അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്…

‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ’ (സങ്കീ 19:12-13)

അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്?

നമ്മൾ ഈ ലോകത്ത് ഒരിക്കൽ മാത്രം ജീവിച്ചു മറഞ്ഞുപോകുന്നു. അതിലെ തിരഞ്ഞെടുപ്പുകൾ നിസ്സാരങ്ങളല്ല. ലാസറിനെ ഗൗനിക്കാതിരുന്ന ധനവാനോ, എണ്ണ കരുതി വെക്കാതിരുന്ന കന്യകകളോ, താലന്ത് ഉപയോഗിക്കാതെ മറച്ചുവെച്ചവനോ, അക്ഷന്തവ്യങ്ങളായ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തതായി തിരുവചനം എടുത്തുപറയുന്നില്ല. തെറ്റ് ചെയ്തില്ലെങ്കിലും, ചെയ്യേണ്ടത് ചെയ്തില്ല. നിസ്സംഗത!! അതായിരുന്നു അവർക്കൊക്കെ പറ്റിയ തെറ്റ് എന്ന് നമുക്കറിയാം. അത് മാത്രമാണോ?അതെങ്ങനെയാണ് സംഭവിച്ചത് ?

ദൈവഹിതം അറിയാനോ അനുസരിക്കാനോ അവർ മെനക്കെട്ടില്ല എന്ന വലിയൊരു തെറ്റുണ്ട് അതിന്റെ പിന്നിൽ. അവർ ദൈവസ്വരം കേൾക്കുന്നവർ ആയിരുന്നില്ല ! ആയിരുന്നെങ്കിൽ അവർ ചെയ്യേണ്ടതെന്തെന്ന് അവർ അറിയുമായിരുന്നു…നമ്മൾ ചെയ്യേണ്ടിയിരുന്ന, പക്ഷേ ശ്രദ്ധിക്കാതെ പോകുന്ന പല സംഗതികളും നമ്മളെ പിടിച്ചുനിർത്തി ചെയ്യിപ്പിക്കുന്നവനും ചെയ്യരുതാത്തത് ഇപ്പൊ നിർത്തിക്കോണം എന്ന് പറഞ്ഞ് തടയിടുന്നവനുമാണ് ദൈവം. അതല്ലേ ഈ ദൈവഹിതം ചെയ്യുക എന്ന് പറഞ്ഞാൽ? പക്ഷേ അതറിയണമെങ്കിൽ, ‘അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് ‘ നമ്മൾ ദൈവകൃപയാൽ സംരക്ഷിക്കപ്പെടണമെങ്കിൽ ദൈവമുമായി നമുക്ക് ഒരു കണക്ഷൻ ഉണ്ടായിരിക്കണം. ലൌകികകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചുനടന്നാൽ അതറിയാൻ പറ്റില്ല.

നമ്മുടെ മേന്മ കൊണ്ടാണോ നമ്മൾ തിന്മയിൽ നിന്ന് അകന്നുമാറുകയും വിശുദ്ധിയിൽ നടക്കുകയും ചെയ്യുന്നത്? അല്ല. ദൈവദാനമാണത്. ഞാൻ ഇനിമുതൽ തെറ്റ് ചെയ്യില്ല എന്ന് വിചാരിച്ചതുകൊണ്ട് ഒന്നും ആകുന്നില്ല. ദൈവത്തോട് ചേർന്നു നിൽക്കണം എന്നത് നമ്മുടെ തീരുമാനം തന്നെയാണ്. ശരി. പക്ഷേ പ്രലോഭനത്തിൽ വീണുപോകാനും അറിയാതെ പോലും തെറ്റ് ചെയ്യാനും ചാൻസുണ്ട്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമേ വിശുദ്ധിയിൽ നിലനിൽക്കാൻ സാധിക്കൂ.

തെറ്റ് തെറ്റാണെന്ന് അറിവുള്ളപ്പോഴാണ് അത് പാപമാകുന്നതെന്ന് നമുക്കറിയാം. പക്ഷേ അന്ത്യവിധിയിൽ ചിലപ്പോൾ നമ്മുടെ നിസ്സംഗതക്കോ അജ്ഞതക്കോ ഇളവ് ലഭിച്ചെന്നു വരില്ല. അജ്ഞത എന്നത് എല്ലാ കാര്യങ്ങളിലും ഒരേപോലെ apply ചെയ്യരുത് ട്ടോ. ഈശോയെക്കുറിച്ച് ഒന്നുമറിയാതെ അജ്ഞരായി ജീവിക്കുന്ന മനുഷ്യർക്ക് ( നമ്മൾ ഈശോയെ പറ്റി പറയാത്തത് മൂലം അവനെ അറിയാത്ത മറ്റ് മതക്കാരും രാജ്യക്കാരുമൊക്കെ ), അവനെ നന്നായറിയുന്ന നമ്മളെക്കാൾ ദൈവസന്നിധിയിൽ ഇളവ് ലഭിച്ചെന്നു വരും. കാരണം അവർ അവനെ അറിയാത്തത് അവരുടെ തെറ്റ് മൂലമല്ല. അതൊന്നുമല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. അവന്റെ ജനമെന്നു ഊറ്റം കൊള്ളുന്ന നമ്മൾ അവന്റെ ഇഷ്ടം അറിയാനോ അനുസരിക്കാനോ കൂട്ടാക്കാതെ, ‘നമ്മൾ മനുഷ്യരല്ലേ, മനുഷ്യർ ഇങ്ങനെയൊക്കെയല്ലേ’ എന്നും പറഞ്ഞ് നമുക്ക് തന്നെ ഇളവ് അനുവദിച്ച് ജീവിച്ചു പോയാലത്തെ കുഴപ്പമാണ്.

ഒരു വ്യക്തി ഹൃദയപൂർവ്വം അനുതപിക്കുമ്പോൾ ദൈവസേവനത്തിന് സ്വയം സമർപ്പിക്കുകയാണ്. അവിടത്തെ കല്പനയും തിരുഹിതവും അനുസരിച്ച്, അവന്റെ കാലടികളിലൂടെ നടക്കാൻ തീരുമാനമെടുക്കുകയും നമ്മളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നു.ഈശോയെ അറിയാനും അവന്റെ ഹിതം അനുസരിക്കാനും എപ്പോഴും അവന്റെ കമ്പനിയിൽ ആയിരിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ഒരാൾ കൂടി നമ്മളോടൊപ്പം കൂടുന്നു. അതാണ്‌ പരിശുദ്ധാത്മാവ്. ( ത്രിത്വം ഒന്നിച്ചു നമ്മിൽ വാസമുറപ്പിക്കുന്നുമുണ്ട് ) ഹോളി സ്പിരിറ്റ്‌ നമ്മുടെ സഹായകനും ഗൈഡും അധ്യാപകനും അഡ്വക്കേറ്റും ഒക്കെയാണ്.കൂദാശാധിഷ്ഠിത ജീവിതത്തിലൂടെയും പ്രാർത്ഥനയിലൂടെയും തിരുവചനവായനയിലൂടെയും നമ്മൾ ഈശോയോട് ചേർന്നുനിൽക്കുമ്പോൾ, നമ്മുടെ ജീവിതം പ്രകാശമാനമാകാൻ തുടങ്ങും. പരിശുദ്ധാതമാവിലൂടെ ദൈവഹിതം വെളിപ്പെട്ടു കിട്ടാനും നമ്മുടെ ജീവിതം അവനാൽ നിയന്ത്രിക്കപ്പെടാനും തുടങ്ങും.

‘അങ്ങ് ജ്ഞാനത്തേയും അങ്ങയുടെ പരിശുദ്ധാത്മാവിനേയും ഉന്നതത്തിൽ നിന്ന് നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും ! ( ജ്ഞാനം 9:17)

ഈശോയെ എത്രക്ക് അറിയുന്നോ, നമുക്കവനോടുള്ള സ്നേഹം, അത്രക്കും നമ്മളെ രൂപാന്തരപ്പെടുത്താനും തുടങ്ങും. ശരിയായ സന്തോഷം നമ്മളറിയും. അവന്റെ വഴികളിൽ നടക്കുമ്പോഴുള്ള സന്തോഷവും ഹൃദയോഷ്മളതയും ഈ ഭൂമിയിലെ വേറെ ഒന്നിനും തരാൻ കഴിയില്ല. ഈശോയെ സ്നേഹിക്കുന്നവർ എല്ലാവരെയും ഒഴിവാക്കാതെ ഒന്നുപോലെ സ്നേഹിക്കും, മതത്തിന്റെയോ പണത്തിന്റെയോ രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ..

ഒരിക്കലല്ലേ ഉള്ളു നമ്മൾ ഈ ഭൂമിയിൽ. തിരഞ്ഞെടുപ്പുകൾ ദൈവസന്നിധിയിൽ സ്വീകാര്യമായിരിക്കട്ടെ. അവന്റെ ഹിതം നമ്മളാൽ നിറവേറട്ടെ. നമ്മൾ കുറഞ്ഞ് അവൻ വളരട്ടെ… ജീവിതാവസാനമാകുമ്പോൾ , ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ദൈവത്തോടും മനുഷ്യരോടും നമ്മൾ എങ്ങനെ ആയിരുന്നു എന്നുള്ളത് നമ്മെ സന്തോഷിപ്പിക്കാനിടവരട്ടെ,…

ദൈവകൃപയിൽ ഞാനാശ്രയിച്ച്…

അവൻ വഴികളെ ഞാനറിഞ്ഞ്….

അനുഗമിച്ചിടുമവനുടെ ചുവടുകളെ…

അനുഗമിച്ചിടുമവനുടെ ചുവടുകളെ…

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment