കാൽവരി ✝ = സ്നേഹം

എന്‍റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്‍റെ രൂപം മനുഷ്യന്റേതല്ല. അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്‍മാര്‍ അവന്‍ മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും. (ഏശയ്യാ 52 : 13-15)

ഓശാനയുടെ ജയ് വിളികൾ ഇല്ല… മുറിയപ്പെട്ട പെസഹായും കടന്നുപോയിരിക്കുന്നു… ഇനിയുള്ളത് സഹനങ്ങളുടെ കാൽവരി യാത്ര… ഈ വേദനകളുടെയും സഹനങ്ങളുടെയും കാൽവരി ഈശോ കയറിയതിന് ഒരു കാരണമേ ഉള്ളൂ; നിന്നോടുള്ള അവിടുത്തെ സ്നേഹം മാത്രം.

ഇന്ന് ദുഃഖവെള്ളി. ദൈവം സ്വയം മരണം ഏറ്റ് വാങ്ങിയ ദിവസം. എല്ലാമുണ്ട് പക്ഷേ ആരുമില്ലാതെ പോയല്ലോ എന്ന് ചിന്തിച്ച് പോയ ദിനം. കഴിയുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം മാറ്റണേ! എങ്കിലും നിന്റെ ഇഷ്ടം മാത്രം നിറവേറണമെന്ന് പ്രാർത്ഥിച്ച പുത്രന്റെ ഹൃദയ നൊമ്പരങ്ങൾ കണ്ടു ഒരു പിതാവിന്റെ ഹൃദയം പിടഞ്ഞ ദിനം…

ഒറ്റികൊടുക്കാൻ പോകുന്നവനെയും തള്ളിപ്പറയാൻ പോകുന്നവനെയും അറിഞ്ഞിട്ടും സ്നേഹിക്കുകയായിരുന്നു ഈശോ… കാരണം അവൻ സ്നേഹം മാത്രമായിരുന്നു…
തനിക്കു വരാൻ പോകുന്ന എല്ലാ സഹനങ്ങളും അറിഞ്ഞുകൊണ്ടു വീണ്ടും വീണ്ടും നമ്മെ സ്നേഹിക്കാൻ ക്രിസ്തുവിനല്ലാതെ മാറ്റാർക്കാണ് കഴിയുക…

സഹനങ്ങളുടെ തീരാ നൊമ്പരത്തിലും പിതാവിനോട് ആലോചന ചോദിക്കാൻ വെമ്പൽ കൊണ്ട ഈശോയെ സുവിശേഷകൻ വരച്ചു കാട്ടുന്നത് ഇപ്രകാരം ആണ്: “അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക. അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതം പോലെയാകട്ടെ. രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു: എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ! (മത്തായി 26 : 38-42)

തന്റെ മാനുഷിക നിലയിൽ തനിക്ക് സാധ്യമല്ലാത്ത ഈ കുരിശുമരണം തന്റെ പിതാവിന്റെ ഹിതം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈശോ പറയുന്നുണ്ട് ‘ഞാൻ കുടിക്കാതെ ഇത് കടന്നുപോകുകയില്ല എങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്ന്… അത്രമേൽ പിതാവിന്റെ ഹൃദയം അറിഞ്ഞ പുത്രന്റെ പ്രാർത്ഥനകൾ ആയിരുന്നത്… തനിക്കേറ്റവും പ്രിയപ്പെട്ടതിനെ നഷ്ടപ്പെടുത്താൻ ആരും തയ്യാറാവില്ല. എന്നാൽ പിതാവായ ദൈവം തന്റെ ആരോമൽ പുത്രനെ നമുക്കായി നഷ്ടപ്പെടുത്താൻ തയ്യാറായി. ഏദനിൽ പാപം മൂലം നഷ്ടമായ പറുദീസ വീണ്ടെടുക്കാൻ ക്രിസ്തു എല്ലാവർക്കും വേണ്ടി ഒരു സ്വയബലി ആയി തീർന്നു…
ഒറ്റികൊടുത്തവനെയും തള്ളി പറഞ്ഞവനെയും ഒരുപോലെ ചേർത്തുപിടിച്ച സ്നേഹം.

സ്നേഹത്തിന് ചില വശങ്ങൾ ഉണ്ട്.

  • സ്നേഹം എന്നാൽ സ്വയം ഇല്ലാതെ ആകാൻ തയ്യാറാവും…
  • മുറിയപ്പെടാൻ… ചിലപ്പോൾ സ്വന്തം ജീവൻപോലും കൊടുക്കുവാൻ ഒരുക്കമാകുന്നു.
  • ആരെയും സ്നേഹം വിലകുറച്ചു കാണുന്നില്ല.

ക്രിസ്തുവിന്റെ സ്നേഹം ഇങ്ങനെ ആയിരുന്നു; നാം ആരും നഷ്ടപെടാതിരിക്കൻ അവിടുന്ന് നമുക്കായി സ്വന്തം ജീവിതം ബലിയായി നൽകി.

ഏശയ്യ പ്രവാചകൻ പറയുന്നപോലെ.. “തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.
അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്‍റെ മേല്‍ ചുമത്തി. അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു. മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്‍റെ ജനത്തിന്‍റെ പാപം നിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്‍റെ തലമുറയില്‍ ആരു കരുതി? അവന്‍ ഒരു അതിക്രമവും ചെയ്തില്ല; അവന്‍റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്‍റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.” (ഏശയ്യാ 53 : 2-12)

മുറിവേറ്റ ക്രിസ്തുവിലേക്ക് നമ്മുടെയൊക്കെ ജീവിതങ്ങൾ ചേർത്തുവയ്ക്കാൻ നമ്മുക്ക് കഴിയണം.

കാൽവരിയിലേക്കുള്ള അവിടുത്തെ അവസാന യാത്ര എന്നത് സഹനങ്ങളുടെ യാത്ര ആയിരുന്നു…

ഈശോയോടൊന്നു ചേർന്ന് നിന്ന് നമുക്കും ഒരുനിമിഷം നിശബ്ദമാക്കാം…

ഈശോയെ ഒന്ന് നോക്കിക്കേ; കൂടെ ഉണ്ടാകും എന്ന് പറഞ്ഞവർ എല്ലാം ഓടി പോയി, തള്ളിപ്പറയില്ല എന്ന് പറഞ്ഞവൻ തള്ളിപ്പറഞ്ഞു, ഏകനായി മരണക്കളത്തിലേക് ഭാരമുള്ള കുരിശുമായി ഈശോ നടന്നു നീങ്ങുമ്പോൾ… എശയ്യ പ്രവാചകൻ പറഞ്ഞപോലെ “മനുഷ്യനെന്നു തോന്നാത്ത വിധം അവൻ വിരൂപൻ ആയിരുന്നു…” അവന്റെ വേദനകളെ പറ്റി ആരും ചിന്തിച്ചില്ല.

ഒരു സൂചി കൊണ്ടാൽ വേദനിക്കുന്നവർ ആണ് നമ്മൾ ഒന്നോർത്തു നോക്കിക്കേ ശിരസ്സിൽ മുൾമുടി… ശരീരം മുഴുവൻ ചമ്മട്ടി അടിയേറ്റ് രക്തം ഒഴുകുന്നു… ശരിക്കും പറഞ്ഞാൽ ഉഴവുചാൽ പോലെ മുറിവേറ്റ ശരീരം… അവന്റെ അസ്ഥികൾ എണ്ണാൻ കഴിയും വിധം അവർ ആ തിരുശരീരം വിരൂപമാക്കി മാറ്റി… അവനെ അവർ പരിഹസിക്കുന്നു… മുഖത്തു തുപ്പുന്നു… ഒരു മനുഷ്യനോടും ചെയ്യാത്ത ക്രൂരത ഈശോയോട് അവർ ചെയ്തു. എങ്കിലും എങ്കിലും അവിടുന്ന് ഒന്നും ഉരിയാടിയില്ല… പിതാവിന്റെ ഇഷ്ടം അത് മാത്രം ആണ് അവിടുന്ന് സ്വപ്‍നം കണ്ടത്…

കാൽവരി യാത്രയിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം… വഴിയരികിൽ മുഴുവൻ ആളുകൾ നിരന്നു നിൽക്കുന്നു അവർക്ക് ഈശോയെ അറിയാം. പക്ഷെ അവർ ആരും ഇപ്പോൾ ഈശോയെ സമീപിക്കുന്നില്ല കാരണം അവൻ നിസ്സഹായനാണ്…
കേവുറീൻ കാരൻ ശിമയോൻ മാത്രം തിരിച്ചറിഞ്ഞു ക്രിസ്തുവിനോട് ചേർന്ന് ജീവിതകുരിശു ചുമക്കുമ്പോൾ ആ കുരിശുകൾ ഒരുപാടു ലഘു ആണെന്ന്…

വേറൊനിക്ക… അവളുടെ സ്നേഹം ഈശോയെ ഒരുപാടു ആശ്വസിപ്പിച്ചു… ഓർശലത്തെ സ്ത്രീകൾ… അവരുടെ വിലാപം അവിടുത്തെ സ്വയം മറക്കാൻ സഹായിച്ചു. പരിശുദ്ധ അമ്മയുടെ കൂടിക്കാഴ്ച ആ രണ്ടു ഹൃദയങ്ങളെയും ഉലച്ചു. ഹൃദയം കൊണ്ടവർ സംസാരിച്ചപ്പോൾ സ്വർഗംപോലും നിശബ്ധം ആയിരുന്നു; കാരണം ക്രിസ്തുവിന്റെ സഹനങ്ങൾ അത്രമേൽ തീവ്രമായിരുന്നു…

കാൽവരിയിൽ എത്തിയപ്പോൾ ക്രൂരതയുടെ മറ്റൊരു ഭാവം നാം കാണുന്നു… അവിടുത്തെ മുറിവേറ്റു ഒട്ടിപിടിച്ച വസ്ത്രങ്ങൾ ഒരു ദയയും ഇല്ലാതെ വലിച്ചു ഊരി എടുക്കുന്നു… ഊഹിക്കാം, ആ വേദനകളുടെ ആഴം.

ക്ഷീണിതനായ ഈശോയെ അവർ ക്രൂശിക്കുന്നതും വളരെ ക്രൂരമായിട്ടായിരുന്നു… കുരിശിലേക്ക് ആ കൈകളും കാലുകളും വലിച്ചു നീട്ടി ആണികൾ അടിച്ചിറക്കിയപ്പോൾ വേദനയുടെ അതി പാരമ്യത്തിൽ ഈശോ എത്തീട്ടുണ്ട്… കരയാൻ ഒരു തുള്ളി കണ്ണുനീർ പോലും അവിടുത്തെ കണ്ണുകളിൽ ഇല്ല… 🥺
വിശപ്പും ദാഹവും എല്ലാം ഉണ്ട് എങ്കിലും തന്റെ ആത്മബലി പൂർത്തിയാക്കിയേ പറ്റു എന്ന് ഈശോക്കറിയാം…
കുരിശിലും അവിടുന്ന് സ്നേഹിച്ചു; അതല്ലേ അവസാന നിമിഷം സ്വർഗം സ്വന്തമാക്കാൻ നല്ല കള്ളന് കഴിഞ്ഞത്. എന്താകാം അവൻ നല്ലവൻ ആയത്… കാരണം അവൻ അവന്റെ തെറ്റുകൾ അറിഞ്ഞിരുന്നു… അവൻ ഈശോയെ അശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നത് തന്നെയാണ്.

ഒരുവന്റെ സഹനങ്ങളിൽ ചേർന്ന് നില്കുന്നവൻ അവനെന്നും നല്ലവൻ ആണ്. ഒരുപക്ഷെ ഈ കള്ളന്റെ സഹതാപം ഈശോയ്ക്കു ഒരല്പം ആശ്വാസം നൽകി എന്ന്ത് ഉറപ്പാണ്. നസറായന്റെ പറുദീസ അവസാന നിമിഷം അവൻ മോഷ്ടിച്ചു സ്വന്തമാക്കി…

തന്റെ മരണത്തിന്റെ നിമിഷങ്ങൾ അടുത്തപ്പോൾ ഈശോ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു. “പിതാവേഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോടു ക്ഷമിക്കേണമേ” എന്ന് പ്രാർത്ഥിക്കാൻ ഈശോയ്ക്ക് കഴിഞ്ഞതും ഈ സ്നേഹം കൊണ്ട് മാത്രം ആണ്…

അവസാനമോ “പിതാവേ അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന പ്രാർത്ഥനയോടെ സ്വയം ജീവൻ ത്യജിച്ചു… സ്നേഹം കാൽവരിയിൽ പൂർണ്ണമായി… നമ്മുടെയൊക്കെ സഹനങ്ങളും കുറവുകളും ഏറ്റെടുത്തുകൊണ്ട് ഈശോ മരിച്ചത്; സ്നേഹം മാത്രം ആയതുകൊണ്ടാണ്…

കാൽവരിയുടെ ദുഃഖം നമ്മുടെ ഹൃദയത്തിലും ഉണ്ടാകട്ടെ.
ക്രൂശിതന്റെ മുറിവേറ്റ ആ ഹൃദയം നമ്മെയും നയിക്കട്ടെ… നമ്മുടെ ജീവിതങ്ങൾ ഈശോയ്ക്ക് ആശ്വാസം നൽകുന്നതാകട്ടെ.
” ക്രൂശിതനായ ഈശോയെ, അങ്ങേ തിരു മുറിവുകൾ എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ” 🥰✝

Advertisements
Advertisements

One thought on “കാൽവരി ✝ = സ്നേഹം

Leave a comment