Mathavinte Vanakkamasam – May 03

മാതാവിന്റെ വണക്കമാസം – മെയ് 03

Mathavinte Vanakkamasam May 03

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം

മൂന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”
(ലൂക്കാ 1:38).

അമലോത്ഭവയായ പരിശുദ്ധ അമ്മ
💙💙💙💙💙💙💙💙💙💙💙💙

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു. ആദിമാതാപിതാക്കള്‍ക്കു ലഭിച്ച ദൈവീകദാനം കേവലം വ്യക്തിപരമായിരുന്നില്ല. മറിച്ച് അവരുടെ സന്താനപരമ്പരകള്‍ക്ക് അനുസ്യൂതമായി പ്രസ്തുത ദാനങ്ങള്‍ ലഭിക്കണമെന്നായിരുന്നു ദൈവികമായ പദ്ധതി. എന്നാല്‍ പാപം ചെയ്തതോടുകൂടി ഈ ദൈവീക ദാനം ആദിമ മാതാപിതാക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടു. അവരുടെ പാപഫലത്തില്‍ നാമും പങ്കാളികളായിത്തീര്‍ന്നു.

ആദിമാതാപിതാക്കന്‍മാരുടെ പാപഫലമായി നമുക്കുണ്ടായ ജന്മസിദ്ധമായ പാപമാണ് ഉത്ഭവപാപം. സാമാന്യാര്‍ത്ഥത്തില്‍, ഉത്ഭവപാപം നമ്മെ സംബന്ധിച്ചിടത്തോളം പാപമെന്നു പറയുവാന്‍ സാധ്യമല്ല. മനുഷ്യവര്‍ഗ്ഗത്തിലേക്ക് മാറ്റപ്പെട്ട ആദത്തിന്‍റെ പാപം മൂലം നമ്മുക്ക് സംഭവിച്ച ദുരവസ്ഥയാണ് ആത്മാവിലെ പ്രസാദവരരാഹിത്യാവസ്ഥ.

എല്ലാ മനുഷ്യരും ഉത്ഭവ പാപത്തോടു കൂടിയാണു ജനിക്കുന്നത് എന്നുള്ള വസ്തുത വി.ഗ്രന്ഥത്തില്‍ നിന്നും വ്യക്തമാകുന്നു. “ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും” (റോമ: 5:17).

പരിശുദ്ധ അമ്മ അമലോത്ഭവയാണെന്നുള്ളതിന്റെ തെളിവുകള്‍ വി.ഗ്രന്ഥത്തില്‍ സുലഭമാണ്. “നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവള്‍ നിന്‍റെ തലയെ തകര്‍ക്കും” (സൃഷ്ടി 3:15) എന്ന വാക്കുകളും ഗബ്രിയേല്‍ ദൂതന്‍റെ അഭിവാദ്യവും പ.കന്യകയുടെ അമലോത്ഭവത്തിനു തെളിവാകുന്നു. പിതാവായ ദൈവം മേരിയെ അതുല്യ ദാനങ്ങളാല്‍ സമലങ്കരിച്ചു. മറിയം അവളുടെ ജനനത്തില്‍ തന്നെ സകല വരപ്രസാദങ്ങളാലും സമലംകൃതയായിരുന്നു.

1854-ല്‍ പരിശുദ്ധ ഒമ്പതാം പീയൂസ് മാര്‍പാപ്പ, പരിശുദ്ധ കന്യകയുടെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 1856-ല്‍ പരിശുദ്ധ കന്യക ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാകുന്നു എന്ന് അരുളിച്ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഭൗതിക വാദത്തിനെതിരായിട്ടുള്ള ഒരു വെല്ലുവിളിയായിരുന്നു അത്.

നമ്മുടെ അനുദിന ജീവിതത്തില്‍ പാപസാഹചര്യങ്ങളും അപകടങ്ങളുമുണ്ട്. പരിശുദ്ധ അമ്മയുടെ പ്രിയപ്പെട്ട മക്കളായ നാം ഓരോരുത്തരും പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുവര്‍ത്തിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തില്‍ നിന്ന്‍ മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മപാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിനു സഹായകരമായിരിക്കും.

സംഭവം
💙💙💙💙

വിശ്വപ്രസിദ്ധമായ ലൂര്‍ദ്ദ് ഇന്ന് ഒരു അത്ഭുത കേന്ദ്രമാണ്. അനുദിനം അനേകം അത്ഭുതങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു ഡോക്ടറായ അലോക്സിസ്കാറല്‍ ഒരു നിരീശ്വരവാദിയായിരിന്നു. ഒരിക്കല്‍ ഒരു ക്ഷയരോഗ ബാധിതനെ ചികിത്സിച്ചു കൊണ്ടിരുന്ന അലോക്സിസ്കാറല്‍ അയാളുടെ രോഗവിമുക്തി അസാദ്ധ്യമാണെന്നും വിധിച്ചു. പക്ഷെ ആ രോഗി ലൂര്‍ദ്ദിലേക്കു ഒരു തീര്‍ത്ഥാടനം നിര്‍വഹിക്കുകയാണ്‌ ചെയ്തത്. അവിടെ നിന്നും തിരിച്ചെത്തിയ രോഗി രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണസൌഖ്യം പ്രാപിച്ചു.

താന്‍ മരണം ഉറപ്പാക്കിയ വ്യക്തിയ്ക്ക് സംഭവിച്ച രോഗമുക്തി പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ച അത്ഭുതമാണെന്ന് അലോക്സിസ് കാറല്‍ അംഗീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു, അന്നത്തെ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം (French Academy of Scientists) അദ്ദേഹത്തെ അവരുടെ സംഘടനയില്‍ നിന്നും ബഹിഷ്കരിച്ചു. എങ്കിലും ഈ അത്ഭുതം അദ്ദേഹം നിഷേധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചെന്ന് വൈദ്യശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെട്ട അദ്ദേഹം നോബല്‍ സമ്മാനാര്‍ഹനായി. അപ്പോൾ ഫ്രഞ്ചു ഗവൺമെന്റും ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ തിരിച്ചുവിളിച്ചു ബഹുമാനിച്ചു.

പ്രാര്‍ത്ഥന
💙💙💙💙

ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാ മറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ. ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയിച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആത്മശരീര വിശുദ്ധി ഞങ്ങളെ അവിടുത്തേക്ക് പ്രിയങ്കരമായി തീര്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements
Advertisements

33 thoughts on “Mathavinte Vanakkamasam – May 03

Leave a comment