Fr Roy PuliyuRumbil: വചന ചിന്തകൾ

ഇന്നത്തെ സുവിശേഷം (Mt 53-58) നൽകുന്ന ചിന്തകൾ, ഈശോയിൽ നിന്നും യൗസേപ്പിതാവിലേക്കും മാതാവിലേക്കും നയിക്കുന്നു. “ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? ”
(Mt 13/55).
മറ്റൊരു വാക്കിൽ, വിശുദ്ധ യൗസേപ്പിതാവിനെയും മാതാവിനെയും ഓർമിപ്പിച്ചുകൊണ്ട് മെയ്‌ മാസം ആരംഭിക്കുന്നു.
നാട്ടുകാർക്ക് വെറുമൊരു തച്ചൻ ആയവൻ, വിശുദ്ധ ലിഖിതത്തിൽ നീതിമാനായി എഴുതപ്പെട്ടു.
(Mt 1/19).
നാട്ടുകാരുടെ മറിയം, ദൈവവചനത്തിൽ കൃപ കണ്ടെത്തിയവളായി(Lk 1/28) അവതരിപ്പിക്കപ്പെട്ടു

ചിന്തകളെ പഴയ നിയമത്തിലേക്കു നമുക്ക് കൊണ്ടുപോകാം. എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ ഒരു നീതിമാൻ എങ്ങനെയാണു ജീവിക്കുന്നതെന്ന് വളരെ കൃത്യമായും സൂക്ഷ്മമായും വിവരിക്കുന്നു. (എസക്കിയേൽ 18/5-9 വായിക്കുക) ഒന്നാമതായി, അവൻ ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്തും, ദൈവകല്പനകൾ പാലിക്കും. ജീവിത പങ്കാളിയെ വിശുദ്ധിയോടെ, വചനപ്രകാരം സമീപിക്കും. അയൽക്കാരന് യാതൊരു ദ്രോഹവും അവൻ ചെയ്യുകയില്ല. മറിച്ചു, കാരുണ്യ പ്രവൃത്തികൾ അവൻ ചെയ്യും; നന്മ പ്രവൃത്തികൾ ചെയ്യും. വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്. “അവൻ എന്റെ കല്പനകൾ അനുസരിക്കുകയും പ്രമാണങ്ങൾ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നു.അവനാണ് നീതിമാൻ. അവൻ തീർച്ചയായും ജീവിക്കും. ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു ”
(Ez 18/9). മറ്റൊരു വാക്കിൽ പറഞ്ഞാൽ മോശയിലൂടെ നൽകപ്പെട്ട പത്തു പ്രമാണങ്ങൾ അനുസരിക്കുന്നവൻ. യേശുവിന്റെ മലയിലെ പ്രസംഗം (Mt 5, 6, 7 അധ്യായങ്ങൾ ) ജീവിതത്തിൽ പകർത്തിയവൻ.

ദൈവവചനം നീതിമാനെന്നു ആദ്യം വിളിച്ചത് നോഹയെ ആണ്. (ഉല്പത്തി 6/9). രണ്ടു വിശേഷണങ്ങൾ കൂടി വചനം നോഹക്ക് കൊടുക്കുന്നു: തലമുറയിലെ കറയറ്റ മനുഷ്യൻ, ദൈവ മാർഗത്തിൽ നടന്നവൻ.

അപ്പോൾ, വചനത്തിലെ നീതിമാൻ, കറയറ്റവൻ ആണ് ; ദൈവ മാർഗത്തിൽ നടക്കുന്നവനാണ്.

ഇങ്ങനെ നീതിമാനായി ജീവിച്ച യൗസേപ്പിതാവിനു ദൈവം സന്തോഷം പ്രധാനം ചെയ്തു; സമാധാനം നൽകി അനുഗ്രഹിച്ചു. അതുകൊണ്ടല്ലേ യൗസേപ്പിതാവ് ശാന്തമായി ഉറങ്ങുന്നത് ! യൗസേപ്പിതാവിന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണോ, യേശു തന്റെ മലയിലെ പ്രസംഗം നടത്തിയത് എന്ന് തോന്നിപ്പോകും !! തന്റെ വളർത്തു പിതാവിന്റെയും അമ്മയുടെയും സുകൃതങ്ങൾ യേശുവിന്റെ മനസിനെ, സ്വാധീനിച്ചിട്ടുണ്ടാവും, തർക്കമില്ല.

ദൈവ കല്പനകൾ പാലിച്ചും ദൈവത്തോടുള്ള വ്യക്തി പരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയും കാരുണ്യത്തിന്റെ പ്രവൃത്തികൾ ചെയ്തും നമ്മുക്കും നീതിമാൻ മാരുടെ ഗണത്തിൽ ചേരാം.

ദൈവം അനുഗ്രഹിക്കട്ടെ !!

റോയ് പുലിയുറുമ്പിൽ അച്ചൻ

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading