ഭിക്ഷ നൽകുന്നതിനേക്കാൾ
വലിയ പുണ്യം?

“ചീപ്പ്…. ചീപ്പേ….
ഒരു പായ്ക്കറ്റിൽ അഞ്ചെണ്ണം.
വെറും 30 രൂപയ്ക്ക് അഞ്ച് തരം ചീപ്പുകൾ… ചീപ്പ്… ചീപ്പേ….”

അയാളുടെ വാക്ചാതുര്യം കൊണ്ട്
കച്ചവടം തകൃതിയായ് നടക്കുകയാണ്.
ഇതേ സമയം തന്നെ
ട്രെയിനിലെ ആ കമ്പാർട്ട്മെൻ്റിൽ
മറ്റൊരു കച്ചവടക്കാരൻ നടപ്പുണ്ടായിരുന്നു.
വലിയ വാക്ചാതുര്യമില്ലാത്ത
അന്ധനായ ഒരു കച്ചവടക്കാരൻ.

അയാൾ വിറ്റുകൊണ്ടിരുന്നതോ?
പാവകൾ, കീ ചെയ്ൻ, നഖം വെട്ടി…
തുടങ്ങിയ സാധനങ്ങളും.
അധികമാരും അയാളെ ശ്രദ്ധിയ്ക്കുന്നില്ലായിരുന്നു.

പെട്ടന്നായിരുന്നു ആ ട്വിസ്റ്റ്:
ചീപ്പ് വിറ്റുകൊണ്ടിരുന്ന
ആ കച്ചവടക്കാരൻ
അന്ധനായ കച്ചവടക്കാരൻ്റെ
അടുത്തെത്തി
ഇപ്രകാരം ഉച്ചത്തിൽ
വിളിച്ചു പറഞ്ഞു :

“പ്രിയ യാത്രക്കാരെ….
എന്നെ പോലെ തന്നെ
ഒരു കച്ചവടക്കാരനാണിയാളും.
ഇയാൾക്ക് നിങ്ങളെ കാണാൻ കഴിയില്ല.
എന്നാൽ നിങ്ങൾക്കിയാളെ കാണാം.
ഇയാൾ പറയുന്നത് നിങ്ങൾക്ക് കേൾക്കാം.

കാഴ്ചയില്ലാഞ്ഞിട്ടു പോലും
പിച്ച ചട്ടിയെടുത്ത്
ഭിക്ഷാടനത്തിനിറങ്ങാതെ
ഈ മനുഷ്യൻ അധ്വാനിച്ച് ജീവിക്കുന്നു.
ഇയാളുടെ ആ നല്ല മനസിനെ നിങ്ങൾ ദയവായി ആദരിക്കണം.

ഒരു പക്ഷേ ഇയാൾ ഒരു
അന്ധ യാചകനായിരുന്നെങ്കിൽ
നിങ്ങൾ അഞ്ചോ പത്തോ രൂപ
ഇയാൾക്ക് ഭിക്ഷയായ്
കൊടുക്കുമായിരുന്നു.
എന്നാൽ ഇയാൾ കച്ചവടത്തിനിറങ്ങിയപ്പോഴോ…..
നിങ്ങൾക്ക് ആവശ്യമില്ലാത്ത
വസ്തുക്കൾ എന്നു കരുതി
നിങ്ങൾ അവ വാങ്ങിക്കുന്നില്ല.

നിങ്ങൾക്കവ ആവശ്യമില്ലായിരിക്കാം. എന്നാലും നിങ്ങൾ ദയവായി വാങ്ങിയ്ക്കൂ. നിങ്ങൾക്കത് ആർക്കെങ്കിലും സമ്മാനിക്കാം.
ഇദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്ന് ഒരു വസ്തു വാങ്ങിയാൽ അതിന് ഭിക്ഷ കൊടുക്കുന്നതിനേക്കാൾ പുണ്യമുണ്ട്.
അത് അദ്ദേഹത്തിൻ്റെ
ആത്മാഭിമാനത്തിനുള്ള
വിലയായിരിക്കും..”

ഇത്രയും പറഞ്ഞു കൊണ്ട്
ചീപ്പു കച്ചവടക്കാരൻ അടുത്ത കമ്പാർട്ടുമെൻ്റിലേയ്ക്ക് നടന്നു നീങ്ങി.
യാത്രക്കാരിൽ പലരും ആ അന്ധനായ കച്ചവടക്കാരനിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാൻ തുടങ്ങി.
മനസു നിറയുന്ന ഒരു കാഴ്ചയായിരുന്നത്.

നല്ല സമരിയാക്കാരൻ്റെ
സുവിശേഷ ഭാഗം വായിച്ചപ്പോൾ
പെട്ടന്നോർമ വന്നതാണീ സംഭവം
(Ref ലൂക്ക 10: 25-37).
വഴിയരികിൽ അവശനായ്
കിടന്നിരുന്ന ആ യാത്രികനെ
ലേവായനും പുരോഹിതനും
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്
കടന്നു കളഞ്ഞു.

എൻ്റെ ആ യാത്രയിലും
ഞാനടക്കമുള്ള യാത്രക്കാർ പലരും അന്ധനായ ആ കച്ചവടക്കാരനെ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചപ്പോൾ
അയാളെ ഞങ്ങൾക്കെല്ലാവർക്കും
കാണിച്ചു തരാൻ ഒരു സമരിയാക്കാരൻ കണക്ക് മാറിയവനായിരുന്നു
ആ ചീപ്പുകച്ചവടക്കാരൻ.
ഞങ്ങളാകുന്ന സത്രത്തിലാണ്
അയാളാ അന്ധനെ ഏൽപിച്ചു പോയത്.
സത്യത്തിൽ അയാളായിരുന്നു
ആ അന്ധൻ്റെ അയൽക്കാരൻ.

മറ്റുള്ളവർക്ക് അയൽക്കാരനാകാനുള്ള എത്രയോ അവസരങ്ങളാണ്
നമ്മൾ നഷ്ടപ്പെടുത്തി കളഞ്ഞിരിക്കുന്നത്?

ആ ചീപ്പുകച്ചവടക്കാരൻ
സൂചിപ്പിച്ചതു പോലെ
ഭിക്ഷ കൊടുക്കാൻ കാണിക്കുന്നത്ര
താത്പര്യം പാവപ്പെട്ടവരുടെ
കൈയ്യിൽ നിന്നും
സാധനങ്ങൾ വാങ്ങിക്കാൻ
നമ്മളും കാണിക്കുന്നില്ല
എന്നത് യാഥാർത്ഥ്യമല്ലെ?

വലിയ കടകളിൽ ചെന്നാൽ
ഒരു വിലയും പേശാതെ
മുന്തിയ വില കൊടുത്ത്
സാധനങ്ങൾ വാങ്ങിക്കുന്ന നമ്മൾ വഴിയോരങ്ങളിൽ
വെയിലും മഴയും കൊണ്ട്
കച്ചവടം നടത്തുന്നവരോടും
തലച്ചുമടായും
ഇരുചക്രവാഹനങ്ങളിലായും
വീടുവീടാന്തരം കയറിയിറങ്ങി
കച്ചവടം നടത്തുന്നവരോടും
എന്തൊരു വിലപേശലാണ് നടത്താറ്?

എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന നമ്മൾ
പലപ്പോഴും നമ്മുടെ ഭവനങ്ങളിൽ ചീറ്റപ്പുലികൾക്ക് തുല്ല്യരല്ലെ?

സദാ സമയം
ഫോണിൽ സംസാരിക്കുന്നവർ
എത്രമാത്രം സമയം
ജീവിത പങ്കാളിയ്ക്കും
മക്കൾക്കും
മാതാപിതാക്കൾക്കും കൂടെവസിക്കുന്നവർക്കും
നൽകുന്നുണ്ട്…?

ഒരു കാര്യം ഉറപ്പാണ്
സകലമാന പുണ്യ പ്രവൃത്തികളേക്കാൾ മെച്ചമുള്ള പുണ്യ പ്രവൃത്തിയാണ്
അപരനു കൊടുക്കുന്ന പരിഗണന.
എന്താ സംശയമുണ്ടോ?

ഫാദർ ജെൻസൺ ലാസലെറ്റ്

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading