ദിവ്യബലി വായനകൾ Friday of week 17 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

31-July-2020,വെള്ളി

Saint Ignatius Loyola

Friday of week 17 in Ordinary Time

Liturgical Colour: White.
____

ഒന്നാം വായന

ജെറ 26:1-9

ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി

അസ്സീറിയാ രാജാവ് രാജ്യം ആക്രമിക്കുകയും യൂദാ രാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നു നിന്ന്, കര്‍ത്താവിന്റെ ആലയത്തില്‍ ആരാധനയ്ക്കു വരുന്ന യൂദാ നിവാസികളോട് ഞാന്‍ കല്‍പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കു പോലും വിട്ടുകളയരുത്. അവര്‍ അതു ശ്രദ്ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍ നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും. നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിച്ച് ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തിലൂടെ ചരിക്കാതെയും, നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നിട്ടും തുടര്‍ച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ച പ്രവാചകന്മാരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയും ഇരുന്നാല്‍ ഈ ഭവനത്തെ ഞാന്‍ ഷീലോ പോലെയാക്കും; ഈ നഗരത്തെ ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ശപിക്കാനുള്ള മാതൃകയാക്കും.
ദേവാലയത്തില്‍ വച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും കേട്ടു. ജനത്തോടു പറയാന്‍ കര്‍ത്താവ് കല്‍പിച്ച കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും ചേര്‍ന്ന് അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരിച്ചേ മതിയാകു. ഈ ആലയം ഷീലോ പോലെയാകും. ഈ നഗരം വിജനമാകും എന്നു നീ കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതെന്തിന്? ജനം മുഴുവന്‍ ദേവാലയത്തില്‍ അവന്റെ ചുറ്റും കൂടി.

കർത്താവിന്റെ വചനം.


പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 69:5,8-10,14

R. ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

കാരണം കൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണ കൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്.

R. ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെ പ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും. അങ്ങേ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെ മേല്‍ നിപതിച്ചു.

R. ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

R. ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!


സുവിശേഷ പ്രഘോഷണവാക്യം

cf. 1 തെസ 2:13

അല്ലേലൂയാ, അല്ലേലൂയാ!

ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാര്‍ത്ഥ ദൈവത്തിന്റെ വചനമായി നിങ്ങള്‍ സ്വീകരിക്കുവിന്‍.

അല്ലേലൂയാ!

Or:

1 പത്രോ 1:25

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അല്ലേലൂയാ!


സുവിശേഷം

മത്താ 13:54-58

ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ?

അക്കാലത്ത്, യേശു സ്വദേശത്തു വന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെ നിന്ന്? അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

കർത്താവിന്റെ സുവിശേഷം.

Leave a comment