The Book of 2 Chronicles, Chapter 29 | 2 ദിനവൃത്താന്തം, അദ്ധ്യായം 29 | Malayalam Bible | POC Translation

Advertisements

ഹെസെക്കിയ

1 ഇരുപത്തഞ്ചാം വയസ്‌സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്‍പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.

ദേവാലയം ശുദ്ധീകരിക്കുന്നു

3 ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസംതന്നെ അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.4 അവന്‍ പുരോഹിതന്‍മാരെയും ലേവ്യരേയും കിഴക്കേ അങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:5 ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിച്ച്, വിശുദ്ധസ്ഥലത്തുനിന്നു സകല മാലിന്യങ്ങളും നീക്കംചെയ്യുവിന്‍.6 നമ്മുടെ പിതാക്കന്‍മാര്‍ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിശ്വസ്തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്ഥലത്തുനിന്ന് അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുന്‍പില്‍ പുറംതിരിഞ്ഞു,7 അവര്‍ പൂമുഖവാതിലുകള്‍ അടച്ചു; ദീപങ്ങള്‍ അണച്ചു; ഇസ്രായേലിന്റെ ദൈവത്തിന്റെ വിശുദ്ധസ്ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലി അര്‍പ്പിക്കുകയോ ചെയ്തില്ല.8 അതിനാല്‍, കര്‍ത്താവിന്റെ ക്രോധം യൂദായുടെയും ജറുസലെമിന്റെയും നേരേ പതിച്ചു. നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കാണുന്നതുപോലെ, അവിടുന്ന് അവരെ ഭീതിക്കും പരിഭ്രമത്തിനും പരിഹാസത്തിനും പാത്രമാക്കി.9 നമ്മുടെ പിതാക്കന്‍മാര്‍ വാളിനിരയായി. പുത്രീപുത്രന്‍മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു.10 അവിടുത്തെ ഉഗ്രകോപം നമ്മെ വിട്ടക ലുന്നതിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവുമായി ഒരുടമ്പടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.11 മക്കളേ, നിങ്ങള്‍ ഇനി അനാസ്ഥ കാണിക്കരുത്, തന്റെ സന്നിധിയില്‍ നില്‍ക്കുന്നതിനും തനിക്കു ശുശ്രൂഷചെയ്യുന്നതിനും ധൂപം അര്‍പ്പിക്കുന്നതിനും കര്‍ത്താവു നിങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.12 കൊഹാത്യരില്‍ ആമസായിയുടെ മകന്‍ മഹത്ത്; അസറിയായുടെ മകന്‍ ജോയേല്‍; മെറാറിക്കുടുംബത്തില്‍നിന്ന് അബ്ദിയുടെ മകന്‍ കിഷ്,യഹല്ലേലിന്റെ മകന്‍ അസറിയാ; ഗര്‍ഷോന്യരില്‍നിന്നു സിമ്മായുടെ മകന്‍ യോവാഹ്, യോവാഹിന്റെ മകന്‍ ഏദെന്‍;13 എലീസാഫാന്റെ കുടുംബത്തില്‍ നിന്നു സിമ്രി,യവുവേല്‍; ആസാഫ് കുടുംബത്തില്‍ നിന്നു സഖറിയാ, മത്താനിയാ;14 ഹേമാന്‍ കുടുംബത്തില്‍നിന്നുയഹുവേല്‍, ഷിമെയി;യദുഥൂന്‍ കുടുംബത്തില്‍നിന്നു ഷെമായാ, ഉസിയേല്‍ എന്നീ ലേവ്യര്‍ മുന്‍പോട്ടുവന്നു.15 എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച്, രാജാവു കല്‍പിച്ച തിന്‍പ്രകാരം കര്‍ത്താവിന്റെ ആലയം വിശുദ്ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.16 കര്‍ത്താവിന്റെ ആലയത്തിന്റെ അന്തര്‍ഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്‍മാര്‍ അങ്ങോട്ടു ചെന്നു; അവിടെ കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കു കൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രോണ്‍ അരുവിയിലേക്കു കൊണ്ടുപോയി.17 ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന് എട്ടുദിവസം അവര്‍ കര്‍ത്താവിന്റെ ആലയം ശുദ്ധീകരിച്ചു. ഒന്നാംമാസം പതിനാറാംദിവസം ശുദ്ധീകരണം പൂര്‍ത്തിയായി.18 അവര്‍ ഹെസെക്കിയാരാജാവിനെ അറിയിച്ചു: ദഹനബലിപീഠം, കാഴ്ചയപ്പത്തിന്റെ മേശ, അവയുടെ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ കര്‍ത്താവിന്റെ ആലയം മുഴുവന്‍ ഞങ്ങള്‍ ശുദ്ധീകരിച്ചു.19 ആഹാസ് രാജാവ് ദൈവത്തോട് വിശ്വസ്തത വെടിഞ്ഞു ഭരിച്ചകാലത്ത് അവഗണിക്കപ്പെട്ടുകിടന്ന ഉപക രണങ്ങള്‍ ഞങ്ങള്‍ ശുദ്ധീകരിച്ചു സജ്ജമാക്കി കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍ പില്‍ വച്ചിരിക്കുന്നു.20 ഹെസെക്കിയാ രാജാവ് അതിരാവിലെ ഉണര്‍ന്നു നഗരത്തിലെ സേവകന്‍മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്റെ ആലയത്തിലേക്കു ചെന്നു.21 രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യൂദായ്ക്കുംവേണ്ടി പാപപരിഹാര ബലി അര്‍പ്പിക്കാന്‍ ഏഴുകാള, ഏഴുമുട്ടാട്, ഏഴുചെമ്മരിയാട്, ഏഴു ആണ്‍കോലാട് എന്നിവയെ കൊണ്ടുവന്നു. അവയെ കര്‍ത്താവിന്റെ ബലിപീഠത്തില്‍ അര്‍പ്പിക്കാന്‍ രാജാവ് അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരോട് കല്‍പിച്ചു.22 അവര്‍ കാളകളെ കൊന്നു. പുരോഹിതന്‍മാര്‍ അവയുടെ രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. അവര്‍ മുട്ടാടുകളെ കൊന്ന് രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു. പിന്നീട്, ചെമ്മരിയാടുകളെകൊന്നു രക്തം ബലിപീഠത്തിന്‍മേല്‍ തളിച്ചു.23 പാപപരിഹാരബലിക്കുള്ള ആണ്‍കോലാടുകളെ രാജാവിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ കൊണ്ടുവന്നു. അവര്‍ അവയുടെമേല്‍ കൈകള്‍ വച്ചു.24 പുരോഹിതന്‍മാര്‍ അവയെ കൊന്ന് അവയുടെ രക്തംകൊണ്ട് ഇസ്രായേല്‍ ജനത്തിനുവേണ്ടി പാപപരിഹാരമനുഷ്ഠിച്ചു. കാരണം, ദഹനബലിയും പാപപരിഹാരബലിയും ഇസ്രായേല്‍ മുഴുവനും വേണ്ടി അര്‍പ്പിക്കണമെന്നു രാജാവു കല്‍പിച്ചിരിക്കുന്നു.25 ദാവീദിന്റെയും രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഗാദിന്റെയും പ്രവാച കനായ നാഥാന്റെയും കല്‍പനയനുസരിച്ച് കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്റെ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്.26 ദാവീദിന്റെ വാദ്യോപകരണങ്ങളുമായി ലേവ്യരും, കാഹളങ്ങളുമായി പുരോഹിതന്‍മാരും നിലയുറപ്പിച്ചു.27 അപ്പോള്‍, ബലിപീഠത്തില്‍ ദഹനബലിയര്‍പ്പിക്കാന്‍ ഹെസെക്കിയാ കല്‍പിച്ചു. ബലി ആരംഭിച്ചപ്പോള്‍ ഇസ്രായേല്‍ രാജാവായ ദാവീദിന്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കര്‍ത്താവിന് ഗാനാലാപവും കാഹളവിളിയും തുടങ്ങി.28 സമൂഹം മുഴുവന്‍ ആരാധിച്ചു; ഗായ കര്‍ പാടി; കാഹളമൂത്തുകാര്‍ കാഹളം ഊതി. ദഹനബലി കഴിയുന്നതുവരെ ഇതു തുടര്‍ന്നു.29 ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.30 ദാവീദിന്റെയും ദീര്‍ഘദര്‍ശിയായ ആസാഫിന്റെയും വാക്കുകളില്‍ കര്‍ത്താവിന് സ്‌തോത്രമാലപിക്കാന്‍ ഹെസെക്കിയാരാജാവും പ്രഭുക്കന്‍മാരും ലേവ്യരോട് കല്‍പിച്ചു. അവര്‍ സസന്തോഷം സ്‌തോത്രമാലപിച്ചു; സാഷ്ടാംഗം പ്രണമിച്ചു.31 ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ മുന്‍പാകെ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്റെ ആലയത്തില്‍ ബലിവസ്തുക്കളും സ്‌തോത്രക്കാഴ്ചകളും കൊണ്ടുവരുവിന്‍. സമൂഹം അവ കൊണ്ടുവന്നു: സ്വാഭീഷ്ടമനുസരിച്ച് ദഹനബലിക്കുള്ള വസ്തുക്കള്‍ കൊണ്ടുവന്നു.32 ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയും കൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.33 കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.34 ദഹന ബലിക്കുള്ള മൃഗങ്ങളെയെല്ലാം തോലുരിഞ്ഞു സജ്ജമാക്കാന്‍ പുരോഹിതന്‍മാര്‍ തീരെ കുറവായിരുന്നതിനാല്‍ മറ്റു പുരോഹിതന്‍മാര്‍ ശുദ്ധീകരണകര്‍മം നടത്തി തയ്യാറാകുന്നതുവരെ സഹോദരന്‍മാരായ ലേവ്യര്‍ അവരെ സഹായിച്ചു. തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്‍മാരെക്കാള്‍ ഉത്‌സുകരായിരുന്നു.35 നിരവധി ദഹനബലികള്‍ക്കു പുറമേസമാധാന ബലിക്കുള്ള മേദസ്‌സും പാനീയബലികളും അര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിക്കപ്പെട്ടു.36 ഇക്കാര്യങ്ങളെല്ലാം വേഗം ചെയ്തുതീര്‍ക്കാന്‍ ദൈവം തന്റെ ജനത്തെ സഹായിച്ചതോര്‍ത്ത് ഹെസക്കിയായും സമൂഹവും സന്തോഷിച്ചു.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment