The Book of 2 Samuel, Chapter 24 | 2 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation

Advertisements

2 സാമുവൽ, അദ്ധ്യായം 24

ദാവീദ് ജനസംഖ്യയെടുക്കുന്നു

1 കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന് കര്‍ത്താവ് അവനോടു കല്‍പിച്ചു.2 രാജാവ് യോവാബിനോടും സൈന്യത്തലവന്‍മാരോടും പറഞ്ഞു: ദാന്‍മുതല്‍ബേര്‍ഷെബാവരെയുള്ള ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം.3 എന്നാല്‍, യോവാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ ദൈവമായ കര്‍ത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ! അതു കാണാന്‍ അങ്ങേക്ക് ഇടവരട്ടെ! പക്‌ഷേ, അങ്ങേക്ക് ഇതിലിത്ര താത്പര്യം എന്താണ്?4 യോവാബും പടനായകന്‍മാരും രാജകല്‍പനയ്ക്കു വഴങ്ങി. ഇസ്രായേല്‍ജനത്തെ എണ്ണാന്‍ അവര്‍ രാജസന്നിധിയില്‍നിന്നുപുറപ്പെട്ടു.5 അവര്‍ജോര്‍ദാന്‍ കടന്ന് താഴ്‌വരയുടെ മധ്യത്തിലുള്ള അരോവറില്‍നിന്ന് ആരംഭിച്ച് ഗാദിലേക്കുംയാസറിലേക്കും പോയി.6 അവര്‍ ഗിലെയാദിലും ഹിത്യരുടെ ദേശമായ കാദെഷിലും എത്തി. പിന്നെ ദാനിലേക്കും, അവിടെനിന്ന് സീദോനിലേക്കും പോയി.7 കോട്ടകെട്ടിയ ടയിര്‍പ്പട്ടണത്തിലും ഹിവ്യരുടെയും കാനാന്യരുടെയും എല്ലാ പട്ടണങ്ങളിലും അവസാനം യൂദായുടെ നെഗെബിലുള്ള ബേര്‍ഷെബായിലും അവര്‍ എത്തി.8 അവര്‍ ദേശമെല്ലാം സഞ്ചരിച്ച് ഒന്‍പതു മാസവും ഇരുപതു ദിവ സവും കഴിഞ്ഞു ജറുസലെമിലെത്തി.9 യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു.സൈന്യസേവനത്തിനു പറ്റിയവര്‍ ഇസ്രായേലില്‍ എട്ടു ലക്ഷവും യൂദായില്‍ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു.10 ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോള്‍ ദാവീദിനു മനസ്‌സാക്ഷിക്കുത്തുണ്ടായി. ദാവീദ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ കൊടുംപാപം ചെയ്തിരിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ ദാസന്റെ പാപം പൊറുക്കണമേ! ഞാന്‍ വലിയ ഭോഷത്തം പ്രവര്‍ത്തിച്ചിരിക്കുന്നു.11 ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ അവന്റെ ദീര്‍ഘദര്‍ശിയായ ഗാദ്പ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്തു:12 നീ ചെന്ന് ദാവീദിനോടു പറയുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങള്‍. അതിലൊന്നു തിരഞ്ഞെടുത്തുകൊള്ളുക. അതു ഞാന്‍ നിന്നോടു ചെയ്യും.13 ഗാദ്, ദാവീദിന്റെ അടുക്കല്‍ വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവര്‍ഷം ക്ഷാമമുണ്ടാകുകയോ, നീ ശത്രുക്കളില്‍നിന്നു മൂന്നു മാസം ഒളിവില്‍ പാര്‍ക്കുകയോ നിന്റെ രാജ്യത്ത് മൂന്നു ദിവസം പകര്‍ച്ചവ്യാധി ഉണ്ടാവുകയോ ഏതു വേണം? എന്നെ അയച്ചവനു ഞാന്‍ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരം നല്‍കുക.14 ദാവീദ് ഗാദിനോടു പറഞ്ഞു: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു. കര്‍ത്താവിന്റെ കരംതന്നെ നമ്മുടെമേല്‍ പതിച്ചുകൊള്ളട്ടെ; എന്തെന്നാല്‍, അവിടുന്നു അതിദയാലുവാണല്ലോ. എന്നാല്‍, ഞാന്‍ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!15 അങ്ങനെ അന്നു പ്രഭാതംമുതല്‍ നിശ്ചിതസമയംവരെ കര്‍ത്താവ് ഒരു പകര്‍ച്ചവ്യാധി അയച്ചു. ദാന്‍മുതല്‍ ബേര്‍ഷെബാ വരെ ജനത്തില്‍ എഴുപതിനായിരംപേര്‍ മരിച്ചു.16 കര്‍ത്താവിന്റെ ദൂതന്‍ ജറുസലെം നശിപ്പിക്കാന്‍ കൈനീട്ടിയപ്പോള്‍ കര്‍ത്താവ് ആ തിന്‍മയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കല്‍പിച്ചു: മതി, കൈ പിന്‍വലിക്കുക. കര്‍ത്താവിന്റെ ദൂതന്‍ ജബൂസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു.17 സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കര്‍ത്താവിനോട് അപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരന്‍? തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു? എന്നെയും എന്റെ പിതൃഭവനത്തെയും ശിക്ഷിച്ചാലും.18 അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ് നായുടെ മെതിക്കളത്തില്‍ ചെന്ന് കര്‍ത്താവിനൊരു ബലിപീഠം പണിയുക.19 ദാവീദ് കര്‍ത്താവിന്റെ കല്‍പനയുസരിച്ച് ഗാദ് പറഞ്ഞപ്രകാരം ചെന്നു.20 അരവ്‌നാ തല ഉയര്‍ത്തി നോക്കിയപ്പോള്‍ രാജാവും ഭൃത്യന്‍മാരും തന്റെ അടുത്തേക്കു വരുന്നതു കണ്ടു, അവന്‍ ചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.21 അവന്‍ ചോദിച്ചു: പ്രഭോ, ഇങ്ങോട്ട് എഴുന്നള്ളിയതെന്തിന്? ദാവീദ് പറഞ്ഞു: മഹാമാരി ജനത്തില്‍നിന്നകലേണ്ടതിന് കര്‍ത്താവിന് ഒരു ബലിപീഠം പണിയാന്‍ നിന്റെ മെതിക്കളം വാങ്ങുവാന്‍ തന്നെ.22 അരവ്‌നാ ദാവീദിനോടു പറഞ്ഞു:യജമാനനേ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിന് ഇതാ കാളകള്‍, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും.23 രാജാവേ, അരവ്‌നാ ഇതെല്ലാം രാജാവിനു തരുന്നു. അവന്‍ തുടര്‍ന്നു: അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങില്‍ സംപ്രീതനാകട്ടെ!24 ദാവീദ് അരവ്‌നായോടു പറഞ്ഞു: ഇല്ല, വിലയ്ക്കു മാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല. അങ്ങനെ ദാവീദ് അന്‍പതു ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി.25 അവിടെ ബലിപീഠം പണിത് ദാവീദ് കര്‍ത്താവിനു ദഹനബലികളും സമാധാന ബലികളും അര്‍പ്പിച്ചു. കര്‍ത്താവ് ദാവീദിന്റെ പ്രാര്‍ഥന കേട്ടു; ഇസ്രായേലില്‍ നിന്നു മഹാമാരി വിട്ടുപോയി.

Advertisements

The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Samuel 6
Advertisements
2 Samuel 18
Advertisements
Advertisements

Leave a comment