ദിവ്യബലി വായനകൾ The Most Sacred Heart of Jesus – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി

The Most Sacred Heart of Jesus – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

സങ്കീ 32:11,19

അവിടത്തെ ഹൃദയത്തിന്റെ പദ്ധതികള്‍
തലമുറകളോളം നിലനില്ക്കുന്നു,
അങ്ങനെ, അവിടന്ന് അവരുടെ മാനസങ്ങളെ
മരണത്തില്‍ നിന്നു രക്ഷിക്കുകയും
ക്ഷാമത്തില്‍ അവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയുടെ പ്രിയപുത്രന്റെ ഹൃദയത്തില്‍ അഭിമാനിച്ചുകൊണ്ട്
അവിടത്തെ സ്‌നേഹത്തിന്റെ വിസ്മയനീയമായ അനുഗ്രഹങ്ങള്‍
അനുസ്മരിക്കുന്ന ഞങ്ങള്‍,
ആ സ്വര്‍ഗീയ നീരുറവയില്‍ നിന്ന് നിറഞ്ഞുകവിയുന്ന
കൃപ സ്വീകരിക്കാന്‍ അര്‍ഹരാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, ഞങ്ങളുടെ പാപങ്ങളാല്‍
മുറിവേല്പിക്കപ്പെട്ട അങ്ങയുടെ പുത്രന്റെ
ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ അനന്തനിധി
ഞങ്ങള്‍ക്ക് കാരുണ്യപൂര്‍വം പ്രദാനംചെയ്യാന്‍ തിരുവുള്ളമാകണമേ.
അങ്ങനെ, ഞങ്ങളുടെ ഭക്തിയുടെ സ്‌നേഹാദരങ്ങള്‍
അവിടത്തേക്കു നല്കി,
അനുയുക്തമായ പാപപരിഹാരത്തിന്റെ ശുശ്രൂഷ
ഞങ്ങള്‍ പ്രകടമാക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 7:6a-11
ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു തന്റെ സ്വന്തം ജനമാകേണ്ടതിന് അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നിങ്ങള്‍ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലും നിന്നു തന്റെ സ്വന്തം ജനമാകേണ്ടതിന് അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കര്‍ത്താവു നിങ്ങളെ സ്‌നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു. കര്‍ത്താവു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്റെ ശക്തമായ കരത്താല്‍ നിങ്ങളെ പുറത്തു കൊണ്ടുവന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കൈയില്‍ നിന്ന് – അടിമത്തത്തിന്റെ ഭവനത്തില്‍ നിന്ന് – നിങ്ങളെ രക്ഷിച്ചതും. അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്‍പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം. തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട് അവിടുന്ന് പ്രതികാരം ചെയ്യും; അവരോടു നേരിട്ടു പ്രതികാരം ചെയ്യാന്‍ അവിടുന്ന് വൈകുകയില്ല. ആകയാല്‍, ഞാനിന്നു കല്‍പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,3-4,8,10

കര്‍ത്താവിനെ ഭയപ്പെടുന്നവരുടെ മേല്‍ അവിടുത്തെ കാരുണ്യം അനന്തമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവിനെ ഭയപ്പെടുന്നവരുടെ മേല്‍ അവിടുത്തെ കാരുണ്യം അനന്തമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവിനെ ഭയപ്പെടുന്നവരുടെ മേല്‍ അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും
നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു.
അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും
പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനും വെളിപ്പെടുത്തി.

കര്‍ത്താവിനെ ഭയപ്പെടുന്നവരുടെ മേല്‍ അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

കര്‍ത്താവിനെ ഭയപ്പെടുന്നവരുടെ മേല്‍ അവിടുത്തെ കാരുണ്യം അനന്തമാണ്.

രണ്ടാം വായന

1 യോഹ 4:7-16
നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം;
എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.
സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;
അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
കാരണം, ദൈവം സ്‌നേഹമാണ്.
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി
ദൈവം അവനെ ലോകത്തിലേക്കയച്ചു.
അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല,
അവിടുന്നു നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.

പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍
നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല;
എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍
നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.
പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു;
ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു;
അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദൈവം സ്‌നേഹമാണ്.
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 11:25-30
പിതാവ് ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തി.

അക്കാലത്ത്, യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ പ്രിയപുത്രന്റെ
ഹൃദയത്തിലെ അവാച്യമായ സ്‌നേഹം കടാക്ഷിക്കണമേ.
ഞങ്ങള്‍ സമര്‍പ്പിക്കുന്നത് അങ്ങേക്ക് സ്വീകാര്യമായ കാഴ്ചയും
ഞങ്ങളുടെ പാപങ്ങളുടെ പരിഹാരവും ആയിത്തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 7:37-38

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വരട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്‍ പാനം ചെയ്യുകയും ചെയ്യട്ടെ.
അവന്റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും.
Or:
യോഹ 19:34

പടയാളികളില്‍ ഒരുവന്‍
അവന്റെ വിലാവില്‍ കുന്തംകൊണ്ട് കുത്തി;
ഉടനേ അതില്‍നിന്ന് രക്തവും ജലവും പുറപ്പെട്ടു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്‌നേഹത്തിന്റെ ഈ കൂദാശ
ഞങ്ങളെ ദിവ്യസ്‌നേഹത്താല്‍ തീക്ഷ്ണത ഉള്ളവരാക്കട്ടെ.
അതുവഴി, അങ്ങയുടെ പുത്രനിലേക്ക് നിരന്തരം ആകര്‍ഷിക്കപ്പെട്ട്,
സഹോദരങ്ങളില്‍ അവിടത്തെ ദര്‍ശിക്കാന്‍ വേണ്ട അറിവ്
ഞങ്ങള്‍ സമ്പാദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading