The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 25

കൂടാരനിര്‍മാണത്തിന് കാണിക്ക

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 എനിക്ക് ഒരു കാണിക്കസമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്‌സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.3 അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,4 നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,5 ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,6 വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗ ന്ധ വസ്തുക്കള്‍,7 എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക – വൈ ഡൂര്യ രത്‌നങ്ങള്‍.8 ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം.9 ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്.

സാക്ഷ്യപേടകം

10 കരുവേലമരം കൊണ്ട് ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.11 ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്റെ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.12 നാലു സ്വര്‍ണ വളയങ്ങളുണ്ടാക്കി പേടകത്തിന്റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെ ണ്ണം മറുവശത്തും ആയിരിക്കണം.13 കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണംകൊണ്ടു പൊതിയണം.14 പേട കം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം.15 തണ്ടുകള്‍ എപ്പോഴും പേടകത്തിന്റെ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍ നിന്നെടുത്തു മാറ്റരുത്.16 ഞാന്‍ നിനക്കു ത രാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്‌ഷേപിക്കണം.17 ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് ഒരു കൃപാസനം നിര്‍മിക്കണം. അതിന്റെ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.18 കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിക്കണം.19 കൃപാസനത്തിന്റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.20 കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം.21 കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്‌ഷേപിക്കണം.22 അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്, സാക്ഷ്യപേടകത്തിനു മീതേയുള്ളകെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എന്റെ കല്‍പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.

തിരുസാന്നിധ്യ അപ്പത്തിന്റെ മേശ

23 കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം.24 തനി സ്വര്‍ണംകൊണ്ട് അതു പൊതിയുകയും സ്വര്‍ണംകൊണ്ടു തന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം.25 അതിനു ചുറ്റും കൈ പ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം.26 സ്വര്‍ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.27 വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടുപോകത്തക്കവിധം വളയങ്ങള്‍ ചട്ടത്തോടുചേര്‍ന്നിരിക്കണം.28 മേശ ചുമന്നുകൊണ്ടു പോകാനായി കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിയണം.29 താലങ്ങളും തളികകളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണം കൊണ്ടുണ്ടാക്കണം.30 തിരുസാന്നിധ്യത്തിന്റെ അപ്പം എപ്പോഴും എന്റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.

വിളക്കുകാല്‍

31 തനി സ്വര്‍ണംകൊണ്ട് ഒരു വിളക്കുകാലുണ്ടാക്കണം. അതിന്റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഒരേ സ്വര്‍ണത്തകിടില്‍ തീര്‍ത്തതായിരിക്കണം.32 ഒരു വശത്തു നിന്നു മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം.33 ഓരോ ശാഖയിലും ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്പദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.34 വിളക്കുതണ്ടിന്‍മേല്‍ ബദാംപൂവിന്റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം.35 വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം.36 അടിച്ചു പരത്തിയ തനി സ്വര്‍ണത്തിന്റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മിക്കുന്നത്.37 വിളക്കുതണ്ടിന്‍മേലും അതിന്റെ ശാഖകളിന്‍മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്‍പില്‍ പ്രകാശം വീശത്തക്കവിധം സ്ഥാപിക്കണം.38 തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുള്ള വയായിരിക്കണം.39 വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി സ്വര്‍ണംകൊണ്ടു വേണം നിര്‍മിക്കാന്‍.40 മലയില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment