നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

“നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല”

തീർന്ന്. ആ ഒരൊറ്റ വാചകത്തിൽ നമ്മൾ ഈ ജീവിതത്തിൽ ചെയ്തതും തല കുത്തി മറിഞ്ഞതും ഒക്കെ ഒരു വരയാകും …ICU ൽ രോഗി മരിക്കുമ്പോൾ കാർഡിയാക് മോണിറ്ററിൽ നീണ്ട ഒരു വര മാത്രമാകുന്നത് നമ്മൾ സിനിമയിൽ കാണാറില്ലേ അതുപോലെ. പിന്നൊരു if ഉം ഇല്ല but ഉം ഇല്ല വാദിക്കാൻ. വെള്ളത്തിൽ വരച്ച വര….

ഇടുങ്ങിയ വാതിലിലൂടെ അകത്തു കേറാൻ നോക്കിയവർക്ക് സമാധാനിക്കാം എന്ന് കർത്താവ് പറയുന്നു. കുറച്ചു വൈകിയാലും വാതിൽ അടഞ്ഞുപോയാലും സാധ്യത പിന്നെയും ബാക്കിയുണ്ട്. എല്ലാവരും ലേറ്റ് ആകാൻ തന്നെയാണ് ചാൻസ്. എല്ലാവരും തന്നെ മുട്ടി വിളിക്കേണ്ടിയും വരും. പക്ഷെ ഉള്ളിൽ കേറാൻ കഴിയുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ല. ഉടമസ്ഥൻ വന്ന് ഗ്രില്ലിനുള്ളിലൂടെയോ peep hole ലൂടെയോ നോക്കും. തിരിച്ചറിഞ്ഞാൽ ഉള്ളിൽ കയറാം. ഇല്ലെങ്കിലോ, അപ്പോഴാണ് മേലെ പറഞ്ഞ വര തെളിയുക.

‘ഞാൻ ക്രിസ്ത്യാനിയാണ്’, ‘പുരോഹിതനാണ്’, ‘കന്യാസ്ത്രീയാണ്’, ‘എന്നും പള്ളീൽ പോയ ആളാണ്‌’, ‘കൊയറിലുണ്ടായിരുന്നു’, ‘പോപ്പിന് വേണ്ടി പോലും പാടീട്ടുണ്ട്’ …നോ രക്ഷ. പോപ്പാണെന്ന് പറഞ്ഞിട്ട് പോലും കാര്യമില്ലാത്തപ്പോഴാ…പക്ഷെ കർത്താവ് ‘സർപ്രൈസ്’!!! എന്ന് പറയാൻ പോകുന്ന ടൈമാണത് . നമ്മൾ ഒട്ടും വിചാരിക്കാത്ത കുറെ പേരെ അവിടെ കാണും. എന്നാൽ വിചാരിച്ച കുറെ പേരെയോ കാണുകേം ഇല്ല.

Moral എന്താ? എല്ലാ കൊല്ലവും നമ്മൾ ഇതൊക്കെ കേൾക്കാറുള്ളതൊക്കെ തന്നെ അല്ലേ? പൈസയും പേരും പ്രശസ്തിയും ഒന്നുമല്ല കാര്യം. ‘ വീട്ടുടമസ്ഥന്റെ’ ഫ്രണ്ട് ആകുക എന്നതാണ് മെയിൻ. അല്ലെങ്കി കാര്യം സീനാവും. അതെന്നെ. ഈശോയെ അറിയുക, ഉറ്റസുഹൃത്താവുക. അത്ര അകലെയുള്ള ആളൊന്നുമല്ല. ‘ ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു; ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും’ എന്നവൻ പറയുന്നു. ഒന്ന് ഹൃദയവാതിൽ തുറന്നു കൊടുത്താൽ പോരെ? എങ്കിൽ സമയമാകുമ്പോൾ അവൻ നമുക്കും വാതിൽ തുറന്നുതരും. അവന്റെ കൂടെ നിത്യവിരുന്നിൽ ചേരാനും പറ്റും.

ഈശോ തന്നെയാണല്ലോ ആ വാതിൽ. അവനിലൂടെയാണല്ലോ നമ്മൾ അകത്തു കയറേണ്ടതും. വ്യക്തിപരമായ ഒരു അടുപ്പം അവനോടില്ലെങ്കിൽ അവന്റെ സാക്ഷികളോ അനുയായികളോ ആവാൻ നമുക്ക് കഴിയില്ല. ഈശോ എന്ന് പറയുന്നത് ഒരു ആശയമോ തത്വമോ അല്ലല്ലോ , വ്യക്തിയല്ലേ. അവനെ അറിയാതെ, വ്യക്തിപരമായ ചങ്ങാത്തമില്ലാതെ ജീവിച്ചിട്ട്, ക്രിസ്ത്യാനി എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല.

ആത്മാർത്ഥമായി ചോദിക്കുന്ന ആർക്കും കൃപകളോ, അവനെത്തന്നെയോ നിഷേധിക്കുന്ന ആളല്ല അവൻ . നിത്യമായി നിലനിൽക്കുന്ന ആ സ്നേഹത്തിനും ഒന്നുചേരലിനുമായുള്ള നമ്മുടെ ആഗ്രഹം ദൈവത്തിനായുള്ള ദാഹമായി മാറുമ്പോൾ അവൻ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി തരാതിരിക്കില്ല. അവനോട് വിശ്വാസവും അടുപ്പവും ഇപ്പോൾ കുറവാണെങ്കിൽ, രണ്ട് യാചനകൾ നമുക്കുണ്ടായിരിക്കണം : നല്ല ദൈവമേ, സത്യത്തെ തിരിച്ചറിയാൻ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ, ആ സത്യത്തെ പിന്തുടരാനുള്ള ശക്തിയും വിവേകവും എനിക്ക് തരണമേ…. ഒരിക്കലും തഴയപ്പെടാത്ത ഒരു പ്രാർത്ഥനയാണ് ഇത്.

തീരുമാനങ്ങളും ലക്ഷ്യവും ഓരോ ദിവസവും ഉറപ്പിക്കേണ്ട ഒരു ജീവിതമാണ് നമ്മുടേത്.അല്ലെങ്കിൽ ലക്ഷ്യം തെറ്റി എങ്ങോട്ടൊക്കെയോ എത്തിച്ചേരും. പരിശുദ്ധാത്മാവ് നമ്മെ വഴി നടത്തട്ടെ, സഹായിക്കട്ടെ…(മുൻപന്മാർ കുറെ ഉണ്ടായിക്കോട്ടെ, ഏറ്റവും പിന്നിലായെങ്കിലും സൈഡിൽ ഒരിത്തിരി സ്ഥലം കിട്ടിയെങ്കിൽ എന്നഅത്യാഗ്രഹമുണ്ട്. അതിനു ഇപ്പോഴുള്ള പോലെയൊന്നും പോരാ എന്നെനിക്കറിയാം.. ദൈവം കനിയട്ടെ )

ജിൽസ ജോയ് ✍️

Advertisements
Advertisements

One thought on “നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

Leave a comment