൗസ്റ്റീന കേട്ടു .”നിന്നിൽ നിന്ന് ഞാൻ പരിപൂർണ ദഹനബലി , മനസ്സിന്റെ ബലി ആവശ്യപെടുന്നു. ഇതിനോട് തുലനം ചെയ്യാൻ മറ്റൊരു ബലിക്കും സാധിക്കില്ല. നീ എനിക്ക് നിരന്തര ബലി ആകേണ്ടതിന് ഞാൻ തന്നെ നിന്റെ ജീവിതത്തെ നിയന്ത്രിക്കുകയും എല്ലാം ക്രമീകരിക്കുകയും ചെയ്യും”. സ്നേഹത്താൽ ഈശോ ഒരാത്മാവിനെ സ്വന്തമാക്കുന്നത് സ്വന്തം ഇഷ്ടം അടിയറ വെക്കാൻ ശീലിപ്പിച്ചു കൊണ്ടാണ്. ഫൗസ്റ്റീന തൻറെ തീരുമാനം ഇങ്ങനെ കുറിച്ചു “ഇന്നുമുതൽ എന്റെ ഇഷ്ടം നിലനിക്കുന്നില്ല. എപ്പോഴും എല്ലായിടത്തും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും”. ഒരു ശിശുവിനെപോലെ അവൾ തന്നെത്തന്നെ ഈശോക്ക് സമർപ്പിച്ചു.

അത്ഭുതകരമാം വിധം ലോകം മുഴുവൻ വ്യാപിച്ച കരുണയുടെ കർത്താവിന്റെ രൂപവും കരുണയുടെ ജപമാലയും രൂപപ്പെട്ടത് പോളണ്ടിലെ ഈ വിശുദ്ധയിലൂടെ ആയിരുന്നല്ലോ. കരുണയുടെ ജപമാല ചൊല്ലിയും ഉപവസിച്ചും അവൾ പോളണ്ടിനായി കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. അതേ രാജ്യത്തു നിന്ന് ആഗോള സഭയെ നയിക്കാൻ വിശുദ്ധനും മഹാനുമായ പാപ്പയെ ദൈവം ഉയർത്തി. ഈശോ അവളോട് പറഞ്ഞു “പാപികൾക്കായി പ്രാര്ഥിക്കുമ്പോഴെല്ലാം നീ എന്നെ ആശ്വസിപ്പിക്കുകയാണ് “. ദൈവകരുണയുടെ അപ്പസ്തോല’ ആയ അവൾ കൃപാ ജീവിതത്തിൽ വളർന്നത് ദൈവകരുണ അനുഭവിച്ചു കൊണ്ടും ദൈവകാരുണ്യത്തിന്റെ അടയാളമായി മാറിക്കൊണ്ടും ആണ്.

ഈശോ പറഞ്ഞു “എന്നെ സമീപിക്കാൻ യാതൊരു പാപിയും ഭയപെടാതിരിക്കട്ടെ . കരുണയുടെ ജ്വാലകൾ എന്നെ ദഹിപ്പിക്കുകയാണ് . അവ ഈ ആത്മാക്കളുടെ മേൽ ചൊരിയാൻ ഞാൻ ആഗ്രഹിക്കുന്നു”. “എന്റെ കരുണയിൽ ആശ്രയിച്ച ഒരാത്മാവിനു പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ലജ്ജിക്കേണ്ടി വരികയുമില്ല”

ഈശോ തൻറെ വിശുദ്ധരിൽ നിന്ന് ആഗ്രഹിക്കുന്നത് അവരൊക്കെയും കരുണയുടെ ഹൃദയം സമ്പാദിക്കണമെന്നാണ്. കരുണാർദ്ര സ്നേഹത്തിന്റെ ഹൃദയം കിട്ടിക്കഴിയുമ്പോൾ നമുക്കും ഫൗസ്റ്റീനയെ പോലെ പറയാൻ പറ്റും “എന്റെ ഹൃദയം എപ്പോഴും മറ്റുള്ളവരുടെ സഹനങ്ങളുടെ നേർക്ക് തുറന്നിരിക്കും . മറ്റുള്ളവർ അവരുടെ വേദനകൾ എന്റെ ഹൃദയത്തിലേക്ക് നിക്ഷേപിച്ചാലും ഞാൻ എന്റെ ഹൃദയം അടക്കില്ല . എന്റെ സഹോദരസ്നേഹത്തിന്റെ പ്രേരകശക്തി ഈശോ മാത്രമാണ് “.

