ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!

“എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ.” രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ .

തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബിഷപ്പുമാരും ( ബിഷപ്പ് ജോൺ ഫിഷർ ഒഴികെ), ഭൂരിഭാഗം വൈദികരും, ഉയർന്ന വിദ്യാഭ്യാസമുള്ളവരുമെല്ലാം പോപ്പിന്റെ അധികാരത്തെ തള്ളിപ്പറയുന്ന പ്രതിജ്ഞയെടുക്കാൻ തയ്യാറായപ്പോഴും അദ്ദേഹം തൻറെ നിലപാടിൽ ഉറച്ചുനിന്നു., ഒട്ടും ഭയമില്ലാതെ പറഞ്ഞു, “എന്റെ ആത്മാവ് നിത്യനാശത്തിലേക്ക് പോകത്തക്കവിധം അതിനെ അപകടത്തിലാക്കിക്കൊണ്ട് എനിക്കീ ശപഥമെടുക്കാൻ കഴിയില്ല”.

ലണ്ടനിലാണ് 1478 ഫെബ്രുവരി 6 ന് തോമസ് മൂർ ജനിക്കുന്നത് .അദ്ദേഹത്തിന്റെ പിതാവ് സർ ജോൺ മൂർ അറിയപ്പെടുന്ന ഒരു വക്കീലും ജഡ്ജിയുമായിരുന്നു. മാതാവ് ആഗ്നസ്. 13 വയസ്സുള്ളപ്പോൾ കാന്റർബെറിയിലെ ആർച്ചുബിഷപ്പും ഇംഗ്ലണ്ടിന്റെ ചാൻസലറുമായിരുന്ന കർദ്ദിനാൾ ജോൺ മോർട്ടന്റെ സംരക്ഷണയിൽ പഠിക്കാൻ തുടങ്ങി. അദ്ദേഹത്തിൽ നല്ല മതിപ്പുണ്ടാക്കാൻ തോമസ് മൂറിന് കഴിഞ്ഞതുകൊണ്ട് 1492ൽ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനയച്ചു.

തികഞ്ഞ അച്ചടക്കബോധം പഠിക്കുന്ന കാലം തൊട്ടേ തോമസ് മൂറിന്റെ പ്രത്യേകതയായിരുന്നു. അത്യാവശ്യത്തിനുള്ള പണം മാത്രമേ അദ്ദേഹത്തിന്റെ പിതാവ് കൊടുത്തിരുന്നുള്ളു. പഠനകാലത്ത് സമയം അലസമായി കളയുകയോ വ്യർത്ഥസന്തോഷങ്ങളുടെയോ പാപത്തിന്റെ വഴിയിലൊ പോയിരുന്നില്ലെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും പിൽക്കാലത്ത് അദ്ദേഹം എഴുതി. ഗ്രീക്ക്, ലാറ്റിൻ, ഗണിതം എന്നിവ ഒഴുക്കോടെ കൈകാര്യം ചെയ്യാൻ പഠിച്ച തോമസ് മൂർ വീണ ( ലൂട്ട് ), വിയോള തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കാനും പഠിച്ചു.

1496 ഫെബ്രുവരിയിൽ ലണ്ടനിലേക്ക് തിരിച്ചുപോയി നിയമവിദ്യാർത്ഥി ആയി. 23ആം വയസ്സിൽ ബിരുദമെടുത്ത് പ്രാക്ടീസ് തുടങ്ങി. അക്കാലത്ത് ചില ആശ്രമങ്ങളിൽ താമസിച്ച് സ്വായത്തമാക്കിയ ഭക്തി, വിരക്‌തി, ലാളിത്യം ഒക്കെ പിൽക്കാലത്തുടനീളം മൂറിന്റെ ജീവിതത്തിൽ പ്രതിഫലിച്ചു.

ബക്കിൾസ്ബറിയിൽ താമസമാക്കി , 1505ൽ ജെയിൻ കോൾട്ടിനെ വിവാഹം ചെയ്തു . 1510 ൽ ജെയിൻ മരിക്കുമ്പോൾ അവർക്ക് 4 മക്കൾ ഉണ്ടായിരുന്നു, മാർഗ്ഗരറ്റ്, എലിസബത്ത്, സിസിലി എന്നിവർ പെൺമക്കളും പിന്നെ ജോൺ എന്ന മകനും . പിന്നീട് തന്നെക്കാൾ 7 വയസ്സ് അധികമുള്ള, വേറെ മക്കളുണ്ടായിരുന്ന ആലീസ് മിഡിൽടൺ എന്ന വിധവയെ വിവാഹം കഴിച്ചു. ” അവൾ അവനെക്കാൾ ചെറുപ്പമോ സുന്ദരിയോ ഒന്നും ആയിരുന്നില്ലെങ്കിലും നല്ല ചുറുചുറുക്കുള്ള മിടുക്കിയായ വീട്ടമ്മ ആയിരുന്നു, അവളെക്കാൾ നല്ലൊരു യുവതി വേറെയില്ലെന്ന അത്ര സന്തോഷകരമായാണ് അവൻ അവളോടൊത്ത് കഴിഞ്ഞിരുന്നത് ” പ്രശസ്ത പണ്ഡിതനും മൂറിന്റെ അടുത്ത സുഹൃത്തുമായ ഇറാസ്മസ് എഴുതിയിരുന്നു.

കുറച്ചുകൊല്ലം കഴിഞ്ഞ് വരുമാനം കൂടിയപ്പോൾ തെംസ് നദീതീരത്തുള്ള ചെൽസിയിലേക്ക് താമസം മാറി. പിന്നീട് മരിക്കുന്നതുവരെ അവിടെയായിരുന്നു. കലാസാംസ്‌കാരിക, പഠന വേദിയായി മാറിയ ആ ഭവനത്തിൽ കളിയും ചിരിയും നിറഞ്ഞുനിന്നു. കുട്ടികളെ ഗ്രീക്ക്, ലാറ്റിൻ, തർക്കശാസ്ത്രം, തത്വശാസ്ത്രം, ദൈവശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എല്ലാം പഠിപ്പിച്ചു. അതേസമയം മൂറിന്റെ കഴിവുകൾ സമൂഹത്തിൽ തിരിച്ചറിയപ്പെട്ട് തസ്തികകളിൽ ഉയർന്നുയർന്നു പൊയ്ക്കൊണ്ടിരുന്നു. 26 വയസ്സുള്ളപ്പോൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) തോമസ് മൂർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

ഇങ്ങനെ , രാജാവ് കൊടുക്കുന്ന സ്ഥാനമാനങ്ങളിൽ മതിമറന്നുപോകുന്ന ആളൊന്നും ആയിരുന്നില്ല തോമസ് മൂർ . “മോനെ റോപ്പേർ” , മരുമോനോട് അദ്ദേഹം പറഞ്ഞു, “എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി “. ഫലിതപ്രിയനും നർമ്മരസമുള്ള സംഭാഷണങ്ങൾക്ക് പ്രസിദ്ധനും ആയിരുന്നു മൂർ.

1516ൽ മൂർ ഉട്ടോപ്പ്യ എന്ന തൻറെ പുസ്തകം വഴി മൂർ കൂടുതൽ പ്രശസ്തനായി, എല്ലാ കാലത്തെ മഹത്തായ സാഹിത്യരചനകൾ എടുത്താലും വേറിട്ട് നിൽക്കുന്ന പുസ്തകം. പക്ഷെ, അദ്ദേഹത്തെ കൂടുതൽ വ്യത്യസ്തനാക്കുന്നത് അസാധാരണ ധിഷണാശക്തിയേക്കാളും ഉയർന്ന സ്ഥാനങ്ങളെക്കാളും അദ്ദേഹത്തിന്റെ മനുഷ്യത്വമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നേരെ അലിവും ആദരവും സമചിത്തതയും ഉദാരമനസ്കതയുമെല്ലാമുള്ള ആളായിരുന്നു. തനിക്കായി സമ്പാദിച്ചു വെക്കാൻ മൂർ മെനക്കെട്ടില്ല . മിച്ചം വരുന്നതൊക്കെ ആവശ്യക്കാർക്ക് കൊടുത്തു.

“അവന്റെ അനുകമ്പക്ക് അതിരില്ലായിരുന്നു” ഒരു സുഹൃത്ത് എഴുതി, “നിർദ്ധനരായ മനുഷ്യർക്ക് ഒരു വ്യത്യാസവും കരുതാതെ പതിവായും സമൃദ്ധമായും കൈ നിറച്ചു കൊടുക്കുന്നത്‌ അതിന്റെ തെളിവാണ് . അദ്ദേഹം തന്നെ നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ പാവങ്ങൾ താമസിക്കുന്നിടത്ത് പോയി സുഖവിവരം തിരക്കി. പാവപ്പെട്ട അയൽക്കാരെ സ്വന്തം ഭക്ഷണമേശകളിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. ചെൽസി ഇടവകയിൽ ഒരു വീട് വാടകക്കെടുത്ത് പാവപ്പെട്ടവരെയും വൃദ്ധരെയും അനാഥരെയുമെല്ലാം അവിടെ പാർപ്പിച്ച് സ്വന്തം ചിലവിൽ അവരുടെ കാര്യങ്ങൾ നോക്കിയിരുന്നു”.

അദ്ദേഹത്തിന്റെ നർമ്മബോധം മരിക്കുന്ന നിമിഷം വരെ കൂടെയുണ്ടായിരുന്നു. “ചെറുപ്പം തൊട്ടേ നർമ്മോക്തിയുള്ള നേരമ്പോക്ക് പറയാൻ അവൻ മിടുക്കനായിരുന്നു. ഒന്നിന് പുറകെ ഒന്നായി അതിങ്ങനെ ഉണ്ടാക്കാനാണ് അവനീ ഭൂമിയിൽ വന്നതെന്ന് വരെ തോന്നാറുണ്ട്” . ഇറാസ്മസ് പറഞ്ഞു.

“അദ്ദേഹത്തിലെ എല്ലാ നല്ല കാര്യങ്ങളുടെയും അടിവേരും ഉത്ഭവവും , അഗാധമായ ദൈവഭക്തിയിൽ നിന്നും മനസാക്ഷി കളങ്കമില്ലാതെയും സത്യസന്ധമായും സൂക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിൽ നിന്നുമായിരുന്നു”, റോപ്പർ പറഞ്ഞു. കാർത്തൂസിയൻ സന്യാസികളിൽ നിന്ന് പഠിച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിതകാലം മുഴുവൻ മൂർ അനുവർത്തിച്ചുപോന്നിരുന്നു.

പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റിരുന്ന തോമസ് മൂർ പ്രാർത്ഥനയും പണികളുമൊക്കെമായായി ഏഴുമണി വരെ ചിലവഴിച്ചു. ശരീരത്തോട് ചേർന്ന് , കൂർത്തു തറച്ചുകയറുന്ന മുടികൾ നിറഞ്ഞ ഒരു ഷർട്ട് (ഹെയർ ഷർട്ട് ) പ്രായശ്ചിത്തപ്രവൃത്തികളുടെ ഭാഗമായി എപ്പോഴും ധരിച്ചു, ചാൻസലറുടെ വേഷത്തിനടിയിൽ പോലും. എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു, മരിയൻ നമസ്കാരങ്ങൾ ചൊല്ലി ( The little office of our Lady) . സന്യാസികളെപോലെ ലളിതജീവിതം നയിക്കാൻ ഇഷ്ടപ്പെട്ട തോമസ് മൂറിന് ധനത്തോടോ അധികാരത്തോടോ ഒട്ടും ആസക്തിയില്ലായിരുന്നു. “തൂവൽക്കിടക്കയോടെ സ്വർഗ്ഗത്തിൽ പോകാമെന്നു വിചാരിക്കരുത് ” എന്ന് മക്കളോട് പറയുമായിരുന്നു. ദൈവത്തോടൊപ്പം , സദാ ദൈവവിചാരത്തോടെ നടന്ന ഒരു മനുഷ്യൻ.

ലോർഡ് ചാൻസലർ ആയതിൽ പിന്നെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. മരിച്ചുപോയ സഹോദരന്റെ ഭാര്യയായിരുന്ന ആരഗോണിലെ കാതറിനെ, പോപ്പിന്റെ സമ്മതത്തോടെ വിവാഹം കഴിച്ച ഹെൻറി എട്ടാമൻ രാജാവ് പതിനെട്ടു വർഷങ്ങൾക്ക് ശേഷം ആൻ ബോളീൻ എന്ന യുവതിയെ കണ്ടപ്പോൾ കാതറീനെ വിവാഹമോചനം ചെയ്യാൻ ആഗ്രഹിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം . പക്ഷെ റോമിൽ നിന്ന് അനുവാദം കിട്ടിയില്ലെന്നു മാത്രമല്ല അവർ അതിനെപ്പറ്റി പഠിക്കാനായി സമയമെടുത്തു. കുപിതനായ രാജാവ് റോമിൽ നിന്നും ഇംഗ്ലണ്ടിലെ സഭയെ വിച്ഛേദിക്കാൻ തൻറെ സെക്രട്ടറിയും കൗൺസിലറും ഒക്കെയായ തോമസ് ക്രോംവെല്ലിനോട് മാർഗ്ഗങ്ങൾ തേടി. ഇംഗ്ലണ്ടിലെ പുരോഹിതഗണത്തോട് രാജാവിനെ ഇംഗ്ലണ്ടിലെ സഭയുടെ സംരക്ഷകനും പരമോന്നതതലവനായി കാണാനും അംഗീകരിക്കാനും നിർബന്ധം തുടങ്ങി .

അതേ വർഷം തോമസ് ക്രാൻമെറിയെ കാന്റർബെറിയുടെ ആർച്ച് ബിഷപ്പായി വാഴിച്ചു . അദ്ദേഹം കാതറീനുമായുള്ള രാജാവിന്റെ വിവാഹം അസാധുവായി പ്രഖ്യാപിച്ചു. 1533 ജനുവരി 25ന് ഹെൻറി എട്ടാമൻ രാജാവ് ആൻ ബോളീനെ വിവാഹം കഴിച്ചു, പുതിയ രാജ്ഞിയാക്കി . തോമസ് മൂർ രാജ്ഞിയുടെ കിരീടധാരണചടങ്ങിൽ നിന്നും വിട്ടുനിന്നു. തോമസ് മൂറിനെ ഒഴിവാക്കാൻ പുതിയ രാജ്ഞി രാജാവിനോട് നിർബന്ധിച്ചു.

1534 മാർച്ചിൽ ക്ലമന്റ് ഏഴാമൻ പാപ്പ കാതറീനുമായുള്ള ഹെന്റി രാജാവിന്റെ വിവാഹം ഇപ്പോഴും നിലനിൽക്കുന്നതായി വിധിച്ചു. മാർച്ച് 30 ആയപ്പോഴേക്ക് ഇംഗ്ലീഷ് പാർലിമെന്റ് പുറപ്പെടുവിച്ച പിന്തുടർച്ചാവകാശ നിയമം വഴി , രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും , ഹെൻറിയുടെയും കാതറീന്റെയും വിവാഹം ശരിയായിട്ടുള്ളതല്ലെന്നും രാജാവിന്റെയും ആനിന്റെയും മക്കൾ ആയിരിക്കും രാജസിംഹാസനത്തിന് അവകാശികളെന്നും പ്രതിജ്ഞ ചെയ്ത് സമ്മതിക്കണമെന്ന് അറിയിപ്പ് വന്നു.

1534 ഏപ്രിൽ 13ന് തോമസ് മൂറിനെ വിളിപ്പിച്ചു . പ്രതിജ്ഞ എടുക്കാൻ വിസമ്മതിച്ച മൂറിനെ ലണ്ടൻ ടവറിൽ തടവിലാക്കി. ആ സമയത്താണ് തൻറെ മാസ്റ്റർപീസ് ആയ Dialogue of Comfort against Tribulation എന്ന പുസ്തകം എഴുതിയത്.

തുടക്കത്തിൽ മൂറിന് ഒരു വേലക്കാരനെയും പുസ്‌തകങ്ങളും മറ്റു സൗകര്യങ്ങളുമൊക്കെ കൊടുത്തിരുന്നു. തടവിലായിരിക്കുന്ന അദ്ദേഹത്തെ സ്വാധീനിച്ചു തനിക്കനുകൂലമായി മനസ്സുമാറ്റുമെന്ന പ്രതീക്ഷയിൽ മൂറിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്ക കാണാനും സംസാരിക്കാനും രാജാവ് അനുവദിച്ചു. ഉദ്യോഗസ്ഥർ വന്നുകണ്ട് രാജാവിനനുകൂലമായി സംസാരിച്ചു.

രക്ഷയില്ലാതെ , 1534 ൽ തോമസ് മൂറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി , സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. ജയിലിൽ അനുഭവിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം പിൻവലിച്ചു. പേനയും പേപ്പറും പോലും എടുത്തുകൊണ്ടുപോയപ്പോൾ തനിക്ക് പ്രിയപ്പെട്ടവർക്ക് സന്ദേശമെഴുതാൻ അദ്ദേഹം കരി ഉപയോഗിച്ചു.ശാന്തനും അചഞ്ചലനുമായി നിലകൊണ്ട അദ്ദേഹം പ്രിയപ്പെട്ട മകൾ മാർഗരറ്റിന് എഴുതി, ” എനിക്കുള്ളതിൽ കൂടുതലൊന്നും ഭൗതികനന്മകൾ എനിക്കാവശ്യമില്ല….തൻറെ എളിയ പ്രാർത്ഥനകളിൽ നിങ്ങളെയൊന്നും മറക്കാത്ത , നിങ്ങളുടെ പ്രിയ പിതാവ് കരി കൊണ്ട് എഴുതിയത് ….നമ്മുടെ കർത്താവ് എന്നെ എപ്പോഴും സത്യത്തിലും വിശ്വസ്തതയിലും നിലനിർത്തുന്നു”.

ഫെബ്രുവരി 1, 1535ൽ പിന്തുടർച്ചാവകാശ നിയമം ഇംഗ്ലണ്ടിൽ നിലവിൽ വന്നു. റോമിൽ നിന്ന് ബന്ധം വിച്ഛേദിച്ച് , ഇംഗ്ലണ്ടിലെ സഭയുടെ പരമോന്നതനേതാവ് രാജാവ് മാത്രമായി . അതിൽ അഭിപ്രായം പറയാൻ തോമസ് ക്രോംവെൽ തോമസ് മൂറിനെ വിളിപ്പിച്ചു. നിശബ്ദനായിരുന്നാൽ കുറ്റം വിധിക്കാൻ കഴിയില്ലെന്നറിയാമായിരുന്ന തോമസ് മൂർ ഒന്നും മിണ്ടിയില്ല. മെയ് 4ന് , രാജകല്പന അനുസരിക്കാതിരുന്ന 3 കാർത്തൂസിയൻ സന്യാസികളെയും ഒരു സന്യാസിനിയെയും വധശിക്ഷക്കായി മനഃപൂർവ്വം തോമസ് മൂറിന്റെ ജനലിനു മുന്നിൽക്കൂടെ ‘ആഘോഷപൂർവ്വം’ നടത്തിക്കൊണ്ടുപോയി . ജൂൺ 22 ന് ടവർ ഹില്ലിൽ വെച്ച് മൂറിന്റെ സുഹൃത്തായിരുന്ന ബിഷപ്പ് ജോൺ ഫിഷറിന്റെ തലയറുത്തു (ഇന്ന് അദ്ദേഹത്തിന്റെയും അനുസ്മരണദിനമാണ് ).

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ജൂലൈ ഒന്നിന് വ്യാജവിചാരണ നടത്തപ്പെട്ടു. സർ റിച്ചാർഡ് റിച്ച് തോമസ് മൂറിനെതിരായി കള്ളസാക്ഷ്യം പറഞ്ഞു. അയാൾ കള്ളം പറയുകയാണെന്ന് മൂർ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തപ്പെട്ട് തൂക്കിക്കൊല്ലാനും അംഗഛേദം ചെയ്യാനും വിധിച്ചു.

വിധി കേട്ടപ്പോൾ ഇതായിരുന്നു മൂറിന്റെ അതിശയകരമായ പ്രതികരണം ,

“വിശുദ്ധ സ്തെഫനോസിന്റെ മരണത്തിനു വിശുദ്ധ പൗലോസ് അപ്പസ്തോലൻ സന്നിഹിതനാവുകയും കൂട്ടുനിൽക്കുകയും ചെയ്തു, പക്ഷെ രണ്ടുപേരും ഇന്ന് സ്വർഗത്തിൽ വിശുദ്ധപദവിയിലാണ്. അതുകൊണ്ട് ഞാൻ വിശ്വസിക്കുകയും ഹൃദയപൂർവം പ്രസ്താവിക്കുകയും ചെയ്യുന്നു, ഇന്ന് നിങ്ങൾ ഭൂമിയിലെ ന്യായാധിപന്മാരായി എന്നെ വിധിക്കുന്നു , സ്വർഗ്ഗത്തിൽ നമ്മുടെ നിത്യസൗഭാഗ്യത്തിൽ ആനന്ദത്തോടെ നമ്മളെല്ലാം വീണ്ടും കണ്ടുമുട്ടട്ടെ “.

പിന്നീട് ടവറിൽ വെച്ചു മൂറിനോട് പറഞ്ഞു , വിധി ശിരച്ഛേദത്തിലേക്ക് മാറ്റി എന്ന്. വഴിമധ്യേ മാർഗരറ്റിനോട് യാത്ര പറഞ്ഞത് കണ്ണീർകാഴ്ചയായി. ജൂലൈ 5 ന് അവസാനസന്ദേശവും താൻ ധരിക്കാറില്ല ഹെയർ ഷർട്ടും അവൾക്ക് കൊടുത്തുവിട്ടു.

ജൂലൈ ആറിന് തൻറെ ഏറ്റവും നല്ല സ്യൂട്ടണിഞ്ഞ് തൻറെ ശിരച്ഛേദം നടക്കാൻ പോകുന്ന ടവർഹില്ലിലേക്ക്, കയ്യിൽ ഒരു കുരിശും പിടിച്ച് സർ തോമസ് മൂർ നടന്നു. ലണ്ടൻ നഗരം മുഴുവൻ എത്തിയിട്ടുണ്ട് ശിക്ഷ നടപ്പാക്കുന്നത് കാണാൻ. വധിക്കുന്നതിനു മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ” നിങ്ങൾ എനിക്ക് വേണ്ടിയും രാജാവിനുവേണ്ടിയും പ്രാർത്ഥിക്കണം , ഞാൻ നിങ്ങള്ക്ക് വേണ്ടിയും പ്രാർത്ഥിക്കും. പരിശുദ്ധകത്തോലിക്കാസഭക്ക് വേണ്ടി ഞാൻ മരിക്കുന്നതിന് നിങ്ങൾ സാക്ഷികളാകണം . ഞാൻ രാജാവിന്റെ നല്ല സേവകനാണ് …. പക്ഷെ ആദ്യം ദൈവത്തിന്റെ “.

മുട്ടിൽനിന്ന് ” കർത്താവേ , പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ” എന്ന് പ്രാർത്ഥിച്ചു. പിന്നെ ആരാച്ചാരന്മാരോട് പറഞ്ഞു , “ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”.

അവസാനനിമിഷം വരേയ്ക്കും തോമസ് മൂർ സന്തോഷവാനായിരുന്നു. നർമ്മഭാവന അപ്പോഴും വിട്ടുകളഞ്ഞില്ല . വധയന്ത്രത്തിലേക്ക് നയിക്കുന്ന ആളോട് അദ്ദേഹം പറഞ്ഞു , ” എന്നെ മേലെ എത്താൻ ഒന്ന് സഹായിച്ചേക്ക്, പിന്നേ താഴേക്ക് വരുന്നത്‌ ഞാൻ തനിയെ പോന്നോളും”. തല വെട്ടാനുള്ള സ്ഥാനത്തു വെച്ചിട്ട് ആരാച്ചാരോട് പറഞ്ഞു , ” ഒരു നിമിഷം , എന്റെ താടിമീശ ഒന്ന് മാറ്റിക്കോട്ടെ . അത് ഒരു രാജ്യദ്രോഹക്കുറ്റമൊന്നും ചെയ്യാത്തതുകൊണ്ട് അതിനെ വെട്ടിയാൽ കഷ്ടാവും “.

ആരാച്ചാർ കഴുത്തുവെട്ടി . തല നിശ്ചലമാകും വരെ അദ്ദേഹം ” ഈശോ , ഈശോ” എന്നുരുവിട്ടു. ഘാതകർ മുടിയിൽ പിടിച്ച് ശിരസ്സ് പൊക്കിക്കാണിച്ചു.

1886ൽ ലിയോ പതിമൂന്നാമൻ പാപ്പ തോമസ് മൂറിനെ വാഴ്ത്തപ്പെട്ടവനായും പിന്നീട് പീയൂസ് ഒൻപതാം പാപ്പ 1935 മെയ് മാസത്തിൽ അദ്ദേഹത്തെയും ഒപ്പം ജോൺ ഫിഷറിനെയും വിശുദ്ധരായയും പ്രഖ്യാപിച്ചതിനൊപ്പം വക്കീലന്മാരുടെ മധ്യസ്ഥനായി വിശുദ്ധ തോമസ് മൂറിനെ ഉയർത്തുകയും ചെയ്തു.

സത്യസന്ധതയുടെ ആദ്യത്തെയും അവസാനത്തെയും വാക്കായിരുന്നു വിശുദ്ധ തോമസ് മൂർ . ന്യായവിസ്താരത്തിനു അദ്ദേഹത്തെ താറടിക്കാൻ എല്ലാ പഴുതും നോക്കുമ്പോൾ പോലും , ” തികഞ്ഞ ആത്മാർത്ഥത , അനന്തമായ കരുണ, പൂർണ്ണമായ വിവേകം ” ഇത് മാത്രമേ കിട്ടിയുള്ളു. മരിച്ചതിനുശേഷം ഒരു നൂറ്റാണ്ടോളം നടന്ന കത്തോലിക്കാവിരുദ്ധ പ്രചാരണത്തിനുപോലും മഹാനായ നീതിമാൻ , കരുണയുള്ള ന്യായാധിപൻ , പാവങ്ങളുടെ സ്നേഹിതൻ എന്നീ നിലകളിൽ ലണ്ടനിലെ ജനങ്ങളുടെ മനസ്സിലുള്ള അദ്ദേഹത്തിനുള്ള സ്ഥാനവും ഓർമകളും മായ്ക്കാൻ കഴിഞ്ഞില്ല .

രക്തസാക്ഷി ആയിരുന്നില്ലെങ്കിൽ പോലും വിശുദ്ധനാകേണ്ടവനായിരുന്നു സർ തോമസ് മൂർ എന്നാണു പൊതുവെയുള്ള അഭിപ്രായം .

“അങ്ങയോട് ചേർന്നുനിൽക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം തരണേ നാഥാ : ശുദ്ധീകരണസ്ഥലത്തിലെ കഷ്ടപ്പാടൊഴിവാക്കാനല്ല , നരകത്തിലെ പീഡകൾ ഒഴിവാക്കാനുമല്ല , എന്റെ കയറ്റുമതിക്കനുസൃതമായി സ്വർഗ്ഗത്തിലെ സന്തോഷങ്ങൾ മുഴുവൻ നേടാനുമല്ല , അങ്ങയോടുള്ള സ്നേഹത്തെപ്രതി മാത്രം “.

എവിടെയായിരുന്നാലും വിശുദ്ധ തോമസ് മൂർ ദൈവത്തോട് വിശ്വസ്തനായിരുന്നു , ഭവനത്തിലും , പണ്ഡിതന്മാരുടെയും വക്കീലുമാരുടെയും ഇടയിലും , ന്യായാസനത്തിലിരുന്നു വിധി നടത്തുമ്പോഴും , കൗൺസിൽ മുറിയിലും , രാജകൊട്ടാരത്തിലും .. എവിടെയും ..

ജിൽസ ജോയ് ✍️

Advertisements
St. Thomas More
Advertisements

One thought on “ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!

Leave a comment