ഒരു സുവർണ്ണ ഇതിഹാസം: മഹാനായ ലിയോ പാപ്പ

ഒരു സുവർണ്ണ ഇതിഹാസം

AD 452. ‘ദൈവത്തിന്റെ ചാട്ടവാർ’ എന്ന് അപരനാമമുള്ള അറ്റില രാജാവ് ഹൂണുകളുടെ പട നയിച്ചു കൊണ്ട് റോം പിടിച്ചടക്കാനായി മുന്നേറികൊണ്ടിരുന്നു. നിർദ്ദയനായി, രാജ്യങ്ങൾ കൊള്ളയടിച്ചും കീഴടക്കിയും അഗ്നിക്കിരയാക്കിയുമൊക്കെ യൂറോപ്പിലൂടെ വന്നുകൊണ്ടിരുന്ന രാജാവ് കുറെ തടവുകാരേയും കൂടെ കൊണ്ടു പോന്നിരുന്നു. ആൽപ്സ് കടന്ന് മൂന്നു ദിവസത്തെ ഉപരോധത്തിന് ശേഷം അക്വീലിയ പിടിച്ചടക്കി. മിലാൻ നഗരം നിലംപരിശാക്കികഴിഞ്ഞ് റോമിലേക്കുള്ള പാതയിലൂടെ അവർ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ അതാ ഒരാൾ മാർഗ്ഗമധ്യേ രാജാവിനെ കാണാൻ വന്നിരിക്കുന്നു. കൂടെ സൈന്യനിരകളൊന്നുമില്ല, വൃദ്ധനെന്ന് തോന്നിക്കുന്ന റോമിന്റെ മെത്രാൻ… വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പുരോഹിതൻ…

‘The Golden Legend’ (ലാറ്റിനിൽ Leggenda Aurea) പറയുന്നു, പോപ്പ് ലിയോ അവർക്ക് നേരെ വരുന്നത് കണ്ട് അറ്റിലക്ക് ദേഷ്യമാണ് വന്നത്, പക്ഷേ പെട്ടെന്ന് തന്നെ കുതിരപ്പുറത്തു നിന്നിറങ്ങി പോപ്പിനെ വണങ്ങി എന്താണ് ആഗമനോദ്ദേശ്യം എന്ന് ആരാഞ്ഞു. റോമിനെ ആക്രമിക്കരുതെന്നും തടവുകാരെ സ്വതന്ത്രരാക്കാനും ഇറ്റലിയിൽ നിന്ന് പോകാനുമാണ് പാപ്പ പറഞ്ഞത്. അതിനു പകരമായി വാർഷികകപ്പം കൊടുക്കാമെന്നും ഏറ്റു. പോപ്പിന്റെ ആവശ്യങ്ങളെല്ലാം രാജാവ് മറുത്തൊന്നും പറയാതെ അംഗീകരിച്ചു.

“ഇത്രയധികം നാടുകൾ കീഴടക്കിയിട്ടും എന്തിനാണ് താങ്കൾ ഒരു വയസ്സനായ പുരോഹിതന്റെ വാക്ക് കേട്ട് എല്ലാം സമ്മതിച്ചത്?” കൂടെയുള്ള പരിവാരങ്ങൾ രാജാവിനോട് ചോദിച്ചു. The Legend നമ്മളോട് രാജാവിന്റെ മറുപടി അറിയിക്കുന്നു, “എന്റെയും നിങ്ങളുടെയും സുരക്ഷ എനിക്കാലോചിക്കേണ്ടി വന്നു. ലിയോയുടെ സമീപത്തായി ഊരിയ വാളോടു കൂടി നിൽക്കുന്ന വീരയോദ്ധാവിനെ ഞാൻ കണ്ടു. അവൻ എന്നോട് പറഞ്ഞു, ലിയോ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ ഞാനും നിങ്ങളെല്ലാവരും മരിക്കുമെന്ന് “. ആ യോദ്ധാവ് വിശുദ്ധ പത്രോസ് ആണെന്നാണ് കരുതപ്പെടുന്നത്. അറ്റില സർവ്വസൈന്യങ്ങളോടും കൂടെ പിൻവാങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ, കീഴടക്കാനും അധികാരത്തിനുമായുള്ള അയാളുടെ കൊതി മരണത്തോടെ അവസാനിച്ചു.

AD 455 ൽ ഒരിക്കൽക്കൂടി ലിയോ പാപ്പ റോമിനെ രക്ഷിച്ചു, ഗെൻസേറിക് അവന്റെ കിരാതസൈന്യത്തോടെ ആഫ്രിക്കയിൽ നിന്നും വന്ന് റോമിനെ ഉപരോധിച്ചപ്പോൾ. റോമാനഗരത്തിന് പ്രതിരോധമൊന്നുമില്ലായിരുന്നു. റോമിനെ കൊള്ളയടിക്കുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സംഭാഷണചാതുര്യം കൊണ്ടും വിശുദ്ധി കൊണ്ടും, രക്തചൊരിച്ചിലും നഗരം അഗ്നിക്കിരയാക്കുന്നതും ഒഴിവാക്കാൻ അയാളെ ബോധ്യപ്പെടുത്താൻ പോപ്പിന് സാധിച്ചു. പതിനഞ്ചു ദിവസത്തിനു ശേഷം ഗെൻസേറിക്, വലിയ കൊള്ളശേഖരവും തങ്ങൾ അടിമകളാക്കിയ കുറേപേരെയും കൊണ്ട് അവിടെ നിന്ന് പോയി.

പോപ്പ് ഉടൻ തന്നെ നഗരത്തേയും പള്ളികളെയും പുനർനിർമ്മിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി. ആഫ്രിക്കയിലേക്ക് കൊണ്ടുപോയ തടവുപുള്ളികളുടെ കാര്യം നോക്കാനായി പുരോഹിതരെ പണവും കൊണ്ട് പറഞ്ഞയച്ചു. പാപ്പ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയോ നിരാശനാവുകയോ ചെയ്തില്ല. എത്ര പ്രതികൂലസാഹചര്യങ്ങളിലും അചഞ്ചലമായ ശാന്തതയാണ് അദ്ദേഹം പ്രദർശിപ്പിച്ചത്.

പോപ്പ് എഴുതി, “ഓ കർത്താവേ, അങ്ങേ കുരിശ്, എല്ലാ അനുഗ്രഹത്തിന്റെയും ഉറവിടമാകുന്നു, എല്ലാ കൃപകൾക്കും കാരണമാകുന്നു ; അതിൽ വിശ്വാസികൾ, അവരുടെ ബലഹീനതയിൽ ശക്തിയും, അപമാനത്തിൽ മഹത്വവും, മരണത്തിൽ ജീവനും കണ്ടെത്തുന്നു”.

സഭയിൽ മൂന്നു മാർപാപ്പമാരെയാണ് മഹാൻ (Great) എന്ന് ചേർത്ത് വിളിക്കുന്നത്. അതിലൊരാളാണ് മഹാനായ ലിയോ പാപ്പ. ഇറ്റലിയിലെ ടസ്കണിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം നൂറ്റാണ്ടിൽ ജനിച്ച അദ്ദേഹത്തിന് അക്കാലത്തെ മികച്ച വിദ്യാഭ്യാസം ലഭിച്ചു. സാഹിത്യത്തിലും പ്രഭാഷണത്തിലും ദൈവശാസ്ത്രത്തിലുമൊക്കെയുള്ള പാപ്പയുടെ കഴിവ് അദ്ദേഹത്തിന്റെ രചനകളിൽ കാണാം.

പോപ്പ് സെലസ്റ്റിൻ ഒന്നാമനും സിക്സ്റ്റസ് മൂന്നാമനും കീഴിലായി ഡീക്കൻ ആയിട്ടായിരുന്നു ലിയോ പാപ്പയുടെ തുടക്കം.സിക്സ്റ്റസ് പാപ്പയുടെ മരണശേഷം റോമിൽ നിന്നുള്ള പ്രതിനിധിസംഘം വന്ന് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. 440 ആണ്ടിൽ സെപ്റ്റംബർ 29 ന് ആയിരുന്നു മാർപ്പാപ്പ ആയുള്ള അഭിഷേകം.

മനിക്കേയിസം എന്ന പാഷണ്ഡതയിൽ നിന്ന് തന്റെ ആടുകളെ മോചിപ്പിക്കാൻ അതിന്റെ തെറ്റായ പ്രബോധനങ്ങളെകുറിച്ചും കത്തോലിക്കപ്രമാണങ്ങളെക്കുറിച്ചും വ്യക്തതയോടും കൃത്യതയോടും കൂടി പഠിപ്പിച്ചു. ഈ പാഷണ്ഡതയെക്കുറിച്ച് മുന്നറിയിപ്പായി ഇറ്റലിയിലെ എല്ലാ മെത്രാന്മാർക്കും കത്തുകളെഴുതി. 96 പ്രഭാഷണങ്ങളും 143 എഴുത്തുകളും അദ്ദേഹത്തിനേതായി ശേഖരിക്കപ്പെട്ടുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഇടപെടൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ആയിരുന്ന വിശുദ്ധ ഫ്ലാവിയന് എഴുതിയ കത്തായിരുന്നു. ഫ്ലാവിയനുള്ള വിശ്വാസസത്യസംബന്ധിയായ എഴുത്ത് അല്ലെങ്കിൽ Tome of Leo എന്നാണ് അത് അറിയപ്പെടുന്നത്. പുസ്തകം എന്നോ ബ്രഹത്തായ ഖണ്ഡം എന്നോ അർത്ഥമുള്ള ‘tomos’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ‘ Tome ‘ എന്ന വാക്ക് വന്നത്.

യൂട്ടിക്കീസ് ഉയർത്തിക്കൊണ്ടുവന്ന ഏകസ്വഭാവവാദം (monophysite heresy) എന്ന പാഷണ്ഡതയെ ( ക്രിസ്തുവിന് ദൈവികസ്വഭാവം മാത്രമേയുള്ളു എന്ന് വാദിക്കുന്നവർ) പോപ്പ് ശക്തമായി എതിർത്തു. 449 ൽ കിഴക്കുനിന്നുള്ള തെയോഡോഷ്യസ് II എന്ന ചക്രവർത്തി യൂട്ടിക്കീസിനെ പിന്താങ്ങുന്നവരുമായി എഫെസൂസിൽ ഒരു കൗൺസിൽ വിളിച്ചു കൂട്ടി. ലിയോ പാപ്പ ആ കൗൺസിലിന്റെ തീരുമാനങ്ങളെ അസാധുവായി പ്രഖ്യാപിച്ചു. അദ്ദേഹം എഴുതി, “വിശ്വാസത്തെ പ്രതിരോധിക്കാനുള്ള അവകാശം മെത്രാന്മാർക്ക് വിടുക. ഐഹിക അധികാരങ്ങൾക്കോ ഭീകരതക്കോ അത് ഇല്ലാതാക്കുന്നതിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല”.

രണ്ടു കൊല്ലത്തിന് ശേഷം 451ൽ പുതിയ ചക്രവർത്തി മാർസിയൻ കാൽസിഡോണിൽ വലിയൊരു കൗൺസിൽ വിളിച്ചുകൂട്ടി. 600 ൽ കുറയാതെ മെത്രാന്മാർ അതിൽ പങ്കെടുത്തു. അതിലേക്ക് തന്റെ മൂന്ന് പ്രതിനിധികളെ ലിയോ പാപ്പ അയച്ചു. ‘The Tome of Leo’ അവിടെ വായിച്ചു. അതിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സംബന്ധിച്ചുള്ള കത്തോലിക്കവിശ്വാസം പാപ്പ വ്യക്തമായി പ്രസ്താവിച്ചു. ദൈവികസ്വഭാവവും മനുഷ്യസ്വഭാവവും അതിന്റെ പൂർണതയിൽ ക്രിസ്തു എന്ന ഒരാളിൽ ഉണ്ടെന്നുള്ള കാര്യം സംശയമില്ലാതെ പറഞ്ഞു. മാർപ്പാപ്പമാരുടെ അപ്രമാദിത്യപ്രസ്താവനകളിൽ ആദ്യത്തേതിൽ പെടുന്നതാണിത്. മെത്രാന്മാർ ആ വലിയ വെളിപ്പെടുത്തലിനെ സഭയുടെ ആധികാരികപ്രബോധനമായി വിലയിരുത്തിക്കൊണ്ട് പറഞ്ഞു, ‘ലിയോയുടെ വായിലൂടെ പത്രോസ് സംസാരിച്ചിരിക്കുന്നു ‘.

21 വർഷമാണ് ലിയോ പാപ്പയുടെ പദവി നീണ്ടുനിന്നത്. അനേകം പള്ളികൾ പിതാവ് വഴി പണിയപ്പെട്ടു. വിശ്വാസത്തിന്റെ നിർഭയനായ വീരനായിരുന്നു പാപ്പ. അദ്ദേഹത്തിന്റെ എഴുത്തും കൃതികളും സഭയിലെ വേദപാരംഗതൻ എന്ന ബഹുമതി നേടിക്കൊടുത്തു. ബ്രെവിയറിയിൽ ലിയോ പാപ്പയുടെ കൃതികളിലെ കുറെയേറെ ഭാഗങ്ങൾ ഉണ്ട്‌. കുലീനരും പാവപ്പെട്ടവരും ചക്രവർത്തിമാരും ക്രൂരന്മാരായ സ്വേഛാധിപതികളും പുരോഹിതരും അൽമായരും ആയവരുടെയെല്ലാം ആദരവ് ഒന്നുപോലെ പാപ്പ പിടിച്ചുപറ്റി.

നവംബർ 10, 461 ൽ ആണ് ലിയോ പാപ്പ മരിക്കുന്നത്. വത്തിക്കാനിലെ ബസിലിക്കയിൽ അദ്ദേഹത്തിന്റെ ശവകുടീരം കാണാൻ സാധിക്കും.’ The Great ‘ എന്ന പദവി ആദ്യമായി ലഭിച്ചത് ലിയോ പാപ്പക്കാണ്.

“എത്ര ദുർബ്ബലനായാലും കുരിശിന്റെ വിജയത്തിന്റെ പങ്ക് നിഷേധിക്കപ്പെടുന്നില്ല. ആരും ക്രിസ്തുവിന്റെ പ്രാർത്ഥനയുടെ സഹായത്തിന് അപ്പുറത്തല്ല “.

മഹാനായ ലിയോ പാപ്പയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment