വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യൻ ‘ ആയിരുന്നു, മാത്രമല്ല പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ആരും ശല്യപ്പെടുത്തരുതെന്നൊരു നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശക്തി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ ആവശ്യമാണെന്ന് പാപ്പക്ക് നല്ല ധാരണയുണ്ടായിരുന്നതുകൊണ്ടാണത് .
ഒരിക്കൽ പാപ്പ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ വത്തിക്കാനിലെ അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള കർദ്ദിനാൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. പാപ്പയുടെ സെക്രട്ടറിയോട് പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ചും അത് തിടുക്കത്തിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കർദ്ദിനാൾ വിശദീകരിച്ചു. സെക്രട്ടറി പറഞ്ഞു, “ഇല്ല, പാപ്പ പ്രാർത്ഥനയിലാണ്. ഇപ്പോൾ ശല്യപ്പെടുത്താൻ പറ്റില്ല”. പക്ഷെ എത്ര പറഞ്ഞിട്ടും കർദ്ദിനാൾ കാര്യം വളരെ ഗൗരവമുള്ളതാണെന്നും പിതാവിനോട് എത്രയും പെട്ടെന്ന് അത് അറിയിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടിരുന്നു.
അവസാനം സെക്രട്ടറി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ആൾ പോയി ജോൺപോൾ രണ്ടാമൻ പാപ്പ പ്രാർത്ഥിക്കുന്നിടത്ത് പോയി പറഞ്ഞു, “പിതാവേ, കർദ്ദിനാൾ അങ്ങയെ കാണാൻ കാത്തുനിൽക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ടതും അടിയന്തിരമായി അങ്ങ് അറിയേണ്ടതുമായ എന്തോ കാര്യം അദ്ദേഹത്തിന് പറയാനുണ്ട്. അങ്ങയെ ഈ സമയത്ത് ശല്യപ്പെടുത്താൻ പാടില്ലെന്ന് എനിക്കറിയാമെങ്കിലും ഇപ്പോഴിത് വേണ്ടിവന്നു. അങ്ങയുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ആവശ്യമുള്ള കാര്യമായത് കൊണ്ടാണ്”.
ശാന്തനായി പാപ്പ സെക്രട്ടറിയോട് ചോദിച്ചു, “അത്യാവശ്യകാര്യമാണെന്നും വളരെ പ്രധാനപ്പെട്ടതാണെന്നും കർദ്ദിനാൾ പറഞ്ഞോ?” അങ്ങനെയാണ് കർദ്ദിനാൾ പറഞ്ഞതെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ പാപ്പ പറഞ്ഞു, “അദ്ദേഹത്തോട് പറയൂ, കാര്യം ഇത്ര ഗൗരവമുള്ളതും അടിയന്തിരമായി നടത്തേണ്ടതും ആണെങ്കിൽ, അത്ര പ്രധാനപ്പെട്ട വിഷയത്തിൽ ശരിയായ ഒരു തീരുമാനമെടുക്കാൻ വേണ്ടി എനിക്കിന്ന് കുറച്ച് നേരം കൂടുതൽ പ്രാർത്ഥിക്കേണ്ടി വരും. എന്റെ തീരുമാനം ദൈവഹിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുവരുത്തണം”!!
ഇന്ന് ഈ പാപ്പയുടെ നൂറ്റി മൂന്നാം ജന്മദിനമാണ്. പാപ്പ ജനിച്ചത് മെയ് 18, 1920 ന് ആയിരുന്നു.
വിശുദ്ധിയുടെ പൂർണ്ണതയിലേക്കുള്ള വിളി ക്രൈസ്തവനായിരിക്കുക എന്നതിന്റെ അടിസ്ഥാനകാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാപ്പ. ജ്ഞാനസ്നാനം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്നത് ‘വിശുദ്ധരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?’ എന്ന് ചോദിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ പാപ്പ. വിശുദ്ധനായ ആ പാപ്പയുടെ ഓർമ്മക്ക് മുൻപിൽ തലകുനിക്കുന്നു.
ജിൽസ ജോയ്
