വിശുദ്ധ ജോൺ ഡി ബ്രിട്ടോ | St. John De Britto

ബൽത്താസർ ഡികോസ്റ്റ എന്ന പോർച്ചുഗീസുകാരനായ ഒരു ജെസ്യൂട്ട് വൈദികൻ 1671ൽ, പോർച്ചുഗലിലെ കോയിമ്പ്ര എന്ന സ്ഥലത്തുവെച്ച് ഒരു കൂട്ടം ദൈവശാസ്ത്രവിദ്യാർത്ഥികളോട് പ്രസംഗിക്കുകയായിരുന്നു. കഴിഞ്ഞ 32 കൊല്ലങ്ങളായി മധുര മിഷനിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം റോമിൽ വെച്ചു നടന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ തെക്കേ ഇന്ത്യയിൽ നിന്ന് വന്നതായിരുന്നു.

മിഷന്റെ ആവശ്യകതയെകുറിച്ച് നന്നായി തന്നെ വിവരിച്ചതിന് ശേഷം മിഷനറിജീവിതത്തിലെ ചില സംഭവങ്ങൾ വിവരിച്ച് അദ്ദേഹം അവരെ കോൾമയിൽ കൊള്ളിച്ചു. പോയാൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അപകടങ്ങളെ പറ്റിയും തുറന്നുപറഞ്ഞതിനൊപ്പം ക്രിസ്തുവിനായി ആത്മാക്കളെ നേടുമ്പോൾ ഉണ്ടാകുന്ന അടക്കാനാവാത്ത ആനന്ദത്തെ പറ്റിയും പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വിഫലമായില്ല. പത്ത് യുവജെസ്യൂട്ടുകൾ ഇന്ത്യയിലേക്ക് പോകാൻ തയ്യാറായി. അതിലൊരാളായിരുന്നു ജോൺ ഹെക്ടർ ഡി ബ്രിട്ടോ.

മിഷൻ പ്രദേശങ്ങളിൽ സേവനം ചെയ്യാനുള്ള ആഗ്രഹം കുറേ കാലമായി ജോണിന്റെ ഉള്ളിൽ കിടന്ന് തിങ്ങുന്നുണ്ടായിരുന്നു.1668 ൽ, മിഷന് പോകാൻ അനുവാദം ചോദിച്ച് സുപ്പീരിയർ ജനറൽ ആയിരുന്ന പോൾ ഒലിവക്ക് എഴുതിയിരുന്നെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ലിസ്ബൺ സെന്റ് ആന്റണീസ് കോളേജിൽ റീജൻസി കാലത്ത് തന്റെ മേൽനോട്ടത്തിൽ ആയിരുന്ന കുട്ടികളോട്, തന്റെ ഹീറോയും മാതൃകയും ആയ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെകുറിച്ചും അദ്ദേഹത്തെ മിഷനറിതീക്ഷ്‌ണതയോടെ അനുകരിക്കാനുള്ള തന്റെ വലിയ ആഗ്രഹത്തെകുറിച്ചും ജോൺ സംസാരിക്കുമായിരുന്നു.

റോമിൽ നിന്നുള്ള മറുപടി, മുഴുവൻ ജെസ്യൂട്ട് സമൂഹത്തോടും പരസ്യമായി പ്രസ്താവിച്ചപ്പോൾ ജോൺ സന്തോഷം കൊണ്ട് മതിമറന്നു. ഏഷ്യയിലെ മിഷന് വേണ്ടി അവനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!

********

ജോൺ ഡി ബ്രിട്ടോ ജനിച്ചത് 1647, മാർച്ച്‌ 1ന് പോർച്ചുഗലിലെ ലീസ്ബണിലുള്ള റുവ വാസ്‌കോ ഡ ഗാമയിൽ ആയിരുന്നു. നാലു മക്കളിൽ ഇളയവനായ അവന്റെ, പിതാവ് റിയോ ഡി ജനീറോയുടെ ഗവർണർ ആയിരുന്നു. അവന്റെ അവശതയും അനാരോഗ്യവും കാരണം ജനിച്ച അന്നുതന്നെ ജോണിന് മാമോദീസ നല്കപ്പെട്ടു.

അനാരോഗ്യം കൂടെതന്നെയുണ്ടായിരുന്ന ജോൺ പതിനൊന്നു വയസുള്ളപ്പോൾ കഠിനരോഗത്താൽ മരണത്തിന്റെ വക്കിലെത്തി. അമ്മയും മകനും വിശുദ്ധ ഫ്രാൻസിസ് സേവ്യറിനോട് മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചു. സുഖപ്പെടുകയാണെങ്കിൽ ഈശോസഭയിൽ ചേർക്കാമെന്ന് അമ്മ നേർന്നു. അസുഖം ഭേദമായത് കാരണം, രാജകുമാരനൊപ്പം കൊട്ടാരത്തിൽ കളിച്ചു നടന്ന ജോണിനെ നേർച്ച നിറവേറ്റണമെന്നത് കൊണ്ട് മാത്രം ജെസ്യൂട്ട് സഭയിൽ ചേർത്തു.

1662ൽ നോവീഷ്യെറ്റിൽ പ്രവേശിക്കുന്ന സമയത്ത് അമ്മ ഡോണ ബ്രയ്റ്റ്സ് മകനോട്‌ കെഞ്ചിപറഞ്ഞു മതിയാക്കാൻ, അവന്റെ അനാരോഗ്യം മൂലം വൈദികനായി തുടരാൻ അവന് കഴിയില്ലെന്നും പറഞ്ഞ്. പക്ഷേ അവന്റെ മറുപടി ഇതായിരുന്നു, “ദൈവം എന്നെ വിളിക്കുന്നു, ആവശ്യമുള്ള ശക്തി അവനെനിക്ക് നൽകും “.

********

പതിനേഴാം നൂറ്റാണ്ടിൽ ഒരു മിഷനറി അഭിമുഖീകരിക്കേണ്ടിയിരുന്ന അപകടങ്ങളും പ്രശ്നങ്ങളും, ലിസ്ബണിൽ നിന്ന് ഗോവയിലേക്കുള്ള ആ കപ്പൽ യാത്രയിൽ തന്നെ തുടങ്ങി. 18000കി. മീ. ഉള്ള യാത്ര കാറ്റിന്റെ ഗതി അനുസരിച്ച് ആറുമാസം മുതൽ രണ്ട് വർഷം വരെ എടുക്കാറുണ്ടായിരുന്നത്രെ അക്കാലത്ത് ! തികയാത്ത ഭക്ഷണം, കുടിവെള്ളത്തിന്റെ അഭാവം, കഠിനമായ കാലാവസ്ഥ, അസുഖങ്ങൾ, കടൽകൊള്ളക്കാർ, കപ്പൽനാശം എന്നിങ്ങനെയുള്ള അനവധി പ്രശ്നങ്ങളായിരുന്നു കപ്പൽ യാത്രക്കാരെ എതിരേറ്റിരുന്നത്.

1673, മാർച്ച്‌ 15ന് കിഴക്കിലേക്ക് യാത്രതിരിക്കുമ്പോൾ 27 ഈശോസഭാവൈദികർ ആകെയുണ്ടായിരുന്നു രണ്ട് കപ്പലുകളിലായി. സൗത്ത് ആഫ്രിക്കയിലെ മുനമ്പിനെ വലം വെക്കുമ്പോഴേക്ക് അതിൽ 9 പേർ മരണമടഞ്ഞിരുന്നു, ചൈനീസ് വൈദികരിൽ 7 പേരും. ബൽത്താസർ ഡികോസ്റ്റയും മരിച്ചവരിൽ ഉൾപ്പെട്ടു. ഇത്രയുമൊക്കെ അനുഭവിക്കേണ്ടി വരും എന്നറിഞ്ഞിട്ടും നിരവധി പേർ പിന്നെയും ഇതുപോലുള്ള യാത്രകൾക്ക് മുതിർന്നുകൊണ്ടിരുന്നു , ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള ള്ള സ്നേഹം കൊണ്ട്..

1673, സെപ്റ്റംബർ 4ന് കപ്പൽ ഗോവയിലെത്തി. ജോണും കൂട്ടുകാരും മിഷനിൽ പങ്കുചേരാൻ ജീവൻ ബാക്കിയുണ്ടായതിൽ സന്തോഷിച്ചു. ജോൺ അവന്റെ പഠനം ഗോവയിലാണ് പൂർത്തീകരിച്ചത്. നോവീഷ്യെറ്റിന്റെ അവസാനഭാഗത്ത് അമ്പലക്കാട്ടും എത്തിയിരുന്നു. മധുര മിഷനിലാണ് അവൻ ഉൾപ്പെട്ടിരുന്നത് എന്നതുകൊണ്ട് തമിഴും പഠിച്ചു, ഒരു തമിഴ് പേരും തനിക്കായി കണ്ടെത്തി, അരുളാനന്ദൻ!!

തഞ്ചാവൂരിനടുത്തുള്ള തട്ടുവഞ്ചേരിയിൽ 1676മുതൽ ജോൺ തന്റെ അപ്പസ്തോലികകേന്ദ്രം സ്ഥാപിച്ചു പ്രവർത്തനം തുടങ്ങി. ” എന്റെ മിഷൻ മേഖല വളരെ വിപുലമാണ് ” ഒരെഴുത്തിൽ ജോൺ പറഞ്ഞു, “ഞാൻ അവിടെ ഒരു ഭാഗത്തേക്ക്‌ പോകുമ്പോൾ മറ്റേ ഭാഗം തീർത്തും അവഗണിക്കപ്പെട്ടതുപോലെയാണ്”.

അരയിൽ ചരട് കൊണ്ട് കെട്ടിയ കുങ്കുമനിറത്തിലുള്ള ഒരുടുപ്പ്, തോളിൽ ഒരു ഷാൾ, ടർബൻ പോലുള്ള ഒരു തലക്കെട്ട്, ചെരിപ്പ്, ഒരു വടി, മാറ്റിയുടുക്കാനുള്ള വസ്ത്രത്തിനായി ഒരു ചെറിയ തുണിക്കെട്ട്, വെള്ളം നിറച്ച ഒരു പാത്രം…തന്റെ യാത്രകളിൽ ഇതായിരുന്നു അദ്ദേഹത്തിന്റെ രൂപം.

“അദ്ദേഹത്തിന്റെ കാലടികൾ തിരഞ്ഞുചെല്ലുക എന്നത് അവസാനമില്ലാത്ത ഒരുദ്യമം ആയിരിക്കും”.. ജോണിന്റെ മരണശേഷം ഫ്രാൻസെസ്കോ ലയിൻസ് തന്റെ സുപ്പീരിയർ ജനറലിന് എഴുതി..”ആ അപ്പസ്തോലന്റെ പ്രകാശം കടന്നുചെല്ലാത്ത ഒരു സ്ഥലം പോലുമില്ല മധുരമിഷനിൽ. ഇത്രക്കും പ്രാകൃതപ്രദേശങ്ങളിൽ വിയർപ്പൊഴുക്കിയിട്ടുള്ള അനേകം മിഷണറിമാരെ എടുത്താലും അദ്ദേഹത്തിന്റെ ശ്രേഷ്ഠത ആരും അംഗീകരിക്കും, അത്രക്കും പരിപൂർണ്ണനായ, വൈദഗ്ധ്യമുള്ള മിഷനറി ആയിരുന്നു ജോൺ”.

1685ൽ ജോൺ ബ്രിട്ടോ, മിഷൻ സുപ്പീരിയർ ആയി. അദ്ദേഹത്തിന്റെ കഠിനപ്രയത്നങ്ങളിൽ അത് ഒരു മാറ്റവും ഉണ്ടാക്കിയില്ല. തന്റെ ആ സുപ്പീരിയറിനെ പറ്റി ടെല്ലസ് എഴുതി, ” തന്റെ സ്ഥാനവും കഴിവും ഞങ്ങളെ സഹായിക്കാൻ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. ഏറ്റവും കഠിനമായ ജോലികൾ ജോൺ അദ്ദേഹത്തിനായി തന്നെ മാറ്റിവെച്ചു. ആത്മാക്കളുടെ രക്ഷക്കായും ക്രിസ്തുവിന്റെ രാജ്യം എങ്ങും വ്യാപിക്കാനും വേണ്ടി അപകടങ്ങളിലും ധൈര്യത്തോടെ നിലകൊണ്ടു. കർത്താവിന് വേണ്ടി ഒന്നിലധികം പ്രാവശ്യം ജയിൽവാസം അനുഭവിക്കുകയും ഏറ്റവും ക്രൂരമായ പീഡനങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കപെടുകയും ചെയ്തിട്ടുണ്ട് “.

1685 മെയ്‌ 5ന് ജോൺ, സേതുപതി രംഗനാഥതേവർ ഭരിച്ചിരുന്ന, ക്രിസ്ത്യാനികളോട് വിരോധത്തിൽ കഴിഞ്ഞിരുന്ന മറവപ്രദേശത്തേക്ക് പോയി.ജോണിന്റെ ശ്രമഫലമായി ജൂലൈ 17 ആകുമ്പോഴേക്കും രണ്ടായിരത്തോളം പേരാണ് അവിടെ മാമോദീസ സ്വീകരിച്ചത്.

കുമാരപിള്ള എന്ന് പേരുള്ള ഒരു മന്ത്രിക്ക് ക്രിസ്ത്യാനികളോട് വലിയ വിരോധമായിരുന്നു. ചില ചാരന്മാർ പറഞ്ഞു കൊടുത്ത വിവരങ്ങൾ വഴി ജൂലൈ 17 ന് മംഗലത്തുവെച്ച് ആറ് പേരോടൊപ്പം ജോൺ അറസ്റ്റ് ചെയ്യപ്പെട്ടു. കഠിനമായി പീഡിപ്പിച്ച് അവരെ ചങ്ങലക്കിട്ടു. പിറ്റേ ദിവസം ക്രൂരമായി അടിച്ച്, മേൽ തുപ്പി, വെള്ളം കൊടുക്കാതെ വെയിലത്തു കിടത്തി. കാലിൽ കയറു കെട്ടി തല വഴി വെള്ളത്തിലേക്ക് ഇടയ്ക്കിടെ താഴ്ത്തി ശ്വാസം മുട്ടിച്ചും അവരെ മരണവക്കോളമെത്തിച്ചു. പിന്നെ വെട്ടിയരിഞ്ഞ് തള്ളാൻ വിധിച്ചു.

ജോൺ പ്രൊവിൻഷ്യലിന് എഴുതി, “ഞങ്ങൾ ദൈവത്തിന്റെ തിരുഹിതത്തിന് കീഴടങ്ങുന്നു,വിശ്വാസത്തെപ്രതി ഞങ്ങളുടെ ജീവൻ സമർപ്പിക്കാനുള്ളത്രക്കും കൃപക്ക് ഞങ്ങളെ യോഗ്യരാക്കിയതിൽ ഞങ്ങൾ അതീവസന്തോഷവാൻമാരാണ്”. പക്ഷേ സേതുപതി ഇടപെട്ട് അവരെ മോചിപ്പിച്ചു. ജോണിനോട് രാജ്യം വിട്ടുപോകാനും ക്രിസ്തീയമതം പ്രചരിപ്പിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ കുടൽ പുറത്തെടുക്കുമെന്നും ഹൃദയം പിഴുതെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ജോണിന്റെ ഇഷ്ടത്തിന് വിരുദ്ധമായി 1685 ഡിസംബർ 15 ന് അദ്ദേഹത്തിന് തിരിച്ചു പോർച്ചുഗലിലേക്ക് പോകേണ്ടി വന്നു. പെഡ്രോ രണ്ടാമൻ രാജാവ് (കുട്ടിയായിരുന്നപ്പോൾ കൊട്ടാരത്തിൽ ജോൺ അവന്റെ ചങ്ങാതിയായിരുന്നു) അവനോട് റോമിൽ പോകാതെ തന്റെ കുമ്പസാരക്കാരനാവാൻ ആവശ്യപ്പെട്ടു. പക്ഷേ നിരന്തരം യാചിച്ചതിന്റെ ഫലമായി, ഏപ്രിൽ 8, 1690ൽ വീണ്ടും ജോണിന് ഗോവയിലേക്കുള്ള കപ്പൽ കയറാൻ സാധിച്ചു. ഇന്ത്യയിലായിരുന്നപ്പോൾ അത്രയും കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും, ജീവന് ഭീഷണി നിലനിന്നിട്ടും, വീണ്ടും ഇന്ത്യയിലേക്ക് പോകാൻ വളരെ ആഗ്രഹിച്ച അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്‌ണതയും രക്തസാക്ഷിത്വത്തോടുള്ള സ്നേഹവും നമുക്ക് അത്ഭുതത്തോടെയെ നോക്കിക്കാണാൻ കഴിയു!

അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ട് ജെസ്യൂട്ട് വൈദികർക്ക് ആ യാത്ര മുഴുമിപ്പിക്കാൻ സാധിച്ചില്ല. നവംബർ 2, 1690 ൽ ജോൺ വീണ്ടും ഗോവയിലെത്തി. മധുര മിഷനിൽ വീണ്ടും ചേർന്ന അദ്ദേഹം സേതുപതി കാലുകുത്തരുതെന്ന് പറഞ്ഞ മറവപ്രദേശത്ത് വേണ്ടുമെത്തി. അന്നാട്ടിലെ ചെറിയൊരു നാടുവാഴിക്ക് മാമോദീസ കൊടുത്തതും അയാൾ നന്മയുടെ പാത സ്വീകരിച്ചതും വഴി അയാളുമായി ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയുടെ കോപത്തിന് ജോൺ പാത്രമായി. തൽഫലമായി 1693 ജനുവരി 6 ന് വീണ്ടും പിടിക്കപ്പെട്ട് രാംനാട് ജയിലിലടക്കപ്പെട്ടു . വധശിക്ഷക്കായി ഒരിയൂരിലേക്ക് കൊണ്ടുപോയി.

വധിക്കാനായി കൊണ്ടുപോകുന്ന പാതക്ക് ഇരുവശവും ധാരാളം ക്രൈസ്തവർ സങ്കടത്തോടെ നിരന്നു നിന്നു. ജോൺ അവരെ ഇങ്ങനെ ആശ്വസിപ്പിച്ചു, “ഞാനീ രാജ്യത്തേക്ക് വന്നതും ദിവസേന യാത്ര ചെയ്തിരുന്നതും ഇതുമാത്രം കണ്ടുകൊണ്ടാണ്, വിശ്വാസത്തെ പ്രതി തല കൊയ്യപ്പെടാൻ. എന്റെ ആഗ്രഹം നിറവേറ്റപ്പെടാനായി ദൈവം എനിക്കൊരവസരം തന്നിരിക്കുന്നു, ഇനിയൊരു പിന്മാറൽ ഉണ്ടാകാൻ പാടില്ല”.

1693, ഫെബ്രുവരി 4ന് ജോൺ ഡി ബ്രിട്ടോയുടെ കഴുത്ത് ഛേദിക്കപ്പെട്ടു. വാർത്ത പോർച്ചുഗലിൽ എത്തിയപ്പോൾ പെഡ്രോ രാജാവ് ആചാരബഹുമതികളോടെ അന്ത്യോപചാരങ്ങളർപ്പിച്ചു. ജോണിന്റെ അമ്മ ചടങ്ങിൽ സന്നിഹിതയായിരുന്നു. ഏപ്രിൽ 8, 1852ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോൺ 1947, ജൂൺ 22 ന് അൾത്താരവണക്കത്തിലേക്കുയർന്നു. അനേകം സ്‌കൂളുകളും പള്ളികളും കോളേജുകളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

പോർച്ചുഗലിൽ ജനിച്ച് ഇന്ത്യയിൽ മിഷണറിയായി വന്ന് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ജോൺ ഡി ബ്രിട്ടോയുടെ തിരുന്നാൾ ആശംസകൾ എല്ലാവർക്കും നേരുന്നു.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements
Advertisements

Leave a comment