തപസ്സു ചിന്തകൾ 32
കുമ്പസാരക്കൂട് ദൈവീക ആലിംഗന വേദി
“അനുരഞ്ജനത്തിന്റെ കൂദാശ, ഹൃദയത്തെ സുഖപ്പെടുത്തുകയും ആന്തരിക സമാധാനം നൽകുകയും ചെയ്യുന്ന ഒരു ഉത്സവ സംഗമമാണ്. അതു ഭയപ്പെടേണ്ട ഒരു മാനുഷിക കോടതിയല്ല, മറിച്ച് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു ദൈവീക ആലിംഗനമാണ്. ” ഫ്രാൻസീസ് പാപ്പ
അനുരഞ്ജനത്തിന്റെ കൂദാശയായ വി. കുമ്പസാരം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമായാൽ വിശ്വാസ ജീവിതത്തിൽ നാം തകരുകയോ, തളരുകയോ ഇല്ല. ദൈവതിരുമുമ്പിൽ നാം പാപ സങ്കീർത്തനം നടത്തുമ്പോൾ ജീവിത വിശുദ്ധിയിൽ വളരുന്നതിനും പുണ്യപൂർണ്ണതയിൽ പ്രാപിക്കുന്നതിനും സഹായകമാകും.
ബെനഡിക്ട് പതിനാറാമൻ പാപ്പ കുമ്പസാരത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “നമുക്ക് ഒരിക്കലും മാപ്പിന്റെ ആവശ്യമില്ലെന്ന ചിന്തയോടെ ഇങ്ങനെ ജീവിച്ചാൽ മതിയെന്നു വിചാരിക്കുന്നതു ശരിയല്ല. നാം നമ്മുടെ ദുർബലത അംഗീകരിക്കണം. എന്നാലും മുന്നേറിക്കൊണ്ടിരിക്കണം, മുമ്പേയുള്ള പോക്ക് ഉപേക്ഷിക്കാതെ. മാനസാന്തരപ്പെട്ട് പ്രായശ്ചിത്ത കൂദാശ വഴി പുതിയവരാകണം. പുതിയൊരു തുടക്കത്തിനു വേണ്ടിത്തന്നെ. കർത്താവു വഴിയുള്ള സംസർഗത്തിലൂടെ അങ്ങനെ വളർന്ന് പക്വത പ്രാപിക്കണം.” ഒരു മനുഷ്യന്റെ ശക്തി അവന്റെ ജീവിത വിശുദ്ധിയാണ്. ജിവിത വിശുദ്ധിയിലേക്കുള്ള ഏറ്റവും ഉത്തമവും ലളിതവുമായ മാർഗ്ഗമാണ് അടുക്കലടുക്കലുള്ള വിശുദ്ധ കുമ്പസാരം. നോമ്പിലെ അതിതീക്ഷണമായ ദിനങ്ങളിൽ പാപസങ്കീർത്തനത്തിലൂടെ ദൈവീക ആലിംഗനം നമുക്കും സ്വന്തമാക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs