മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Mathew Pallathumuriyil (1943-2015)

വിശുദ്ധനായ വൈദികൻ, ഫാ. മാത്യു പള്ളത്തുമുറിയിൽ

‘വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും'(ജ്‌ഞാനം 6 : 10). പാവനവും പരിശുദ്ധവുമായ പൗരോഹിത്യ ശുശ്രൂഷ വെടിപ്പോടെ അനുഷ്ഠിച്ച്, തന്റെ ജീവിതത്തിന്റെ സഹനങ്ങളെയും രോഗത്തിന്റെ തീവ്ര വേദനയെയും ദൈവസന്നിധിയിൽ സമർപ്പിച്ച് വിശുദ്ധ ജീവിതം നയിച്ച വൈദികനാണ് മാത്യു പള്ളത്തുമുറിയിൽ അച്ചൻ.

1943 ജൂലൈ 25ന് പള്ളത്തുമുറിയിൽ വീട്ടിൽ ഏറത്തുമ്പമൺ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്ന വറുഗീസ് മത്തായിയുടെയും തങ്കമ്മ വറുഗീസിന്റെയും കടിഞ്ഞൂൽ സന്താനമായി മാത്യു ജനിച്ചു. രാജൻ വറുഗീസ്, തോമസ് വറുഗീസ്, പയസ് വറുഗീസ് എന്നീ മൂന്ന്‌ സഹോദരന്മാരുടെയും ഏലിയാമ്മ തോമസ്, റോസമ്മ വറുഗീസ്, പൊന്നമ്മ മത്തായി എന്നീ മൂന്ന്‌ സഹോദരിമാരുടെയും മൂത്ത ജേഷ്ഠൻ.

ചെന്നീർക്കര എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നിന്ന്‌ ഉയർന്ന മാർക്കോടെ പത്താം ക്ളാസ് പഠനം പൂർത്തിയാക്കിയ മാത്യു, സെമിനാരിയിൽ ചേരണം എന്ന ആഗ്രഹം വീട്ടിലറിയിച്ചു. ബാല്യത്തിൽ തന്നെ തികഞ്ഞ ശാന്തനും സൗമ്യനുമായിരുന്ന മാത്യു പള്ളിയുടെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു, ഇടവകയിൽ മദ്ബഹാ ശുശ്രൂഷകനുമായിരുന്നു. ആയതിനാൽ തന്നെ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്വമുള്ള മൂത്ത മകന്റെ വേറിട്ട ഈ ജീവിത വഴിയെ മാതാപിതാക്കളും പിന്തുണച്ചു. അങ്ങനെ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. സെമിനാരിയിൽ പഠിക്കാൻ അതിസമർത്ഥരെയാണ് പൂനെ പേപ്പൽ സെമിനാരിയിലേക്ക് അയക്കുക. മാത്യുവിന്റെ ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും ഉറച്ച ബോധ്യമുണ്ടായിരുന്നതിനാൽ ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് അവിടേക്ക് അയച്ചു. പേപ്പൽ സെമിനാരിയിലെ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾക്ക് ശേഷം 1971 സെപ്റ്റംബർ 20ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ഏറത്തുമ്പമൺ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളിയിൽ അച്ചൻ ആദ്യബലി അർപ്പിച്ചു.

അമ്പിളിക്കോണം, സൂര്യകോട്, ആദിച്ചവിളാകം, വിമലപുരം, സൂസൈപുരം, ഉന്നമളക്കട, പുതിയകാവ്, ചെന്നിത്തല, കടമ്മനിട്ട, തോന്ന്യാമല, വല്യന്തി, കുറ്റ്യാനി, മാങ്കോട്ടുകോണം, കീരിക്കുഴി, ധനുവച്ചപുരം, മങ്ങാട്ടുകോണം, പനയറക്കൽ തുടങ്ങിയ നിരവധി ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

പ്രാർത്ഥനയുടെയും തപസിന്റെയും മനുഷ്യനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായി അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ, അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ തമിഴ് സ്കൂൾ കറസ്പോൺഡന്റ്, മാവേലിക്കര ജില്ലാ വികാരി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടവക ശുശ്രൂഷയിൽ ഏറിയകാലവും മിഷൻ പ്രദേശങ്ങളിലായിരുന്ന അച്ചൻ അനേകരെ തന്റെ വ്യക്തിജീവിതത്തിലൂടെ ക്രിസ്തുസ്നേഹത്തിലേക്കും കത്തോലിക്കാ സഭയിലേക്കും കൂട്ടികൊണ്ടുവന്നിട്ടുണ്ട്. മിതമായ ജീവിതസാഹചര്യങ്ങളിൽ ഒതുങ്ങിജീവിച്ച് ദരിദ്രരായവരെ സാമ്പത്തികമായി സഹായിച്ചിരുന്നു.

മാത്യു അച്ചൻ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നുവെന്നും ലളിത ജീവിത ശൈലിയുടെ ഉടമയായിരുന്നുവെന്നും പ്രക്ഷുബ്ധ സാഹചര്യങ്ങളിലും വളരെ സൗമനസ്യത്തോടെ ഇടപെടുന്നയാളായിരുന്നുവെന്നും വൈദിക സന്യസ്ത ദൈവവിളികളെ തന്റെ ജീവിതമാതൃകയിലൂടെയും സ്നേഹമസൃണമായ വാക്കുകളിലൂടെയും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും 7 വർഷക്കാലം കടമ്മനിട്ട പള്ളിയുടെ വികാരിയായിരുന്ന അച്ചന്റെ കാലത്ത് അനേകം പേർ മഠത്തിലേക്കും സെമിനാരിയിലേക്കും കടന്നുവന്നുവെന്നും തന്റെ ദൈവവിളിയുടെ പ്രധാന പ്രചോദകനായ അച്ചനെക്കുറിച്ച് പത്തനംതിട്ട രൂപതാംഗമായ ഫാ.ജോയ്സി പുതുപ്പറമ്പിൽ സാക്ഷ്യപ്പെടുത്തുന്നു.

അച്ചന്റെ പ്രാർത്ഥനാ ജീവിതത്തെക്കുറിച്ചും ജീവിതവിശുദ്ധിയെക്കുറിച്ചും ഉത്തമ ബോധ്യമുണ്ടായിരുന്നതിനാൽ മലങ്കരയിലെ ഭാവി വൈദികരെ വാർത്തെടുക്കുന്ന മലങ്കര മേജർ സെമിനാരിയിലെ ആധ്യാത്മിക പിതാവായി മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ അച്ചനെ നിയമിച്ചു. തന്റെ ജീവിത മാതൃകയിലൂടെയും ആധ്യാത്മിക ദർശനങ്ങളിലൂടെയും വൈദികാർത്ഥികളെ ആത്മീയമായി രൂപപ്പെടുത്താൻ അച്ചന് സാധിച്ചു.

കടമ്മനിട്ട ഇടവക വികാരിയായിരുന്ന പള്ളത്തുമുറിയിൽ അച്ചനെ തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച വിശുദ്ധനായ വൈദികൻ എന്ന് വിശേഷിപ്പിക്കുന്ന ഇടവകാംഗമായ തോമസ് കല്ലൂർ, ദേവാലയ നിർമ്മാണത്തെ തുടർന്നുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധികളെ പ്രാർത്ഥനയിലൂടെ അതിജീവിച്ചതിന്റെയും രാത്രിയുടെ യാമങ്ങളിൽ മദ്ബഹായിൽ ഇടവക ജനങ്ങൾക്കായി മുട്ടിൻമേൽ നിന്ന് കൈവിരിച്ചു പിടിച്ച് പ്രാർത്ഥിച്ചതിന്റെയുമെല്ലാം നേർസാക്ഷിയാണ്. തന്നോട് പ്രാർത്ഥനാ സഹായം ചോദിക്കുന്നവരുടെ പേരുകൾ എഴുതി വെച്ച് അവർക്കായി നിരന്തരം പ്രാർത്ഥിച്ചിരുന്ന അച്ചനോട് തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിലെല്ലാം പ്രാർത്ഥന ചോദിച്ചിരുന്ന തോമസ് കല്ലൂർ (യൂഹാനോൻ മാർ ക്രിസോസ്‌റ്റം പിതാവിന്റെ സഹോദരൻ) ഇന്നും ജീവിതത്തിലെ വൈഷമ്യ നിമിഷങ്ങളിൽ അച്ചന്റെ കബറിൽ വന്ന് പ്രാർത്ഥിച്ചതിലൂടെ സ്വർഗ്ഗമത് സാധിച്ചു തരുന്നു എന്നത് സന്തോഷത്തോടെ അനുസ്മരിക്കുന്നു.

2013ൽ ക്യാൻസർ രോഗബാധിതനായ അച്ചൻ തീവ്രമായ വേദനകളിലൂടെ കടന്ന് പോയി. തന്റെ വേദനകൾ മുഴുവൻ മറ്റുളളവർക്കായി ദൈവസന്നിധിയിൽ കാഴ്ച്ചവെച്ച് പ്രാർത്ഥിച്ചു. ജീവിതാന്ത്യം വളരെ വേഗം അടുത്തിരിക്കുന്നു എന്ന ബോധ്യത്താൽ തൈലാഭിഷേകം സ്വീകരിച്ചു. 2015 ഡിസംബർ 17ന് തന്റെ എഴുപത്തിരണ്ടാം വയസ്സിൽ മാത്യു പള്ളത്തുമുറിയിൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു. ഡിസംബർ 21ന് ബാവാ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ മാതൃ ഇടവകയായ ഏറത്തുമ്പമൺ ദേവാലയത്തിൽ ഭൗതികശരീരം സംസ്കരിച്ചു.
ജീവിത കാലത്ത് അനേകർക്കായി നിശബ്ദമായി പ്രാർത്ഥിച്ച അച്ചന്റെ കബറിൽ ഇന്ന് അനേകർ വന്ന് നിശബ്ദമായി പ്രാർത്ഥിക്കുന്നു,അനുഗ്രഹം പ്രാപിക്കുന്നു.

കടപ്പാട് : പയസ് വറുഗീസ് (സഹോദരൻ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisements
Fediverse reactions
October 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading