Saturday of week 33 in Ordinary Time / Saturday memorial of the Blessed Virgin Mary

🌹 🔥 🌹 🔥 🌹 🔥 🌹

*19 Nov 2022*

*Saturday of week 33 in Ordinary Time* 
*or Saturday memorial of the Blessed Virgin Mary* 

*Liturgical Colour: Green.**സമിതിപ്രാര്‍ത്ഥന*

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.


ഒന്നാം വായന

വെളി 11:4-12
ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്മാര്‍.

അക്കാലത്ത്, യോഹന്നാനായ എനിക്ക് ഇങ്ങനെ ഒരു നിര്‍ദേശം ലഭിച്ചു: ഇതാ, എന്റെ രണ്ടു സാക്ഷികള്‍. അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍ നിന്ന് അഗ്നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളും കൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്ക് അധികാരം ഉണ്ട്. അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍ നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊല്ലും. സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ളാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്മാര്‍. മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍ നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗത്തില്‍ നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 144:1b,2,9-10

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും
പടപൊരുതാന്‍ എന്റെ വിരലുകളെയും
അവിടുന്നു പരിശീലിപ്പിക്കുന്നു.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

അവിടുന്നാണ് എന്റെ അഭയശിലയും,
ദുര്‍ഗവും, ശക്തികേന്ദ്രവും;
എന്റെ വിമോചകനും പരിചയും ആയ
അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
അവിടുന്നു ജനതകളെ കീഴടക്കുന്നു.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ കീര്‍ത്തനം പാടും.
ദശതന്ത്രീനാദത്തോടെ ഞാന്‍ അങ്ങയെ പുകഴ്ത്തും.
അങ്ങാണു രാജാക്കന്മാര്‍ക്കു വിജയം നല്‍കുകയും
അങ്ങേ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിർമ്മലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ അനുഗ്രഹീതർ.

അല്ലേലൂയ!

*സുവിശേഷം*

ലൂക്കാ 20:27-40
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്.

അക്കാലത്ത്, പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. നിയമജ്ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു. അവനോട് എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.


Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s