മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Potha Abraham Kattoor Mannil Ponmelil (1859-1935)
കാട്ടൂരിന്റെ മണ്ണിൽ സത്യവിശ്വാസത്തിന് തിരിതെളിച്ച ഏബ്രഹാം കത്തനാർ…
വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.
ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്. (ഹെബ്രായര്‍ 11, 1-2)
അനേക തലമുറകൾക്ക് സത്യവിശ്വാസം പകർന്നു നൽകി ഒരു ദേശത്തിന്റെ മുഴുവൻ അഭിമാനവും ഒരു പ്രദേശത്തിന്റെ വികസനത്തിന് അക്ഷീണം അദ്ധ്വാനിച്ചവനുമായ മണ്ണിൽ പൊൻമേലിൽ പോത്താ ഏബ്രഹാം കത്തനാർ, കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ അംഗമായി ജനിച്ച് അഭിവന്ദ്യ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പിതാവിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ച്, പരിശുദ്ധനായ പരുമല തിരുമേനിയോടും ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയോടും അടുത്ത ആത്മീയ ബന്ധം പുലർത്തിയ, പുത്തൻകൂർ സമുദായത്തിൽ ഇദംപ്രദമായി ആരംഭിച്ച സന്യാസസമൂഹമായ ബഥനി ആശ്രമത്തിന്റെ ആരംഭകാലത്ത് സർവ്വ പിന്തുണയും പ്രോത്സാഹനവും നൽകി, മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗമായി നിത്യതയിലേക്ക് കടന്നുപോയി, വന്ദ്യ ചേപ്പാട്ട് ഫീലിപ്പോസ് റമ്പാച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ ശവസംസ്ക്കാര ശുശ്രൂഷകൾ നടത്തി, കാട്ടൂർ സെന്റ് ആൽബർട്ട്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന വന്ദ്യനായ ഒരു വൈദീകൻ…
1859 മാർച്ച് 30ന് പോത്താ (ഇട്ടിയവിരാ) പമ്പരങ്ങാട്ട് മണ്ണിലിന്റെയും ശോശാമ്മയുടെയും മകനായിട്ടാണ് മണ്ണിൽ പൊന്മേലിൽ ഏബ്രഹാം കത്തനാർ ജനിച്ചത്. കോഴഞ്ചേരി ഓർത്തഡോക്സ് പള്ളിയിൽ വച്ച് മാമോദീസാ നൽകി ആ മാതാപിതാക്കൾ മകനെ ഏബ്രഹാം എന്ന് പേരു വിളിച്ചു. വിശ്വാസത്തിൽ സ്ഥിരതയും ദൈവാശ്രയബോധവുമുണ്ടായിരുന്ന മാതാപിതാക്കൾ ഏബ്രഹാമിനെയും സഹോദരങ്ങളായ മത്തായി, പൊടിയൻ, ശോശാമ്മ, മറിയാമ്മ, ഏലിയാമ്മ എന്നിവരേയും ക്രിസ്തീയ വിശ്വാസത്തിലും പ്രാർത്ഥനയിലും സ്ഥിരതയും തീക്ഷ്ണതയും ഉള്ളവരാക്കി വളർത്തി. ബാല്യകാലം മുതൽ വൈദീകനാകാനുള്ള തന്റെ ദൈവവിളിയോട് പ്രത്യുത്തരിക്കാനുള്ള ആഗ്രഹം ഏബ്രഹാമിൽ പ്രകടമായിരുന്നു. കോഴഞ്ചേരിയിലും തിരുവല്ലയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇടവക പൊതുയോഗത്തിന്റെ അനുവാദത്തോടെ വൈദീക പഠനത്തിനും പരിശീലനത്തിനുമായി കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ ചേർന്നു. അനുഗ്രഹപ്രദമായ രീതിയിൽ പരിശീലന കാലഘട്ടം പൂർത്തിയാക്കി 1880 മെയ് മാസത്തിലെ പെന്തക്കുസ്താ തിരുനാൾ ദിവസം, തന്റെ 21-ാം വയസ്സിൽ അഭിവന്ദ്യ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പിതാവിന്റെ കരങ്ങളിൽ നിന്നും വൈദീക പട്ടം സ്വീകരിച്ച്, അഭിഷേകത്തിന്റെ നിറവോടെ മാതൃഇടവകയായ കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ചു. കാട്ടൂരിലും സമീപപ്രദേശങ്ങളിലും ഇന്നും പ്രഭ ചൊരിയുന്ന ആത്മീയദീപത്തിന് തിരിതെളിഞ്ഞ നിമിഷമായിരുന്നു അത്.
മലങ്കരയിലെ പുത്തൻകൂർ സമൂഹം അന്ത്യോക്യൻ യാക്കോബായ പാത്രിയാർക്കീസിന്റെ അധികാരപരിധിയിൽ ആകുകയും ‘യാക്കോബായ സഭ’ എന്ന നാമം ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്യുവാൻ കാരണമായ 1876ൽ നടന്ന മുളന്തുരുത്തി സുന്നഹദോസിൽ കാട്ടൂർ ഓർത്തഡോക്സ് പള്ളിയെ പ്രതിനിധീകരിച്ചത് അന്ന് ഡീക്കനായിരുന്ന കാട്ടൂർ മണ്ണിൽ ഏബ്രഹാം ശെമ്മാശ്ശനായിരുന്നു. അഭിവന്ദ്യ ചേപ്പാട്ട് മാർ ദിവന്നാസിയോസിന്റെ പിൻഗാമിയായി വന്ന അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് അന്ന് അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന മാർ പത്രോസ് മൂന്നാമൻ പാത്രിയർക്കീസിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി നടത്തിയ സഭാചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മുളന്തുരുത്തി സുന്നഹദോസിൽ ഒരു ഇടവക പ്രതിനിധിയായി പങ്കെടുക്കാൻ ഡീക്കനായിരുന്ന അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രാഗത്ഭ്യവും തെളിയിക്കുന്ന ഒരു സംഭവമാണ്.
1880 മുതൽ 1935 വരെ, നീണ്ട 56 വർഷങ്ങൾ അദ്ദേഹം കാട്ടൂർ ഓർത്തഡോക്സ് പള്ളിയുടെ വികാരിയായിരുന്നു. കൂടാതെ കടമ്മനിട്ട, നാരങ്ങാനം, തോട്ടമൺ, കനകപ്പലം, കീക്കൊഴൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഓർത്തഡോക്സ് ദേവാലയങ്ങളിലും വികാരിയായിരുന്നു. പ്രഗത്ഭനായ ഒരു സുറിയാനി പണ്ഡിതനായിരുന്ന മണ്ണിൽ പൊന്മേലിൽ പോത്താ ഏബ്രഹാം കത്തനാർ ആ കാലത്തുള്ള നിരവധി വൈദീക വിദ്യാർത്ഥികളെ സുറിയാനി ഭാഷ അഭ്യസിപ്പിച്ചിരുന്നു.
മലങ്കരയുടെ പരിശുദ്ധൻ എന്ന് പ്രഖ്യാതനായ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്ത പരുമല തിരുമേനിയോട് (ഗീവർഗീസ് മാർ ഗ്രീഗോറിയോസ്) അച്ചന് വളരെ അടുത്ത ആത്മീയ ബന്ധമുണ്ടായിരുന്നു. അച്ചൻ ശുശ്രൂഷ ചെയ്തിരുന്ന തുമ്പമൺ ഭദ്രാസനത്തിന്റെ താത്കാലിക ഭരണ ചുമതലയും ഇക്കാലയളവിൽ പരുമല തിരുമേനി നിർവ്വഹിച്ചിരുന്നു. തിരുമേനിയുടെ ശുശ്രൂഷകളിലും പ്രാർത്ഥനകളിലും അദ്ദേഹം തീക്ഷ്ണതയോടെ സംബന്ധിച്ചിരുന്നു.
പുത്തൻകൂർ സമുദായത്തിൽ നിലനിന്നിരുന്ന കക്ഷി വഴക്കുകൾക്ക് അന്ത്യം കുറിക്കുവാൻ ആത്മീയ നവോത്ഥാനം മാത്രമാണ് ഏക പോംവഴി എന്ന ലക്ഷ്യം തിരിച്ചറിഞ്ഞ് സഭയുടെ നവീകരണത്തിനായി മാർ ഈവാനിയോസ് പിതാവ് റാന്നി-പെരുനാട് മുണ്ടൻമലയിൽ ബഥനി ആശ്രമം സ്ഥാപിച്ചപ്പോൾ സർവ്വ പിന്തുണയും പ്രോത്സാഹനവും നൽകി പോത്ത ഏബ്രഹാം കത്തനാരും കുടുബവും ഒപ്പമുണ്ടായിരുന്നു. അച്ചന്റെ മൂത്തമകനായ മത്തായിയുടെ നേതൃത്വത്തിൽ വയലത്തലയിൽ നിന്നും ആളുകൾ ആശ്രമത്തിനു വേണ്ടി മുണ്ടൻമല വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ സഹായിച്ചിരുന്നു. മണ്ണിലച്ചന്റെ മറ്റൊരു മകനായ തോട്ടുങ്കൽ ഏബ്രഹാം സാമ്പത്തികമായ സഹായവും ആശ്രമത്തിനായി ചെയ്തിരുന്നു. അഭിവന്ദ്യ പിതാവ് പമ്പയാറ്റിൽ കൂടി വള്ളത്തിൽ സഞ്ചരിക്കുന്ന അവസരങ്ങളിലെല്ലാം കാട്ടൂർ കടവിനടുത്തുള്ള ഏബ്രഹാം കത്തനാരുടെ ഭവനം സന്ദർശിച്ച് അവിടെ വിശ്രമിക്കുമായിരുന്നു. അച്ചന്റെ ആരോഗ്യസ്ഥിതി മോശമായ അവസരത്തിൽ “എന്റെ അച്ചന് എന്തുപറ്റി”, എന്ന് ചോദിച്ചു കൊണ്ട് ആകുലചിത്തനായി ഓടിയെത്തിയ മാർ ഈവാനിയോസ് പിതാവിനെ കുറിച്ച് കേട്ടിട്ടുള്ളത് പഴയ തലമുറയിലുള്ള പലരും ഓർമ്മിച്ചെടുക്കുന്നു. അവരുടെ സൗഹൃദം ഏറെ ഊഷ്മളതയും ആഴവുമുള്ളതായിരുന്നു.
രോഗബാധിതനായ ശേഷം ഒരു വർഷത്തോളം അച്ചന് ദേവാലയ ശുശ്രൂഷകളിൽ പങ്കെടുക്കാൻ സാധിച്ചില്ല. മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ 1930 സെപ്റ്റംബർ 20ന് കേരളത്തിലെ ഓർത്തഡോക്സ് സഭയിൽ നിന്നും ഒരു വിഭാഗം കത്തോലിക്കാ സഭയുമായുള്ള കാനോനിക കൂട്ടായ്മയിൽ പുനരൈക്യപ്പെടുകയും മലങ്കര സുറിയാനി കത്തോലിക്കാ സഭ രൂപം പ്രാപിക്കുകയും ചെയ്തു. പുനരൈക്യത്തിന്റെ ആദ്യ നാളുകളിൽ 1934ൽ ഏബ്രഹാം കത്തനാരുടെ മക്കൾ അച്ചന്റെ ആശീർവാദത്തോടെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാനായി തീരുമാനിക്കുകയും രേഖാമൂലം പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. അച്ചനു വിശുദ്ധ ബലി അർപ്പിക്കുന്നതിനായി വീടിനടുത്ത് ഇപ്പോൾ പഴയ ചാപ്പൽ
ഇരിക്കുന്ന സ്ഥലം തിരുവനന്തപുരം അതിരൂപതയ്ക്കുവേണ്ടി അച്ചന്റെ മകൻ മത്തായിയുടെ പേരിൽ എഴുതി വാങ്ങുകയും അയിരൂർ എസ്. തോമസ് സാറിനെ പള്ളി പണിയുടെ ചുമതല ഏല്പിക്കുകയും ചെയ്തു. 1935 ഏപ്രിൽ മാസത്തിൽ അച്ചൻ രോഗശയ്യയിലായി. ഇക്കാലയളവിൽ പുനരൈക്യ പ്രസ്ഥാനത്തോടുള്ള എതിർപ്പ് രൂക്ഷമായിരുന്നു. രാത്രിയിൽ വീട്ടിലേക്ക് കല്ലെറിയുകയും സമീപ പ്രദേശങ്ങളിലെ ആളുകളെ കൂട്ടി നിരവധി പരാതികൾ ഗവൺമെന്റിലേക്കയക്കുകയും ചെയ്തു. തുടർന്ന് കൊല്ലം പേഷ്കാരൻമാരായ കെ. എം. ജോസഫ്, റ്റി. ചാണ്ടി, മങ്കൊമ്പ് നീലകണ്ഠ അയ്യർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. പള്ളിക്കും സെമിത്തേരിക്കും സർക്കാരിൽ നിന്ന് അനുവാദം ആവശ്യമായതിനാൽ അത് ലഭിക്കാതിരിക്കുന്നതിനായി പലരും പണിപ്പെട്ടു. പേഷ്ക്കാർ റ്റി. ചാണ്ടി അച്ചന്റെ ഭവനത്തിലെത്തി മൊഴിയെടുത്തു , ” മരിച്ചു പോയാൽ ഇപ്പോൾ കെട്ടിടം പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തോ അതു സാധ്യമല്ലെങ്കിൽ സ്വന്തം പറമ്പിലോ തന്നെ സംസ്കരിക്കണം” എന്നതായിരുന്നു അച്ചന്റെ അഭിലാഷം. എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അതിനെ വകവെയ്ക്കാതെ മാർ ഈവാനിയോസ് തിരുമേനിയും മാർ തെയോഫിലോസ് തിരുമേനിയും അച്ചനെ സന്ദർശിച്ചു പ്രാർത്ഥിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം തിരുവല്ല രൂപതയിലെ അയിരൂർ പള്ളി വികാരി ഫാദർ ഫിലിപ്പോസ് ഇളവട്ട, മണ്ണിൽ പൊൻമേലിൽ വീട്ടിൽ വെച്ച് അച്ചന് സത്യവാങ്മൂലം ചൊല്ലിക്കൊടുത്ത് കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഫിലിപ്പോസ് ഇളവട്ട അച്ചൻ തന്നെ തൈലാഭിഷേകവും വി. കുർബാനയും നൽകുകയും ചെയ്തു. എതിർപ്പുകളുണ്ടായിരുന്നതിനാൽ എല്ലാം വളരെ രഹസ്യമായാണ് ചെയ്തത്. അച്ചന്റെ കൊച്ചുമകൻ ഫിലിപ്പ് (തോട്ടുങ്കൽ ഏബ്രഹാമിന്റെ മകൻ) ഈ സമയത്ത് മണ്ണിലച്ചനെ ശുശ്രൂഷിച്ച് അവിടെ താമസിച്ചിരുന്നു. എല്ലാത്തിനും ദൃക്സാക്ഷിയായ അദ്ദേഹമാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.
1935 ഏപ്രിൽ 29ന് വെളളിയാഴ്ച്ച സന്ധ്യക്ക് 7:30ന് ഏബ്രഹം കത്തനാർ നിത്യസമ്മാനത്തിനായി യാത്രയായി. തിരുമൂലപുരത്ത് താമസിച്ചിരുന്ന മാർ ഈവാനിയോസ് പിതാവിനെ വിവരമറിയിക്കാനായി 4 പേർ യാത്രാസൗകര്യമില്ലാതിരുന്ന കാട്ടൂരിൽ നിന്നും രാത്രിയിൽ നടന്ന്പോയി പിതാവിനെ വിവരമറിയിച്ചു. വഴി തടയലും വധഭീഷണിയും അഭിമുഖീകരിക്കുന്ന സന്ദർഭമായതിനാൽ പിതാവ് സംസ്കാരകർമ്മത്തിൽ സംബന്ധിച്ചില്ല. അച്ചന്റെ ദേഹവിയോഗത്തെ തുടർന്ന് കാട്ടൂർ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സംജാതമായി. അച്ചന്റെ മൃതശരീരം ബലാൽക്കാരമായി എടുത്തുകൊണ്ട് പോയി ഓർത്തഡോക്സ് പള്ളിയിൽ അടക്കാൻ ഏപ്രിൽ 30ന് വലിയ ഒരു പരിശ്രമം നടത്തിയെങ്കിലും അച്ചന്റെ മക്കൾ യോജിച്ചു നിന്നതിനാലും അച്ചന്റെ അന്ത്യമൊഴികളിൽ പറയുന്നത് അനുസരിച്ച് പേഷ്കാർ അനുകൂല നടപടികൾ സ്വീകരിച്ചതിനാലും പോലീസ് ഇടപെട്ടതിനാലും ഈ ഉദ്യമം പരാജയപ്പെട്ടു. സംഘർഷ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ സർക്കാരിൽ നിന്ന് ക്രമസമാധാനപാലനത്തിന് മതിയായ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഒരു ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അമ്പതോളം പോലീസുകാർ വാഴക്കുന്നം മുതൽ കാട്ടൂർ വരെ റൂട്ട് മാർച്ച് നടത്തുകയും ചെയ്തു.
1935 മെയ് 1 ഞായറാഴ്ച്ച ഫാ.ഫീലിപ്പോസ് മേടയിൽ (കുമ്പഴ അച്ചൻ) പള്ളിക്കായി പണി കഴിപ്പിച്ച കെട്ടിടം ആശീർവദിക്കുകയും കുടുംബാംഗങ്ങളെ കത്തോലിക്കാ സഭയിൽ ചേർക്കുകയും ചെയ്തു. മാർ ഈവാനിയോസ് തിരുമേനിയുടെ നിർദ്ദേശപ്രകാരം മെയ് 1ന് ഉച്ച കഴിഞ്ഞ് പണിതു കൊണ്ടിരുന്ന ചാപ്പലിലെ മദ്ബഹായിൽ അച്ചന്റെ ഭൗതീകശരീരം പൂജ്യമായി സംസ്കരിച്ചു.
ചേപ്പാട്ട് ഫീലിപ്പോസ് റമ്പാച്ചനാണ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. അന്നത്തെ കാലത്ത് പുനരൈക്യപ്പെട്ട നിരവധി അച്ചൻമാരും ശുശ്രൂഷയിൽ സംബന്ധിച്ചു. അച്ചന്റെ ഭൗതീകശരീരം എടുത്തുകൊണ്ടുപോകുമെന്ന ആശങ്കയുള്ളതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ മക്കളുടെ നേതൃത്വത്തിൽ രാത്രി കാവലിരിക്കുകയും കബറിൽ തിരി തെളിക്കുകയും ചെയ്തിരുന്നു. നാല്പത്തിയൊന്നാം ചരമദിനത്തിൽ മാർ ഈവാനിയോസ് തിരുമേനിയും മാർ തെയോഫിലോസ് തിരുമേനിയും പുലിക്കോട്ടു ജോസഫ് റമ്പാനും മൂന്നിൻമേൽ കുർബാന അർപ്പിക്കുകയും ചെയ്തു. അച്ചനെ കബറടക്കിയ സ്ഥലത്തോട് ചേർന്നാണ് പിന്നീട് കാട്ടൂർ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം ഉയർന്നത്. പ്രാരംഭത്തിലെ എതിർപ്പുകളെ തുടർന്ന് പള്ളിക്ക് അനുവാദം ലഭിക്കാത്തതിനാൽ കാട്ടൂർ ഒരു ഇടവകയായി അംഗീകരിച്ചിരുന്നില്ല. ചെറുപുഷ്പം ബംഗ്ളാവ് എന്ന പേരിൽ അത് അറിയപ്പെട്ടു. ബഥനി ആശ്രമത്തിലെ ഫാ. ജോബ് OlC, ഫാ. യൗനാൻ OIC എന്നിവർ ആദ്യ കാലങ്ങളിലെ വികാരിമാരായിരുന്നു.
1880ൽ അയിരൂർ മാവേലിൽ ഗീവർഗീസ് കത്തനാരുടെ സഹോദരി മറിയാമ്മയെ വിവാഹം കഴിച്ചു. അച്ചന്റെ മക്കളായ മത്തായി, പീലിപ്പോസ്, അബ്രഹാം, വറുഗീസ്, ശോശാമ്മ, മറിയാമ്മ, ഏലിയാമ്മ, സാറാമ്മ എന്നിവരും വിശ്വാസ തീക്ഷ്ണതയും ആത്മീയ ചൈതന്യവുമുള്ളവരായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമായി അച്ചന്റെ പിൻതലമുറക്കാരിൽ പലരും സഭാശുശ്രൂഷയിൽ സ്തുത്യർഹമായി സേവനം ചെയ്തവരാണ്. 1950ൽ അച്ചന്റെ ഭാര്യ മറിയാമ്മ മരിച്ചു, അച്ചന്റെ കല്ലറയോട് ചേർന്ന് സംസ്കരിച്ചു.
മലങ്കര സഭയിൽ നിന്നുള്ള ആദ്യത്തെ ഫ്രാൻസിസ്ക്കൻ മിഷണറിയായ ബ്രദർ ജോൺ പോൾ മണ്ണിലച്ചന്റെ കൊച്ചുമകനാണ്. ഫാ. മാത്യു പൊന്മേലിൽ കോർ എപ്പിസ്ക്കോപ്പാ, ഫാ. തോമസ് പൊന്മേലിൽ എന്നിവർ അച്ചന്റെ കൊച്ചുമക്കളുടെ മക്കളാണ്. മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് കോൺഗ്രിഗേഷനിൽ വൈദീകനായ ഫാ. ഏബ്രഹാം പൊന്മേലിൽ സി.എം.എഫ്, ക്ലരീഷ്യൻ മിഷണറി വൈദീകനായ ഫാ. തോമസ് പൈങ്ങോട്ട്, ബഥനി സന്ന്യാസ സമൂഹത്തിലെ ഫാ.ഏബ്രഹാം കുളത്തുങ്കൽ, തിരുവനന്തപുരം മേജർ അതിരൂപതാംഗമായ ഫാ.ജേക്കബ് ഇളമ്പല്ലൂർ എന്നിവർ അച്ചന്റെ കൊച്ചുമക്കളുടെ കൊച്ചുമക്കളാണ്. ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദീകനും അച്ചന്റെ കൊച്ചുമകനുമായ ഫാ. ജേക്കബ് പുത്തൻപുരയ്ക്കൽ കരിങ്ങാട്ടിലും കൊച്ചുമകളുടെ ഭർത്താവായ ഫാ. ഏബ്രഹാം ആശാരിയേത്തും അവരവരുടെ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്തവരാണ്. മകന്റെ ഭാര്യാസഹോദരനായ ഫാ. കോശി കുഴിയംമണ്ണിൽ വയലത്തല ഓർത്തഡോക്സ് ഇടവക വികാരിയായിരുന്നു. വല്യച്ചന്റെയും മക്കളുടെയും കത്തോലിക്കാസഭാ പ്രവേശനം അച്ചന്റെ ജീവിതത്തിലും മാറ്റത്തിന്റെ തിരിതെളിച്ചു. 1935ൽ അച്ചനും വയലത്തല പ്രദേശത്തെ 21 കുടുംബനാഥൻമാരും കാട്ടൂർ പള്ളിയിൽ, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ കത്തോലിക്കാ വിശ്വാസം ഏറ്റു പറഞ്ഞ് പുനരൈക്യപ്പെടുകയും 1936ൽ വയലത്തലയിൽ കത്തോലിക്കാ പള്ളി പണിയുകയും ചെയ്തു.
അച്ചന്റെ കുടുംബത്തിൽ അനേകം സന്ന്യാസിനികളും ജന്മമെടുത്തിട്ടുണ്ട്. ഇമ്മാക്കുലേററ് കോൺവെന്റിലെ സി. ലില്ലി ജോസഫും ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സമൂഹത്തിലെ സി.തെരേസയും ചെറുപുഷ്പ കോൺഗ്രിഗേഷനിലെ സി.മാർഗരറ്റും സി. ബർക്കുമൻസും അച്ചന്റെ കൊച്ചുമക്കളാണ്. ബഥനി സന്ന്യാസിനി സമൂഹത്തിലെ സി. യൂപ്രസീനായും, സി. ശ്ബീഹായും മേരീമക്കൾ സന്ന്യാസിനി സമൂഹത്തിലെ സി. ചെറുപുഷ്പവും, സി. മേരി തോമസീനയും അച്ചന്റെ കൊച്ചുമക്കളുടെ മക്കളാണ്.
പ്രത്യാശിക്കുന്നത് ലഭിക്കുമെന്നും കാണപ്പെടാത്തത് ഉണ്ടെന്നും ഉത്തമബോധ്യത്തോടെയും വിശ്വാസത്തോടെയും ജീവിച്ച വന്ദ്യ പൊന്മേലിൽ പോത്താ ഏബ്രഹാം കത്തനാരുടെ ആത്മീയ ചൈതന്യവും പ്രാർത്ഥനാ ജീവിതവും അനുകരണീയമാണ്. ഇന്നും കാട്ടൂർ പ്രദേശത്തിനു മുഴുവൻ ആത്മീയവിളക്കായും പാതയിൽ പ്രകാശമായും ഈ ആചാര്യൻ പ്രശോഭിക്കുന്നു.
കടപ്പാട് : പ്രൊഫസർ ഡോ. ഏബ്രഹാം മാത്യു പൊൻമേലിൽ (വല്യച്ചന്റെ കൊച്ചുമകന്റെ കൊച്ചുമകൻ)
ഫാ. ജോബ് പതാലിൽ, P. A. ഫിലിപ്പോസ് തോട്ടുങ്കൽ (ഇടവകയിലെ ഏറ്റവും പ്രായമുള്ള അംഗം, 103 വയസ്സ്),
സിസ്റ്റർ ഫിലോമിന SIC രചിച്ച ‘കർമ്മോജ്ജ്വല വ്യക്തിത്വം’ ഫാദർ പീലിപ്പോസ് മേടയിൽ
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil


Leave a comment