ദിവ്യബലി വായനകൾ Thursday of week 20 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 19/8/2021

Thursday of week 20 in Ordinary Time 
or Saint John Eudes, Priest 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ന്യായാ 11:29-39
ആദ്യം പുറത്തുവന്ന് എന്നെ കാണുന്നവനെ ഞാന്‍ കര്‍ത്താവിന് ഹോമബലിയായി സമര്‍പ്പിക്കും.

അക്കാലത്ത്, കര്‍ത്താവിന്റെ ആത്മാവ് ജഫ്തായുടെ മേല്‍ ആവസിച്ചു. അവന്‍ ഗിലയാദ്, മനാസ്സെ എന്നിവിടങ്ങളില്‍ക്കൂടി ഗിലയാദിലെ മിസ്പായിലേക്ക് കടന്ന് അമ്മോന്യരുടെ ദേശത്തേക്കു പോയി. ജഫ്താ കര്‍ത്താവിന് ഒരു നേര്‍ച്ചനേര്‍ന്നു. അങ്ങ് അമ്മോന്യരെ എന്റെ കൈയില്‍ ഏല്‍പിക്കുമെങ്കില്‍ ഞാന്‍ അവരെ തോല്‍പിച്ച് ജേതാവായി തിരികെചെല്ലുമ്പോള്‍ എന്നെ എതിരേല്‍ക്കാന്‍ പടിവാതില്‍ക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവന്‍ കര്‍ത്താവിന്റെതായിരിക്കും. ഞാന്‍ അവനെ ദഹനബലിയായി അവിടുത്തേക്ക് അര്‍പ്പിക്കും. ജഫ്താ യുദ്ധംചെയ്യാന്‍ അമ്മോന്യരുടെ അതിര്‍ത്തി കടന്നു; കര്‍ത്താവ് അവരെ അവന്റെ കൈയില്‍ ഏല്‍പിച്ചു. അരോവര്‍ മുതല്‍ മിന്നിത്തിനു സമീപം വരെയും ആബേല്‍കെരാമിം വരെയും ഇരുപതു പട്ടണങ്ങളില്‍ അവന്‍ അവരെ വകവരുത്തി; വലിയ കൂട്ടക്കൊല നടന്നു. അമ്മോന്യര്‍ ഇസ്രായേലിനു കീഴടങ്ങി.
ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകള്‍ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേല്‍ക്കാന്‍ വരുന്നു. അവള്‍ അവന്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. അവളെ കണ്ടപ്പോള്‍ അവന്‍ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തുപോയി. നേര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ എനിക്ക് സാധിക്കുകയില്ല. അവള്‍ പറഞ്ഞു: പിതാവേ, അങ്ങ് കര്‍ത്താവിന് വാക്കുകൊടുത്തെങ്കില്‍ അതനുസരിച്ച് എന്നോടു ചെയ്തുകൊള്ളുക. കര്‍ത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ. അവള്‍ തുടര്‍ന്നു: ഒരു കാര്യം എനിക്കുചെയ്തുതരണം. സഖിമാരോടൊത്ത് പര്‍വതങ്ങളില്‍ പോയി എന്റെ കന്യാത്വത്തെപ്രതി രണ്ടുമാസത്തേക്ക് വിലപിക്കാന്‍ എന്നെ അനുവദിക്കണം. പൊയ്‌ക്കൊള്ളുക എന്നുപറഞ്ഞ് അവന്‍ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവള്‍ പര്‍വതങ്ങളില്‍ സഖിമാരൊടൊപ്പം താമസിച്ച് തന്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു. രണ്ടു മാസം കഴിഞ്ഞ് അവള്‍ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു. അവന്‍ നേര്‍ന്നിരുന്നതുപോലെ അവളോട് ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 40:4,6-9

കര്‍ത്താവേ, അങ്ങേ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വരുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍;
വഴിതെറ്റി വ്യാജദേവന്മാരെ അനുഗമിക്കുന്ന
അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.

കര്‍ത്താവേ, അങ്ങേ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വരുന്നു.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

കര്‍ത്താവേ, അങ്ങേ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വരുന്നു.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

കര്‍ത്താവേ, അങ്ങേ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വരുന്നു.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ
സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.

കര്‍ത്താവേ, അങ്ങേ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വരുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 22:1-14
കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.

അക്കാലത്ത്, യേശു ഉപമകള്‍ വഴി അവരോടു സംസാരിച്ചു: സ്വര്‍ഗരാജ്യം, തന്റെ പുത്രനു വേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 130:7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.


Or:
യോഹ 6:51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements
Advertisements
Advertisements

Leave a comment