പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?(ലൂക്കാ 1:41-43)” പരിശുദ്ധ കന്യക മറിയമേ, തമ്പുരാന്റെ അമ്മേ, ഈ പ്രഭാതത്തിൽ അങ്ങയുടെ പാപ കറ ഏൽക്കാത്ത ജനനത്തെ അനുസ്മരിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂമി അങ്ങയുടെ ജനനത്താൽ അനുഗ്രഹീതമായി തീർന്നുവല്ലോ. രക്ഷാകര പദ്ധതിയിൽ അങ്ങ് വഹിച്ച പങ്ക് നിസ്തുലമാണ്. മനുഷ്യനും ദൈവത്തിനും ഇടയിൽ അങ്ങ് ഒരു പാലമായി തീർന്നുവല്ലോ. ഇന്നേ ദിനത്തിൽ അങ്ങയുടെ മാദ്ധ്യസ്ഥ്യം യാചിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. അമല മനോഹരിയായ പരിശുദ്ധ കന്യക മറിയമേ, നിസ്സാരങ്ങളെന്നു വിചാരിച്ചുകൊണ്ടു നിരൂപണയാലും വചനത്താലും പ്രവൃത്തിയാലും ചെയ്തു വരുന്ന അനേ കം അൽപ പാപങ്ങൾ മൂലം നിന്നെയും നിന്റെ പുത്രനെയും പലപ്രാവശ്യം ഞങ്ങൾ സങ്കടപെടുത്തി എന്നത് സത്യം തന്നെ. ഇതുകളെക്കുറിച്ച് അത്യന്തം ദുഃഖിക്കുന്നു. മേലാൽ അൽപ പാപങ്ങളിൽ നിന്നുകൂടെയും ഒഴിഞ്ഞു നടന്നുകൊള്ളാമെന്നു നിശ്ചയിച്ചിരിക്കുന്നു. എന്നാൽ എന്റെ അമ്മേ ഞങ്ങൾ മഹാബലഹീനാകകൊണ്ട് നിന്റെ പ്രത്യേകസഹായം ഇല്ലെങ്കിൽ ഒന്നിനും ഞങ്ങൾ ശക്തരല്ല. അൽപ കുറ്റങ്ങൾ പോലും ചെയ്യാതെ നിന്നെയും നിന്റെ പുത്രൻ ഈശോയെയും പുണ്യജീവിത ത്താൽ പ്രസാദിപ്പിച്ചു, ഭാഗ്യമരണം പ്രാപിച്ചു സ്വർഗത്തിൽ നിങ്ങളെ എന്നെയ്ക്കും സ്തുതി ക്കുവാൻ വേണ്ടുന്ന പ്രസാദവരം ഞങ്ങൾക്ക് നീ തരുവിക്കണമേ. രക്തസാക്ഷികളുടെ രാഞ്ജി! മേലാൽ നിന്നെയും നിന്റെ ദിവ്യപുത്രനെയും പാപങ്ങളാൽ സങ്കടപെടുത്താതെ സൽകൃത്യങ്ങളാൽ പ്രസാദിപ്പിച്ചു കൊള്ളാമെന്നു ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ഈ തീരുമാനം നിറവേറ്റാൻ വേണ്ടുന്ന പ്രസാദവരം നിന്റെ പുത്രനോട് പ്രാർത്ഥിച്ചു ഞങ്ങൾക്ക് നീ തരുവിക്കണമേ. കോവിഡ് അസുഖത്തിനാൽ വലയുന്ന ഞങ്ങളുടെ ദേശത്തിനു വിടുതൽ നൽകുവാൻ അമ്മ ദൈവ സന്നിധിയിൽ പ്രാർത്ഥിക്കണമേ. രോഗ ബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കണമേ. അമ്മയുടെ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിനും, സമൂഹത്തിനും, രാജ്യത്തിനും സംരക്ഷണമായി തീരട്ടെ. ആമ്മേൻ.

പരിശുദ്ധ കന്യക മറിയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment