The Book of Genesis, Chapter 47 | ഉല്പത്തി, അദ്ധ്യായം 47 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 47

യാക്കോബ് ഗോഷെനില്‍

1 ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്‍മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതുംകൂടെ കൊണ്ടുവന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്.2 തന്റെ സഹോദരന്‍മാരില്‍ അഞ്ചുപേരെ അവന്‍ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു.3 അവന്റെ സഹോദരന്‍മാരോടു ഫറവോ ചോദിച്ചു: നിങ്ങളുടെതൊഴില്‍ എന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്‍മാരാണ്; ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു.4 അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാ നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം രൂക്ഷമായതുകൊണ്ട് അങ്ങയുടെ ദാസരുടെ കാലികള്‍ക്ക് അവിടെ തീറ്റിയില്ല. ദയചെയ്തു ഗോഷെന്‍ ദേശത്തു താമസിക്കാന്‍ ഞങ്ങളെ അനുവദിക്കണം.5 അപ്പോള്‍ ഫറവോ ജോസഫിനോടു പറഞ്ഞു: നിന്റെ പിതാവും സഹോദരന്‍മാരും നിന്റെ യടുത്തേക്കു വന്നിരിക്കുന്നു.6 ഈജിപ്തുദേശം മുഴുവനും നിനക്കധീന മാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്‍മാരെയുംപാര്‍പ്പിക്കുക. അവര്‍ ഗോഷെന്‍ദേശത്തു താമസിക്കട്ടെ. അവരില്‍ കാര്യശേഷിയുള്ളവരെ നിനക്കറിയാമെങ്കില്‍ എന്റെ കാലികളെ അവരെ ഭരമേല്‍പിക്കുക.7 അതിനുശേഷം ജോസഫ് തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു.8 യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. നിങ്ങള്‍ക്കു വയസ്‌സെത്രയായി? ഫറവോ ചോദിച്ചു.9 എന്റെ ദേശാന്തരവാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അത് ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്റെ പിതാക്കന്‍മാരുടെ ദേശാന്തരവാസകാലത്തോളം ആയിട്ടില്ല അത്.10 ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്റെ അടുത്തുനിന്നു പോയി.11 ഫറവോ കല്‍പിച്ചതുപോലെ ജോസഫ് തന്റെ പിതാവിനും സഹോദരന്‍മാര്‍ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്‍കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്‌സേസ് ആണ് അവന്‍ അവര്‍ക്കു കൊടുത്തത്.12 ജോസഫ് തന്റെ പിതാവിനും സഹോദരന്‍മാര്‍ക്കും പിതാവിന്റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തുപോന്നു.

ക്ഷാമം രൂക്ഷമാകുന്നു

13 ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ദേശവും ക്ഷാമം മൂലം കഷ്ടപ്പെട്ടു.14 ഈജിപ്തിലെയും കാനാന്‍ദേശത്തിലെയും പണം മുഴുവന്‍ ആളുകള്‍വാങ്ങിയ ധാന്യത്തിന്റെ വിലയായി ജോസഫ് ശേഖരിച്ചു; അതു ഫറവോയുടെ ഭവനത്തിലെത്തിച്ചു.15 ഈജിപ്തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ജോസഫിന്റെ യടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരം തരുക. അങ്ങയുടെ മുന്‍പില്‍ക്കിടന്നു ഞങ്ങള്‍ മരിക്കാന്‍ ഇടയാക്കരുത്. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി.16 ജോസഫ് പറഞ്ഞു: പണം തീര്‍ന്നെങ്കില്‍ കന്നുകാലികളെ തരുക; കാലികള്‍ക്കു പകരമായി ഞാന്‍ ആഹാരം തരാം.17 തങ്ങളുടെ കന്നുകാലികളെ അവര്‍ ജോസഫിന്റെ യടുത്തു കൊണ്ടു വന്നു. കുതിരകള്‍ക്കും ആടുമാടുകള്‍ക്കും കഴുതകള്‍ക്കും പകരമായി അവന്‍ അവര്‍ക്ക് ആഹാരം കൊടുത്തു. അവന്‍ അവരുടെ കന്നുകാലികള്‍ക്കെല്ലാം പകരമായി അവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ആഹാരം നല്‍കി.18 അടുത്ത വര്‍ഷം അവര്‍ ജോസഫിന്റെ യടുത്തുചെന്നു പറഞ്ഞു: പണം തീര്‍ന്ന കാര്യംയജമാനനില്‍നിന്നു ഞങ്ങള്‍ ഒളിച്ചുവയ്ക്കുന്നില്ല. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടേതായി; ഞങ്ങളുടെ ദേഹവും നിലവുമല്ലാതെ ഞങ്ങള്‍ക്കിനി ഒന്നും ബാക്കിയില്ലെന്ന് അങ്ങേക്കു കാണാമല്ലോ.19 ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്‍മുന്‍പില്‍ നശിക്കാതിരിക്കാന്‍ ഞങ്ങളെയും നിലത്തെയും വാങ്ങി പകരം ഞങ്ങള്‍ക്ക് ആഹാരം തരുക. ഞങ്ങളും നിലവും ഫറവോയ്ക്ക് അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ മരിച്ചുപോകാതിരിക്കാനും നിലം ശൂന്യമാകാതിരിക്കാനും വേണ്ടി ഞങ്ങള്‍ക്കു ധാന്യം നല്‍കുക.20 അതുകൊണ്ട് ജോസഫ് ഈജിപ്തിലെ നിലംമുഴുവന്‍ ഫറവോയ്ക്കുവേണ്ടി വാങ്ങി. ക്ഷാമം വളരെ കഠിനമായിത്തീര്‍ന്നതിനാല്‍ ഈജിപ്തുകാരെല്ലാവരും തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലമെല്ലാം ഫറവോയുടേതായി.21 ഈജിപ്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെയുള്ള സകലരും അടിമകളായി.22 പുരോഹിതന്‍മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല. പുരോഹിതന്‍മാര്‍ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.23 ജോസഫ് ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാന്‍ നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോയ്ക്കായി വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, കൊണ്ടുപോയി വിതച്ചുകൊള്ളുവിന്‍.24 കൊയ്യുമ്പോള്‍ അഞ്ചിലൊന്നു ഫറവോയ്ക്കുകൊടുക്കണം. അഞ്ചില്‍ നാലും നിങ്ങളുടേതായിരിക്കും. വിത്തിനായും നിങ്ങള്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആഹാരത്തിനായും അതെടുത്തു കൊള്ളുക.25 അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. യജമാനനു ഞങ്ങളില്‍ കൃപയുണ്ടാകണം. ഞങ്ങള്‍ ഫറവോയുടെ അടിമ കളായിരുന്നുകൊള്ളാം.26 അങ്ങനെ ജോ സഫ് ഈജിപ്തിലെ നിലത്തെ സംബന്ധിച്ച്, അഞ്ചിലൊന്നു ഫറവോയ്ക്ക് എന്നൊരു നിയമം ഉണ്ടാക്കി. അത് ഇന്നും നിലനില്‍ക്കുന്നു. പുരോഹിതന്‍മാരുടെ നിലംമാത്രം ഫറവോയുടേതായില്ല.

യാക്കോബിന്റെ അന്ത്യാഭിലാഷം

27 ഇസ്രായേല്‍ ഈജിപ്തിലെ ഗോഷെന്‍ദേശത്തു പാര്‍ത്തു. അവര്‍ക്ക് അവിടെ ധാരാളം സ്വത്തുണ്ടായി. അവര്‍ സന്താന സമൃദ്ധിയുള്ളവരായി പെരുകി.28 യാക്കോബ് ഈജിപ്തില്‍ പതിനേഴുവര്‍ഷം ജീവിച്ചു. യാക്കോബിന്റെ ആയുഷ്‌കാലം നൂറ്റിനാല്‍പത്തിയേഴുവര്‍ഷമായിരുന്നു.29 മരണസമയ മടുത്തപ്പോള്‍ ഇസ്രായേല്‍ ജോസഫിനെ വിളിച്ചു പറഞ്ഞു: നിനക്ക് എന്നില്‍ പ്രീതിയുണ്ടെങ്കില്‍ എന്നോടു വിശ്വസ്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കാമെന്ന്, എന്റെ തുടയ്ക്കുകീഴെ കൈവച്ച് സത്യംചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്‌കരിക്കരുത്.30 എനിക്ക് എന്റെ പിതാക്കന്‍മാരോടൊപ്പം വിശ്രമിക്കുന്നതിന് എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരുടെ ശ്മശാനത്തില്‍ അടക്കുക. ജോസഫ് സമ്മതിച്ചു: അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം.31 എന്നോടു സത്യം ചെയ്യുക; അവന്‍ ആവ ശ്യപ്പെട്ടു. ജോസഫ് സത്യം ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ കട്ടില്‍ത്തലയ്ക്കല്‍ ശിരസ്‌സു നമിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment