ദൈവവചനം വായിക്കാം

ദൈവവചനം ആഴക്കടൽ പോലെയാണ്. അതിന്റെ താളുകളിലൂടെ നാം യാത്ര പോകുന്നത് ഒറ്റയ്ക്കാണ്.

സമുദ്രത്തിൽ നമുക്ക് ചുറ്റും വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും നമുക്ക് കുടിക്കുവാൻ സാധിക്കില്ല. കയ്യിൽ കരുതിയ വെള്ളം മാത്രമേ കുടിക്കുവാൻ സാധിക്കൂ.

ഇത് പോലെ നാം വായിച്ചു നാം സ്വന്തമാക്കി ഹൃദയത്തിൽ സൂക്ഷിക്കുന്ന വചനങ്ങളെ തക്ക സമയത്തു നമ്മുടെ ദാഹം അകറ്റുകയുള്ളൂ.

എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം വചനം വായിച്ചു തുടങ്ങിയാൽ ഇതേ സമുദ്രത്തിലെ ജലം സൂര്യന്റെ ചൂടേറ്റു നീരാവിയായി പൊങ്ങി മഴമേഘങ്ങളായി മാറി കാറ്റിന്റെ ഗതിയനുസരിച്ചു പേമാരിയായി പെയ്യുന്നത് പോലെ ദാഹിച്ചു വലഞ്ഞ നമ്മുടെ ആത്മാവിൽ പരിശുദ്ധാത്മാവ് ദൈവവചനത്തിന്റെ മഴ പെയ്യിക്കും.

അന്നു വരെ കാണാത്ത ദൈവവചനങ്ങൾ ജീവിതത്തോട് വ്യക്തിപരമായി എത്രയോ ചേർന്ന് നിൽക്കുന്നുവെന്നു തോന്നും.

വായിക്കും തോറും പുസ്തകത്താളിലെ അക്ഷരങ്ങൾ ജീവനുള്ളതാകും. ആത്മാവും ദൈവവും തമ്മിലുള്ള ഏറ്റവും അർത്ഥവത്തായ വ്യക്തിപരമായ സംഭാഷണമാകും.

ദൈവവചനം സത്യമാണ്. അതിനു മാറ്റമില്ല. എന്നാൽ അത് വായിച്ചില്ലെങ്കിൽ നമ്മുടെ ദൈവം നമ്മോടു പറയുന്ന ആശ്വാസവചനങ്ങൾ എങ്ങനെ അറിയും!

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ എങ്കിലും ഹൃദയം വളരെ ദു:ഖാർദ്രമാകുമ്പോൾ പുറമെ നിന്നുള്ള ഒരു മാനുഷിക ശബ്ദത്തിനും അതിനെ ആശ്വസിപ്പിക്കാൻ സാധിക്കുകയില്ല. എന്നാൽ അതിയായ ദുഃഖത്തിൽ ഹൃദയമുരുകുമ്പോൾ പണ്ടെങ്ങോ വായിച്ചും കേട്ടും ഹൃദയത്തിന്റെ ഉള്ളറയിൽ സൂക്ഷിച്ചിട്ടുള്ള ദൈവവചനം പതിയെ പുറത്തു വരും.

പതിയെ ഹൃദയത്തിൽ മൃദുവായി സംസാരിച്ചു തുടങ്ങും.

അത് പോലെ ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോൾ നമ്മുടെ ഉള്ളിൽ ദൈവവചനം സംസാരിക്കും. അപകട ഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകും.

ജീവിതത്തിൽ മാതൃ ഭാഷ കൂടാതെ ലോകത്തിലെ പലഭാഷകൾ നമ്മിൽ പലരും പഠിക്കേണ്ടി വന്നിട്ടുണ്ട്.

ദൈവരാജ്യത്തിൽ ഒരൊറ്റ ഭാഷയെ ഉള്ളൂ സ്നേഹത്തിന്റെ ഭാഷ. ഭാഷയറിയാൻ പ്രായമാകാത്ത കൈകുഞ്ഞുങ്ങൾക്കും ഭാഷയപ്പാടെ മറന്നു പോയ വയോവൃദ്ധർക്കും മനസിലാകുന്ന ഭാഷ.

ദൈവവചനത്തിന്റെ ഓരോ താളിലും അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിൽ ആണ്. കാരണം ദൈവവചനം സ്നേഹമാണ്. ഈശോ തന്നെയാണ്.

ഒരു പരിപൂർണ്ണനായ സൃഷ്ടാവിന് സൃഷ്ടിയോടുള്ള അവർണനീയമായ കരുണയും സ്നേഹവും അക്ഷരങ്ങളുടെ പരിമിതിയിൽ എഴുതപ്പെട്ടപ്പോൾ ഓരോ ദൈവവചനത്തിന്റെയും അർത്ഥം വ്യാഖ്യാനിച്ചു ലഭിയ്ക്കാൻ സഹായകനായ പരിശുദ്ധാത്മാവ് കൂടിയേ തീരൂ.

ഈശോ പരിശുദ്ധാത്മാവിനെ സഹായകനായി നമുക്ക് തന്നപ്പോൾ പരിശുദ്ധാത്മാവിന്റെ കാലഘട്ടത്തിലേയ്ക്ക് നമ്മെ കൈ പിടിച്ചുയർത്തി.

പിതാവിന്റെ സ്നേഹത്തെ കുറിച്ച് നമുക്ക് ഈശോ ജീവിച്ചു കാണിച്ചു പറഞ്ഞു തന്നു.

എന്നാൽ ഈശോയെ കുറിച്ച് അവിടുത്തെ നിർമലമായ സ്നേഹത്തെ കുറിച്ച് പറഞ്ഞു തരുന്നത് നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മാവ് ദൈവവചനത്തിലൂടെ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ ആത്മീയമായ അർത്ഥം നമ്മുടെ ആത്മാവിൽ വ്യക്തിപരമായി ചുരുളഴിയുന്നു.

ദൈവവചനം വായിക്കുന്നത് ഒരു സംസാരം പോലെയാണ്. ഓരോ വചനം വായിക്കുമ്പോഴും ആത്മാവ് അതിനോട് വ്യക്തിപരമായി പ്രതികരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. അതിനൊക്കെയും ദൈവവചനം മറുപടി പറയുന്നു

ഉദാഹരണത്തിന്….

“എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട്‌ അങ്ങ്‌ എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്‌?
എന്റെ ദൈവമേ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു;അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്‌ഷിക്കുന്നു;
എനിക്ക്‌ ആശ്വാസം ലഭിക്കുന്നില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 22 : 1-2)

ജീവിതത്തിൽ നാം പലപ്പോഴും ദൈവസാന്നിധ്യമനുഭവിക്കാൻ ആവാതെ നിലവിളിക്കുമ്പോൾ നമുക്ക് വേണ്ടി മനുഷ്യാവതാരം ചെയ്ത പൂർണ മനുഷ്യനും പൂർണ ദൈവവുമായ ഈശോയും ഇതേ വാക്കുകൾ കുരിശിൽ ആവർത്തിക്കുന്നത് നമുക്ക് കാണാം

ഓരോ ദൈവവചനവും പരിശുദ്ധാത്മാവിന്റെ നിറവിൽ നാം വായിക്കുമ്പോൾ ചിലതൊക്കെ ദൈവത്തോടുള്ള നമ്മുടെ തന്നെ വാക്കുകളായി യാചനയായി പ്രാർത്ഥനയായി, സ്നേഹ സല്ലാപമായി മാറുന്നു. അതേ നിമിഷങ്ങളിൽ ദൈവവചനം തന്നെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിൽ ഹൃദയത്തിന്റെ ആഴങ്ങളിൽ മറുപടി പറയുന്നു, ആത്മാവിനെ തൃപ്തമാക്കുന്നു.

ഈശോ സമയത്തിന്റെ പൂർണതയിൽ മഹത്വപൂർണനായി ഉയിർപ്പിക്കപ്പെട്ടത് പോലെ തക്ക സമയത്തു ദൈവവചനം നമ്മുടെ ഹൃദയങ്ങളെ തൊടും. മറ്റാർക്കും നൽകാൻ ആവാത്ത വിധത്തിൽ ആശ്വാസം നൽകും. സൗഖ്യമാക്കും. കൂടെ വസിച്ചു കൂടെ നടക്കും.

“നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.”
(ഏശയ്യാ 54 : 10)

ഈശോ വഴി ദൈവപിതാവിന്റെ മക്കളാണ്. മാമോദീസ വഴി മക്കളാകുവാനുള്ള പൂർണമായ നമ്മുടെ സമ്മതം നൽകി. എന്നേയ്ക്കും നാം അവിടുത്തെ സ്വന്തമാണ്.

നമ്മുടെ ദൈവമറിയാതെ ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ നടക്കുകയില്ല.

നാം കാണുന്നത് മുന്നോട്ടുള്ള ഏതാനും ചില നാളുകൾ ആണെങ്കിൽ നമ്മുടെ നല്ല ദൈവം കാണുന്നത് അവിടുത്തോടൊപ്പമുള്ള നമ്മുടെ നിത്യ ജീവിതമാണ്.

ദൈവവചനത്തിലൂടെ ഈ ഭൂമിയിൽ അവിടുത്തെ മക്കളായി ജീവിക്കുവാൻ വേണ്ട കാര്യങ്ങളൊക്കെ നാം മനസിലാക്കുന്നു.

എല്ലാത്തിലും ഉപരിയായി തന്റെ പാപങ്ങളുടെ കടമൊക്കെയും ഈശോ മഹാകരുണയോടെ കുരിശിൽ പൂർണമായി കൊടുത്ത് വീട്ടിയെന്നും താൻ അത് മൂലം നിത്യജീവിതത്തിന് അർഹനാണെന്നും ലോകത്തിൽ എന്തൊക്കെ നടന്നാലും അവസാനവിജയം അനന്തനന്മ തന്നെയായ അത്യുന്നതനായ ദൈവത്തിന്റേതാണെന്നും താൻ നിത്യതയോളം അവിടുന്നിൽ ആണെന്നും ഒരു ആത്മാവിന് ദൈവവചനം വായിക്കുന്നതിലൂടെ മനസിലാകുന്നു.

മനസ് തളർന്നിരിക്കുമ്പോൾ ദൈവവചനം വായിക്കാം. മനസ് ആനന്ദം നിറഞ്ഞു ശക്തിപ്പെടുന്ന അനുഭവം ഉണ്ടാകും.

ദു:ഖിച്ചിരിക്കുന്ന വേളയിൽ ദൈവവചനം വായിക്കാം. അദൃശ്യമായ കരങ്ങൾ കണ്ണുനീരൊപ്പുന്ന അനുഭവം ഉണ്ടാകും.

സന്തോഷിച്ചിരിക്കുമ്പോൾ ദൈവവചനം വായിക്കാം. സന്തോഷം ഇരട്ടിക്കുന്ന അനുഭവം ഉണ്ടാകും.

മുന്നിൽ വഴി കാണാതെ ഉഴലുമ്പോൾ ദൈവവചനം വായിക്കാം. വഴി തുറക്കപ്പെടുന്ന അനുഭവം ഉണ്ടാകും.

മരണനിമിഷങ്ങളിൽ ദൈവവചനം വായിക്കാം. ഇനിയുള്ള നിമിഷങ്ങൾ നിത്യജീവനിലേയ്ക്കാണല്ലോ എന്നുള്ള വലിയ ബോധ്യമുണ്ടാകും.

ഓരോ ദൈവവചനവും ദൈവനിവേശിതമാണ്. പരിശുദ്ധാത്മാവിന്റെ അനന്തശക്തിയാൽ പൂരിതമാണ്

ദൈവത്തിന്റെ പരിശുദ്ധാത്മാവിനോടൊപ്പം ദൈവവചനം വായിക്കാം. ദൈവവചനം ഹൃദയത്തിൽ ആവോളം സംഭരിക്കാം. അതിൽ ആനന്ദിക്കാം.

കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആകുലത വന്നാലും ഭയം വന്നാലും ജീവിതത്തിൽ ഇപ്പോൾ ഏതവസ്ഥയിൽ ആണെങ്കിലും ഓടിചെന്നാൽ നമ്മോടു സംസാരിക്കും ജീവനുള്ള ദൈവവചനം….

“എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്രന്ഥം പറയുന്നത്‌.”
(റോമാ 10 : 8-11)

എന്നിൽ വസിക്കുന്ന ദൈവവചനമേ, ഈശോയെ ഞാൻ അങ്ങിൽ ആനന്ദിക്കുന്നു.

“എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു”.
(ലൂക്കാ 1 : 47)
ആമേൻ

Leena Elizabeth George

Advertisements
Advertisements

Leave a comment