പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്

പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്

ശാലോം മാഗസിനിൽ ഒരിക്കൽ വായിച്ചതോർക്കുന്നു . ലേഖിക ഇങ്ങനെ വിചാരിച്ചത്രേ, ‘രക്ഷാകര സംഭവത്തിൽ പിതാവായ ദൈവം എന്ത് ചെയ്തു ? ഈശോയല്ലേ എല്ലാ പീഡകളും സഹിച്ചത് ? അപ്പോൾ അവരുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം ദൈവപിതാവ് അവർക്കു ഓർമിപ്പിച്ചു കൊടുത്തു. അതിങ്ങനെ ആയിരുന്നു .മോന് മൂന്നു വയസ്സായപ്പോൾ കഠിനമായ പനി മൂലം ആശുപത്രിയിൽ കൊണ്ടുപോയി. നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കേണ്ട ഒരു ടെസ്റ്റ് വേണ്ടിവന്നു. മോൻ അമ്മയെ വിടാതെ കഴുത്തിൽ മുറുക്കി പിടിച്ചു ഇരിക്കുകയായിരുന്നു . നേഴ്സ് വന്നു കുട്ടിയെ ബലമായി എടുത്തു കൊണ്ട് പോയി. അവളുടെ ഹൃദയം പറിച്ചെടുത്ത പോലെ ആണ് അവൾക്കു തോന്നിയത്. നഴ്സിംഗ് റൂം അടച്ചിരുനെങ്കിലും ‘മമ്മിയേ ‘ എന്നുള്ള അവന്റെ നിലവിളി അവളുടെ ഹൃദയം നുറുക്കി. അവളുടെ നട്ടെല്ലിലും ഹൃദയത്തിലും കൂടി ആണ് സൂചി ഇറങ്ങുന്നതെന്നു തോന്നിപോയി. കരഞ്ഞുകൊണ്ട് ആശ്വാസത്തിനായി നാലുപാടും നോക്കി. അവസാനം ഭിത്തിയിലേക്കു കയ്യും തലയും അമർത്തി നിന്നു.

ഈ സംഭവം ഓർമിപ്പിച്ചു കൊണ്ട് പിതാവ് അവളോട് ചോദിക്കുന്ന പോലെ അവൾക്കു തോന്നി . “കുഞ്ഞിന്റെ നട്ടെല്ലിൽ കുത്തിയപ്പോൾ നിനക്കെന്തേ വേദനിച്ചത് ? ” അവൾ മറുപടി പറഞ്ഞു . ” കർത്താവേ അവനോടുള്ള ആഴമായ സ്നേഹം നിമിത്തം” . അപ്പോൾ വീണ്ടും പിതാവിന്റെ ശബ്ദം . ” അങ്ങനെയെങ്കിൽ എന്റെ മകൻ കൽത്തൂണിൽ ചമ്മട്ടിയടിയേറ്റു പുളഞ്ഞപ്പോൾ , അവന്റെ ചോര നാലുപാടും ചിതറി തെറിച്ചപ്പോൾ , അവന്റെ തലയിൽ അനേകം കൂർത്ത മുള്ളുകൾ അടിച്ചിറക്കിയപ്പോൾ , അവൻ കുരിശു ചുമന്നു നടക്കാൻ വിഷമിച്ചപ്പോൾ , കുരിശുമായി വീണപ്പോൾ , അവന്റെ കൈകളിലും കാലുകളിലും ക്രൂരതയുടെ ആണി അടിച്ചിറക്കിയപ്പോൾ , മൂന്നു മണിക്കൂർ കുരിശിൽ കിടന്നു കൊടും വേദനയാൽ പിടഞ്ഞപ്പോൾ , ദാഹത്താൽ അവന്റെ തൊണ്ടയും നാവും വറ്റി വരണ്ടപ്പോൾ ആ വേദന ഞാനും അനുഭവിക്കുകയല്ലാർന്നോ ? വെറുമൊരു കാഴ്ചക്കാരനായി നോക്കി നില്ക്കാൻ എനിക്ക് കഴിഞ്ഞെന്നു ചിന്തിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു ? എന്റെ ദൈവമേ , എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു ? എന്ന് അവൻ കരഞ്ഞു പറയുമ്പോൾ ഞാൻ എവിടെ ആയിരുന്നെന്നു നിനക്കറിയാമോ ? ഞാനും അവനോടു കൂടെ ആ കുരിശിൽ ആണികളാൽ തറക്കപ്പെട്ടു വേദനയാൽ പുളയുകയായിരുന്നു “.

