വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ

വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ
*****
പാലായിൽ പള്ളി വക സ്ഥലത്തു താമസിച്ചിരുന്ന മത്തായിയെ നാട്ടുകാർ ”പള്ളിപ്പറമ്പിൽ മത്തായി” എന്ന് വിളിച്ചു . പിന്നീട് മത്തായി ഇടുക്കിയിലെ കുന്നിൻ മുകളിൽ സ്വന്തമായി പത്തുസെന്റ് സ്ഥലം വാങ്ങി താമസമാക്കിയപ്പോൾ അവിടുള്ളവർ “കുന്നേൽ മത്തായി ” എന്ന് വിളിച്ചു . മത്തായിയുടെ മക്കള്‍ക്ക്‌ ജോലികിട്ടി കാശായപ്പോൾ കുന്നിന്‍ താഴെ തൊടുപുഴയിൽ നിരപ്പായ സ്ഥലത്തു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അയാളെ “നിരപ്പേൽ മത്തായി ” എന്ന് വിളിച്ചു . കാലക്രമേണ അയാളുടെ മുറ്റത്തരികിൽ ഒരു വലിയ ആനി (ആഞ്ഞിലി ) മരം വളര്‍ന്നു വന്നു . അതോടെ നാട്ടുകാർ അയാളെ “ആനിമൂട്ടില്‍ മത്തായി ” എന്ന് വിളിക്കാൻ തുടങ്ങി. സ്വന്തം വീട്ടുപേര് മാറിക്കൊണ്ടിരിക്കുന്നതിൽ രോഷാകുലനായ മത്തായി ആനി വെട്ടി ദൂരെ എറിഞ്ഞു . ആനിക്കുറ്റിയുടെ അടുത്ത് താമസിച്ചിരുന്ന അയാളെ “കുറ്റിയാനിക്കല്‍ മത്തായി ” എന്ന് നാട്ടുകാർ പിന്നെ വിളിച്ചു . കലി മൂത്ത മത്തായി ജെ സി ബി കൊണ്ട് ആനികുറ്റി പിഴുതു ദൂരെയെറിഞ്ഞു. അവിടെ വലിയൊരു കുഴിരൂപപ്പെട്ടതോടെ നാട്ടുകാർ അയാളെ “കുഴിയാനിക്കൽ മത്തായി ” എന്നു വിളിക്കാൻ തുടങ്ങി . കുഴിമൂടി അവിടെ ഒരു ഗാർഡൻ മുള വച്ചു പിടിപ്പിച്ചു മത്തായി . അപ്പോൾ ആളുകൾ അയാളെ ‘മുളയ്ക്കൽ മത്തായി’ എന്ന് വിളിക്കാൻ തുടങ്ങി. ദേഷ്യം വന്ന മത്തായിമുള വെട്ടി ദൂരെ എറിഞ്ഞു . അപ്പോൾ ‘മുളമൂട്ടിൽ മത്തായി’ എന്നായി നാട്ടുകാരുടെ വിളി . കലി മൂത്ത മത്തായി മുളയുടെ കുറ്റിയും പിഴുതു ദൂരെ എറിഞ്ഞു . നാട്ടുകാർ ഉണ്ടോ വിടുന്നു. മുളയും മുൻപുണ്ടായിരുന്ന ആനിയും ചേർത്ത് ‘മുളയാനിക്കൽ മത്തായി’ എന്നായി വിളി. എങ്ങനെയായാലും മത്തായിയുടെ ആദ്യ വീട്ടുപേര് ഇനിയും തിരിച്ചു കിട്ടിയിട്ടില്ല.

കടപ്പാട്: വട്ടൻ പൊറിഞ്ചു

Leave a comment