ഈശോയുടെ കരുണയെക്കുറിച്ചുള്ള ബോധ്യമായിരിക്കും ദൈവകോപത്തെക്കുറിച്ചുള്ള അറിവിനേക്കാൾ ആത്മാക്കളെ യഥാർത്ഥ അനുതാപത്തിലേക്ക് നയിക്കുന്നത്. കരുണയുടെ കർത്താവിന്റെ വെളിപ്പെടുത്തൽ ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കരുണകൊന്തയെ ഈശോ വി .ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തി. കരുണയുടെ കർത്താവിന്റെ രൂപം കാണിച്ചുകൊടുത്ത് അതുണ്ടാക്കാൻ ചുമതലപ്പെടുത്തി.

ആദ്യമായി കരുണയുടെ കർത്താവിന്റെ പടം പൊതുവായി പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിലെ ഈശോയുടെ കൈ സജീവമായി. ഈശോ കുരിശടയാളത്താൽ ആശീർവദിച്ചു. ഈശോ നഗരത്തിനു മുകളിലൂടെ നടക്കുന്നതും കാരുണ്യകതിരുകൾ ചൊരിയുന്നതും കാണാനിടയായി . ഫൗസ്റ്റീന അന്ന് പള്ളിയിൽ നിന്ന് മഠത്തിലേക്ക് തിരിച്ചു പോകും വഴി ഒരു സംഘം പിശാചുക്കൾ വഴി തടഞ്ഞു . അവ പറഞ്ഞു “നാം വളരെ വർഷങ്ങൾ കൊണ്ട് നേടിയെടുത്തതെല്ലാം അവൾ ഇതാ തട്ടിയെടുത്തിരിക്കുന്നു. ഫൗസ്റ്റീന ഉടൻ തൻറെ കാവൽ മാലാഖയുടെ സംരക്ഷണം തേടി. മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ അവ ഓടി മറഞ്ഞു. കരുണയുടെ ജപമാല സാത്താന് എത്ര ഭീതികരമായ കാര്യമാണെന്ന് ഇത് വെളിവാക്കുന്നു.

പിശാചുക്കളിൽ നിന്നുള്ള ഉപദ്രവവും മറ്റു സിസ്റ്റേഴ്സ് ന്റെ തെറ്റിദ്ധാരണയും കുറ്റപ്പെടുത്തലും കൊണ്ട് വി . ഫൗസ്റ്റീന വളരെ ക്ലേശിച്ചിരുന്നു . സഹസന്യാസിനികൾ അവൾക്ക് ഹിസ്റ്റീരിയ രോഗമാണെന്നും പിശാചുബാധ ആണെന്നുമൊക്കെ പറഞ്ഞു പരത്തി. ഈശോ ഫൗസ്റ്റീനയോട് ഇങ്ങനെ പറഞ്ഞു . “മകളെ , നീ നിരപരാധി ആണെങ്കിലും നിന്നെ അപകീർത്തിപ്പെടുത്തുമ്പോൾ സ്വയം ന്യായീകരിക്കരുത്. മറ്റുള്ളവർ വിജയിക്കട്ടെ “.

വിശ്വാസത്തിൽ ഉറച്ചു നിന്ന്‌ പ്രാർത്ഥന വഴിയായി വി . ഫൗസ്റ്റീന ദൈവകരങ്ങളിൽ നിന്ന് അനേകർക്കായി അത്ഭുതങ്ങൾ പ്രാപിച്ചു കൊടുക്കുമായിരുന്നു. മഴ കിട്ടാതെ എല്ലാം വാടികരിഞ്ഞ കാലത്തു കരുണകൊന്ത ചൊല്ലി ശക്തമായ മഴ പെയ്യിച്ചു. മരിക്കുന്ന പാപികളെ കരുണകൊന്ത ചൊല്ലി നല്ല മരണത്തിനു സഹായിച്ചു.

അവളുടെ അഗാധമായ ശൂന്യവൽക്കരണം ഈശോയെ എപ്പോഴും പ്രസാദിപ്പിച്ചു. രോഗിണിയായി കിടക്കുമ്പോൾ കുമ്പസാരിക്കാൻ സാധിക്കാതെ കരഞ്ഞപ്പോൾ ഈശോ പുരോഹിതനായി വന്നു. ദിവ്യകാരുണ്യം കൊടുക്കാൻ കിടക്കക്കരികിൽ സെറാഫുകൾ വന്നു. ഒരിക്കൽ ഈശോ വി . ഫൗസ്റ്റീനക്ക് നരകദർശനം നൽകി. ഫൗസ്റ്റീന തുടർന്ന് എഴുതി “ആരും നരകമില്ലെന്നു പറയാതിരിക്കാൻ കൂടി വേണ്ടിയാണ് ഞാനിത് എഴുതുന്നത്. ഒരു കാര്യം കൂടെ ഞാൻ കണ്ടു . നരകമില്ലെന്നു പറഞ്ഞവരാണ് നരകത്തിൽ ഉള്ളവരിൽ ഭൂരിഭാഗവും “.

തൻറെ രോഗത്തിന്റെ കഠിന വേദനകൾ ഈശോക്ക് സമർപ്പിച്ചു നിർഭാഗ്യ പാപികൾക്കായി കാഴ്ച വെച്ചു. വി . ഫൗസ്റ്റീന ഉറപ്പായി പറഞ്ഞു “എന്റെ പ്രേഷിതദൗത്യം മരണത്തോടെ അവസാനിക്കില്ല . പ്രത്യുത ആരംഭിക്കുകയേയുള്ളു. ഓ, അവിശ്വാസികളായ ആത്മാക്കളെ , സ്വർഗ്ഗത്തിന്റെ മറയ്ക്കുന്ന വിരികളെ നിങ്ങള്ക്ക് വേണ്ടി വലിച്ചുമാറ്റി ദൈവത്തിന്റെ നന്മയെപ്പറ്റി ഞാൻ ബോധ്യപ്പെടുത്തും. അങ്ങനെ നിങ്ങളുടെ ശരണക്കേടു കൊണ്ട് ഈശോയുടെ മാധുര്യമുള്ള ഹൃദയത്തെ നിങ്ങൾ മുറിപ്പെടുത്തുന്നതിനു ഞാൻ അറുതി വരുത്തും “.

വി . കൊച്ചുത്രേസ്യ അവൾക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവൾ ചോദിച്ചു , “ഞാൻ സ്വർഗത്തിൽ പോകുമോ ?” ” “നീ സ്വർഗത്തിൽ പോകും”. “ഞാനൊരു പുണ്യവതി ആകുമോ ?” “തീർച്ചയായും നീ ഒരു പുണ്യവതി ആകും” “അങ്ങയെപ്പോലെ അൾത്താരയിൽ വണങ്ങപ്പെടുന്ന ഒരു പുണ്യവതി ആകുമോ ? ” “തീർച്ചയായും , എന്നാൽ നീ ഈശോയില് ശരണപ്പെടണം”.

ഇന്നിതാ വി . ഫൗസ്റ്റീന ദൈവകരുണയുടെ അപ്പസ്തോല ആയി അൾത്താരയിൽ നിൽക്കുന്നു. നാമവളെ വണങ്ങുന്നു. ഈശോയോടുള്ള സ്നേഹത്തെപ്രതി സ്വയം സമർപ്പിച്ച ആ ബലിയാത്മാവ് 2000 ഏപ്രിൽ 30 നു പോളണ്ടിൽ നിന്ന് തന്നെയുള്ള പോപ്പ് ജോൺ പോൾ രണ്ടാമൻ വഴി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു .

കരുണയുടെ ജപമാല ധാരാളം ചൊല്ലി നമുക്കും മറ്റുള്ളവർക്കുമായി കരുണ നേടിയെടുക്കാം … ഈശോയെ ആശ്വസിപ്പിക്കുന്ന ധാരാളം ആത്മാക്കളുണ്ടാവട്ടെ …

സ്നേഹപൂർവ്വം

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s