🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

3rd Sunday of Advent 

Liturgical Colour: Rose or Violet.

പ്രവേശകപ്രഭണിതം

ഫിലി 4:4-5

എപ്പോഴും കര്‍ത്താവില്‍ സന്തോഷിക്കുവിന്‍;
വീണ്ടും ഞാന്‍ പറയുന്നു: സന്തോഷിക്കുവിന്‍;
എന്തെന്നാല്‍ കര്‍ത്താവു അടുത്തെത്തിയിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം
വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ
കാണുന്ന ദൈവമേ,
ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും
അതിനെ സമുന്നതമായ ആരാധനയാലും
സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 61:1-2a,10-11
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും.

ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്.
പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്
അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും
തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും
കര്‍ത്താവിന്റെ കൃപാവത്സരവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും
വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.

ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും;
എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദം കൊള്ളും;
വരന്‍ പുഷ്പമാല്യമണിയുന്നതു പോലെയും
വധു ആഭരണഭൂഷിതയാകുന്നതു പോലെയും
അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും
നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.

മണ്ണില്‍ മുളപൊട്ടി വരുന്നതു പോലെയും
തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതു പോലെയും
ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും
ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ലൂക്കാ 1:46-50,53-54

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്ധമാണ്.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും
അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത
വാഗ്ദാനം അനുസരിച്ചുതന്നെ.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

രണ്ടാം വായന

1 തെസ 5:16-24
കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയിലും നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍. സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ! നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 1:6-8,19-28
നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്.

ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു – വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.
നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്‌നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്‌നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ഏശ 35:4

പറയുവിന്‍: ഭീരുക്കളേ, ധൈര്യം അവലംബിക്കുവിന്‍;
ഭയപ്പെടേണ്ടാ; ഇതാ നമ്മുടെ ദൈവം വരുന്നു;
അവിടന്നു നമ്മെ രക്ഷിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions
December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading