കൈകൾ അവനിലേക്ക് നീട്ടുക മാത്രം ചെയ്യുക

ആശുപത്രിയിൽ മരണം കാത്തുകിടക്കുന്ന, ഒരു ഓസ്ട്രേലിയൻ മാരിസ്‌റ്റ് (Society of Mary) ബ്രദർ, തന്നെ കൂടിനിൽക്കുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും, ചിരിച്ചുകൊണ്ട് മരണത്തിലേക്ക് പോകാൻ തനിക്ക് കഴിയുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയായിരുന്നു.

“വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിൽ നടന്ന ഒരു സർക്കസ് പ്രകടനം കാണാൻ പോയപ്പോൾ ‘പറക്കും റോഡ്ലി’ എന്ന പേരിൽ പ്രസിദ്ധനായ ട്രപ്പീസ് കളിക്കാരൻ റോഡ്ലിയുടെ കൂടെ കുറച്ചു നേരം ഇരിക്കാനും അദ്ദേഹം സ്വന്തം പ്രകടനത്തിനെക്കുറിച്ച് പറയുന്നത് കേൾക്കാനും ഇടയായി.

റോഡ്ലി പറഞ്ഞു, “ഒരു ട്രപ്പീസ് കളിക്കാരൻ എന്ന നിലയിൽ, എന്നെ പിടിക്കാൻ വരുന്ന ആളെ ഞാൻ പൂർണ്ണമായി വിശ്വസിക്കേണ്ടതുണ്ട്. നിങ്ങൾ വിചാരിച്ചേക്കാം ട്രപ്പീസ് കളിയിൽ ഞാൻ വലിയ താരമാണെന്ന്. പക്ഷേ അല്ല. ഒരു ലോങ്ങ്‌ ജമ്പ് എടുത്ത് ഞാൻ വരുമ്പോൾ, അർദ്ധനിമിഷത്തിന്റെ പാളിപ്പോകാത്ത കൃത്യതയോടെ എന്നെ വായുവിൽ നിന്ന് ചാടിപ്പിടിക്കുന്ന ആളായ ജോ ആണ് താരം”.

“എങ്ങനെയാണത് നടക്കുന്നത്?” ഞാൻ ചോദിച്ചു.

“അതോ?” റോഡ്ലി പറഞ്ഞു, “ശരിക്കും പറഞ്ഞാൽ പറക്കുന്ന ഞാനല്ല, എന്നെ പിടിക്കുന്നവനാണ് എല്ലാം ചെയ്യുന്നത്. ഞാൻ ജോയുടെ അടുത്തേക്ക് പറക്കുമ്പോൾ എന്റെ കൈകൾ നീട്ടി, അവൻ എന്നെ പിടിക്കാനായി കാത്തുനിൽക്കുകയെ വേണ്ടൂ. അവൻ എന്നെ സുരക്ഷിതമായി പിടിച്ച് എത്തേണ്ടിടത്ത് എത്തിക്കും”.

“അപ്പൊ നിങ്ങൾ ഒന്നും ചെയ്യില്ല?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഒന്നും ചെയ്യില്ല”. റോഡ്ലി വീണ്ടും പറഞ്ഞു, “ഞാൻ അവനെ പിടിക്കാൻ ശ്രമിച്ചാൽ ആ ശക്തിയിൽ അവന്റെ കൈത്തണ്ട ഒടിഞ്ഞേക്കാം. നീട്ടിയ കൈകളോടെ ഞാൻ വരുമ്പോൾ എനിക്കറിയാം എനിക്കായി അവന്റെ കൈകൾ അവിടെ ഉണ്ടാകുമെന്ന്”.

റോഡ്ലി ഇത് പറയുമ്പോൾ എന്റെ മനസ്സിലൂടെ പോയത് ഇതായിരുന്നു, ഈശോയുടെ വാക്കുകൾ, ‘പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’.

Dying is trusting the catcher. മരിച്ചുകൊണ്ടിരിക്കുന്നവരെ പരിപാലിക്കുന്നത് ഇങ്ങനെ പറയലാണ്, “വിഷമിക്കണ്ട. ദൈവപുത്രന്റെ പങ്കാളിയാണ് നീ. നീ ചെല്ലുമ്പോൾ നിന്നെ പിടിക്കാനായി അവൻ അവിടെ ഉണ്ടായിരിക്കും. അവനെ കയ്യെത്തിപിടിക്കാൻ പാടുപെടേണ്ട, അവൻ പിന്നെ പിടിച്ചോളും. കൈകൾ അവനിലേക്ക് നീട്ടുക മാത്രം ചെയ്യുക എന്നിട്ട്… trust… trust… trust!”

Advertisements

Leave a comment