🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 13/9/2020

24th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. പ്രഭാ 36:18

കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ.
അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ.
അങ്ങേ ദാസന്റെയും അങ്ങേ ജനമായ
ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ.

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,
ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 27:33-28:9
അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.

കോപവും ക്രോധവും മ്ലേച്ഛമാണ്;
അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്
പ്രതികാരം ചെയ്യുന്നവനോട്കര്‍ത്താവ് പ്രതികാരം ചെയ്യും;
അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.
അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍
നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.
അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന്
കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ?
തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍
പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതെങ്ങനെ?
മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍
അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?
ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക;
നാശത്തെയും മരണത്തെയും ഓര്‍ത്ത് കല്‍പനകള്‍ പാലിക്കുക.
കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു കോപിക്കാതിരിക്കുക;
അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്
മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 103:1-2,3-4,8-9,11-12

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ്
തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

രണ്ടാം വായന

റോമാ 14:7-9
ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്.

നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്. എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 18:21-35
ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.

അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും
അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം
ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions
September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading