2 രാജാക്കന്മാർ, അദ്ധ്യായം 17
ഹോസിയാ ഇസ്രായേല്‍രാജാവ്
1 യൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ സമരിയായില്‍ ഇസ്രായേലിന്റെ രാജാവായി.2 അവന്‍ ഒന്‍പതു വര്‍ഷം ഭരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു; എങ്കിലും തന്റെ മുന്‍ഗാമികളായ ഇസ്രായേല്‍ രാജാക്കന്‍മാരെപ്പോലെ ആയിരുന്നില്ല.3 അസ്‌സീറിയാ രാജാവായ ഷല്‍മനേസര്‍ അവനെതിരേ വന്നു. ഹോസിയാ അവന്റെ സാമന്തനായി കപ്പം കൊടുത്തു.4 പിന്നീട് അവന്‍ ഈജിപ്തുരാജാവായ സോയുടെ അടുക്കല്‍ ദൂതന്‍മാരെ അയയ്ക്കുകയും അസ്‌സീറിയാരാജാവിനു പ്രതിവര്‍ഷം കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയും ചെയ്തു. അവന്റെ കുടിലത മന സ്‌സിലാക്കിയ അസ്‌സീറിയാ രാജാവ് അവനെ ബന്ധിച്ചു കാരാഗൃഹത്തിലടച്ചു.
സമരിയായുടെ പതനം
5 അസ്‌സീറിയാരാജാവ് രാജ്യം ആക്രമിക്കുകയും സമരിയായില്‍വന്ന് മൂന്നു കൊല്ലത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.6 ഹോസിയായുടെ ഒന്‍പതാംഭരണ വര്‍ഷം അസ്‌സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്‌സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മെദിയാനഗരങ്ങളിലും പാര്‍പ്പിച്ചു.7 ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തില്‍നിന്ന്, ഫറവോരാജാവിന്റെ അടിമത്തത്തില്‍നിന്ന്, മോചിപ്പിച്ച തങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഇസ്രായേല്‍ജനം പാപം ചെയ്തു;8 അവര്‍ അന്യദേവന്‍മാരോടു ഭക്ത്യാദരങ്ങള്‍ കാണിക്കുകയും, കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍ നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ ആചാരങ്ങളിലും ഇസ്രായേല്‍രാജാക്കന്‍മാര്‍ ആവിഷ്‌കരിച്ച അനുഷ്ഠാനങ്ങളിലും വ്യാപരിക്കുകയും ചെയ്തു.9 ദൈവമായ കര്‍ത്താവിന് അഹിതമായ കാര്യങ്ങള്‍ ഇസ്രായേല്‍ജനം രഹസ്യമായി ചെയ്തു. കാവല്‍ഗോപുരംമുതല്‍ സുരക്ഷിതനഗരംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മിച്ചു.10 അവര്‍ എല്ലാ കുന്നുകളിലും വൃക്ഷച്ചുവട്ടിലും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.11 കര്‍ത്താവ് അവരുടെ മുന്‍പില്‍നിന്ന് ഓടിച്ചുകളഞ്ഞജനതകള്‍ ചെയ്തതുപോലെ അവര്‍ പൂജാഗിരികളില്‍ ധൂപാര്‍ച്ചന നടത്തി. അവര്‍ ദുഷ്പ്രവൃത്തികള്‍ ചെയ്ത് കര്‍ത്താവിനെ പ്രകോപിപ്പിച്ചു.12 കര്‍ത്താവ് വിലക്കിയിരുന്ന വിഗ്രഹാരാധന അവര്‍ അനുഷ്ഠിച്ചു.13 കര്‍ത്താവ് പ്രവാചകന്‍മാരെയും ദീര്‍ഘദര്‍ശികളെയും അയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരുന്നു: നിങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ കല്‍പിക്കുകയും, എന്റെ ദാസന്‍മാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്ത നിയമങ്ങള്‍ അനുസരിച്ച് ദുര്‍മാര്‍ഗങ്ങളില്‍നിന്ന് പിന്‍മാറുകയും എന്റെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍.14 അവര്‍ അതു വകവച്ചില്ല. ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കാതിരുന്നതങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു.15 തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് അവിടുന്നു നല്‍കിയ കല്‍പനകളും ഉടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. അവര്‍ വ്യാജവിഗ്രഹങ്ങളുടെ പിന്നാലെ പോയി, അവിശ്വസ്തരാവുകയും ചുറ്റുമുള്ള ജനതകളെ അനുകരിക്കുകയും ചെയ്തു. ഈ ജനതകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് കര്‍ത്താവ് കല്‍പിച്ചിരുന്നു.16 അവര്‍ ദൈവമായ കര്‍ത്താവിന്റെ എല്ലാ കല്‍പനകളും പരിത്യജിച്ച് തങ്ങള്‍ക്കായി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അഷേരാപ്രതിഷ്ഠസ്ഥാപിക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും ബാല്‍ദേവനെ സേവിക്കുകയും ചെയ്തു.17 അവര്‍ പുത്രീപുത്രന്‍മാരെ ദഹനബലിയായി അര്‍പ്പിക്കുകയും ശകുനം നോക്കുകയും മന്ത്ര വാദം നടത്തുകയും, കര്‍ത്താവ് കാണ്‍കെ തിന്‍മയ്ക്കു തങ്ങളെത്തന്നെ വില്‍ക്കുകയും ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു.18 അതിനാല്‍, കര്‍ത്താവ് ഇസ്രായേലിന്റെ നേരേ ക്രുദ്ധനായി അവരെ തന്റെ കണ്‍മുന്‍പില്‍നിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നും അവശേഷിച്ചില്ല.19 യൂദായും ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കാതെ ഇസ്രായേലിന്റെ ആചാരങ്ങളില്‍ മുഴുകി.20 കര്‍ത്താവ് ഇസ്രായേലിന്റെ സന്തതികളെ ഉപേക്ഷിക്കുകയും ശിക്ഷിക്കുകയും കൊള്ളക്കാരുടെ കൈയില്‍ ഏല്‍പിക്കുകയും തന്റെ മുന്‍പില്‍നിന്നു നിഷ്‌കാസനം ചെയ്യുകയും ചെയ്തു.21 കര്‍ത്താവ് ഇസ്രായേലിനെ ദാവീദിന്റെ ഭവനത്തില്‍നിന്നു വിച്‌ഛേദിച്ചപ്പോള്‍ അവര്‍ നെബാത്തിന്റെ പുത്രനായ ജറോബോവാമിനെ രാജാവാക്കി. അവന്‍ ഇസ്രായേലിനെ കര്‍ത്താവിന്റെ മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിച്ച് വലിയ പാപങ്ങളിലേക്കു നയിച്ചു.22 ജറോബോവാം ചെയ്ത എല്ലാ പാപങ്ങളും ഇസ്രായേല്‍ജനം ചെയ്തു.23 കര്‍ത്താവ് തന്റെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ അരുളിച്ചെയ്തതുപോലെ, ഇസ്രായേലിനെ തന്റെ മുന്‍പില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നതുവരെ, അവര്‍ അവയില്‍നിന്ന് പിന്തിരിഞ്ഞില്ല. ഇസ്രായേല്‍ ഇന്നും അസ്‌സീറിയായില്‍ പ്രവാസികളായിക്കഴിയുന്നു.
സമരിയാക്കാരുടെ ഉദ്ഭവം
24 അസ്‌സീറിയാരാജാവ് ബാബിലോണ്‍, കുത്താ, അവ്വാ, ഹമാത്, സെഫാര്‍വയിം എന്നിവിടങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്‍ജനത്തിന് പകരം സമരിയാനഗരങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ സമരിയാ സ്വന്തമാക്കി അതിന്റെ നഗരങ്ങളില്‍ വസിച്ചു.25 അവിടെ വാസം തുടങ്ങിയ കാലത്ത് അവര്‍ കര്‍ത്താവിനോടു ഭക്ത്യാദരങ്ങള്‍ കാണിച്ചില്ല. അതിനാല്‍, അവിടുന്ന് അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു. അവ അവരില്‍ കുറെപ്പേരെ കൊന്നു.26 സമരിയാനഗരങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിച്ച ജന തകള്‍ക്ക് നാട്ടിലെ ദൈവത്തിന്റെ നിയമം അറിവില്ലാത്തതിനാല്‍ അവിടുന്ന് അവരുടെ ഇടയിലേക്ക് സിംഹങ്ങളെ അയയ്ക്കുകയും അവ അവരെ കൊല്ലുകയും ചെയ്യുന്നുവെന്ന് അസ്‌സീറിയാരാജാവ് അറിഞ്ഞു.27 അവന്‍ കല്‍പിച്ചു: അവിടെനിന്നു കൊണ്ടുവന്ന ഒരു പുരോഹിതനെ അങ്ങോട്ടയ്ക്കുക. അവന്‍ അവിടെ താമസിച്ച് ദേശത്തെ ദൈവത്തിന്റെ നിയമം അവരെ പഠിപ്പിക്കട്ടെ.28 സമരിയായില്‍നിന്നു കൊണ്ടുവന്ന പുരോഹിതന്‍മാരില്‍ ഒരുവന്‍ ബഥേലില്‍ ചെന്നു താമസിച്ച് കര്‍ത്താവിനോടു ഭക്ത്യാദരങ്ങള്‍ കാണിക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിച്ചു.29 ഓരോ ജനതയും തങ്ങള്‍ താമസിച്ചിരുന്ന നഗരങ്ങളിലെല്ലാം തങ്ങളുടെ ദേവന്‍മാരെ ഉണ്ടാക്കി സമരിയാക്കാര്‍ നിര്‍മിച്ച പൂജാഗിരികളില്‍ പ്രതിഷ്ഠിച്ചു.30 ബാബിലോണ്‍കാര്‍, സുക്കോത്ത്‌ബെനോത്തിനെയും, കുത്‌ദേശക്കാര്‍ നെര്‍ഗാലിനെയും,31 ഹമാത്യര്‍ അഷിമയെയും, അവ്വാക്കാര്‍ നിബ്ബാസ്, താര്‍താക് എന്നിവയെയും ഉണ്ടാക്കി. സെഫാര്‍വയിംകാര്‍ തങ്ങളുടെ ദേവന്‍മാരായ അദ്രാമെലെക്കിനും അനാമ്മെലെക്കിനും സ്വന്തം മക്കളെ ആഹുതി ചെയ്തു.32 അവര്‍ കര്‍ത്താവിനോടും ഭക്തി കാണിച്ചു. തങ്ങളില്‍നിന്ന് എല്ലാത്തരത്തിലും പെട്ടവരെ പൂജാഗിരികളില്‍ പുരോഹിതന്‍മാരായി നിയമിച്ചു. ഇവര്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു.33 അങ്ങനെ അവര്‍ കര്‍ത്താവിനെ ആദരിച്ചു. എങ്കിലും, തങ്ങള്‍ വിട്ടുപോന്ന ദേശങ്ങളിലെ ജനതകളുടെ ആചാരമനുസരിച്ചു സ്വന്തം ദേവന്‍മാരെയും സേവിച്ചു.34 ഇന്നും അവര്‍ അങ്ങനെ തുടരുന്നു. അവര്‍ കര്‍ത്താവിനെ ഭയപ്പെടുന്നില്ല; ഇസ്രായേല്‍ എന്ന് അവിടുന്ന് വിളിച്ച യാക്കോബിന്റെ സന്തതികള്‍ക്ക് അവിടുന്ന് നല്‍കിയ കല്‍പനയോ നിയമമോ പ്രമാണങ്ങളോ ചട്ടങ്ങളോ അനുസരിക്കുന്നുമില്ല.35 കര്‍ത്താവ് അവരുമായി ഉടമ്പടിയുണ്ടാക്കി ഇപ്രകാരം കല്‍പിച്ചു: നിങ്ങള്‍ അന്യദേവന്‍മാരെ ആദരിക്കുകയോ അവരെ നമിക്കുകയോ സേവിക്കുകയോ അവയ്ക്കു ബലിയര്‍പ്പിക്കുകയോ ചെയ്യരുത്.36 ഈജിപ്തില്‍നിന്നു തന്റെ കരുത്തുറ്റ കരം നീട്ടി നിങ്ങളെ മോചിപ്പിച്ച കര്‍ത്താവിനെ നിങ്ങള്‍ ആദരിക്കണം. അവിടുത്തെനമിക്കുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയുംവേണം.37 അവിടുന്ന് എഴുതിത്തന്ന കല്‍പ നകളും നിയമങ്ങളും പ്രമാണങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗരൂകതയോടെ പാലിക്കണം. അന്യദേവന്‍മാരെ ആദരിക്കരുത്.38 ഞാന്‍ നിങ്ങളുമായി ചെയ്ത ഉടമ്പടി വിസ്മരിക്ക രുത്. അന്യദേവന്‍മാരെ ആദരിക്കരുത്.39 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആദരിക്കണം; അവിടുന്ന് നിങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.40 അവര്‍ വകവച്ചില്ല; അവര്‍ പഴയപടി ജീവിച്ചു.41 അങ്ങനെ ഈ ജനതകള്‍, കര്‍ത്താവിനെ ആദരിക്കുകയും തങ്ങളുടെ കൊത്തുവിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തു. അവരുടെ മക്കളും മക്കളുടെ മക്കളും തങ്ങളുടെ പിതാക്കന്‍മാര്‍ ചെയ്ത തുപോലെ ഇന്നും ചെയ്തുവരുന്നു.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