‘ഞാൻ ഏകനല്ല , പിതാവെന്നോടു കൂടി ഉണ്ട്’ , ‘എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ‘, ‘ഞാൻ പിതാവിലും പിതാവ് എന്നിലുമാണ് ‘ എന്ന ഈശോയുടെ വചനങ്ങൾ അപ്പോൾ ലേഖിക ഓർമിച്ചു . വീണ്ടും കേട്ടു അവിടുത്തെ ശബ്ദം , “എന്തിനു വേണ്ടി ഞാനും എന്റെ തിരുക്കുമാരനും സഹിച്ചു ? നിനക്ക് വേണ്ടി തന്നെ. നിന്റെ രക്ഷക്ക് വേണ്ടി തന്നെ. മറ്റൊരാളും കൂടി ആ കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്നു. അവന്റെ അമ്മ , പരിശുദ്ധ മറിയം. പാപത്തിൽ പിറന്ന നിങ്ങളെ മകനും മകളും ദൈവപുത്രരും ആക്കാൻ ആ സഹനങ്ങളെല്ലാം അവളും ഏറ്റെടുത്തു “.

പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിൽ അവസാനഭാഗത്ത് ആകാശത്തു നിന്ന് നിലത്തു വീണു നാലുപാടും തെറിക്കുന്ന ഒരു വലിയ തുള്ളി കണ്ണുനീർ ഇപ്പോൾ ഞാൻ ഓർമിക്കുന്നു. കാണുമ്പോഴെല്ലാം എന്റെ കണ്ണും നിറഞ്ഞൊഴുകുമെങ്കിലും ഇത്രയും അർത്ഥവ്യാപ്തി അതിനുണ്ടെന്നു ഓർക്കാൻ ഞാൻ മിനക്കെട്ടില്ല. ദൈവമേ മാപ്പ് .. എന്റെ പിഴ .. എന്റെ പിഴ … എന്റെ വലിയ പിഴ

പിതാവ് തൻറെ പുത്രനെ ബലിയായി നൽകിക്കൊണ്ട് മനുഷ്യരോടുള്ള തൻറെ നിത്യസ്നേഹം പ്രകടമാക്കി. അന്നുവരെയുള്ള ബൈബിൾ ഗ്രന്ഥങ്ങൾ എല്ലാം ദൈവത്തിന്റെ ശക്തി കൂടുതൽ വെളിപ്പെടുത്തിയപ്പോൾ , ദൈവം എത്രത്തോളം മനുഷ്യനെ സ്നേഹിക്കുന്നെന്നു കൂടുതൽ വ്യക്തമാക്കി തന്നത് ഈശോയുടെ മനുഷ്യാവതാരമാണ്. പിതാവിന് നമ്മോടുള്ള സ്നേഹത്തിന്റെ , കരുണയുടെ പാരമ്യം. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്ന് പറഞ്ഞ ഈശോ , ദൈവം ശിക്ഷിക്കാൻ കാത്തിരിക്കുന്ന ഒരു പിതാവല്ലെന്നും നഷ്ടപെട്ട ആടിനെ തിരഞ്ഞുപിടിക്കുന്ന , പാപികളെ സ്നേഹിക്കുന്ന , ധൂർത്തപുത്രനെ കാത്തിരിക്കുന്ന , കണ്ടുകിട്ടിയാൽ സ്വർഗ്ഗം മുഴുവനോടു കൂടി സന്തോഷിക്കുന്ന സ്നേഹതാതൻ ആണെന്നും വെളിപ്പെടുത്തി.

മനുഷ്യർ ഇല്ലെങ്കിൽ പോലും ദൈവത്തിന് ഒരു കുറവുണ്ടാകുമായിരുന്നില്ല. ആനന്ദത്തിനു പൂർണ്ണതയും ഉണ്ടാകുമായിരുന്നു. ത്രീയേക ദൈവം തന്നിൽ തന്നെ മതിയായവനാണ് . പൂർണ്ണതക്കോ മഹിമക്കോ യാതൊന്നിന്റെയും ആവശ്യമില്ലായിരുന്നു എന്നിട്ടും തൻറെ അപരിമേയമായ ആനന്ദത്തിൽ പങ്കുചേർക്കാൻ മനുഷ്യരെ സൃഷ്ടിച്ചു. ബാക്കി ഉള്ളതെല്ലാം താൻ തൻറെ കരവേലയുടെ രാജാവാക്കാൻ നിശ്ചയിച്ച സൃഷ്ടിക്കു വേണ്ടിയും സൃഷ്ടിച്ചു , മനുഷ്യനു വേണ്ടി തന്നെ ..

എന്തിനും ഏതിനും ഈഗൊക്കും സ്വന്തം സുഖങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന മനുഷ്യർ സ്നേഹവും ഐക്യവും വിധേയത്വവും ഒക്കെ ത്രിത്വത്തിൽ നിന്ന് പഠിക്കണം. ഉല്പത്തി തൊട്ടു പുറപ്പാട് അനുഭവങ്ങളിലൂടെ പോയി ബൈബിൾ അവസാനിക്കുന്നത് വരെയും മനുഷ്യന്റെ നന്ദികേടും മറുതലിപ്പും അഹങ്കാരവും തന്നെയാണ്. പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കിൽ നാട് നശിപ്പിക്കില്ലെന്നു അബ്രാഹത്തിനോട് പറയുന്ന , കരുണ കാണിക്കുന്നത് മതിയാക്കാൻ ദൃഢനിശ്ചയം ചെയ്തു നിൽക്കുമ്പോഴും തൻറെ വെറും സൃഷ്ടികൾ ആയ മോശയുടെയും ഹെസക്കിയായുടെയുമൊക്കെ യാചന കേട്ട് അതിൽ നിന്ന് പിന്തിരിയുന്ന, അനന്തകാരുണ്യം.

“ആകാശമേ കേൾക്ക .. ഭൂമിയെ ചെവി തരിക .. ഞാൻ മക്കളെ പോറ്റി വളർത്തി .. അവരെന്നോടു മത്സരിക്കുന്നു “.. “എന്റെ മുന്തിരി തോട്ടത്തിനു വേണ്ടി , ഞാൻ ചെയ്തതിൽ ഏറെ എന്താണ് ചെയ്യേണ്ടിയിരുന്നത് “? ..വിലപിക്കുന്ന ദൈവം.

എല്ലാവരോടും കാരുണ്യം കാണിക്കുന്ന സ്വർഗ്ഗീയ പിതാവ് സ്വപുത്രനോട് അതീവകാർക്കശ്യമാണ് കാണിച്ചത് . കാലിത്തൊഴുത്തു മുതൽ കുരിശുമരണം വരെ തല ചായ്‌ക്കാനിടമില്ലാത്ത ജീവിതം. കുരിശിൽ പോലും മുൾമുടി നിമിത്തം ആ ശിരസ്സിനു ചാരി വെക്കാൻ ഒരു സ്ഥലം കിട്ടിയില്ല. എങ്കിലും പിതാവിനെ പൂർണ്ണമായി അറിഞ്ഞിരുന്ന പുത്രന് പരാതികളില്ലായിരുന്നു. പിതാവിന്റെ ഇഷ്ടപ്രകാരം പുത്രസ്ഥാനത്തേക്ക് പൊടിയും ചാരവുമായ നമ്മളെ കൈ പിടിച്ചു നടത്താൻ സ്വർഗ്ഗത്തിലെ സർവ്വ മഹിമയും ഉപേക്ഷിച്ചു ഭൂമിയിലിറങ്ങി, കുരിശുമരണത്തോളം എളിമപ്പെടുത്തിയ ഒരു പുത്രൻ .. അതിനു എല്ലാ വിധത്തിലും സഹകരിച്ച പരിശുദ്ധാത്മാവ് .

