Fr. Joshua Chuttippara

ഞങ്ങളുടെ ഇടയൻമാർ….

പൗരോഹിത്യ ജീവിതത്തിലെ

മുൻതലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി….

മിഷണറിയായ മനീഷി…

Fr. Joshua Chuttippara

Fr. Joshua Chuttipara
ഫാ. ജോഷ്വാ ചുട്ടിപ്പാറ

മധ്യതിരുവതാംകൂറിലെ ആദ്യ ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രദേശത്ത് പുരാതന മണ്ണിൽ കുടുംബ പരമ്പരയിൽപ്പെട്ട ചുട്ടിപ്പാറവിള തെക്കേതിൽ സ്കറിയ – കുഞ്ഞമ്മ ദമ്പതികളുടെ കടിഞ്ഞൂൽ പുത്രനായി 1934 ഓഗസ്റ്റ് 20ന് ജനിച്ചു, മഞ്ഞിനിക്കര യാക്കോബായ പള്ളിയിൽ ഒക്ടോബർ 1ന് മാമോദീസ സ്വീകരിച്ച് ജോഷ്വ എന്ന് പേരു നൽകി. 3 സഹോദരങ്ങളാണ് അച്ചനുള്ളത്. പിന്നീട് അച്ചന്റെ കുടുംബം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടു. മാർ ഈവാനിയോസ് പിതാവിനൊപ്പം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട ആദ്യ അഞ്ച് പേരിലൊരാളായ ജോൺ കുഴിനാപ്പുറത്ത് OIC അച്ചന്റെ ജേഷ്ഠന്റെ കൊച്ചുമകനായ ജോഷ്വയെ കത്തോലിക്കാ സഭയെന്ന ശാദ്വല ഭൂമികയിലേക്കും തുടർന്ന് പൗരോഹിത്യ ജീവിതത്തിന്റെ കർമ്മഭൂവിലേക്കും നയിച്ചത് ജോണച്ചൻ തന്നെയായിരുന്നു. തുമ്പമൺ മാർ ഗ്രീഗോറിയോസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അജ്മീർ യൂണിവേഴ്സിറ്റിയിൽ ഇന്റർമീഡിയറ്റ് പ്രൈവറ്റായി പഠിച്ചു.

മാർ ഈവാനിയോസ് പിതാവിനെയും ഗ്രീഗോറിയോസ് പിതാവിനെയും ശുശ്രൂഷിച്ച യൗവ്വനം…

1953ൽ തിരുവനന്തപുരം അരമനയിൽ അന്നത്തെ സഹായമെത്രാനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്റെ ഓഫീസിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. രണ്ട് വർഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ജീവിതത്തിന്റെ അന്ത്യനാളുകളിൽ ശുശ്രൂഷിക്കാനുള്ള അവസരവും ഈ നാളുകളിൽ ലഭിച്ചു. പിതാക്കൻമാരോടൊപ്പമായിരുന്ന ആ നാളുകൾ കത്തോലിക്കാ സഭയിൽ ഒരു വൈദീകനായി ശുശ്രൂഷ ചെയ്യണമെന്നുള്ള ആഗ്രഹത്തെ ദീപ്തമാക്കി. വൈദീകനാകണമെന്നുള്ള അഭിലാഷം മാർ ഗ്രീഗോറിയോസ് പിതാവിനോട് തുറന്നു പറഞ്ഞു, പിതാവതിനെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ഒരു സെമിനാരി വിദ്യാർത്ഥിയായി 1955 ജൂൺ 13ന് ജീവിതമാരംഭിക്കുകയും ചെയ്തു. മൈനർ സെമിനാരി പഠനത്തിന് ശേഷം മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ ഫിലോസഫി പഠനം പ്രശംസനീയമാംവിധം പൂർത്തിയാക്കി. പഠനത്തിലെ മികവ് തിരിച്ചറിഞ്ഞ ഗ്രിഗോറിയോസ് പിതാവ് തിയോളജി പഠിക്കുന്നതിനായി വിദേശത്തേക്ക് (University of Friburg, Switzerland) തോമസ് എഴിയത്ത് അച്ചനെയും ചുട്ടിപ്പാറ അച്ചനെയും അയച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് യൂറോപ്പിൽ പോയി പഠിക്കുന്ന ആദ്യ വൈദീകർ എന്ന ബഹുമതി ഇവർക്ക് സ്വന്തം. പഠിച്ചിരുന്ന സ്വിറ്റ്സർലണ്ടിലെ സെമിനാരിയിൽ വച്ച് തന്നെ 1964 സെപ്റ്റംബർ 8ന് ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ് വൈദീക പട്ടം നൽകി.

മാർ ഈവാനിയോസ് കോളേജിലെ പ്രൊഫസർ…

മികച്ച മാർക്കോടെ തിയോളജി പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ ജോഷ്വ അച്ചനെ ഗ്രീഗോറിയോസ് പിതാവ് തന്റെ സെക്രട്ടറിയായി 1965ൽ നിയമിച്ചു. മാർ ഈവാനിയോസ് കോളേജിലെ ഒരു പഠന വിഷയമായി കേരള യൂണിവേഴ്സിറ്റി ഫ്രഞ്ച് ഭാഷയെ അംഗീകരിച്ചപ്പോൾ, പുതിയ ഭാഷ പഠിപ്പിക്കാനുള്ള പ്രൊഫസറെ തേടി അലയേണ്ടി വന്നില്ല. ചുട്ടിപ്പാറ അച്ചന്റെ ഭാഷാ നിപുണത അറിയാവുന്ന ഗ്രീഗോറിയോസ് പിതാവ് തിരുവനന്തപുരത്തെ പ്രശസ്തമായ ആ കലാലയത്തിൽ അദ്ധ്യാപകനായി അച്ചനെ നിയമിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അച്ചൻ, ഫ്രഞ്ച് ഗവൺമെന്റിന്റെ സ്കോളർഷിപ്പോടെ ഫ്രാൻസിലെ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ഡിപ്ളോമ സ്വന്തമാക്കി. 1968 മുതൽ 1990 വരെ ദീർഘമായ 22 വർഷം മാർ ഈവാനിയോസ് കോളേജിൽ അനേകം വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ അധ്യാപകനായി പ്രശോഭിച്ചു. പഴമയിൽ നിന്ന് പുതുമയിലേക്കുള്ള കോളേജിന്റെ വളർച്ചയെ അടുത്ത് നിന്ന് നോക്കി കണ്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് അച്ചൻ. ഇക്കാലയളവിൽ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി മിഷൻ പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്തു. ഒപ്പം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ അധ്യാപകനായി, വൈദീക പരിശീലനത്തിൽ പങ്കാളിയായി, ആദ്ധ്യാത്മികമായും ബൗദ്ധീകമായും ഭൗതികമായും തന്റെ
കഴിവുകൾ സെമിനാരിയുടെ വളർച്ചക്കായി ഉപയോഗിച്ചു.
മാർ ഈവാനിയോസ് കോളേജിൽ നിന്ന് വിരമിച്ച ശേഷം 1991 മുതൽ 94 വരെ ക്ളർജിഹോം ഡയറക്ടറായി സേവനമനുഷ്ഠിച്ചു.

ഇടവക ശുശ്രൂഷ

അയിരൂർപാറ, കല്ലടിച്ചവിള, കീരികുഴി (1966), കാട്ടായ്ക്കോണം, കാര്യവട്ടം, പോത്തൻകോട്, കുറ്റ്യാനി, ശാസ്തമംഗലം, പള്ളിപ്പുറം (1976), ധനുവച്ചപുരം, പനയറക്കൽ, പനയമൂല (1976 -80), വണ്ടന്നൂർ, പെരുമ്പഴ്തൂർ, വെള്ളൂർക്കോണം (1980 – 1990), വണ്ടന്നൂർ (1990-2010) 2010 ൽ പത്തനംതിട്ട രൂപതയുടെ രൂപീകരണത്തെ തുടർന്ന് പത്തനംതിട്ട രൂപതയിലേക്ക് കടന്നു വരികയും പൊങ്ങലടി പള്ളിയുടെ വികാരിയായി ചുമതല ഏൽക്കുകയും അവിടെ വച്ച് ഇടവക ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. തുടർന്ന് ബത്തേരി രൂപതയിലെ ഗുരുകുലം മൈനർ സെമിനാരിയിൽ ആദ്ധ്യാത്മിക പിതാവായി ശുശ്രൂഷ ചെയ്തു.

തികഞ്ഞ മിഷണറി

തിരുവനന്തപുരം നഗരത്തിന്റെ തിരക്കിൽ നിന്ന് ഗ്രാമത്തിന്റെ പ്രശാന്തതയിലേക്ക് സ്വയം പിൻ വാങ്ങിയ ആ മനീഷി തികഞ്ഞ ഒരു മിഷണറിയായി മാറി. ഇന്നത്തെ പാറശ്ശാല രൂപതയിലെ വണ്ടന്നൂരിൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി നവീകരിക്കാൻ മുൻകൈ എടുത്തു. ആ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ മാത്രമെ സമൂലമായ ഒരു മാറ്റം വരുത്താനാകൂ എന്ന് സ്വജീവിതാനുഭവ ബോധ്യത്തിൽ നിന്ന് തിരിച്ചറിഞ്ഞതിനാൽ ഒരു CBSE സ്കൂളും ആരംഭിച്ചു, അതാണ് ഇന്ന് കാണുന്ന വണ്ടന്നൂർ സെന്റ് മേരീസ് സ്കൂൾ. 2010 വരെ ആ സ്കൂളിന്റെ ഡയറക്ടറായി സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചു. പിന്നീട് സ്കൂളും അതിന്റെ ക്രമീകരണങ്ങളും രൂപതക്കായി വിട്ടുനൽകി.

മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന വൈദീകരെ സഹായിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ഊർജ്‌ജിതമാക്കുന്നതിനും നിർലോഭമായ സഹായങ്ങൾ അച്ചൻ ചെയ്തിരുന്നു.

മിഷനിലെ അനേകം നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകി.

പത്തനംതിട്ട രൂപത

2010ൽ പത്തനംതിട്ട കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിച്ചപ്പോൾ, തന്റെ കർമ്മഭൂവിൽ നിന്ന് പിറന്ന നാട്ടിലേക്ക് മടങ്ങാൻ അച്ചൻ തീരുമാനിച്ചു. സ്വജീവിതത്തിലുടനീളം ദൈവമാതാവിന്റെ ഇടപെടലുകൾ അനുഭവിച്ചറിഞ്ഞ അച്ചൻ തന്റെ 45-മത് പൗരോഹിത്യ സ്വീകരണത്തിന്റെയും 75-മത് ജന്മദിനത്തിന്റെയും സ്മാരകമായി 2009 ആഗസ്റ്റ് 22ന് തുമ്പമൺ LP സ്കൂളിന്റെ മുമ്പിലായി (ആദ്യ കത്തോലിക്കാ പള്ളിയും അവിടെയായിരുന്നു) മനോഹരമായ ഒരു ഗ്രോട്ടോ പണിത് ദൈവജനത്തിനായി സമർപ്പിച്ചു.

2014 ഒക്ടോബർ 4ന് പൗരോഹിത്യ സുവർണ്ണ ജൂബിലി തുമ്പമൺ ഇടവകയിൽ ആഘോഷിച്ചു. ജൂബിലിയുടെ ഭാഗമായി തുമ്പമൺ പള്ളിയോട് ചേർന്ന് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് JC പീസ് ഫൗണ്ടേഷൻ സ്ഥാപിച്ച് സമൂഹ നന്മക്കായി ഒരു ചാരിറ്റബിൾ ട്രസ്റ്റായി ക്രമപ്പെടുത്തി, അച്ചനവിടെ താമസിച്ചു പത്തനംതിട്ട രൂപതാ സംവിധാനത്തോട് ചേർന്നുള്ള വിവിധങ്ങളായ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഏവർക്കും നന്മ
✍️സ്നേഹത്തോടെ
ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
(സിബി അച്ചൻ)

കടപ്പാട് : വിവരങ്ങൾ നൽകിയ C.S. ജോർജ്(അച്ചന്റെ
സഹോദരൻ),
ഡോ. സുജു ജോസഫ് ചുട്ടിപാറ(അച്ചന്റെ സഹോദര പുത്രൻ).

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John KizhakkethilFr Sebastian John Kizhakkethil

Leave a comment