The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 7

മിദിയാന്‍കാരെ തോല്‍പിക്കുന്നു

1 ജറുബ്ബാലും വേഗിദെയോനും – സംഘ വും അതിരാവിലെ എഴുന്നേറ്റ്, ഹാരോദു നീരുറവയ്ക്കു സമീപം പാളയമടിച്ചു. മിദിയാന്റെ താവളം വടക്ക് മോറിയാക്കുന്നിന്റെ താഴ്‌വരയിലായിരുന്നു.2 കര്‍ത്താവ് ഗിദെയോനോട് പറഞ്ഞു: നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കുന്നില്ല. സ്വന്തം കൈകൊണ്ടുതന്നെ രക്ഷപ്രാപിച്ചു എന്ന് ഇസ്രായേല്‍ എന്റെ നേരേ നോക്കി വീമ്പടിച്ചേക്കും.3 അതുകാണ്ട് ഭയന്നു വിറയ്ക്കുന്നവര്‍ വീടുകളിലേക്ക് തിരിച്ചു പൊയ്‌ക്കൊള്ളുക എന്ന് ജനത്തോടു പറയണം. ഗിദെയോന്‍ അവരെ പരിശോധിച്ചു. ഇരുപത്തീരായിരംപേര്‍ തിരിച്ചുപോയി; പതിനായിരം പേര്‍ശേഷിച്ചു.4 കര്‍ത്താവ് വീണ്ടും ഗിദെയോനോടു പറഞ്ഞു: ജനങ്ങള്‍ ഇപ്പോഴും അധികമാണ്. അവരെ ജലാശയത്തിലേക്ക് കൊണ്ടു വരുക. അവിടെവച്ച് ഞാന്‍ അവരെ നിനക്കു വേണ്ടി പരിശോധിക്കാം. ഇവന്‍ നിന്നോടുകൂടെപോരട്ടെ എന്നു ഞാന്‍ ആരെപ്പറ്റിപറയുന്നുവോ അവന്‍ നിന്നാടുകൂടെ വരട്ടെ. ഇവന്‍ നിന്നോടു കൂടെ പോരേണ്ടാ എന്ന് ഞാന്‍ ആരെക്കുറിച്ചു പറയുന്നുവോ അവന്‍ പോരേണ്ടാ.5 ഗിദെയോന്‍ ജനത്തെ ജലത്തിനു സമീപം കൊണ്ടുവന്നു. കര്‍ത്താവു പറഞ്ഞു: നായെപ്പോലെ വെള്ളം നക്കികുടിക്കുന്നവരെ നീ മാറ്റി നിര്‍ത്തണം. മുട്ടുകുത്തി കുടിക്കുന്നവരെ വേറെയും നിര്‍ത്തുക.6 കൈയില്‍ കോരി വായോടടുപ്പിച്ചു നക്കിക്കുടിച്ചവര്‍ മുന്നൂറു പേരായിരുന്നു. മറ്റുള്ളവര്‍ വെള്ളം കുടിക്കാന്‍മുട്ടുകുത്തി.7 കര്‍ത്താവ് ഗിദെയോനോടു പറഞ്ഞു:വെള്ളം നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാന്‍ നിങ്ങളെ വീണ്ടെടുക്കും. മിദിയാന്‍കാരെ നിന്റെ കൈയില്‍ ഏല്‍പിക്കും; മറ്റുള്ളവര്‍ താന്താങ്ങളുടെ ഭവനങ്ങളിലേക്കുപോകട്ടെ. അവര്‍ ജനത്തില്‍ നിന്ന് കാഹളങ്ങളും ഭരണികളും ശേഖരിച്ചു.8 മുന്നൂറു പേരെ നിര്‍ത്തിയിട്ടു ബാക്കി ഇസ്രായേല്യരെ സ്വന്തം കൂടാരങ്ങളിലേക്ക് തിരിച്ചയച്ചു. അവര്‍ക്കു താഴേ, താഴ്‌വരയില്‍ ആയിരുന്നു മിദിയാന്‍കാരുടെ താവളം.9 ആ രാത്രിയില്‍ കര്‍ത്താവ് അവനോടു പറഞ്ഞു: എഴുന്നേറ്റ് താവളത്തിനരികിലേക്കു ചെല്ലുക. ഞാന്‍ അത് നിനക്ക് വിട്ടുതന്നിരിക്കുന്നു.10 എന്നാല്‍, താഴേക്ക് ഇറങ്ങിച്ചെല്ലാന്‍ നിനക്കു ഭയമാണെങ്കില്‍ ഭൃത്യന്‍ പൂരായെക്കൂടി കൊണ്ടുപോവുക.11 അവന്‍ പറയുന്നത് നീ കേള്‍ക്കുക. അപ്പോള്‍ താവളത്തിനെതിരേ നീങ്ങാന്‍ നിനക്കു കരുത്തു ലഭിക്കും. ഭൃത്യനായ പൂരായോടുകൂടെ ആയുധധാരികളായ ശത്രുഭടന്‍മാരുടെ പുറംതാവളത്തിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു.12 മിദിയാന്‍കാര്‍, അമലേക്യര്‍, പൗരസ്ത്യര്‍ – ഇവരുടെ കൂട്ടം താഴ്‌വരയില്‍ വെട്ടുകിളികള്‍പോലെ അസംഖ്യമായിരുന്നു. അവരുടെ ഒട്ടകങ്ങള്‍ കടല്‍പ്പുറത്തെ മണല്‍പോലെ സംഖ്യാതീതമായിരുന്നു.13 ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരാള്‍ സ്‌നേഹിതനോട് ഒരു സ്വപ്നം വിവരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: ഞാന്‍ ഒരു സ്വപ്നം കണ്ടു; മിദിയാന്‍കാരുടെ താവളത്തിലേക്ക് ഒരു ബാര്‍ലിയപ്പം ഉരുണ്ടുരുണ്ടുവന്ന് കൂടാരത്തിന്‍മേല്‍ തട്ടി. കൂടാരം മേല്‍കീഴായി മറിഞ്ഞ് നിലംപരിചായി.14 അവന്റെ സ്‌നേഹിതന്‍ പറഞ്ഞു: ഇത് ഇസ്രായേല്യനായ യോവാഷിന്റെ പുത്രന്‍ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല. അവന്റെ കൈകളില്‍ ദൈവം മിദിയാന്‍കരെയും സൈന്യത്തെയും ഏല്‍പിച്ചിരിക്കുന്നു.15 സ്വപ്നവും അതിന്റെ വ്യാഖ്യാനവുംകേട്ടപ്പോള്‍ ഗിദെയോന്‍ ദൈവത്തെ വണങ്ങി. അവന്‍ ഇസ്രായേലിന്റെ താവളത്തിലേക്ക് തിരിച്ചു ചെന്ന് പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, കര്‍ത്താവ് മിദിയാന്‍ സൈന്യത്തെനിങ്ങളുടെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.16 അവന്‍ ആ മുന്നൂറുപേരെ മൂന്നു ഗണമായി തിരിച്ചു; അവരുടെ കൈകളില്‍ കാഹളങ്ങളും ഒഴിഞ്ഞ ഭരണികളില്‍ പന്തങ്ങളുംകൊടുത്തുകൊണ്ട് പറഞ്ഞു:17 എന്നെ നോക്കുവിന്‍; ഞാന്‍ ചെയ്യുന്നതുപോലെ ചെയ്യുവിന്‍. പാളയത്തിന്റെ അതിര്‍ത്തിയില്‍ചെല്ലുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യണം.18 ഞാനും എന്റെ കൂടെയുള്ളവരും കാഹളം മുഴക്കുമ്പോള്‍ പാള യത്തിന്റെ എല്ലാ ഭാഗങ്ങളിലും കാഹളം മുഴക്കി കര്‍ത്താവിനും ഗിദെയോനുംവേണ്ടി എന്ന് ഉദ്‌ഘോഷിക്കണം.19 മധ്യയാമാരംഭത്തില്‍ ഭടന്‍മാര്‍ കാവല്‍ മാറുമ്പോള്‍ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിര്‍ത്തിയിലെത്തി. അവര്‍ കാഹളം മുഴക്കി, കൈയിലുണ്ടായിരുന്ന ഭരണികള്‍ ഉടച്ചു.20 മൂന്നു ഗണങ്ങളും കാഹളം മുഴക്കി, ഭരണികള്‍ ഉടച്ചു. ഇടത്തുകൈയില്‍ പന്തവും വലത്തുകൈയില്‍ കാഹളവും പിടിച്ചു. കര്‍ത്താവിനും ഗിദെയോനും വേണ്ടി ഒരു വാള്‍ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.21 താവളത്തിനു ചുറ്റും ഓരോരുത്തരും താന്താങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു. ശത്രുസേന ഓടിപ്പോയി; അവര്‍ നിലവിളിച്ചുകൊണ്ട് ഓടി രക്ഷപെട്ടു.22 ആ മുന്നൂറു കാഹളങ്ങള്‍ മുഴങ്ങിയപ്പോള്‍ തന്റെ കൂട്ടുകാരനെയും സഹയോദ്ധാക്കളെയും വാള്‍കൊണ്ടു വെട്ടാന്‍ കര്‍ത്താവ് പാളയത്തിലെ ഭടന്‍മാരെ പ്രേരിപ്പിച്ചു. പട്ടാളം സെരേറലക്ഷ്യമാക്കി ബത്ത്ഷിത്താവരെയും, തബാത്തില്‍ക്കൂടി അബല്‍മെഹോലയുടെ അതിരുവരെയും ഓടി.23 നഫ്താലി, ആഷേര്‍, മനാസ്‌സെഗോത്രങ്ങളില്‍നിന്നു വിളിച്ചുകൂട്ടിയ ഇസ്രായേല്‍ക്കാര്‍ മിദിയാന്‍കാരെ പിന്തുടര്‍ന്നു.24 ഗിദെയോന്‍ എഫ്രായിംമലനാടിന്റെ എല്ലാ ഭാഗങ്ങളിലും ദൂതന്‍മാരെ അയച്ചു പറഞ്ഞു: മിദിയാന്‍കാര്‍ക്കെതിരേ ഇറങ്ങിവരുവിന്‍; ബത്ത്ബാറയും ജോര്‍ദാനുംവരെയുള്ള ജലാശയങ്ങള്‍ പിടിച്ചടക്കുവിന്‍. എഫ്രായിംകാര്‍ ഒരുമിച്ചുകൂടി ബത്ത്ബാറയും ജോര്‍ദാനുംവരെയുള്ള ജലാശയങ്ങള്‍ കൈവശമാക്കി.25 മിദിയാനെ പിന്തുടരവേ ഓറെബ്, സേബ് എന്നീ മിദിയാന്‍പ്രഭുക്കളെ അവര്‍ പിടികൂടി. ഓറെബിനെ ഓറെബ് ശിലയില്‍വച്ചുംസേബിനെ സേബ്മുന്തിരിച്ചക്കിനരികേവച്ചും കൊന്നുകളഞ്ഞു. ഓറെബിന്റെയും സേബിന്റെയും തലകള്‍ അവര്‍ ജോര്‍ദാന്റെ അക്കരെ ഗിദെയോന്റെ അടുത്തുകൊണ്ടുചെന്നു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment