Thursday of week 12 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

23 Jun 2022

Thursday of week 12 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 28:8-9

കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും
തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.
കര്‍ത്താവേ, അങ്ങേ ജനത്തെ സംരക്ഷിക്കണമേ.
അങ്ങേ അവകാശത്തെ അനുഗ്രഹിക്കുകയും
അവരെ എന്നും നയിക്കു കയും ചെയ്യണമേ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങേ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 രാജാ 24:8-17
യഹോയാക്കിനെയും എല്ലാ ദേശമുഖ്യന്മാരെയും ബാബിലോണ്‍ രാജാവ് തടവുകാരാക്കി കൊണ്ടുപോയി.

രാജാവാകുമ്പോള്‍ യഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ. അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിന്റെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ചു. അക്കാലത്ത്, ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു. നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവന്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു. യൂദാരാജാവായ യഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും കൊട്ടാരത്തിലെ സേവകന്മാരെയും അവന് അടിയറവച്ചു. ബാബിലോണ്‍ രാജാവ് തന്റെ എട്ടാം ഭരണവര്‍ഷം അവനെ തടവുകാരനാക്കുകയും ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍ രാജാവായ സോളമന്‍ കര്‍ത്താവിന്റെ ആലയത്തിനു വേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതുപോലെ തന്നെയാണ് ഇതു സംഭവിച്ചത്. ജറുസലെം നിവാസികള്‍, പ്രഭുക്കന്മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്‍പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍ മാത്രം ദേശത്ത് അവശേഷിച്ചു. യഹോയാക്കിനെയും അവന്റെ അമ്മയെയും പത്‌നിമാരെയും സേവകന്മാരെയും ദേശമുഖ്യന്മാരെയും അവന്‍ ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശില്‍പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്മാരും യുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു. ബാബിലോണ്‍ രാജാവ് യഹോയാക്കിന്റെ പിതൃസഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 79:1-2,3-5,8,9

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!

ദൈവമേ, വിജാതീയര്‍ അങ്ങേ അവകാശത്തില്‍ കടന്നിരിക്കുന്നു;
അവര്‍ അങ്ങേ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും
ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു.
അവര്‍ അങ്ങേ ദാസരുടെ ശരീരം ആകാശപ്പറവകള്‍ക്കും
അങ്ങേ വിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!

അവരുടെ രക്തം ജലംപോലെ ഒഴുക്കി.
അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
കര്‍ത്താവേ, ഇത് എത്രകാലത്തേക്ക്?
അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ?
അവിടുത്തെ അസൂയ അഗ്നിപോലെ ജ്വലിക്കുമോ?

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!

ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍
ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങേ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!

ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ദൈവത്തിൻ്റെ വചനം സജീവവും ഊർജ്ജസ്വലവും ആണ്; ഇരുതല വാളനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധി ബന്ധങ്ങളിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.

അല്ലേലൂയ!

സുവിശേഷം

മത്താ 7:21-29
അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍.
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 145:15

കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.

Or:
യോഹ 10:11,15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s