2 സാമുവൽ, അദ്ധ്യായം 4
ഇഷ്‌ബോഷെത്ത് വധിക്കപ്പെടുന്നു
1 അബ്‌നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.2 സാവൂളിന്റെ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്റെ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത് ബഞ്ചമിന്റെ ഭാഗമായി കരുതപ്പെടുന്നു.3 ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.4 സാവൂളിന്റെ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ചുള്ള വാര്‍ത്ത ജസ്രേലില്‍നിന്നെത്തുമ്പോള്‍ അവന് അഞ്ചുവയസ്‌സുണ്ടായിരുന്നു. അവന്റെ വളര്‍ത്തമ്മ അവനെയും എടുത്തുകൊണ്ടോടി. അവള്‍ തിടുക്കത്തില്‍ ഓടവേ അവന്‍ വീണ് ഇരുകാലിലും മുടന്തുണ്ടായി. മെഫിബോഷെത്ത് എന്നായിരുന്നു അവന്റെ പേര്‍.5 ബറോത്യനായ റിമ്മോന്റെ പുത്രന്‍മാരായ റേഖാബും ബാനായും ഇഷ്‌ബോഷെത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. ഉച്ചയായപ്പോഴേക്കും അവര്‍ അവന്റെ വീട്ടിലെത്തി. അവന്‍ വിശ്രമിക്കുകയായിരുന്നു.6 വാതില്‍ക്കല്‍ ഗോതമ്പു പാറ്റിക്കൊണ്ടിരുന്ന സ്ത്രീ മയക്കം പിടിച്ച് ഉറങ്ങിപ്പോയതുകൊണ്ട് റേഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്കു പതുങ്ങിക്കടന്നു.7 അവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇഷ്‌ബോഷെത്ത് ഉറക്ക റയില്‍ കിടക്കുകയായിരുന്നു. അവര്‍ അവനെ വെട്ടിക്കൊന്നു. മുറിച്ചെടുത്ത തലയുമായി അവര്‍ രാത്രിമുഴുവന്‍ അരാബായിലൂടെയാത്ര ചെയ്തു.8 അവര്‍ ഇഷ്‌ബോഷെത്തിന്റെ തല ഹെബ്രോണില്‍ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവന്ന്, രാജാവിനോടു പറഞ്ഞു: നിന്നെ വധിക്കാന്‍ ശ്രമിച്ച നിന്റെ ശത്രുവായ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്തിന്റെ തല ഇതാ. ഇന്ന് എന്റെ യജ മാനനായരാജാവിനുവേണ്ടി കര്‍ത്താവ് സാവൂളിനോടും അവന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.9 എന്നാല്‍ ദാവീദ് ബറോത്യനായ റിമ്മോന്റെ മക്കള്‍ റേഖാബിനോടും ബാനായോടും പറഞ്ഞു:10 എന്നെ സകല വിപത്തുകളിലും നിന്നു രക്ഷിച്ച, ജീവിക്കുന്ന കര്‍ത്താവാണേ, സദ്വാര്‍ത്ത എന്ന ഭാവത്തില്‍ ഇതാ സാവൂള്‍ മരിച്ചിരിക്കുന്നു എന്ന് എന്നോടു പറഞ്ഞവനെ ഞാന്‍ സിക്‌ലാഗില്‍വച്ച്‌കൊന്നുകളഞ്ഞു. ഇതായിരുന്നു അവന്റെ ശുഭവാര്‍ത്തയ്ക്കുള്ള എന്റെ പ്രതിഫലം.11 സ്വഭവനത്തില്‍ ഉറങ്ങിക്കിടന്ന ഒരു നീതിമാനെ കൊന്നുകളഞ്ഞദുഷ്ടന്‍മാരോട് ഞാന്‍ എത്രയധികം പ്രതികാരം ചെയ്യുകയില്ല! അവന്റെ രക്തത്തിനു ഞാന്‍ പകരം വീട്ടി നിങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുകളയാതിരിക്കുമോ?12 ദാവീദ് തന്റെ സേവകരോടു കല്‍പിച്ചു. അവര്‍ അവരെക്കൊന്ന്,കൈകാലുകള്‍ മുറിച്ചെടുത്ത് ഹെബ്രോണിലെ കുളത്തിനരികെ അവരെ തൂക്കി. എന്നാല്‍, ഇഷ്‌ബോഷെത്തിന്റെ തല അവര്‍ഹെബ്രോണില്‍ അബ്‌നേറിന്റെ കല്ലറയില്‍ അടക്കം ചെയ്തു.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

