പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!

ജീവിതം ഒറ്റൊരെണ്ണള്ളോ. അത് സുഖിച്ചങ്ക്ട് ജീവിക്കണം. ലൈഫ് എൻജോയ് ചെയ്യാണ്ട് , അവസാനം കെടന്നു കരഞ്ഞട്ട് ഒരു കാര്യല്ല്യഷ്ടാ, എന്നൊക്കെ മ്മള് ഇഷ്ടംപോലെ കേൾക്കാറ്ണ്ട്. പക്ഷേ അങ്ങനെ ലൈഫ് ആസ്വദിക്കാൻ നോക്കുമ്പഴും ചില കണ്ടീഷൻസ് കാണാം. ആസ്വാദനത്തിനും പരിധി! നമുക്കിഷ്ടമുള്ള എന്തും അങ്ങനെ ചെയ്യാൻ പറ്റീന്ന് വരില്ല്യ. ശ്ശേ, ഇതെന്ത് കഷ്ടാ. ഇതൊക്കെ ഇപ്പൊ എൻജോയ് ചെയ്തില്ലേൽ പിന്നെ എപ്പഴാ ന്ന് ? ലൈഫ് അങ്ക്ട് കളറാക്കാന്ന് വിചാരിക്കുമ്പോഴേക്കും കേൾക്കാം..

‘യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക. യൗവ്വനത്തിന്റെ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിഞ്ചെല്ലുക. എന്നാൽ ഓർമ്മിച്ചു കൊള്ളുക, ഇവക്കെല്ലാം ദൈവം നിന്നെ ന്യായാവിധിക്കായി വിളിക്കും’ ( സഭാപ്രസംഗകൻ. 11:9)

കഴിഞ്ഞില്ലേ? പിന്നെന്തുട്ട് സന്തോഷാ ഈ അനുഭവിച്ചോളാൻ പറയുന്നേ ന്ന് തോന്നാം മ്മക്ക്.

എലിസബത്ത് രാജ്ഞി കുട്ടിയായിരുന്നപ്പോൾ വാശി പിടിച്ച എന്തോ കാര്യം നടക്കില്ലെന്ന് ഉത്തരവാദിത്വപെട്ടവർ പറഞ്ഞു. അപ്പൊ ആൾ ചാടിക്കേറി പറഞ്ഞു , “ഞാനൊരു രാജകുമാരി ആണ്, ഞാൻ വേണമെന്ന് വെച്ചാൽ അത് നടത്തിയിരിക്കും”. അപ്പോൾ അവളുടെ മുത്തഛനായ ജോർജ് അഞ്ചാമൻ രാജാവ് അവളോട് പറഞ്ഞു, ” മൈ ഡിയർ, നീ ഒരു രാജകുമാരിയാണ്, ശരിയാണ്. പക്ഷേ ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ നിന്റെ ജീവിതകാലം മുഴുവൻ ചില കാര്യങ്ങൾ നിനക്ക് ഇഷ്ടമുള്ളപോലെ നടത്താൻ സാധിക്കാതെ വരും”.

ശരിയല്ലേ? രാജകുമാരി എന്ന നിലക്ക്, മറ്റാർക്കും കിട്ടാത്ത ചില പ്രിവിലേജുകൾ ലഭിച്ചാലും രാജകുടുംബത്തിന്റെ പ്രോട്ടോക്കോൾ വിട്ട് ഒരു കളിയും നടക്കില്ല. സാധാരണ മനുഷ്യരെപ്പോലെ അംഗരക്ഷകരില്ലാതെ ഷോപ്പിംഗിന് പോവാനോ, സിനിമക്ക് പോവാനോ, തോന്നിയപോലെ വസ്ത്രം ധരിക്കാനോ അവർക്ക് പറ്റുമോ?

ഈ നമ്മളോ? ചില്ലറക്കാരൊന്നുമല്ല.. “എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ് ‘!!

ഓരോ വാക്കിന്റെയും പ്രാധാന്യം എത്രയാ അല്ലേ? അപ്പൊ നമ്മുടെ സ്ഥാനത്തിനനുസരിച്ചുള്ള പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ. തോന്നുന്നതൊക്കെയും, ഇഷ്ടമുള്ള പലതും, ചെയ്യാൻ സാധിച്ചെന്നു വരില്ല. പക്ഷേ വേറെ പല പ്രിവിലേജും ഉണ്ട്‌ താനും. പരിശുദ്ധാത്മാവിലുള്ള ആനന്ദം, സമാധാനം, അറ്റമില്ലാത്ത പ്രത്യാശ അങ്ങനെ പലതും. അത് പോരെ അളിയാ? പിന്നെ, രാജകുടുംബത്തിന് ഒത്തൊരുമ വേണം. വിഘടിച്ചുനിന്നാൽ പുറമെയുള്ളവർക്ക് പരിഹസിക്കാനല്ലേ നേരം കാണൂ. അപ്പൊ, കുറ്റമില്ലാത്ത ജീവിതത്തിന്റെ സന്തോഷം ആസ്വദിക്കാൻ ഒന്ന് കാര്യായിട്ട് ശ്രമിച്ചാലോ മ്മക്ക്?

ജിൽസ ജോയ് ✍️

Advertisements

Leave a comment