ക്രിസ്തു ചെളിയിലാണ്

ഒരു ദിവസം അല്മായപ്രതിനിധികളുടെ ഒരു വലിയ സംഘം ബിഷപ്പ് ഹെൽഡർ കമറയെ കാണാൻ റെസീഫിയിലേക്ക് വന്നു. അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. അവർ വലിയ ദുഖത്തോടെയും നടുക്കത്തോടെയും പറഞ്ഞ കാര്യം ഇതായിരുന്നു. പള്ളികളിലൊന്നിൽ ഒരാൾ അതിക്രമിച്ചു കടന്ന് സക്രാരി തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ എടുത്ത് ചെളിയിലിട്ടു.

ഇങ്ങനെ സംഭവിച്ചതിൽ തങ്ങൾക്കുണ്ടായ വിഷമവും നാണക്കേടുമൊക്കെ കണ്ണീരോടെ ബിഷപ്പിനോട് പങ്കുവെച്ചതിന് ശേഷം തിരുവോസ്തികൾ കണ്ടെടുത്ത് പള്ളിയിൽ തിരിച്ചുകൊണ്ടുപോയി വെച്ചെന്നും ഇതിന്റെ പേരിൽ അടുത്ത ദിവസം നഗരത്തിൽ മുഴുവൻ പ്രയശ്ചിത്ത- പരിഹാരനടപടികൾ വേണമെന്നും അവർ പറഞ്ഞു ‘ അങ്ങനെയാവാം’ എന്ന് പറഞ്ഞ ബിഷപ്പ് ദിവ്യകാരുണ്യനാഥനോട് അക്രമികൾ ചെയ്ത നിന്ദക്ക് പരിഹാരമായി നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണം നയിക്കാമെന്നേറ്റു.

അന്നേദിവസം എല്ലാവരും സമ്മേളിച്ചപ്പോൾ ബിഷപ്പ് പറഞ്ഞു, ” കർത്താവേ , എന്റെ സഹോദരനായ ആ അക്രമിയുടെ ( കള്ളന്റെ ) പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അവൻ ചെയ്യുന്നതെന്താണെന്നുള്ള അറിവ് അവനുണ്ടായിരുന്നില്ല. ജീവിക്കുന്ന ദൈവമായ അങ്ങ് സത്യമായും ദിവ്യകാരുണ്യത്തിൽ സന്നിഹിതനാണെന്ന് അവനറിഞ്ഞില്ല. അവൻ ചെയ്തതിൻറെ പേരിൽ ഞങ്ങളെല്ലാം വിഷമത്തിലാണ്. പക്ഷെ എന്റെ സുഹൃത്തുക്കളെ ,സഹോദരന്മാരെ , സഹോദരികളെ , നമ്മളെല്ലാം എത്ര കണ്ണുപൊട്ടന്മാരാണ് ! ആ പാവപ്പെട്ട കള്ളൻ ദിവ്യകാരുണ്യ ഈശോയെ ചെളിയിലേക്ക് എറിഞ്ഞതിൽ നമ്മളെല്ലാം നടുക്കത്തിലും വിഷമത്തിലുമാണ്. പക്ഷെ, ഇവിടെ നമ്മുടെ സമീപത്ത്, നമ്മുടെ നഗരത്തിൽ , ക്രിസ്തു ചെളിയിലാണ് എപ്പോഴും ജീവിക്കുന്നത്. നമ്മുടെ കണ്ണുകൾ തുറക്കപ്പെടണം “.

ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ബിഷപ്പ് തൻറെ പ്രസംഗം അവസാനിപ്പിച്ചത്‌ , “ദിവ്യകാരുണ്യഈശോയുടെ ശരീരം നമ്മൾ സ്വീകരിക്കുന്നതിന്റെ ഏറ്റവും നല്ല ഫലം എന്ന് പറയുന്നത് പാവങ്ങളെയും അടിച്ചമർത്തപ്പെടുന്നവരെയും ദുരിതമനുഭവിക്കുന്ന ജനതകളെയും കാണാനായി നമ്മുടെ കണ്ണുകൾ തുറക്കപ്പെടുന്നതാണ് !”

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment