ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും.
(ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല,
അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്.
ദൈവത്തിന്റെ കരവേലയായ ആ പ്രൌഢസംരംഭത്തിന്റെ ചെറിയൊരംശം മാത്രം
നമ്മുടെ ജീവിതകാലത്ത് നമുക്ക് ലഭിക്കുന്നു.
നമ്മൾ ചെയ്യുന്നതെല്ലാം അപൂർണമാണ്,
രാജ്യം എപ്പോഴും നമ്മുടെ പരിധിക്കപ്പുറത്തെന്ന് പറയും പോലെ.
ഒരു പ്രസ്താവനയിലും പറയാനുള്ളതെല്ലാം ഇല്ല.
ഒരു പ്രാർത്ഥനയിലും നമ്മുടെ വിശ്വാസം മുഴുവൻ അടങ്ങുന്നില്ല.
പൂർണ്ണമായ കുമ്പസാരങ്ങളില്ല.
ഒരു ഇടയസന്ദർശനവും അവികലമല്ല.
ഒരു കർമ്മപരിപാടിയിലും സഭാദൗത്യം മുഴുവനുമില്ല. .
ലക്ഷ്യങ്ങൾ, ഉദ്ദേശങ്ങൾ എണ്ണുമ്പോൾ അതിലടങ്ങാത്തതുമെത്ര.
ഇത്രയേയുള്ളൂ നമ്മൾ.
ഒരിക്കൽ വളരുമെന്നോർത്ത് നമ്മൾ വിത്ത് വിതക്കുന്നു.
വിതച്ച വിത്തിനെ നനക്കുന്നു, ഭാവിവാഗ്ദാനമെന്നറിഞ്ഞ്.
നമ്മൾ അടിത്തറകളിടുന്നു ഇനിയും മേലെ പണിയാനായി.
നമുക്ക് പറ്റുന്നതിനപ്പുറമുള്ള ഒന്ന് ഉൽപ്പാദിപ്പിക്കാൻ
നമ്മൾ യീസ്റ്റ് ഇടുന്നു.
എല്ലാം ചെയ്യാൻ നമുക്ക് കഴിവില്ല,
അത് തിരിച്ചറിയുന്നതിലുണ്ട് സ്വാതന്ത്ര്യത്തിന്റെ അനുഭവം.
എന്തെങ്കിലും ഒന്ന് ചെയ്യാൻ അത് നമ്മെ ധൈര്യപ്പെടുത്തുന്നു, അത് നന്നായി ചെയ്യാനും.
അതിൽ പൂർണതയില്ലായിരിക്കാം
പക്ഷേ അതൊരു തുടക്കമാണ്, വഴിയിൽ മുന്നോട്ടേക്കുള്ള ഒരു ചുവട്,
ദൈവകൃപ വന്നുചേരാനും ബാക്കി പൂർത്തിയാക്കാനുമുള്ള ഒരവസരം.
അന്തിമഫലം നമ്മൾ നോക്കണ്ട, അതാണ് പണിക്കാരനും മുഖ്യശിൽപ്പിയും തമ്മിലുള്ള വ്യത്യാസം.
നമ്മൾ പണിക്കാരാണ്, മുഖ്യശിൽപ്പികളല്ല,
ശുശ്രൂഷകരാണ്, മിശിഹായല്ല.
നമ്മുടെ കാലത്തിന്റെയല്ല, വരാനിരിക്കുന്ന കാലത്തിന്റെ പ്രവാചകരാണ് നമ്മൾ.
ആമ്മേൻ
വിശുദ്ധ ഓസ്കാർ റൊമേരോ
വിവർത്തനം : ജിൽസ ജോയ്
