ദിവ്യബലി വായനകൾ Saturday of week 28 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

16-Oct-2021, ശനി

Saturday of week 28 in Ordinary Time / Saint Hedwig, Religious / Saint Margaret Mary Alacoque, Virgin / Blessed Augustine Thevarparambil, Priest /
Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

____

ഒന്നാം വായന

റോമാ 4:13,16-18

പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അബ്രാഹം വിശ്വസിച്ചു.

സഹോദരരേ, ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്. അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും
അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കു ചേരുന്ന സന്തതിക്കും – ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്. ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക്‌ സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 105:6-7,8-9,42-43

R. കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്; അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

R. കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും തന്റെ വാഗ്ദാനം തലമുറകള്‍ വരെ ഓര്‍മിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനം തന്നെ.

R. കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുന്നു തന്റെ വിശുദ്ധ വാഗ്ദാനത്തെയും തന്റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു. അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.

R. കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

____

സുവിശേഷ പ്രഘോഷണവാക്യം

1 സാമു 3:9, യോഹ 6:68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!


Or:

യോഹ 15:26,27

അല്ലേലൂയാ, അല്ലേലൂയാ!
സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും. നിങ്ങളും എനിക്ക് സാക്ഷ്യം നല്‍കും.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 12:8-12

എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment