ഞാനും ചിലപ്പോൾ നന്നായാലോ…

എത്ര വലിയ പാപിയിലും ഒരു കുഞ്ഞു വിശുദ്ധൻ ഒളിച്ചിരിപ്പുണ്ട് എന്ന് എന്നോട് നിരന്തരം പറഞ്ഞുതരുന്ന എന്റെ ഈശോയെ, എനിക്ക് നിന്നിലുള്ള വിശ്വാസത്തേക്കാൾ അധികമായി നിനക്ക് എന്നിലാണ് വിശ്വാസം എന്ന് തോന്നിപ്പോകാറുണ്ട് ഇടക്കൊക്കെ… ഞാൻ നന്നാകും, ഞാൻ എല്ലാം ശരിയാക്കും, ഞാൻ എല്ലാം തിരുത്തും എന്നൊക്കെ വിശ്വസിച്ചുകൊണ്ട് ഒന്നിന് പുറകെ മറ്റൊന്നായി ഒരായിരം അവസരങ്ങൾ തന്നുകൊണ്ടു ജീവിതത്തിന്റെ ഓരോ കോണിലും നീ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഈശോയെ… കുതിരപ്പുറത്ത് നിന്ന് വീണവനെ കഴുതപ്പുറത്തേറിയവൻ രക്ഷിച്ച സംഭവമൊക്കെ ഒരു മിന്നായം പോലെ മുൻപിലൂടെ പോകുന്നുണ്ട്… ഞാനോരോ പ്രാവശ്യവും സമർത്ഥമായി നീ വിരിച്ച വലയിൽ നിന്നും രക്ഷപെട്ടു ജീവനും കൊണ്ടോടുമ്പോൾ നീ എന്റടുത്തു ഉച്ചത്തിൽ വിളിച്ചുപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “ഓടിക്കോ ഓടിക്കോ, സാവൂളിനെ പിടിച്ചു പൗലോസാക്കാമെങ്കിലാ, പിന്നെ നിന്നെ”… ഈശോയെ, വലിപ്പച്ചെറുപ്പമൊന്നും നോക്കാതെ എല്ലാ തെറ്റുകളുടെയും തിന്മകളുടെയും പിന്നാലെ പായുന്ന എന്റെ ജീവിതത്തിൽ നിന്നെ കാണാൻ കഴിയുന്നതും കേൾക്കാൻ കഴിയുന്നതും തന്നെ എനിക്കത്ഭുതമാണ്… ഭൂമിയുടെ ഇഷ്ടങ്ങൾ മറന്ന് സ്വർഗ്ഗത്തിന്റെ സ്വപ്നങ്ങളെ പുൽകി എനിക്കും യഥാർത്ഥ മാനസാന്തരം സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്… പക്ഷെ, അങ്ങോട്ട് നടക്കുന്നില്ലതൊന്നും… ‘ഈ കൊടും പാപിയായ ഞാനൊക്കെ എങ്ങനെ വിശുദ്ധനാകാനാണ്?’ എന്ന് നിന്നോട് ഒരായിരം തവണ ചോദിച്ചിട്ടുണ്ട്… പക്ഷെ, ഉത്തരം കിട്ടിയത് വിശുദ്ധ അഗസ്തീനോസ് പുണ്യവാളനിൽ നിന്നുമാണ്: “ഒരു ഭൂതകാലമില്ലാത്ത വിശുദ്ധരുമില്ല; ഭാവിയില്ലാത്ത പാപികളുമില്ല”… ഈശോയെ, സാവൂളിനെ മറിച്ചിട്ടു അവനെ കീഴ്പ്പെടുത്തിയതുപോലെ സുന്ദരമായ കുതിരപ്പുറത്തേറി തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന എന്നെയും ഒന്ന് മറിച്ചിടണമെ… ഞാനും ചിലപ്പോൾ നിന്റെ കൃപയാൽ നന്നായാലോ… ഒപ്പം, ഇത്രയും നാൾ ഞാൻ വീണതും എഴുന്നേറ്റതും, എന്തിനായിരുന്നു ആ വീഴ്ച?, ആരായിരുന്നു പിടിച്ചെഴുന്നേൽപ്പിച്ചത്? എന്നൊക്കെ സ്വസ്ഥമായൊന്നു ധ്യാനിക്കാൻ ഇനി വീണുകിടക്കുമ്പോൾ എന്നെ അനുഗ്രഹിക്കേണമേ… ആമേൻ

Advertisements

Leave a comment