2 രാജാക്കന്മാർ, അദ്ധ്യായം 22
ജോസിയാരാജാവ്
1 ഭരണം തുടങ്ങിയപ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മുപ്പത്തൊന്നുവര്‍ഷം ഭരിച്ചു. ബോസ്‌കാത്തിലെ അദായായുടെ മകള്‍യദീദാ ആയിരുന്നു അവന്റെ അമ്മ.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു. പിതാവായ ദാവീദിന്റെ മാര്‍ഗങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിച്ചില്ല.3 തന്റെ പതിനെട്ടാംഭരണവര്‍ഷം മെഷുല്ലാമിന്റെ പൗത്രനും അസാലിയായുടെ പുത്രനും തന്റെ കാര്യസ്ഥനുമായ ഷാഫാനെ കര്‍ത്താവിന്റെ ആലയത്തിലേക്ക് അയച്ചുകൊണ്ട്‌ജോസിയാ പറഞ്ഞു:4 കവാടം സൂക്ഷിപ്പുകാര്‍ ദേവാലയത്തിനുവേണ്ടി ജനത്തില്‍നിന്നു സംഭരിച്ച പണത്തിന്റെ കണക്കെടുക്കാന്‍ പ്രധാന പുരോഹിതനായ ഹില്‍ക്കിയായോട് ആവശ്യപ്പെടുക.5 അവന്‍ അതു കര്‍ത്താവിന്റെ ഭവനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്‍പിക്കണം.6 അവര്‍ അത് ആലയത്തിന്റെ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്‍മാര്‍, ശില്‍പികള്‍, കല്‍പണിക്കാര്‍ എന്നിവര്‍ക്കു കൊടുക്കുന്നതിനും തടിയും ചെത്തിയൊരുക്കിയകല്ലും വാങ്ങുന്നതിനും വിനിയോഗിക്കട്ടെ.7 അവര്‍ പണം വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്നതിനാല്‍ അവരോടു കണക്കാവശ്യപ്പെടേണ്ടാ.
നിയമഗ്രന്ഥം കണ്ടെണ്ടത്തുന്നു
8 കര്‍ത്താവിന്റെ ഭവനത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെണ്ടത്തിയിരിക്കുന്നു എന്നു പ്രധാനപുരോഹിതന്‍ ഹില്‍ക്കിയാ കാര്യസ്ഥന്‍ ഷാഫാനോടു പറഞ്ഞു. അവന്‍ അതു വാങ്ങി വായിച്ചു.9 കാര്യസ്ഥന്‍ ഷാഫാന്‍ രാജാവിന്റെ അടുത്തുചെന്നു പറഞ്ഞു: അങ്ങയുടെ ദാസന്‍മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിന്റെ മേല്‍നോട്ടക്കാരെ ഏല്‍പിച്ചു.10 പുരോഹിതന്‍ ഹില്‍ക്കിയാ ഒരു ഗ്രന്ഥം തന്നയച്ചിട്ടുണ്ട്. ഷാഫാന്‍ അതു രാജാവിന്റെ മുന്‍പില്‍ വായിച്ചു.11 നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി.12 പുരോഹിതന്‍ ഹില്‍ക്കിയാ, ഷാഫാന്റെ പുത്രന്‍ അഹീക്കാം, മിക്കായായുടെ പുത്രന്‍ അക്‌ബോര്‍, കാര്യസ്ഥന്‍ ഷാഫാന്‍, രാജസേവകന്‍ അസായാ എന്നിവരോടു രാജാവ് കല്‍പിച്ചു:13 എനിക്കും ജനത്തിനും യൂദാമുഴുവനും വേണ്ടി നിങ്ങള്‍ പോയി കണ്ടുകിട്ടിയ ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ച് കര്‍ത്താവിനോട് ആരായുവിന്‍. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പിതാക്കന്‍മാര്‍ അനുസരിക്കാതിരുന്നതിനാല്‍ കര്‍ത്താവിന്റെ ഉഗ്രകോപം നമുക്കെതിരേ ജ്വലിക്കുന്നു.14 അതിനാല്‍, പുരോഹിതന്‍ ഹില്‍ക്കിയാ, അഹീക്കാം, അക് ബോര്‍, ഷാഫാന്‍, അസായാ എന്നിവര്‍ ഹാര്‍ഹാസിന്റെ പൗത്രനും തിക്‌വായുടെ പുത്രനും വസ്ത്രം സൂക്ഷിപ്പുകാരനും ആയ ഷല്ലൂമിന്റെ ഭാര്യ ഹുല്‍ദാപ്രവാചികയുടെ അടുത്തുചെന്ന് അവളോടു സംസാരിച്ചു. അവള്‍ ജറുസലെമിന്റെ പുതിയ ഭാഗത്താണ് താമസിച്ചിരുന്നത്.15 അവള്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു,16 യൂദാരാജാവു വായിച്ച ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ശിക്ഷ ഈ സ്ഥലത്തിന്റെയും അതിലെ നിവാസികളുടെയുംമേല്‍ ഞാന്‍ വരുത്തുമെന്ന് ഇസ്രായേലിന്റെ കര്‍ത്താവ് അരുളിച്ചെയ്യുന്നുവെന്ന് നിങ്ങളെ എന്റെ അടുത്ത് അയച്ചവരോടു പറയുക.17 അവര്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാര്‍ക്കു ധൂപാര്‍ച്ചന നടത്തി; തങ്ങളുടെ കരവേലകളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു. അതിനാല്‍, എന്റെ കോപം ഈ സ്ഥലത്തിനെതിരേ ജ്വലിക്കും; അതു ശമിക്കുകയില്ല.18 എന്നാല്‍, കര്‍ത്താവിന്റെ ഹിതം ആരായാന്‍ നിങ്ങളെ അയച്ച യൂദാരാജാവിനോടു പറയുക: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:19 നീ ഈ വചനം കേള്‍ക്കുകയും പശ്ചാത്തപിക്കുകയും കര്‍ത്താവിന്റെ മുമ്പില്‍ സ്വയം വിനീതനാവുകയും ചെയ്തു; ഈ ദേശത്തിനും ഇതിലെ നിവാസികള്‍ക്കും എതിരേ അവര്‍ ശൂന്യതയും ശാപവും ആകുമെന്നു ഞാന്‍ അരുളിച്ചെയ്തപ്പോള്‍ നീ വസ്ത്രം കീറി എന്റെ മുന്‍പില്‍നിന്നു കരഞ്ഞു. നിന്റെ വിലാപം ഞാന്‍ കേട്ടിരിക്കുന്നുവെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.20 അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്‍മാരോടുചേര്‍ക്കും. നീ സമാധാന പൂര്‍വം കല്ലറപൂകും. ഞാന്‍ ഈ സ്ഥലത്തിനു വരുത്തുന്ന അനര്‍ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ ഈ വചനം രാജാവിനെ അറിയിച്ചു.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