പാപിയെ വെറുക്കാൻ സാധിക്കുന്നതിലും കൂടുതലായി, പാപികളായ നമുക്ക് വേണ്ടി രക്തം ചിന്തിയ പുത്രനെ പിതാവ് സ്നേഹിക്കുന്നു. ആ സ്നേഹമാണ് നമ്മൾ പ്രാർത്ഥനയിലൂടെ മുതലെടുക്കുന്നത് പലപ്പോഴും.

കരുണകൊന്തയിൽ ഞാൻ പലപ്പോഴും പ്രാർത്ഥിക്കാറുള്ളത് ആ പിതാവിനെ സ്നേഹത്തോടെ ഭീഷണിപ്പെടുത്തുന്ന പോലെയാണ്. ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമെ എന്ന് ഞാൻ പറയുമ്പോൾ ഞാൻ വിചാരിക്കുന്ന അർത്ഥം ഇതാണ്, ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കിൽ , കൃപ ചൊരിഞ്ഞില്ലെങ്കിൽ അങ്ങേ പുത്രനെ ഞങ്ങൾക്ക് ഇനിയും പീഡിപ്പിക്കേണ്ടതായി വരും കാരണം ഞങ്ങൾ പാപം ചെയ്യുക വഴി ഈശോയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണല്ലോ. അതുകൊണ്ട് പിതാവേ അങ്ങേ പുത്രന്റെ വേദന ഒഴിവാക്കാൻ വേണ്ടി ഞങ്ങളോട് കാരുണ്യം കാണിക്കു. പിതാവിനാൽ ആകർഷിക്കപ്പെട്ടല്ലാതെ നമുക്ക് ഈശോയുടെ അടുത്തെത്താനും പറ്റില്ലല്ലോ. അതുകൊണ്ട്, ഞങ്ങളെ കൃപയിൽ സൂക്ഷിക്കു , ഈശോയെ സ്നേഹിക്കാൻ സഹായിക്കു .. ഞങ്ങൾ അങ്ങനെ നിന്റെ പുത്രനെ സന്തോഷിപ്പിക്കട്ടെ… പാവം പിതാവ്..

മനുഷ്യ രക്ഷക്കായി ചെയ്യാവുന്നതെല്ലാം ത്രിത്വൈക ദൈവം ചെയ്തിട്ടും നമ്മൾ മനുഷ്യർ ആ ത്യാഗവും കാരുണ്യവും ഓർമ്മിക്കാതെ മറുതലിക്കുന്നു.

” എന്തെന്നാൽ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരിക്കുന്നു . രാത്രി കഴിയാറായി . പകൽ സമീപിച്ചിരിക്കുന്നു . ആകയാൽ അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ചു പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം .”

സുഖസ്വച്ഛതയുടെ താഴ്‌വാരങ്ങളിൽ നിന്നെഴുന്നേറ്റ് ജീവൻ തന്നവന്റെയും ജീവൻ ബലിയർപ്പിച്ചു സ്നേഹിച്ചവന്റെയും പുതുജീവൻ തരുന്നവന്റെയും (ത്രിത്വത്തിന്റെ) ഓർമ്മകളിലൂടെ ഒരു മടക്കയാത്ര ആവാം. ഇനിയൊരിക്കലും നമുക്ക് കൂടുതൽ മെച്ചമായതു ലഭിക്കാനിടയില്ലാത്ത അത്ര നല്ല സമ്മാനം (ഈശോയെ) തന്ന ആ പിതാവിന്റെ സ്നേഹത്തെ വിലമതിക്കാം , ആ പുത്രന്റെ തിരുമുറിവുകളോട് ചേർന്നു നിന്ന് … പരിശുദ്ധാത്മാവിന്റെ ഒരു അഗ്നിസ്നാനം വഴി ആദ്യനൈർമല്ല്യത്തിലേക്ക് ഉള്ള ഒരു യാത്ര …

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment