ഉണരാം, ഒരുങ്ങാം, വാതിൽ തുറക്കാം.

സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളുമായി പ്രപഞ്ചം കാത്തുകാത്തിരുന്ന, ഭൂലോകരക്ഷകനായ ഈശോയുടെ പിറവി അടുത്ത സമയം…മേരിയും ജോസഫും എലിസബത്തും ഒരുപക്ഷെ സക്കറിയയും.. അങ്ങനെ വളരെ കുറച്ചു പേർ മാത്രമാണ് ആ സമയം സമാഗതമായത് അറിഞ്ഞ്, അവൻ ഭൂജാതനാകുന്നതിനെ അത്ര ആഗ്രഹിച്ചു കാത്തിരുന്നത്. പുറമെയുള്ള ലോകം അതറിയാതെ അവരുടെ വ്യഗ്രതകളിൽ ആയിരുന്നു. അല്ലായിരുന്നെങ്കിൽ ഭൂമിയിൽ വന്നു പിറക്കുന്ന ദൈവത്തെ ലോകം എങ്ങനെ വരവേൽക്കുമായിരുന്നു. സത്രത്തിൽ പോലും അവർക്ക് സ്ഥലം ലഭിച്ചില്ലല്ലോ.

ഇന്നത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണോ? ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ യേശു എന്ന ചിന്തയാണോ എല്ലാർക്കും വരുന്നത് ? അത് ആഘോഷസീസണാണ് . കടക്കാർക്ക് ലാഭം കിട്ടുന്ന, നല്ല സിനിമകൾ ഇറങ്ങുന്ന, സമയം..ക്രിസ്മസ് കരോൾ, ട്രീ, സാന്താക്ളോസ്, പുൽക്കൂട്, കാർഡുകൾ, സമ്മാനങ്ങൾ. നമ്മൾ ആഘോഷിക്കുന്നു, കുടിക്കുന്നു, പൊളിച്ചടക്കുന്നു.ഏറെപ്പേർക്ക് ക്രിസ്തുവില്ലാത്തതാണ് ക്രിസ്മസ്.പിന്നെ, അവനായുള്ള ഒരുക്കത്തെ, ഒരുപക്ഷെ ഇടക്കൊക്കെ മറന്നു പോകും വിധത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന കാല്പന്ത്‌ കളിയുടെ അലയൊലികൾ…ഇപ്പോഴും അവന് കൊടുക്കാൻ നമുക്ക് റൂമുണ്ടോ?

യേശുവിനെ നാഥനായി തിരഞ്ഞെടുത്തവർക്ക് കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. രക്ഷകനെ ഹൃദയമാകുന്ന സത്രത്തിൽ ഒരു റൂം ഒരുക്കി അവർ കാത്തിരിക്കുന്നു. അവർക്ക് ക്രിസ്മസ് എന്നാൽ യേശുവാണ്, അവൻ നമ്മുടെ ഹൃദയത്തിൽ ജനിക്കുന്നതാണ്, നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കൽ കൂടി ആ ‘മഹത്വത്തിന്റെ രാജാവ് പ്രവേശിക്കുന്നതാണ്’. എങ്കിലും യൗസേപ്പിതാവിനെയും മാതാവിനെയും പോലെ അവനെ സ്വീകരിക്കാൻ ആർക്ക് കഴിയും? നിർമ്മലമായ ഹൃദയത്തോടെയും ശുദ്ധമായ കൈകളോടെയും?

നമ്മുടെ കരങ്ങൾ ശുദ്ധമാണോ? ഹൃദയം? ഏത് അവസ്ഥയിലാ? ക്രിസ്മസിന് നമ്മൾ വേണ്ടപോലെ ഒരുങ്ങിയിട്ടുണ്ടോ? കുറച്ചു ദിവസങ്ങൾ കൂടി ഉള്ളു അവന് റൂമൊരുക്കാൻ. എന്തായാലും ഒന്നുണ്ട്. അവിടേക്ക് വരാൻ അതിയായി അവൻ ആഗ്രഹിക്കുന്നു. അവന്റെ പേര് അർത്ഥമാക്കുന്ന പോലെ നമ്മോടൊപ്പമായിരിക്കാൻ, നമ്മെ പാപത്തിൽ നിന്ന് മോചിക്കുന്ന രക്ഷകനായി കൂടെ നടക്കാൻ, നമ്മുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാരണമാവാൻ, അങ്ങനെ… നമുക്ക് ജീവൻ സമൃദ്ധമായുണ്ടാവാൻ…അവൻ ആഗ്രഹിക്കുന്നു.

ആഘോഷിക്കുന്നതിനെ പറ്റി അവന് പരാതിയൊന്നുമില്ല ( കുപ്പി പൊട്ടിക്കുന്നതിനെ പറ്റി അല്ല , മതിമറന്നുള്ള ആഘോഷമല്ല ഉദ്ദേശിച്ചത്) ഈശോ തന്നെ എത്ര ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആ അവസരങ്ങളൊക്കെയും അവന് ആരുടെയെങ്കിലുമൊക്കെ ഹൃദയം സ്പെഷ്യലായി തൊടാനുള്ള അവസരങ്ങൾ കൂടിയായിരുന്നു. തനിയെ ആഘോഷിക്കാനല്ല, സമൂഹം അകറ്റിനിർത്തിയവരെ ചേർത്തുപിടിച്ച് ആഘോഷിക്കാൻ ആയിരുന്നു അവനിഷ്ടം. എല്ലാവരെയും അവൻ ഉൾപ്പെടുത്തി. സ്നേഹം ലഭിക്കാത്തവരെ മാത്രമല്ല, സ്നേഹിക്കാൻ താല്പര്യമില്ലാത്തവരെയും. അത് അർഹിക്കുന്നില്ല എന്ന് ‘നമുക്ക്’ തോന്നുന്നവരെയും.

നമ്മുടെ സ്നേഹം അർഹിക്കുന്നില്ലെന്ന് നമുക്ക് തോന്നുന്നവർക്കാണ് ശരിക്കും അത് കൂടുതൽ ആവശ്യമുള്ളത്. അവന്റെ മാതൃക നമുക്ക് പിന്തുടരാം, അല്ലേ. ക്രിസ്മസ് ആഘോഷിക്കാം, സ്നേഹം അർഹിക്കാത്തവരെ ചേർത്തുനിർത്തി… അധിക്ഷേപങ്ങളും കുത്തുവാക്കുകളും മാറ്റി വെച്ച്. ഇനിയും സമയമുണ്ട് കൈ നീട്ടി ചേർത്തുപിടിക്കാൻ. സത്രത്തിന്റെ വാതിൽ അവർക്ക് മുന്നിൽ അടച്ചേക്കരുത്. ഈശോയാണെങ്കിലോ മഞ്ഞത്ത് പുറത്തു നിൽക്കുന്നത്.

” ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു ” എന്നവൻ പറയട്ടെ. നമ്മുടെ സ്നേഹത്തിന് പുറത്താക്കിയവരൊക്കെ നമുക്ക് പരദേശികൾ അല്ലേ. ഹൃദയമാകുന്ന സത്രത്തിന്റെ വാതിൽ നമ്മൾ മലർക്കേ തുറന്നാൽ, അവൻ ലോകസ്ഥാപനം മുതൽ സജ്ജമാക്കിയിരിക്കുന്ന രാജ്യത്തിലേക്ക് നമുക്കും കയറാൻ കഴിഞ്ഞെന്നു വരും.

ദൈവത്തിന്റെ വചനം വിശ്വസിച്ച് മരുഭൂമിയിൽ പെട്ടകം പണിത നോഹയെ കളിയാക്കിയവർ അവൻ ശരിയായിരുന്നെന്ന് മനസ്സിലാക്കിയപ്പോഴേക്ക് വൈകിപ്പോയി. ദൈവം പറയുന്നത് നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി ആയി. കന്യക ഗർഭം ധരിച്ചെന്നും അത് പരിശുദ്ധാത്മാവിനാൽ ആണെന്നും കേട്ടപ്പോൾ സന്ദേഹമില്ലാതെ വിശ്വസിച്ച യൗസേപ്പിതാവ് ഭാഗ്യവാനായി. Advent ( ആഗമനകാലം) ഒരു wake -up call ആണ്. കള്ളനെപോലെയല്ല, കരുണയുള്ളവനായി മുന്നറിയിപ്പുകൾ തരുന്ന ഈശോ ഒരുങ്ങാൻ സമയം തരുന്നു. വ്യഗ്രതകളിൽ നിന്ന് ഉണരാം… ഒരുങ്ങാം.. വാതിൽ തുറക്കാം.. ചേർത്തു പിടിക്കാം…

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s